മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ നെടുനായകത്വം വഹിക്കുന്ന രണ്ട് നേതാക്കള്‍, രാഹുല്‍ ഗാന്ധിയും കെ സി വേണുഗോപാലും, ബിജെപിക്ക് ഇന്നേ വരെ ഒരു എം പി സ്ഥാനം പോലും ലഭിക്കാത്ത, തീരെ ശക്തിയില്ലാത്ത, കേരളത്തില്‍ വന്ന് മത്സരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പാണിത്. ബിജെപി ഉന്നം വയ്ക്കുന്ന നാനൂറ് സീറ്റെന്ന ലക്ഷ്യം സാധിക്കുമോ എന്നറിയില്ലെങ്കിലും മൂന്നാം വട്ടവും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണം കേന്ദ്രത്തിലുണ്ടാകുമെന്നാണ് ഇതുവരെയുള്ള പൊതു കണക്ക് കൂട്ടല്‍.
എന്നാല്‍ ബിജെപിയുടെ ശക്തിദുര്‍ഗമായി കണക്കാക്കപ്പെടുന്ന യുപിയിലും വലിയ അട്ടിമറിയിലൂടെ നിതീഷ് കുമാറിനെ വീണ്ടും കൂടെ കൂട്ടി പ്രതിപക്ഷ ഐക്യം പൊളിച്ച ബിഹാറിലും അടക്കം അതി ജാഗ്രതയോടെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അത് എന്തുകൊണ്ടാണ്? രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗമോ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തന്ത്രങ്ങള്‍ മെനയുകയും നടപ്പാക്കുകയും ചെയ്യുന്ന വിവിധ സ്വകാര്യ കമ്പനികളുമോ മറ്റെന്തെങ്കിലും അടിയൊഴുക്കുകളുടെ മുന്നറിപ്പുകള്‍ നല്‍കുന്നുണ്ടോ?
ബിജെപിക്ക് തൊണ്ണൂറുകള്‍ മുതലുള്ള വലിയ പിന്തുണയായിരുന്ന രണ്ട് വലിയ സഖ്യകക്ഷികള്‍ ഇത്തവണ കൂടെയില്ല. ശിവസേനയും അകാലിദളും. പകരം കണ്ടെത്തിയ ഒഡിഷയിലെ ബിജെഡിയുമായി ഇതുവരെ സഖ്യമുറപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം നിരന്തര എതിരാളികളായിരുന്ന ബിജു ജനതാദളിനും അവരുടെ നേതാവും ഒഡിഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായ്ക്കിനെതിരെയും രൂക്ഷമായ ആരോപണങ്ങളായിരുന്നു ബിജെപി മുമ്പുന്നയിച്ചിരുന്നത്. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്ന ഒഡിഷയില്‍ ബിജെഡിയുമായി സഖ്യത്തിലെത്താനുള്ള കഠിന ശ്രമത്തിലാണ് ബിജെപി. ലോക്‌സഭയ്ക്കൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സംസ്ഥാനമായ ആന്ധ്രയില്‍ ഇതുവരെ ധാരണയുണ്ടായിരുന്ന ഭരണകക്ഷി വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ നിന്നും മുഖ്യമന്ത്രി ജഗന്‍മോഹനില്‍ നിന്നും അകന്ന് പഴയ സഖ്യകക്ഷിയായ ചന്ദ്രബാബു നാഡിയുവിന്റെ തെലുഗുദേശം പാര്‍ട്ടിയുമായാണ് ബിജെപി കൂട്ടുണ്ടാക്കിയിട്ടുള്ളത്. 2018-ല്‍ എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ടിഡിപി അകന്നതിന് ശേഷം കനത്ത ആരോപണങ്ങള്‍ ബിജെപിയും സംഘവും ചന്ദ്രബാബു നായിഡുവിനെതിരെ ഉന്നയിക്കുക മാത്രമല്ല, അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുകയും ചെയ്തിരുന്നു.
ലോകസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികം വൈകാതെ, 2024 ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ട ഹരിയാണയിലും എന്‍ഡിഎ സഖ്യം അടിപതറി നില്‍ക്കുകയാണ്. സഖ്യകക്ഷിയായ ജനനായക് ജനത പാര്‍ട്ടി എന്‍ഡിഎ സഖ്യം വിട്ടതിനെ തുടര്‍ന്ന് മന്ത്രിസഭ തന്നെ രാജിവച്ച് ബിജെപി, മുഖ്യമന്ത്രി മനോഹര്‍ ഖട്ടറിനെ മാറ്റി സ്വതന്ത്രരുടെ പിന്തുണ വാങ്ങിയാണ് ഇപ്പോള്‍ ഭരണം നിര്‍ത്തിയിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ മതിപ്പേറെ കുറഞ്ഞ മുഖ്യമന്ത്രിക്ക് പകരം ചുമതലയേറ്റിരിക്കുന്ന, സംസ്ഥാന ബിജെപി അധ്യക്ഷനും പിന്നാക്ക വിഭാഗം നേതാവുമായ നായബ് സിങ് സൈനിയിലൂടെ പ്രതിച്ഛായ നേടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെങ്കിലും ജാട്ട് ബെല്‍ട്ടിലുണ്ടാകുന്ന തിരിച്ചടി ചെറുതല്ല.
ബിഹാറില്‍ രാംവിലാസ് പസ്വാന്റെ അനുജനും കേന്ദ്ര മന്ത്രിയുമായ പശുപതി കുമാര്‍ പരസ് തന്റെ ചേരിയിലുള്ള എല്‍ജെപിക്ക് (ആര്‍എല്‍ജെപി)സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞത് ബിജെപിയെ കുഴപ്പത്തിലാക്കിയിട്ടുണ്ട്. ജനതാദള്‍ യു- നെ പിളര്‍ത്തി നിതീഷ് കുമാറിന് വീണ്ടും മുഖ്യമന്ത്രി സ്ഥാനം നല്‍കി എന്ത് വിലനല്‍കിയും ഈ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ബിഹാറില്‍ നിര്‍ണായക വിജയം ഉണ്ടാക്കണം എന്ന നിലയില്‍ തന്നെയാണ്. ജെഡിയു- ആര്‍ജെഡി ഭരണകാലത്തെ ‘ജംഗിള്‍ രാജ്’ അഥവ കാട്ടുനീതിയുടെ കാലം എന്ന് ആക്ഷേപിച്ചിരുന്ന ബിജെപി നിതീഷിനെ മുന്‍ നിര്‍ത്തി വീണ്ടും രംഗത്തിറങ്ങുമ്പോള്‍ നിതീഷിന്റെയും ബിജെപിയുടെയും വിശ്വാസ്യതയ്ക്ക് കോട്ടം പറ്റുന്നുണ്ട് എന്നവര്‍ക്കറിയാം.
ഇതിനെല്ലാം പരിഹാരം കൂടിയായാണ് സിഎഎ വിവാദം തെരഞ്ഞെടുപ്പിന് മുമ്പ അവര്‍ കുത്തി പൊക്കിയതും. ഇത് സംബന്ധിച്ച ചര്‍ച്ചകളും പ്രക്ഷോഭങ്ങളും സമൂഹത്തില്‍ ഹിന്ദു മുസ്ലിം വിടവ് വലുതാക്കുമെന്നും അത് ആത്യന്തികമായി വലിയ സംസ്ഥാനങ്ങളായ യുപി, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്നും ബിജെപി കരുതുന്നു. രാജ്യത്ത് ഏറ്റവുമധികം മുസ്ലിം ജനസംഖ്യയുള്ള മൂന്ന് സംസ്ഥാനങ്ങള്‍ കൂടിയാണ് ഇവ. ഉത്തര്‍പ്രദേശില്‍ ഈ ഹിന്ദു-മുസ്ലിം വിടവ് വര്‍ഷങ്ങളായി ബിജെപി പരസ്യമായി തന്നെ ഉറപ്പ് വരുത്തുന്നുണ്ട്. പത്ത് വര്‍ഷമായി കേന്ദ്രത്തിലും ഏഴ് വര്‍ഷമായി സംസ്ഥാനത്തും ഭരണം നടത്തുന്ന ബിജെപി ‘ഇരട്ട എഞ്ചിന്‍’ സര്‍ക്കാരാണ് യുപിയിലേത് എന്നാണ് അവകാശപ്പെടാറുള്ളത്. റോഡുകള്‍ക്കും ഹൈവേകള്‍ക്കും വീതി കൂട്ടിയും മിന്നല്‍ വേഗതയില്‍ പണി നടത്തി പ്രത്യക്ഷ വികസനവും എതിര്‍ശബ്ദമുയര്‍ത്തുന്നവരെ, പ്രത്യേകിച്ച് മുസ്ലിങ്ങളെ, ബുള്‍ഡോസര്‍ കൊണ്ടും വെടിയുണ്ടകള്‍ കൊണ്ടും നേരിട്ട് ആഭ്യന്തര സുരക്ഷയും ഉറപ്പ് വരുത്തുകയാണ് യു.പി സര്‍ക്കാരിന്റെ പദ്ധതി. കഴിഞ്ഞ അഞ്ച് നൂറ്റാണ്ടിനിടയില്‍ ഹിന്ദു സംസ്‌കാരത്തിന് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ നേട്ടമാണ് രാമക്ഷേത്രനിര്‍മാണമെന്നാണ് ഹിന്ദു സമൂഹത്തിനിടയില്‍ ബിജെപി അവകാശപ്പെടുന്നത്.
എന്നിട്ടും വീണ്ടും സംസ്ഥാനത്തെ മന്ത്രിസഭ അഴിച്ച് പണിത്, നാല് പുതിയ ആളുകളെ ഉള്‍പ്പെടുത്തി. അതില്‍ രണ്ട് പുതു സഖ്യകക്ഷികള്‍. ഒരാള്‍ നേരത്തേ സംഖ്യകക്ഷിയായിരുന്ന, ഇടക്കാലത്ത് വിട്ടുപോയിരുന്ന, സുഹേല്‍ ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ തലവന്‍ ഓം പ്രകാശ് രാജ്ഭര്‍. മറ്റേയാള്‍ ചരണ്‍സിങ്ങിന്റെ ഭാരത്‌രത്നക്ക് ശേഷം എന്‍ഡിഎയില്‍ എത്തിയ ആര്‍എല്‍ഡിയുടെ അനില്‍കുമാര്‍. രാജ്ഭര്‍, നൊനിയ ചൗഹാന്‍ എന്നീ ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ളവരെ മന്ത്രിമാരാക്കിയത് സന്തുലനപ്പെടുത്താന്‍ ഒരു ബ്രാഹ്‌മണ്‍ പ്രാതിധിന്യവും ഒരു ദളിത് പ്രാതിനിധ്യവും കൂട്ടിച്ചേര്‍ത്തു. 2014 വരെ 403 അംഗങ്ങളുള്ള യുപി നിയമസഭയില്‍ ഒരൊറ്റ എംഎല്‍എ മാത്രമുണ്ടായിരുന്ന അപ്നാദളിനെ രണ്ട് ലോകസഭ സീറ്റ് നല്‍കി അന്ന് എന്‍ഡിഎയില്‍ ചേര്‍ത്ത തന്ത്രം തന്നെയാണ് ഇപ്പോഴും ബിജെപി പിന്തുടരുന്നത്. യുപിയിലെ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുയര്‍ന്ന് വന്ന വലിയ നേതാക്കളായിരുന്ന ചൗധരി ചരണ്‍ സിങ്ങ്, സോനെലാല്‍ പാട്ടേല്‍, നിഷാദ് രാജ്, സുഹേല്‍ദേവ് എന്നിവരുടെ പാരമ്പര്യത്തെ ബിജെപിക്ക് അനുകൂലമായി നിലനിര്‍ത്താനുള്ള ശ്രമമാണ് അവിടെ അവര്‍ നടത്തുന്നത്.