December 09, 2024 |

ബി.ജെ.പിയുടെ ഹിന്ദുത്വ പരീക്ഷണ ഭൂമിയിലെ കോണ്‍ഗ്രസിന്റെ സംഘാടന കരുത്ത്

ഉത്തരകാലം: ശ്രീജിത്ത് ദിവാകരന്‍ എഴുതുന്നു

ഗുജറാത്തിനും ഉത്തര്‍പ്രദേശിനും ശേഷം ബി.ജെ.പിയുടെ ഹിന്ദുത്വ പരീക്ഷണശാലയായാണ് മധ്യപ്രദേശിനെ കണക്കാക്കുന്നത്. പഴയ സങ്കല്പത്തിലെ ബീമാരു (ബിഹാര്‍, മധ്യപ്രദേശ്, യു.പി) അഥവ രോഗബാധിതമാം വിധം പിന്നാക്കമായ സംസ്ഥാനങ്ങളില്‍ ഒന്ന്. 21-ാം നൂറ്റാണ്ട് ആരംഭിച്ചത് യു.പി.ക്കും ബിഹാറിനുമൊപ്പം മധ്യപ്രദേശും രണ്ടായി വിഭജിച്ച് കൊണ്ടാണ്. അവിഭക്ത മധ്യപ്രദേശിലെ 320 സീറ്റുകളില്‍ 90 എണ്ണം ഛത്തീസ്ഗഢിലേയ്ക്ക് പോയപ്പോള്‍ അവിശേഷിക്കുന്ന 230 സീറ്റുകളിലായി തെരഞ്ഞെടുപ്പ്. പുതുക്കിയ മധ്യപ്രദേശില്‍ ഒരിക്കല്‍ പോലും ഭരിക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് കിട്ടിയിട്ടില്ല. 2003-ല്‍ ഉമാഭാരതിയുടെ നേതൃത്വത്തിലും 2008, 2013 വര്‍ഷങ്ങളില്‍ ശിവരാജ് സിങ്ങ് ചൗഹാന്റെ നേതൃത്വത്തിലും ബി.ജെ.പി സംശയരഹിതമായ ഭൂരിപക്ഷം നേടി. 2018-ല്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ ഉണര്‍വ്വോടെ പ്രവര്‍ത്തിച്ച കോണ്‍ഗ്രസിന് 114 സീറ്റുകള്‍ ലഭിച്ചു. കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകളുടെ കുറവ്. രണ്ട് എം.എല്‍.എമാരുള്ള ബി.എസ്.പിയും ഒരു എം.എല്‍.എയുള്ള എസ്.പിയും പിന്തുണ പ്രഖ്യാപിച്ചതോടെ പതിനഞ്ച് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന്റെ ഭരണം മധ്യപ്രദേശില്‍ നിലവില്‍ വന്നു. പക്ഷേ ആ സന്തോഷം അധികം നീണ്ട് നിന്നില്ല. ജ്യോതിരാദിത്യ സിന്ധ്യയും ഒരു കൂട്ടം കോണ്‍ഗ്രസ് എം.എല്‍.എമാരും ‘ചാണക്യ തന്ത്രം’ എന്ന് മാധ്യമങ്ങള്‍ വാഴ്ത്തുന്ന കുതിരക്കച്ചടവത്തിന്റെ ഭാഗമായി ബി.ജെ.പിയിലെത്തി. അങ്ങനെ നാലാമതും ബി.ജെ.പി സര്‍ക്കാര്‍ മധ്യപ്രദേശില്‍ നിലവില്‍ വന്നു.

സര്‍വ്വവ്യാപകമായ മുസ്ലീം വിരുദ്ധതയാണ് ഗുജറാത്തിലേയും യു.പിയിലേയും പോലെ തന്നെ മധ്യപ്രദേശിലും ബി.ജെ.പിയുടെ പ്രചരണ തന്ത്രവും രീതിയും. അതിന് അനുസരിച്ചാണ് കോണ്‍ഗ്രസിന്റെ പ്രചരണവും. ബാബ്രി പള്ളിയില്‍ ഹിന്ദുക്കള്‍ക്ക് പ്രവേശിക്കാനും പ്രാര്‍ത്ഥിക്കാനുമുള്ള അവസരം നല്‍കിയത് രാജീവ് ഗാന്ധിയാണ് എന്ന് മറന്ന് പോകരുത് എന്നതടക്കമുള്ള കമല്‍നാഥിന്റേയും കോണ്‍ഗ്രസിന്റേയും ഹിന്ദു ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാനുള്ള പ്രസ്താവനകള്‍ ഉത്ഭവിക്കുന്നത് അതില്‍ നിന്നാണ്. ‘കോണ്‍ഗ്രസുകാര്‍ മുസ്ലീങ്ങളെ പ്രീണിപ്പിക്കുകയാണ് ഇക്കാലമത്രയും ചെയ്ത് പോന്നിരുന്നത്. മുസ്ലീം ജനവിഭാഗം ഹിന്ദുക്കളെ ഉപദ്രവിക്കുകയായിരുന്നു. അത് അവസാനിപ്പിച്ച് മധ്യപ്രദേശില്‍ സമാധാനം കൊണ്ടുവന്നത് ബി.ജെ.പിയാണ്’ -ഇതാണ് ബി.ജെ.പി സകല ഇടങ്ങളില്‍ പ്രചരിപ്പിച്ചിട്ടുള്ള ആഖ്യാനത്തിന്റെ സ്വഭാവം. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കാലത്ത് യാത്ര ചെയ്യുമ്പോള്‍ ലഭിക്കുന്ന ചിത്രമതാണ്.

ഉത്തരകാലം; മുന്‍ ലേഖനങ്ങള്‍ ഇവിടെ വായിക്കാം

എന്നാല്‍ ഇക്കുറി കോണ്‍ഗ്രസ് അച്ചടക്കത്തോടെ പ്രചരണ പരിപാടികള്‍ നടത്തിയിട്ടുണ്ട് എന്നത് വാസ്തവമാണ്. മുതിര്‍ന്ന നേതാക്കളായ കമല്‍നാഥും ദ്വിഗ്വിജയ് സിങ്ങും തികച്ചും ശ്രദ്ധയോടെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് കുറച്ച് കാലമായി. ഗ്രാമങ്ങളിലുടനീളം സഞ്ചരിച്ച് സംഘടന സംവിധാനം പുനസ്ഥാപിച്ച് അവര്‍ പ്രവര്‍ത്തനം നടത്തി. കമല്‍നാഥും മകനും തങ്ങളുടെ മണ്ഡലമായ ചിന്ത്വാഡയില്‍ മൂന്ന് ദിവസം നീണ്ട ഹിന്ദുസമ്മേളനം നടത്തി. കോണ്‍ഗ്രസിന്റെ അകത്തെ സംഘടന പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാതിരിക്കാനുള്ള തന്ത്രങ്ങള്‍ പുതിയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ നേതൃത്വത്തില്‍ രൂപവതരിച്ചത് ഫലപ്രദമായി. സംസ്ഥാനത്ത് ജാതി സര്‍വ്വേ നടത്തുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനം ആരെയായിരിക്കും സഹായിക്കുക എന്നത് തെരഞ്ഞെടുപ്പില്‍ സുപ്രധാനമായിരിക്കും. സവര്‍ണ പാര്‍ട്ടിയായിരിക്കുമ്പോഴും പിന്നാക്ക ഹിന്ദുക്കളുടെ വോട്ട് നേടുന്ന ബി.ജെ.പിയുടെ തന്ത്രത്തിനെ ഭയപ്പെടുത്താന്‍ അതിനാകുമോ അതോ ആ ആശയം കോണ്‍ഗ്രസിനെ തിരിഞ്ഞ് കൊത്തുമോ എന്നതാണ് ഇപ്പോഴത്തെ സംശയം.

ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ സുരക്ഷ പദ്ധതി, പത്ത് ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സ് പദ്ധതി, കിലോയ്ക്ക് രണ്ട് രൂപ നിരക്കില്‍ ചാണകശേഖരം, ക്വിന്റലിന് 2500 രൂപ നല്‍കി നെല്ലും 2600 രൂപ നല്‍കി ഗോതമ്പും ശേഖരിക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ക്ക് പുറമേ മധ്യപ്രദേശിന് സ്വന്തമായി ഐ.പി.എല്‍ ടീമുണ്ടാക്കുമെന്ന് വരെ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലുണ്ട്. 1200-ലധികം വാഗ്ദാനങ്ങള്‍ അടങ്ങിയ ആ രേഖയില്‍ എല്ലാ അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ക്കും 1500-3000 രൂപ വീതം നല്‍കുമെന്നും എല്ലാ സ്ത്രീകള്‍ക്കും 1500 രൂപ, 500 രൂപയ്ക്ക് പാചകവാതകം, വയോജന പെന്‍ഷന്‍, കാര്‍ഷിക വായപകള്‍, തുടങ്ങിയ ക്ഷേമ പദ്ധതികളും ഉണ്ട്.

കോണ്‍ഗ്രസും ബി.ജെ.പിയും സഖ്യകക്ഷിളുടെ സഹായങ്ങളൊന്നുമില്ലാതെ നേരിട്ടാണ് 230 സീറ്റുകളിലും മത്സരിക്കുന്നത്. ബി.എസ്.പിക്ക് 183 സ്ഥാനാര്‍ത്ഥികളും സമാജ്വാദി പാര്‍ട്ടിക്ക് 71 സ്ഥാനാര്‍ത്ഥികളും ഇവിടെയുണ്ട്. ബി.എസ്.പിയുടെ സഖ്യകക്ഷിയും ഗോത്രമേഖലയില്‍ നിന്നുള്ള പാര്‍ട്ടിയുമായ ഗോണ്ട്വാന ഗണ്ടാണ്‍റണ്‍ പാര്‍ട്ടിക്ക് 45 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളുണ്ട്. ആംആദ്മി പാര്‍ട്ടിയും 66 സീറ്റുകളില്‍ ഭാഗ്യപരീക്ഷണം നടത്തുന്നുണ്ട്.

ബി.ജെ.പി ഇത്തവണ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതിരിക്കുന്നതാണ് അവരുടെ തന്ത്രമെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ശിവരാജ് സിങ്ങ് ചൗഹാന്‍ സര്‍ക്കാരിനെതിരെ വന്‍തോതിലുള്ള ജനരോഷം ഉണ്ടെങ്കിലും ‘മാമാജി’ എന്നറിയപ്പെടുന്ന ചൗഹാന് ബി.ജെ.പിക്കകത്ത് വലിയ സ്വാധീനമുള്ളത് കൊണ്ട് അദ്ദേഹത്തെ തെരഞ്ഞെടുപ്പിന് മുമ്പ് മാറ്റി നിര്‍ത്താനുള്ള ധൈര്യം അവര്‍ക്കില്ല. മൂന്ന് കേന്ദ്ര മന്ത്രിമാരെ ബി.ജെ.പി ഇക്കുറി മത്സര രംഗത്തിറക്കിയിട്ടുണ്ട്. അവര്‍ മൂന്ന് പേരും വിവിധ ജാതി വിഭാഗങ്ങള്‍ക്കിടയില്‍ അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥയായാണ് അറിയപ്പെടുന്നത്. നരേന്ദ്ര സിങ് തോമര്‍, പ്രഹ്ളാദ് പട്ടേല്‍, ഫഗ്ഗന്‍ സിങ് കുലസ്തേ എന്നിവരാണ് മധ്യപ്രദേശ് നിയമസഭയിലേയക്ക് മത്സരിക്കുന്ന കേന്ദ്ര മന്ത്രിമാര്‍. ബി.ജെ.പി ജനറല്‍ സെക്രട്ടറിയും മധ്യപ്രദേശിലെ വലിയ നേതാവുമായ കൈലാസ് വിജയ്വര്‍ഗ്യയും എം.പിമാരായ രാകേഷ് സിങ്, ഗണേഷ് സിങ്, റിഥി പാഥക് എന്നിവരും മത്സര രംഗത്തുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് കമല്‍ നാഥിനെ കൂടാതെ ദ്വിഗ്വിജയ് സിങ്ങിന്റെ മകനും മുന്‍ സംസ്ഥാന മന്ത്രിയുമായ ജയ്വര്‍ദ്ധന്‍ സിങ്, മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി അര്‍ജുന്‍ സിങ്ങിന്റെ മകന്‍ അജയ് സിങ് എന്നിവരും മത്സരിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യം തന്നെയാണ് ബി.ജെ.പിയുടെ പ്രധാന തിരഞ്ഞെടുപ്പ് തന്ത്രം. ഇരുപതിലധികം പൊതുപരിപാടികളില്‍ മോദി നേരിട്ട് പങ്കെടുത്തിട്ടുണ്ട്. എം.പി കി മന്‍മേം മോഡി, മോദി കേ മന്‍ മേം എം.പി (മധ്യപ്രദേശിന്റെ മനസില്‍ മോദി, മോദിയുടെ മനസില്‍ മധ്യപ്രദേശ്) എന്നതാണ് അവരുടെ മുദ്രവാക്യം. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കേന്ദ്രത്തിലും മധ്യപ്രദേശിലും അഴിമതിക്കാരായിരുന്നുവെന്നും ജനങ്ങളെ കൊള്ളയടിക്കുകയായിരുന്നുവെന്നും ആവര്‍ത്തിക്കുന്ന ബി.ജെ.പി രാമജന്മഭൂമിയില്‍ ക്ഷേത്രത്തിന്റെ പണിപൂര്‍ത്തിയായി എന്നുള്ളതും തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നുണ്ട്. വൈദ്യുതി ക്ഷാമം, മോശം റോഡുകള്‍, കുടിവെള്ളത്തിന്റെ അപര്യാപ്തത, ക്രമസമാധാനമില്ലായ്മ എന്നിങ്ങനെ ‘ബീമാരു’ അവസ്ഥയിലായിരുന്ന മധ്യപ്രദേശിനെ മാറ്റിയെടുത്തത് ബി.ജെ.പിയാണ് എന്നും അവര്‍ സ്വയം അവതരിപ്പിക്കുന്നു. ഐ.ഐ.ടി, എയിംസ്, 450 രൂപയ്ക്ക് പാചകവാതകം, 100 യൂണിറ്റ് വൈദ്യുതിക്ക് 100 രൂപ എന്നിങ്ങനെ പോകുന്നു തുടര്‍ വാഗ്ദാനങ്ങള്‍.

നവംബര്‍ 17, വെള്ളിയാഴ്ച, ഒറ്റഘട്ടമായി മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ ഇരുകൂട്ടര്‍ക്കും ആത്മവിശ്വാസമുണ്ട്. പക്ഷേ കോണ്‍ഗ്രസിന്റെ സുസ്ഥിരവും സുഘടിതവുമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടയെ തകര്‍ക്കാനാകുമോ? എത്രമാത്രം ആഴത്തില്‍, ഭരണവിരുദ്ധതയ്ക്കെല്ലാം അപ്പുറം ഹിന്ദുത്വ രാഷ്ട്രീയം മധ്യപ്രദേശിനെ ഗ്രസിച്ചിട്ടുണ്ട്. ഡിസംബര്‍ മൂന്ന് വരെ കാത്തിരിക്കണം ഉത്തരങ്ങള്‍ക്ക്.

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

×