UPDATES

ഉത്തരകാലം

സ്റ്റാര്‍ മണ്ഡലമായി വയനാട്

മണ്ഡല പര്യടനം

                       

കേരളത്തില്‍ നടക്കുന്ന ഇരുപത് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പില്‍ ദേശീയ ശ്രദ്ധേയാകര്‍ഷിക്കുന്ന മത്സരം നടക്കുന്നത് വയനാടാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് അവിടുത്തെ സ്റ്റാര്‍ സ്ഥാനാര്‍ത്ഥി. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി സിപിഐയുടെ ദേശീയ നേതാവ് ആനി രാജയാണ്. രാജ്യത്തെ അറിയപ്പെടുന്ന വനിത നേതാവാ അവര്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ ഭാര്യയാണ്. ദേശീയതലത്തിലാണ് പ്രവര്‍ത്തനമെങ്കിലും ആനി രാജ വയനാട്ടിന് അന്യയല്ല. രണ്ട് ദേശീയ നേതാക്കള്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സരേന്ദ്രനെ തന്നെ കളത്തിലിറക്കിയിരിക്കുകയാണ് ബി.ജെ.പി. അത് കൊണ്ട് തന്നെ ദേശീയ മാധ്യമങ്ങളും വയനാട്ടിലേയ്ക്ക് ശ്രദ്ധിക്കുന്നു.

വയനാടിലെ വോട്ടര്‍മാര്‍ കാലങ്ങളായി വലതുപക്ഷത്ത് തന്നെയാണ് നിലകൊണ്ടിട്ടുള്ളത്. 2019-ല്‍ രാഹുല്‍ ഗാന്ധി 64.94 ശതമാനം വോട്ട് നേടിയപ്പോള്‍, 25.24 ശതമാനം വോട്ടുകള്‍ മാത്രമാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.പി. സുനീറിന് നേടാന്‍ കഴിഞ്ഞത്. വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ പകുതി വോട്ടുപോലും ലഭിച്ചില്ല. 2019 ല്‍ വയനാട്ടില്‍ മത്സരിച്ചത് എന്‍.ഡി.എയുടെ ഘടക കക്ഷി ബി.ഡി.ജെ.എസിന്റെ പ്രതിനിധി തുഷാര്‍ വെള്ളാപ്പള്ളിയായിരുന്നു. അദ്ദേഹത്തിന് ഏഴേകാല്‍ ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. എന്‍.ഡി.എ 2019ല്‍ സ്വന്തം വോട്ടുകള്‍ പോലും സമാഹരിച്ചില്ല എന്ന് പറയുന്നതാകും ശരി.

1980 നവംബര്‍ ഒന്നിനാണ് കേരളത്തിലെ പന്ത്രണ്ടാമത്തെ ജില്ലയായി വയനാട് ജില്ല നിലവില്‍ വരുന്നത്. 1956 നവംബറില്‍ കേരള സംസ്ഥാനം നിലവില്‍ വന്നപ്പോള്‍ വയനാട് പ്രദേശം കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്നു. പിന്നീട് തെക്കന്‍ വയനാട് കോഴിക്കോട് ജില്ലയോടും, വടക്കന്‍ വയനാട് കണ്ണൂര്‍ ജില്ലയോടും ചേര്‍ത്തു. വയനാട്ടിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി വടക്കേ വയനാടും തെക്കന്‍ വയനാടും വേര്‍പെടുത്തി 1980 നവംബര്‍ ഒന്നിന് ഇന്നത്തെ വയനാട് ജില്ല രൂപീകരിച്ചു. കേരളത്തിലെ മൂന്ന് ജില്ലകളില്‍ നിന്നുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നാണ് വയനാട് പാര്‍ലമെന്റ് മണ്ഡലം രൂപം കൊള്ളുന്നത്. വയനാട് (3), മലപ്പുറം (3), കോഴിക്കോട് (1) ജില്ലകളില്‍ നിന്നാണ് ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമാകുന്നത്.

വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 41.3 ശതമാനം മുസ്ലിം സമുദായവും, 12.7 ശതമാനം ക്രിസ്ത്യന്‍ സമുദായവുമാണ്. 2011ലെ സെന്‍സസ് പ്രകാരം വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ 93.1 ശതമാനം വോട്ടര്‍മാരും ഗ്രാമീണരാണ്. ജില്ലയുടെ 40 ശതമാനം പ്രദേശം വനഭൂമിയാണ്. നാട്ടിലെത്തുന്ന വന്യമ്യഗങ്ങളാണ് വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ നിലവിലെ വലിയ ചര്‍ച്ചയും, പ്രശ്‌നവും. 2019ലെ തെരഞ്ഞെടുപ്പിലെ പോളിങ്ങ് ശതമാനം 80. 2 ആയിരുന്നു. മതസൗഹാര്‍ദവും ഐക്യവും ശക്തമായ പ്രദേശമാണ് വയനാട്.

2023 മാര്‍ച്ച് 23 ന്, ഗുജറാത്തിലെ സൂറത്തിലെ പ്രാദേശിക കോടതി വിധിപ്രകാരം രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യമാകെ ചര്‍ച്ച ആയതാണ്. രാജ്യവ്യാപകമായി പ്രതിപക്ഷ കക്ഷികള്‍ ഒന്നാകെ പ്രതിഷേധിച്ചത് ലോക മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കി. 2023 ഓഗസ്റ്റ് 4-ന് സുപ്രിം കോടതി അദ്ദേഹത്തിന് പാര്‍ലമെന്റ് അംഗമെന്ന പദവി പുനഃസ്ഥാപിച്ചു.

Share on

മറ്റുവാര്‍ത്തകള്‍