November 14, 2024 |
Share on

കുടുംബം വൈദികനാക്കാന്‍ നേര്‍ന്ന, ഫെമിനിസ്റ്റ് എന്നവകാശപ്പെടുന്ന ഒരു പോണ്‍ സ്റ്റാര്‍

നെറ്റ്ഫ്‌ളിക്‌സിന്റെ ‘സൂപ്പര്‍സെക്‌സ്’

ഇറ്റലിയിലെ ഒര്‍ട്ടോണ എന്ന ചെറുപട്ടണത്തില്‍ നിന്ന് വൈദികനാക്കാന്‍ കുടുംബം നേര്‍ന്ന ഒരു കുട്ടി പോണ്‍ സിനിമയിലെ അതികായനായി വളര്‍ന്ന കഥയാണ് ‘സൂപ്പര്‍സെക്‌സ്’. മാര്‍ച്ച് ആറിന് റിലീസ് ചെയ്ത നെറ്റ്ഫ്‌ളിക്‌സിന്റെ ഏറ്റവും പുതിയ സീരീസ്. 1300 ലധികം പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ച പ്രശസ്ത പോണ്‍ താരം റോക്കോ സിഫ്രെഡിയുടെ ബയോപിക്ക് ആണ് ‘ സൂപ്പര്‍ സെക്‌സ്’. താരത്തിന്റെ കരിയറിലെ ഉയര്‍ച്ച താഴ്ച്ചകളും വ്യക്തി ജീവിതവും സീരിസ് അവതരിപ്പിക്കുന്നു. ഫെമിനിസ്റ്റ് ആശയങ്ങള്‍ മുഖ്യധാരയില്‍ അവതരിപ്പിക്കുന്ന ഇറ്റാലിയന്‍ തിരക്കഥാകൃത്ത് ഫ്രാന്‍സെസ്‌ക മനിയേരിയാണ് സീരീസിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ഒര്‍ട്ടോണ പട്ടണത്തില്‍ നിന്നുള്ള റോക്കോ ടാനോ എന്ന സാധാരണക്കാരന്‍ തന്റെ വ്യക്തിവൈഭവം കൊണ്ട് ലോക പ്രശസ്തി പിടിച്ചുപറ്റിയ അവിശ്വസനീയമായ ജീവിത കഥയാണ് ‘സൂപ്പര്‍സെക്‌സ്’ പറയുന്നത്. ആരാലും അറിയപ്പെടാതെ പോയ റോക്കോയുടെ ജീവിതത്തിലെ അതിപ്രധാന സംഭവങ്ങളും സീരീസില്‍ കടന്നുവരുന്നുണ്ട്. മാറ്റിയോ റോവേര്‍, ഫ്രാന്‍സെസ്‌കോ കറോസിനി, ഫ്രാന്‍സെസ്‌ക മസ്സോലെനി എന്നിവര്‍ സംവിധാനം ചെയ്ത ഈ പരമ്പര നിര്‍മിക്കുന്നത് ലോറെന്‍സോ മിലിയുടെ ദി അപ്പാര്‍ട്ട്മെന്റ് എന്ന ഫ്രീമാന്റില്‍ കമ്പനിയും ബാനിജയ് ഗ്രൂപ്പിന്റെ ഭാഗമായ ഗ്രോന്‍ലാന്‍ഡിയയും ചേര്‍ന്നാണ്.

ജോണ്‍ ഹോംസ്, റോണ്‍ ജെറമി തുടങ്ങിയ പ്രശസ്ത പോണ്‍ താരങ്ങളില്‍ നിന്ന് റോക്കോ സിഫ്രെഡിയെ വേറിട്ട് നിര്‍ത്തിയിരുന്നത് അദ്ദേഹത്തിന്റെ വ്യക്തി വൈഭവമായിരുന്നു. 40 വര്‍ഷം നീണ്ടു നിന്ന കരിയറില്‍, അദ്ദേഹം പോണ്‍ സിനിമകളില്‍ മാത്രം ഒതുങ്ങി നിന്നില്ല. മുഖ്യധാര അഡള്‍ട്ട് സിനിമകള്‍ക്ക് പുറമേ, കാതറിന്‍ ബ്രില്ലറ്റ് സംവിധാനം ചെയ്ത രണ്ട് കലാമൂല്യമുള്ള സിനിമകളിലും സിഫ്രെഡി അഭിനയിച്ചിരുന്നു. 1999-ല്‍ പുറത്തിറങ്ങിയ ‘റൊമാന്‍സ്’, 2004-ലെ ‘അനാട്ടമി ഓഫ് ഹെല്‍’ എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. ഉയര്‍ന്ന നിലവാരമുള്ള സിനിമകള്‍ക്കൊപ്പം ചിത്രീകരിച്ച ആഡംബര ഇറ്റാലിയന്‍ കാലഘട്ട നാടകങ്ങളിലും കുറഞ്ഞ ബജറ്റ് അമേരിക്കന്‍ ‘ഗോണ്‍സോ’ ശൈലിയിലുള്ള വീഡിയോകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടാതെ, 2012 ലെ ഫ്രഞ്ച് സിനിമ ‘പോണ്‍ ഇന്‍ ദ ഹുഡ്’ പോലെയുള്ള പാരഡി- കോമഡികളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ സിനിമകളിലെല്ലാം റോക്കോ സിഫ്രെഡിയുടെ അഭിനയപാടവം കൂടി മാറ്റുരയ്ക്കപ്പെട്ടിട്ടുണ്ട്.

ഈ വസ്തുതകള്‍ക്ക് ഉപരി റോക്കോ സിഫ്രെഡിഫെമിനിസ്റ്റ് ആശയങ്ങളുടെയും തത്വങ്ങളുടെയും വക്താവ് ആയിരുന്നോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടി തേടുന്നുണ്ട് സൂപ്പര്‍സെക്‌സ്. അതായത് പോണ്‍ ചിത്രങ്ങളില്‍ തുലോം തുച്ഛമായി കാണാന്‍ സാധിക്കുന്ന ഒരു ഘടകമാണല്ലോ സ്ത്രീപക്ഷ ചിന്താരീതികള്‍. റോക്കോ സിഫ്രെഡിയുടെ ഇറ്റാലിയന്‍ പശ്ചാത്തലത്തെയും ഒര്‍ട്ടോണ എന്ന പട്ടണത്തിലെ ആദ്യകാല ജീവിതത്തെയും സീരീസ് വരച്ചിടുന്നുണ്ട്. സീരീസില്‍ ഉടനീളം റോക്കോയുടെ ജീവിതത്തിലെ സുപ്രധാന വ്യക്തിയായിരുന്നു അദ്ദേഹത്തിന്റെ അമ്മയെ കുറിച്ചും പറയുന്നുണ്ട്. റോക്കോയെ ഒരു വൈദികനാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അമ്മ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ‘സൂപ്പര്‍സെക്‌സ്’ എന്ന ഒരു ലൈംഗിക ചിത്ര നോവല്‍ റോക്കോയുടെ പക്കല്‍ നിന്ന അമ്മ കണ്ടെത്തിയതോടെ മാറി മറഞ്ഞത് അദ്ദേഹത്തിന്റെ ജീവിതം മാത്രമായിരുന്നില്ല, പോണ്‍ സിനിമ വ്യവസായം കൂടിയായിരുന്നു. പിന്നീട് റോക്കോ നാടുവിട്ട് തന്റെ മൂത്ത അര്‍ദ്ധസഹോദരന്‍ ടോമാസോയെ പാരിസില്‍ വച്ച് കണ്ടുമുട്ടുകയും ചെയ്യുന്നുണ്ട്. ഡോണയുടെ ‘സ്വീപ്റ്റ് എവേ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തനായ നടന്‍ അഡ്രിയാനോ ജിയാനിനിയാണ് ടോമാസോയെ അവതരിപ്പിക്കുന്നത്.

റോക്കോ ആദ്യം തന്റെ ജ്യേഷ്ഠനെ ആരാധിക്കുന്നുണ്ടെങ്കിലും, പരമ്പരാഗതമായ ചട്ടക്കൂടുകളില്‍ നിന്ന് പുറത്തുകടക്കാന്‍ ജ്യേഷ്ഠനെ തള്ളിപ്പറയുന്നുമുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട അമ്മ അദ്ദേഹത്തെ വിട്ടുപോകുമ്പോള്‍ മറ്റ് സ്ത്രീകളോട് പ്രതികാരം ചെയ്യുന്നതിനുപകരം, റോക്കോ സ്വയം വേദനിപ്പിക്കുകയായിരുന്നുവെന്നും ചിത്രം പറഞ്ഞുവക്കുന്നുണ്ട്. എന്നാല്‍ റോക്കോയുടെ സിനിമകളില്‍, സാധാരണ പോണ്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി പരുക്കന്‍ ലൈംഗികതയുണ്ടെന്നും സീരീസ് അടിവരയിടുന്നുണ്ട്. അതായത് മുഖ്യധാര പോണ്‍ സിനിമകളെ സ്ത്രീപക്ഷത്തു നിന്ന് റൊക്കോ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പറയുന്ന അതേ സമയത്തു തന്നെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഈ അക്രമണാത്മകവും ഹാനികരവുമായ ലൈംഗിക പ്രവര്‍ത്തികള്‍ എന്ന വൈരുദ്ധ്യമാണ് സീരീസ് എടുത്തു കാണിക്കുന്നത്.

പരുക്കനും അക്രമാസക്തവുമായ ലൈംഗിക രംഗങ്ങള്‍ ചെയ്യുന്ന ഒരാളായി താന്‍ പലപ്പോഴും വിശേഷിപ്പിക്കപ്പെടുമ്പോള്‍, മറുപുറത്ത് എന്റെ സഹതാരവുമായി ചിത്രീകരണത്തിന് മുമ്പ് ഏതൊക്കെ രംഗങ്ങള്‍ ചെയ്യണമെന്ന് ഒരുമിച്ച് സംസാരിച്ച് തീരുമാനിക്കാറുണ്ടെന്നു കഴിഞ്ഞ മാസം ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലല്‍ വേദിയില്‍ വച്ച് റോക്കോ പറഞ്ഞിരുന്നു. ഈ ഭാഗവും സീരിസില്‍ പരാമര്‍ശിക്കുന്നുണ്ട്. 2016-ല്‍ ഫ്രഞ്ച് ചലച്ചിത്ര നിര്‍മാതാക്കള്‍ നിര്‍മിച്ച ‘റോക്കോ’ എന്ന ഡോക്യുമെന്ററിയുടെ അവസാനം പോലെ റോക്കോയുടെ ജീവിതത്തിന് മതപരമായ ഒരര്‍ത്ഥം സീരിസിലും നല്‍കുന്നില്ല. തന്റെ അവസാന ചിത്രം സംവിധാനം ചെയ്ത് സ്റ്റുഡിയോയുടെ ഇടനാഴിയിലൂടെ അദ്ദേഹം നടന്നുപോകുമ്പോള്‍ സീനിലുള്ള കുരിശ് അദ്ദേഹത്തിന്റെ വിടവാങ്ങലിനെ മാത്രമാണ് പ്രതിനിധാനം ചെയ്യുന്നത്. 2004-ലും പിന്നീട് 2015-ലും ഏറ്റവും ഒടുവില്‍ 2022-ലുംസിനിമ വ്യവസായത്തില്‍ നിന്ന് വിരമിച്ച ഇറ്റാലിയന്‍ താരത്തിന് ഈ മെയ് മാസത്തില്‍ 60 വയസ്സ് തികയുകയാണ്.

Advertisement