UPDATES

ഓഫ് ബീറ്റ്

മണിപ്പൂര്‍ FIR; സംഘര്‍ഷ ഭൂമിയിലെ നേര്‍സാക്ഷ്യം

അഴിമുഖം ബുക്‌സിന്റെ ജേര്‍ണലിസം സീരിസിലെ മൂന്നാമത്തെ പുസ്തകമാണ് ജോര്‍ജ് കള്ളിവയലില്‍ രചിച്ച മണിപ്പൂര്‍ FIR

                       

2023-ല്‍ പൊട്ടിപ്പുറപ്പെട്ട മണിപ്പൂര്‍ കലാപത്തെ കുറിച്ചുള്ള സൂക്ഷ്മ അന്വേഷണമാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് കള്ളിവയലില്‍ എഴുതിയ മണിപ്പൂര്‍ എഫ് ഐ ആര്‍. മണിപ്പൂരിന്റെ ചരിത്രം, കലാപത്തിന്റെ പശ്ചാത്തലം, സങ്കീര്‍ണമായ സാഹചര്യങ്ങള്‍, അധികമാരും അറിയാത്ത പിന്നാമ്പുറക്കഥകള്‍, അതിക്രൂരമായ വേട്ടയ്ക്ക് പ്രേരകമായ പക, അക്രമ പരമ്പരകളുടെ നാള്‍വഴികള്‍, മാസങ്ങള്‍ നീണ്ട അക്രമങ്ങള്‍ക്കും പ്രതിരോധത്തിനുമുള്ള തയ്യാറെടുപ്പുകള്‍ എന്നിവ തുടങ്ങി അനേകരുടെ മരണത്തിലേക്ക് നയിച്ച ഏറ്റുമുട്ടലുകളുടെ ബാക്കിപത്രവും ഇനിയുള്ള വെല്ലുവിളികളും സമാധനത്തിനുള്ള അനിവാര്യതകളും വിവരിക്കുന്ന സമഗ്രമായൊരു വിവരണമാണ് ദേശീയ-അന്തര്‍ദേശീയ റിപ്പോര്‍ട്ടിംഗില്‍ മൂന്നര പതിറ്റാണ്ടു നീണ്ട അനുഭവങ്ങളുടെ ഉടമയായ ജോര്‍ജ് കള്ളിവയലില്‍ രചിച്ച ഈ പുസ്തകം. വായനക്കാരുടെ കൈകളിലേക്ക് ഉടനെത്തുന്ന മണിപ്പൂര്‍ എഫ് ഐ ആറിന്റെ പ്രീ-പബ്ലിക്കേഷന്‍ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്.

അഴിമുഖം ബുക്ക് പ്രസിദ്ധീകരിക്കുന്ന മൂന്നാമത്തെ പുസ്തകമാണ് മണിപ്പൂര്‍ എഫ് ഐ ആര്‍. വിഖ്യാത അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ജോസി ജോസഫിന്റെ ‘ കഴുകന്മാരുടെ വിരുന്ന’്, ‘നിശബ്ദ അട്ടിമറി’ എന്നീ പുസ്തകങ്ങള്‍ക്ക് പിന്നാലെയാണ് അഴിമുഖത്തിന്റെ ‘ ജേര്‍ണലിസം സീരീസിലെ’ അടുത്ത പുസ്തകമായി മണിപ്പൂര്‍ എഫ് ഐ ആര്‍ വായനക്കാരിലെത്തുന്നത്. ജനാധിപത്യം പ്രതിസന്ധി നേരിടുന്ന വര്‍ത്തമാന കാലത്ത് കൂടുതല്‍ ശക്തവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനത്തിന് പ്രസക്തി വര്‍ദ്ധിക്കുന്നു എന്ന തിരിച്ചറിവോടെയാണ് ജേര്‍ണലിസ്റ്റുകളുടെ പുസ്തകങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ ‘അഴിമുഖം’ തീരുമാനിച്ചിരിക്കുന്നത്.

വെടിയൊച്ചകള്‍ നിലയ്ക്കാത്ത, തോക്കും പെട്രോള്‍ ബോംബും കഥ പറയുന്ന, ചോരപ്പുരയൊഴുകുന്ന മണിപ്പൂരിലെ സംഘര്‍ഷ ഭൂമിയിലൂടെ സഞ്ചരിച്ച്, ഇരകളും വേട്ടക്കാരും സുരക്ഷ ഉദ്യോഗസ്ഥരുമായുമെല്ലാം സംവദിച്ചാണ് ജോര്‍ജ് കള്ളിവയലില്‍ മണിപ്പൂര്‍ എഫ് ഐ ആര്‍ തയ്യാറാക്കിയിട്ടുള്ളത്. മണിപ്പൂര്‍ കലാപത്തെക്കുറിച്ച് കേട്ടതും കേള്‍ക്കാത്തതും വായിച്ചതും വായിക്കാത്തതും കണ്ടതും കാണാത്തതും എല്ലാം ശരിതെറ്റുകളുടെ മിശ്രിതമാകും. സ്ത്രീകളോടും കുട്ടികളോടും മൃതദേഹത്തോടും പോലും കാട്ടിയ കൊടുംക്രൂരതകളും നൂറുകണക്കിന് ആരാധാനാലയങ്ങള്‍, ആയിരക്കണക്കിന് വീടുകള്‍, ജീവനോപാധികള്‍ എന്നിവ തകര്‍ത്തു തീയിട്ടതും ഉള്‍പ്പെടെയുള്ള സംഭവങ്ങളും ഇതിലേക്ക് നയിച്ച സംഭവ പരമ്പരകളും ഈ പുസ്തകത്തില്‍ വായിച്ചറിയാം.

രചയിതാവായ ജോര്‍ജ് കള്ളിവയലില്‍ ഉറപ്പിച്ചു പറയുന്നുണ്ട്, ഇതൊരിക്കലും ഏതെങ്കിലും പക്ഷംപിടിച്ച് എഴുതുന്നതല്ലെന്ന്. അദ്ദേഹത്തിന്റെ വാക്കുകള്‍; ‘ മണിപ്പൂര്‍ കലാപത്തെക്കുറിച്ചും അതിലേക്ക് നയിച്ച സംഭവ പരമ്പരകളിലേക്കും ഏതെങ്കിലുമൊരു പക്ഷം മാത്രം ചേരാതെ നേരറിവ് നല്‍കാനാണ് ശ്രദ്ധിച്ചത്. എല്ലാവരെയും തൃപ്തിപ്പെടുത്താനോ, കൈയടി വാങ്ങാനോ ശ്രമിക്കുന്നതിനു പകരം പരമാവധി വസ്തുതാപരമായും സത്യസന്ധമായും എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്. പരസ്പര വിദ്വേഷത്തിന്റെയും വൈരാഗ്യത്തിന്റെയും അക്രമങ്ങളുടെയും അന്തരീക്ഷം വൈകാതെ മനാറുമെന്നും സമാധാനവും പുരോഗതിയപം മണിപ്പൂരിന് കൈവരുമെന്നുമാണ് പ്രതീക്ഷ.’

മണിപ്പൂര്‍ പ്രശ്‌നത്തിന്റെ നിജസ്ഥിതി അന്വേഷിച്ചുള്ള സഞ്ചാരത്തിലൂടെ നേടിയ അനുഭവങ്ങളുടെ നേര്‍സാക്ഷ്യമായ ഈ പുസ്തകം ഒരു ചരിത്ര രേഖയായി തന്നെ വായനക്കാര്‍ക്ക് സ്വീകരിക്കാം.

Share on

മറ്റുവാര്‍ത്തകള്‍