UPDATES

വിദേശം

ട്രംപിന് കുരുക്കായി പോണ്‍ സ്റ്റാര്‍ സ്റ്റോമി ഡാനിയല്‍സ് കേസ്

ക്രിമിനല്‍ കേസ് വിചാരണ നേരിടുന്ന ലോക നേതാക്കളുടെ കൂട്ടത്തില്‍ ഇനി മുന്‍ അമേരിക്കന്‍ പ്രസിഡന്റും

                       

ഒരു വ്യവസായി, ടി വി അവതാരകൻ, അമേരിക്കയുടെ പ്രസിഡന്റ് എന്നീ വിവിധ മേഖലകളിൽ പ്രവർത്തിച്ച വ്യക്തിയാണ് ഡോണൾഡ് ട്രംപ്. എന്നാൽ ഇനി മുതൽ ക്രിമിനൽ വിചാരണ നേരിടുന്ന ആദ്യത്തെ മുൻ അമേരിക്കൻ പ്രസിഡന്റ് എന്ന ചരിത്രത്തിന്റെ ഭാഗവും കൂടിയാണ് അദ്ദേഹം. വിവാഹേതര ലൈംഗിക ബന്ധം മറച്ചുവെക്കാൻ പോൺ സ്റ്റാർ സ്‌റ്റോമി ഡാനിയൽസിന് പണം നൽകിയ കേസിൽ പ്രസിഡന്റ്  ഡോണൾഡ് ട്രംപിന്റെ വിചാരണ ആരംഭിച്ചിരിക്കുകയാണ്. ഇന്ന് (ഏപ്രിൽ 15 ) ന്യൂയോർക്കിലെ മാൻഹട്ടൻ കോടതിയിൽ നടക്കുന്ന വിചാരണയിൽ 12 അംഗ ബെഞ്ചാണ് വാദം കേൾക്കുക. ട്രംപ് നേരിടുന്ന നാല് കുറ്റാരോപണങ്ങളിൽ ആദ്യത്തെ വിചാരണയാണിത്.

നവംനബറിൽ ജോ ബൈഡനെതിരെയുള്ള റിപ്പബ്ലിക്കൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കവേയാണ് പോൺ താരം സ്റ്റോമി ഡാനിയൽസിന് പണം നൽകിയതുമായി ബന്ധപ്പെട്ട കേസിൻെറ വിചാരണ. സ്റ്റോമിയുമായുളള കേസ് ട്രംപിന്റെ രാഷ്ട്രീയ ഭാവിയിൽ തന്നെ  നിയമപരവും രാഷ്ട്രീയപരവുമായ പ്രത്യാഘാതങ്ങൾ സൃഷ്ട്ടിക്കാൻ പോന്നതാണ്. യഥാർത്ഥത്തിൽ ഈ വിചാരണ ട്രംപിനെ മാത്രം ബാധിക്കുന്ന ഒന്നല്ല മറിച്ച് അമേരിക്ക എന്ന രാജ്യത്തെ മുഴുവൻ ബാധിക്കാൻ പോന്നതാണ്. അമേരിക്കയുടെ ചട്ടങ്ങളുടെയും നിയമങ്ങളുടെയും സന്തുലിതാവസ്ഥയും പ്രസിഡൻ്റ് ഉൾപ്പെടെ എല്ലാവരും നിയമത്തിന് വിധേയരാണെന്ന ആശയത്തോടുള്ള പ്രതിബദ്ധതയുടെയും പരീക്ഷണം കൂടിയാണ്.

ഇറ്റലിയുടെ സിൽവിയോ ബെർലുസ്‌കോണി, പാക്കിസ്ഥാൻ്റെ ഇമ്രാൻ ഖാൻ, ഫ്രാൻസിൻ്റെ നിക്കോളാസ് സർക്കോസി, ബ്രസീലിൻ്റെ ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, ദക്ഷിണാഫ്രിക്കയുടെ ജേക്കബ് സുമ എന്നിവരടങ്ങുന്ന നിരയിൽ ക്രിമിനൽ കേസിൽ പ്രതിയായി മാറിയ ലോകനേതാവായി ഡോണൾഡ് ട്രംപിന്റെ പേരുകൂടി ചേർക്കപ്പെടും. യു എസിനെ സംബന്ധിച്ചിടത്തോളം ആദ്യ സംഭവമാണ്. രാജിവച്ച ഒരേയൊരു പ്രസിഡൻ്റായ റിച്ചാർഡ് നിക്‌സൺ പോലും വാട്ടർഗേറ്റ് അഴിമതിയിൽ അദ്ദേഹത്തിൻ്റെ പങ്കാളിത്തത്തിന്റെ പേരിൽ വിചാരണയ്ക്ക് വിധേയനായിരുന്നില്ല.

2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് പോൺ താരം സ്റ്റോമി ഡാനിയൽസിന് 1,30,000 ഡോളർ നൽകിയത് മറച്ചുവെക്കാൻ ബിസിനസ് റെക്കോർഡുകളിൽ വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് ഡോണൾഡ് ട്രംപ് 34 കുറ്റാരോപണങ്ങൾ നേരിടുന്നുണ്ട്. ട്രംപുമായിട്ടുള്ള ബന്ധത്തെക്കുറിച്ച് പുറത്ത് പറയാതിരിക്കാനാണ് പണം നൽകിയതെന്നാണ് ആരോപണം. കുറ്റം തെളിയിക്കപ്പെട്ടാൽ, റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ട്രംപിന് നാല് വർഷംവരെ തടവ് ശിക്ഷ ലഭിക്കുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. എന്നാൽ ആരോപണങ്ങളെ ട്രംപ് നേരത്തെ തന്നെ നിഷേധിച്ചിരുന്നു. പക്ഷപാതപരമായി പ്രവർത്തിക്കുന്ന ചില തൽപ്പരകക്ഷികൾ തനിക്കെതിരെ നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമാണ് ഈ കേസ് എന്നാണ് ട്രംപിന്റെ വാദം.

ട്രംപിന്റെ വിചാരണ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യപ്പെടില്ല. എങ്കിലും കോടതി മുറിക്ക് പുറത്ത് ലഭിക്കുന്ന മാധ്യമ ശ്രദ്ധയിൽ ട്രംപ് ആനന്ദിക്കുന്നുണ്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ വരെ ചർച്ച ചെയ്യപ്പെടുന്നത്. അമേരിക്കയിലെ നീതിന്യായ വകുപ്പ് മുമ്പ് പണമിടപാടിനെ കുറിച്ച് അന്വേഷിച്ചിരുന്നു, കൂടാതെ ഫെഡറൽ കാമ്പെയ്ൻ ഫിനാൻസ് നിയമ ലംഘനങ്ങളിൽ ട്രംപിന്റെ ദീർഘകാല സ്വകാര്യ അഭിഭാഷകനായിരുന്ന മൈക്കൽ കോഹൻ 2018-ൽ കുറ്റം സമ്മതിച്ചിരുന്നു. മൈക്കൽ കോഹന്റെ മൊഴിയിൽ സ്റ്റോമി ഡാനിയൽസിന് പണം നൽകാൻ ട്രംപ് ആസൂത്രണം ചെയ്തതായി സാക്ഷ്യപ്പെടുത്തിട്ടുണ്ട്. എന്നാൽ ഫെഡറൽ പ്രോസിക്യൂട്ടർമാർ ട്രംപിനെതിരെ കുറ്റം ചുമത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയും 2019 ൽ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്യുകയായിരുന്നു.

കഴിഞ്ഞ ഒരു വർഷത്തോളമായി ഡൊണൾഡ് ട്രംപ് തൻ്റെ നിയമ പ്രശ്നങ്ങൾ പ്രസിഡൻ്റാകാനുള്ള  പ്രചാരണത്തിൻ്റെ വലിയ ഭാഗമാക്കി തീർത്തിരിക്കുകയാണ്. തൻ്റെ അനുയായികളെ അണിനിരത്താനും പ്രതികാരം ചെയ്യാനുമുള്ള ഒരു മാർഗമായി കണ്ടാണ് ട്രംപ് ഓരോ തവണയും കോടതിയിൽ ഹാജരാകുന്നത്. 2023 ഏപ്രിലിൽ അദ്ദേഹം കുറ്റാരോപിതനായ ശേഷം, ട്രംപിന് ലഭിക്കുന്ന സംഭാവനകൾ കൂടുകയും പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റ് റിപ്പബ്ലിക്കൻമാരെക്കാൾ അഭിപ്രായ വോട്ടെടുപ്പുകളിലും ട്രംപ് തന്റെ ലീഡ് നിലനിർത്തുകയും ചെയ്തിരുന്നു.

ട്രംപിനെക്കുറിച്ച്  പുസ്തകം എഴുതിയ ഗ്വെൻഡ ബ്ലെയർ പറയുന്നതനുസരിച്ച്, പണം സ്വരൂപിക്കാൻ അദ്ദേഹം തൻ്റെ നിയമപരമായ പ്രശ്‌നങ്ങൾ ഉപയോഗിക്കുന്നത് ഇനിയും തുടരും എന്നാണ്. താൻ നിരപരാധിയാണെന്നും കേസുകളും ആരോപണങ്ങളും തനിക്കെതിരെയുള്ള വേട്ടയാടലുകളാണ് എന്നും ട്രംപ് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. കൂടാതെ, അടിസ്ഥാനപരമായി, ഡോണൾഡ് ട്രംപ് തൻ്റെ സമീപനം ഒരിക്കലും മാറ്റില്ല എന്നും ഗ്വെൻഡ ബ്ലെയർ പറയുന്നു.

ട്രംപിന് ജയിലിൽ ശിക്ഷ ലഭിക്കുന്ന തരത്തിൽ ഗുരുതരമായ വിചാരണ നേരിടേണ്ടി വന്നാലത് ട്രംപിന് മുന്നിലുള്ള ഒരു വെല്ലു വിളിയാണ്. കാരണം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാൻ ഇനി ഏഴുമാസം മാത്രമാണ് ശേഷിക്കുന്നത്. 2024 ഫെബ്രുവരിയിൽ റോയിട്ടേഴ്‌സ് /ഇപ്‌സോസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ, റിപ്പബ്ലിക്കൻമാരിൽ നാലിലൊന്നിൽ പകുതി പേരും  ട്രംപ് കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയാൽ അദ്ദേഹത്തിന് വോട്ട് ചെയ്യില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. തനിക്കെതിരെ പക്ഷപാതപരമായ പ്രവർത്തികൾ ആണ് നടക്കുന്നതെന്നും എതിരാളികൾ തന്നെ ലക്ഷ്യമിട്ടുകൊണ്ടുള്ള കുപ്രചാരണങ്ങളുമാണ് ഇതിനെല്ലാം പുറകിൽ എന്ന ട്രംപിൻ്റെ ആവർത്തിച്ചുള്ള അവകാശവാദം പുതിയ പിന്തുണക്കാരെ ആകർഷിക്കില്ല എന്നും പകരം, ഇത്തരം വാദങ്ങൾ വോട്ടർമാരെ അകറ്റി നിർത്തും എന്നുമാണ് ഡെമോക്രാറ്റിക് തന്ത്രജ്ഞനായ കുർട്ട് ബാർഡെല്ല നൽകുന്ന വിശദീകരണം.

നവംബർ 5 ഇലക്ഷന് മുൻപ് ട്രംപിനെതിരെ നടക്കുന്ന ഏക വിചാരണയാണ് ഇത്. 2020-ൽ ജോ ബൈഡനുമായുള്ള തൻ്റെ തോൽവി മറികടക്കാനുള്ള ശ്രമങ്ങളുടെ പേരിൽ ട്രംപിനെതിരെ വാഷിംഗ്ടണിൽ ഫെഡറൽ ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. കൂടാതെ, 2021 ജനുവരിയിലെ കാപിറ്റോൾ കലാപാഹ്വാനം, പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിന് ശേഷം രഹസ്യരേഖകൾ അനധികൃതമായി കൈവശം വച്ചതും, ഒപ്പം 2020-ൽ ജോർജിയ സംസ്ഥാനത്തെ തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ ശ്രമിച്ചതുമായ മൂന്ന് ഫെഡറൽ കുറ്റങ്ങളും ഡോണൾഡ്  ട്രംപിനെതിരെ ചുമത്തപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ കേസുകൾ ഒന്നിലും വിചാരണ തീയതികൾ നിശ്ചയിച്ചിട്ടില്ല. എന്നിരുന്നാലും, ഡോണൾഡ് ട്രംപ് വീണ്ടും ജയിച്ചാൽ, അദ്ദേഹത്തിന് മേല്പറഞ്ഞ ഫെഡറൽ പ്രോസിക്യൂഷനുകളും റദ്ദാക്കാൻ സാധിക്കും എന്നതാണ് മറ്റൊരു വസ്തുത.

‘മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിലവിൽ വിചാരണ നേരിടുന്നതും കുറ്റാരോപണങ്ങൾക്ക് വിധേയനായതും ചൂണ്ടിക്കാണിക്കുന്നത് കൃത്യമായ ഒരു നീതിന്യായ വ്യവസ്ഥയുടെ വ്യക്തമായ സൂചനകളാണ് ‘ എന്നാണ് മിനസോട്ട സർവകലാശാലയിലെ സെൻ്റർ ഫോർ ദ സ്റ്റഡി ഓഫ് പൊളിറ്റിക്സ് ആൻഡ് ഗവേണൻസ് മേധാവി ലാറി ജേക്കബ്സിന്റെ അഭിപ്രായം.

അതെ സമയം ഉൾപ്പാർട്ടി തെരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള പ്രതിനിധികളുടെ പിന്തുണ ട്രംപ് ഉറപ്പാക്കിയിരുന്നു. നവംബർ അഞ്ചിനാണ് യു.എസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍