UPDATES

കടം തിരികെ കൊടുക്കാതെ 533 മില്യണ്‍ ഡോളര്‍ ‘ഒളിപ്പിച്ചു’; ബൈജൂസിനെതിരേ മറ്റൊരു ആരോപണം

ബൈജൂസ് മൊത്തത്തില്‍ കൈക്കലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് മറുവാദം

                       

ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ട് അപ്പ് ആയിരുന്നു ബൈജൂസ്. വന്‍ സാമ്പത്തിക ബാധ്യതയില്‍ മുങ്ങി നില്‍ക്കുന്ന ഈ മുന്‍ എജ്യുടെക് ഭീമനെതിരേ മറ്റൊരു ഗുരുതരാരോപണം കൂടി വന്നിരിക്കുന്നു. മൂന്നു വര്‍ഷത്തെ പഴക്കം മാത്രമുള്ള നിഗൂഢമായൊരു ഹെഡ്ജ് ഫണ്ടില്‍(ലിക്വഡ് അസറ്റുകളില്‍ ട്രേഡ് ചെയ്യുന്ന നിക്ഷേപ ഫണ്ട്) 533 മില്യണ്‍ ഡോളര്‍ മറച്ചുവച്ചുവെന്നാണ് പരാതി. മിയാമിയില്‍ പ്രവര്‍ത്തിക്കുന്ന ഐ എച്ച് ഒ പി പാന്‍കേക്ക് റസ്റ്ററന്റിന്റെ (അമേരിക്കയിലെ അറിയപ്പെടുന്ന ഭക്ഷണ വിതരണ ശൃംഖലയാണ് ഐ എച്ച് ഒ പി. പാന്‍കേക്ക്, വാഫല്‍സ് എന്നിവയുടെ പേരില്‍ ഇവര്‍ പ്രശസ്തരാണ്) വിലാസം നല്‍കി, അതാണ് തങ്ങളുടെ പ്രധാന ബിസിനസ് കേന്ദ്രമെന്നു പറയുന്ന കാംഷാഫ്റ്റ് കാപ്പിറ്റല്‍ ഫണ്ടിലാണ് പണം നിക്ഷേപിച്ചതായി വിവരം. ഇവിടെ ‘ഒളിപ്പിച്ച’ തുക തിരികെയെടുക്കാന്‍ ബൈജൂസില്‍ പണം നിക്ഷേപിച്ചിരുന്നവര്‍ നിയമ നടപടി തുടങ്ങിയിട്ടുണ്ടെന്നുമാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങള്‍ കൊടുത്ത 1.2 ബില്യണ്‍ ഡോളര്‍ വായ്പ്പയുടെ ഈടാണ് ഒളിപ്പിച്ചു വച്ച 533 മില്യണ്‍ ഡോളര്‍ എന്നാണ് മുന്‍ നിക്ഷേപകര്‍ പറയുന്നത്. ബൈജൂസും പണം മുടക്കിയിരുന്നവരും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ ഇത് പുതിയൊരു ട്വിസ്റ്റ് ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പണവുമായി ബന്ധപ്പെട്ട് രണ്ടു ഭാഗവും പരസ്പരം ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. കടം വീട്ടാന്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപത്തെ ബൈജൂസ് നേരിടുന്നത്, കൊള്ളയടിക്കല്‍ തന്ത്രമാണ് പരാതിക്കര്‍ ചെയ്യുന്നതെന്നാണ്. 533 മില്യണ്‍ ഡോളര്‍ രഹസ്യമാക്കി നിക്ഷേപിച്ച കേന്ദ്രത്തിന്റെ വിവരങ്ങള്‍ മറച്ചു വയ്ക്കുന്നതിന് ബൈജൂസ് വളരെയധികം ശ്രമിച്ചൂവെന്നാണ് മിയാമി ഡേഡ് കൗണ്ടി കോടതിയില്‍ നല്‍കിയ പരാതിയില്‍ നിക്ഷേപകരായിരുന്നു പരാതിക്കാര്‍ ആരോപിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷവും ഇതുപോലെ, അര ബില്യണ്‍ ഡോളര്‍ 23 കാരനായ വില്യം സി മോര്‍ട്ടന്‍ സ്ഥാപിച്ച കാംഷാഫ്റ്റ് കാപ്പിറ്റല്‍ ഫണ്ടില്‍ നിക്ഷേപിച്ചിരുന്നു. പണം തിരിച്ചു കിട്ടേണ്ടവര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന കേസില്‍ പറയുന്നു. മോര്‍ട്ടന്‍ ഫണ്ട് ആണെങ്കില്‍ നിക്ഷേപവുമായി ബന്ധപ്പെട്ട് ഔപചാരിക പരിശീലനമൊന്നും നേടിയിട്ടില്ലാത്ത സ്ഥാപനമാണെന്നാണ് ആക്ഷേപം. എന്നിട്ടും അവിടെ തന്നെ പണം നിക്ഷേപിച്ചുവെന്നാണ് ബൈജൂസിനെതിരേയുള്ള ആരോപണം. ബൈജൂസിന്റെ പണം എത്തിയശേഷം മോര്‍ട്ടന്റെ പേരില്‍ 2023 മോഡല്‍ ഫെറാറി റോമ, 2020 മോഡല്‍ ലംബോര്‍ഗനി ഹുറാകന്‍ ഇവിഒ, 2014 മോഡല്‍ റോള്‍സ് റോയ്‌സ് വ്രെയ്ത്ത് എന്നീ ആഢംബര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പരാതിക്കാര്‍ പറയുന്നു.

ഈ ആഴ്ച്ച ബൈജൂസ് അതിന്റെ കടക്കാരുടെ മുന്നില്‍ ഒരു വ്യവസ്ഥ വച്ചിരുന്നു. ആറു മാസത്തിനുള്ളില്‍ വായ്പ്പ യഥാര്‍ത്ഥ തുകയില്‍ നിന്നും കുറവായി അടച്ചു തീര്‍ക്കാമെന്നായിരുന്നു വ്യവസ്ഥ. അതിന്റെ ഭാഗമായി വിദേശ ആസ്തികള്‍ വില്‍ക്കാനൊരുങ്ങുന്നതായും വാര്‍ത്തയുണ്ടായിരുന്നു. അമേരിക്കന്‍ സമയം ചൊവ്വാഴ്ച്ച വൈകിട്ട് പുറത്തിറക്കിയ ഒരു ഇ മെയ്ല്‍ പ്രസ്താവനയില്‍ അവര്‍ പറഞ്ഞിരുന്നത്, ഫ്‌ളോറിഡ കോടതിയില്‍ ഇപ്പോള്‍ നടക്കുന്ന കേസില്‍ തങ്ങള്‍ കക്ഷികളല്ലെന്നും കേസിന്റെ നോട്ടീസ് തങ്ങള്‍ക്ക് അയച്ചിട്ടില്ലെന്നുമാണ്. വായ്പ്പ ദാതാക്കളുടെ പ്രതിനിധിയായ ഗ്ലാസ് ട്രസ്റ്റ് ഇത്തരമൊരു കേസിനെ കുറിച്ച് ഒന്നും തന്നെ തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് കാംഷാഫ്റ്റ് ഫണ്ടിന്റെ അഭിഭാഷകര്‍ പറയുന്നത്. ഗ്ലാസ് ട്രസ്റ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങളെ ശക്തമായി നിഷേധിക്കുകയും ചെയ്യുന്നതായി കാംഷാഫ്റ്റ് അഭിഭാഷകന്‍ ഡേവിഡ് മാസി ഒരു ഇ മെയ്ല്‍ പ്രസ്താവനയില്‍ അറിയിച്ചു.

കാംഷാഫ്റ്റിനെതിരേ പരാതിക്കാര്‍ ഉയര്‍ത്തുന്ന പരാതി, അത് തീരെ ചെറിയ നിക്ഷേപങ്ങള്‍ മാത്രം സ്വീകരിക്കുന്ന ഹെഡ്ജ് ഫണ്ട് ആണെന്നാണ്. ഒരു ഹെഡ്ജ് ഫണ്ടിന്റെ ഏറ്റവും കുറഞ്ഞ പരിധിയില്‍ വരുന്ന 50,000 ഡോളറാണ് കാംഷാഫ്റ്റ് സ്വീകരിക്കുന്നത്. എന്നിട്ടും ബൈജൂസ് പണം അയച്ചത് അങ്ങോട്ടായിരുന്നു എന്നാണ് പരാതിക്കാര്‍ കോടതി ഹര്‍ജിയില്‍ പറയുന്നത്.

202 ലെ സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ ഫയലിംഗില്‍ കാംഷാഫ്റ്റ് നല്‍കിയിരിക്കുന്ന ഓഫീസ് വിലാസം 285 NW 42nd Ave എന്നായിരുന്നു. ഈ വിലാസമുള്ള കെട്ടിടത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഐഎച്ച്ഒപി റസ്റ്ററന്റാണ്. മിയാമിയിലെ ലിറ്റില്‍ ഹവാന ജില്ലയിലുള്ള ഈ റസ്റ്ററന്റിന് ചുറ്റും ഒരു മാള്‍ സ്ഥിതി ചെയ്യുന്നുണ്ട്. അവിടെ ഒരു ഡ്രൈവ്-ത്രൂ കാര്‍ വാഷ് കേന്ദ്രവും മാസാജ് പാര്‍ലറും സാന്‍ഡ്വിച്ച് ഷോപ്പുമുണ്ട്. ആ റസ്റ്ററിന്റില്‍ അന്വേഷിച്ചപ്പോള്‍ ഹെഡ്ജ് ഫണ്ടിനെ കുറിച്ച് അറിയില്ലെന്നാണ് പരിചാരകര്‍ പറയുന്നത്. അന്ന എന്ന പരിചാരക പറയുന്നത്, അവരൊരിക്കലും മോര്‍ട്ടണ്‍ എന്നോ, കാംഷാഫ്റ്റ് കാപ്പിറ്റല്‍ ഫണ്ട് എന്നോ ബൈജൂസ് എന്നോ കേട്ടിട്ടിട്ടില്ല എന്നാണ്. ദശാബ്ദങ്ങളായി ഈ വിലാസം ഐഎച്ച്ഒപിയുടെതാണെന്നും അന്ന പറയുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി താനിവിടെ ജോലി ചെയ്യുന്നുണ്ടെന്നും ഇതുവരെ ഇവിടെ ആരും ബിസിനസ് ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നുമാണ് അന്ന പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഈ വിലാസത്തില്‍ നിന്നും മൈലുകള്‍ അകലെയാണ് കാംഷാഫ്റ്റിന്റെ ഓഫിസ് സ്ഥിതി ചെയ്യുന്നതെന്നാണ് കണ്ടെത്തല്‍ സണ്ണി ഐലന്‍ഡ് ബീച്ചില്‍ സ്ഥിതി ചെയ്യുന്ന പോര്‍ഷേ ഡിസൈന്‍ ടവറിലെ വാടക മുറിയിലാണത് പ്രവര്‍ത്തിക്കുന്നതത്രേ. ജൂണില്‍ മിയാമിയില്‍ ഫയല്‍ ചെയ്ത മറ്റൊരു ഹര്‍ജിയില്‍ കാംഷാഫ്റ്റ് പറയുന്നത് അവരുടെ പ്രധാന ബിസിനസ് കേന്ദ്രം വിര്‍ജീനിയ ഐലന്‍ഡിലാണെന്നാണ്.

തങ്ങളുടെ പണം തിരികെ പിടിക്കുക എന്നതാണ് വായ്പ്പ ദാതാക്കളുടെ പ്രധാന ലക്ഷ്യം. ഇതിന്റെ പേരില്‍ നടക്കുന്ന നിയമ പോരാട്ടത്തില്‍ ബൈജൂസിന്റെ ഒരു യൂണിറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതില്‍ ഗ്ലാസ് ട്രസ്റ്റ് വിജയിച്ചിരുന്നു. എന്നാല്‍ പണം തിരിച്ച പിടിക്കാന്‍ അവര്‍ക്കായില്ല. അപ്പോഴേക്കും അതവിടെ നിന്നും അപ്രത്യക്ഷമായിരുന്നു. എന്നാല്‍ ബൈജൂസ് അല്‍ഫയുടെ അഭിഭാഷകന്‍ മേയില്‍ നടന്ന വാദത്തില്‍ കോടതിയില്‍ പറഞ്ഞത് കൊള്ളയടിക്കാന്‍ നടക്കുന്ന പണമിടപാടുകാരില്‍ നിന്നും തങ്ങളുടെ പണം സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നാണ്. വായ്പ്പ കരാറില്‍ തങ്ങള്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അവകാശം പറയുന്നുണ്ടെന്നാണ് ബൈജൂസിന്റെ അഭിഭാഷകന്‍ വാദിച്ചത്.

ബൈജൂസ് ആരോപിക്കുന്നത്, ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച എഡ്യു-ടെക് സാമ്രാജ്യത്തെ മൊത്തത്തില്‍ കൈക്കലാക്കാനാണ് പണമിടപാടുകാര്‍ ശ്രമിക്കുന്നതെന്നാണ്. ഗ്ലാസ് ട്രസ്റ്റിന്റെ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് ഡെലാവെയര്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2015 ല്‍ ബൈജു രവീന്ദ്രന്‍ ബൈജൂസ് സ്ഥാപിച്ചതിനു പിന്നാലെ ലോകത്തിലെ വന്‍കിട നിക്ഷേപകരെ തന്റെ സംരഭത്തിലേക്ക് ആകര്‍ഷിച്ചിരുന്നു. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ചാന്‍ സക്കര്‍ബര്‍ഗ് ഇന്‍ഷ്യേറ്റീവ്, സില്‍വര്‍ ലേക്ക് മാനേജ്‌മെന്റ്, നാസ്‌പേര്‍സ് ലിമിറ്റഡ് എന്നിവരൊക്കെ ആ കൂട്ടത്തിലുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് അക്വസിഷന്‍ കമ്പനിയുമായി ലയിക്കുന്ന കാര്യം പരിഗണിച്ച സമയത്ത് ബൈജൂസിന്റെ ഒഹരി മൂല്യം 20 ബില്യണ്‍ ഡോളിനും മുകളായിരുന്നു. തങ്ങള്‍ക്ക് കിട്ടാനുള്ള പണം കണ്ടെത്താനും തിരികെ കിട്ടാനും വേണ്ടിയാണ് ഇപ്പോള്‍ വായ്പ്പദാതാക്കള്‍ ബൈജൂസിനെതിരേ നിയമപോരാട്ടം നടത്തുന്നത്. അതെങ്ങനെയാണ് ബൈജൂസ് നേരിടുകയെന്നതാണ് കാണേണ്ടത്.

Share on

മറ്റുവാര്‍ത്തകള്‍