UPDATES

വിദേശം

ലൈംഗികാതിക്രമ കേസ്; ട്രംപിന് 83 മില്യണ്‍ ഡോളര്‍ പിഴ

വിധി പ്രഖ്യാപിച്ച് നിമിഷങ്ങൾക്കകം ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ എന്ന  സാമൂഹ്യ മാധ്യമത്തിൽ ” അപഹാസ്യമായ വിധി ” എന്ന് വിമർശിക്കുകയും ചെയ്തു.

                       

എഴുത്തുകാരി ഇ. ജീൻ കരൊൾ ട്രംപിനെതിരെ നൽകിയ ലൈംഗികാതിക്രമകേസിൽ മുൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 83 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നു ന്യൂയോർക്ക് കോടതി വിധിച്ചു. ജീൻ കരൊൾ ട്രംപിനെതിരെ നൽകിയ മാനനഷ്ട കേസിൽ 2024 ജനുവരി 26 വെള്ളിയാഴ്ച്ചയാണ് വിധി വന്നത്. 2019-ലെ ട്രംപിൻ്റെ പരസ്യ പ്രസ്താവനകൾ മൂലമുണ്ടായ വൈകാരിക ബുദ്ധിമുട്ടുകൾക്കും മനനഷ്ടത്തിനുമുള്ള നഷ്ടപരിഹാരമായാണ് 83 .3 മില്യൺ ഡോളർ നഷ്ടപരിഹാരമായി നൽകാൻ കോടതി വിധിയായത്.  83 മില്യൺ ഡോളറിൽ 18 മില്യൺ ഡോളർ ജീൻ കരൊളിന് ഉണ്ടായ മാനനഷ്ടത്തിനും വൈകാരിക പ്രശ്നങ്ങൾക്കുമാണ്. 65 മില്യൺ ഡോളർ ട്രംപിൻറെ ആവർത്തിച്ചുള്ള അപകീർത്തിപരമായ പരാമർശത്തിനുള്ള ശിക്ഷ എന്ന നിലയിലുമാണ്.  മൂന്ന് മണിക്കൂറിൽ താഴെ നടന്ന വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഒമ്പത് ജഡ്ജിമാരടങ്ങിയ കോടതി വിധി പ്രസ്താവിച്ചത്. ജീൻ കരൊൾ ആവശ്യപ്പെട്ടതിനെക്കാൾ എട്ടിരട്ടിയാണ് കോടതി നഷ്ടപരിഹാരമായി വിധിച്ചത്

വിധി പ്രഖ്യാപിച്ച് നിമിഷങ്ങൾക്കകം ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ എന്ന  സാമൂഹ്യ മാധ്യമത്തിൽ ” അപഹാസ്യമായ വിധി ” എന്ന് വിമർശിക്കുകയും ചെയ്തു. വിധിക്കെതിരെ അപ്പീൽ നൽകാൻ ഒരുങ്ങുകയാണെന്ന് ഡൊണാൾഡ് ട്രംപ് തന്റെ പോസ്റ്റ് വഴി അറിയിച്ചു.

എനിക്കെതിരെ വിധിച്ചിരിക്കുന്ന രണ്ട് വിധികളോടും ഞാൻ പൂർണമായും വിയോജിക്കുന്നു. എന്നെയും റിപ്പബ്ലിക്കൻ പാർട്ടിയെയും കേന്ദ്രീകരിച്ചുള്ള ബൈഡൻ സംവിധാനത്തിന്റെ വേട്ടയാടലാണ് ഇതെല്ലം എന്നും തന്റെ പോസ്റ്റിൽ എഴുതിയിരുന്നു. ഞങ്ങളുടെ നിയമ സംവിധാനം നിയന്ത്രണങ്ങൾക്ക് അതീതമാണ് എന്നാൽ ഇന്ന് അത് ഒരു രാഷ്ട്രീയ ആയുധമായാണ് ഉപയോഗിക്കുന്നതെന്നും ഇത് അമേരിക്കയല്ല എന്നും ഡൊണാൾഡ് ട്രംപ് തന്റെ പോസ്റ്റിൽ കൂട്ടി ചേർത്തു. ഡൊണാൾഡ് ട്രംപിനെതിരായുള്ള ലൈംഗികാതിക്രമകേസിലും അപകീർത്തിപരമായ വിചാരണ നടത്തിയതുമായി ബന്ധപ്പെട്ട് 5 മില്യൺ ഡോളർ നഷ്ടപരിഹാരത്തുക നൽകാൻ മാൻഹട്ടൻ ഫെഡറൽ കോടതിയുടെ വിധി വന്നു ഒരു വർഷത്തിനുള്ളിലാണ് പുതിയ വിധി.

1996-ൽ മാൻഹാട്ടനിലെ ആഡംബരവസ്ത്രശാലയിൽ വസ്ത്രംമാറുന്ന മുറിയിൽവെച്ച് ട്രംപ് ബലാത്സംഗം ചെയ്‌തെന്നായിരുന്നു ജീൻ കരോളിന്റെ പരാതി. 2019 ലാണ് ജീൻ കരോൾ തന്റെ പരാതിയുമായി രംഗത്തെത്തിയത്. ഇപ്പോൾ ജീൻ കരോളിന്‌ 80 വയസ്സുണ്ട്. ഡൊണാൾഡ് ട്രംപിനെ പേടിച്ചാണ് ഇത്രയും കാലം ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്ന് ജീൻ പറഞ്ഞു.

ട്രംപിൻ്റെ പ്രസിഡൻ്റ് പദവിയുടെ കാലാവധി കഴിഞ്ഞതിന് ശേഷമുള്ള സംഭവങ്ങൾക്കും തനിക്കെതിരേയുള്ള അപകീർത്തികരമായ പ്രസ്താവനകൾക്കും ജീൻ കരോൾ മറ്റൊരു കേസ് ഫയൽ ചെയ്തിരുന്നു. രണ്ട് കേസുകളിലെയും ജഡ്ജിയായ ലൂയിസ് കപ്ലൻ, ട്രംപ് കരോളിനെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും മാനഹാനിയുണ്ടാക്കുകയും ചെയ്തുവെന്ന ജൂറിമാരുടെ കണ്ടെത്തലുകൾ ശരിവെക്കുകയും വിചാരണവേളയിൽ വസ്തുതയായി അംഗീകരിക്കുകയും ചെയ്തു. അതിനാൽ താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ ട്രംപിന് സാധിച്ചില്ല.

“ഡൊണാൾഡ് ട്രംപ് എന്നെ ആക്രമിച്ചതിനാലാണ് ഞാൻ ഇപ്പോൾ ഇവിടെ നിങ്ങളുടെ മുമ്പിൽ നിൽക്കുന്നത്. ഞാൻ അതിനെക്കുറിച്ച് എഴുതിയപ്പോൾ, അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു, ട്രംപ് ഇത് നിഷേധിച്ചതിനാൽ പൊതുസമക്ഷത്തുളള എന്റെ അഭിമാനത്തിന് കോട്ടംസംഭവിച്ചുവെന്നും” ജീൻ കരോൾ പറഞ്ഞു.

കേസിന്റെ ആദ്യ വിചാരണക്ക് ട്രംപ് എത്തിയിരുന്നില്ല. പിന്നീടുള്ള വിചാരണയിൽ സന്നിഹിതനാവുകയും വിചാരണ വേളയിൽ കുപിതനായി പൊട്ടി തെറിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജഡ്ജ് ട്രംപിനോട് ശാന്തനാകാൻ ആവശ്യപ്പെടുകയും ചെയ്തു. വിധി കേൾക്കാൻ നിൽക്കാതെ ട്രംപ് കോടതിയിൽ നിന്നും ഇറങ്ങിപ്പോയി.

Share on

മറ്റുവാര്‍ത്തകള്‍