UPDATES

ഛത്തീസ്ഗഢിലെ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസവും ബി.ജെ.പിയുടെ പരുങ്ങലും

ശരിക്കും അതിശയങ്ങളുടെ കലവറയാണ് ഛത്തീസ്ഗഢ്. രാഷ്ട്രീയത്തില്‍, പ്രകൃതിയില്‍, വൈവിധ്യങ്ങളില്‍ എന്നിങ്ങനെ

                       

കേരളത്തിന്റെ ‘ഗോഡ്സ് ഓണ്‍ കണ്‍ട്രി’ എന്ന വിനോദസഞ്ചാര വകുപ്പിന്റെ പരസ്യവാചകത്തിന് തതുല്യമായി ഛത്തീസ്ഗഢിനുള്ളത് ‘ഫുള്‍ ഓഫ് സര്‍പ്രൈസസ്’ എന്നാണ്. ശരിക്കും അതിശയങ്ങളുടെ കലവറയാണ് ഛത്തീസ്ഗഢ്. രാഷ്ട്രീയത്തില്‍, പ്രകൃതിയില്‍, വൈവിധ്യങ്ങളില്‍ എന്നിങ്ങനെ. മധ്യപ്രദേശില്‍ നിന്ന് വേറിട്ട സംസ്ഥാനം എന്ന രീതിയില്‍ പരിഗണിക്കുമ്പോള്‍ പോലും ചെറിയ സംസ്ഥാനമല്ല ഛത്തീസ്ഗഢ്. വലിപ്പത്തില്‍ രാജ്യത്ത് ഒന്‍പതാം സ്ഥാനത്തുള്ള ഈ നാട് തമിഴ്നാടിനേക്കാന്‍ വലുതാണ്. ജഗദല്‍പൂര്‍ മുതല്‍ ബീജാപൂര്‍ വരെ നീളുന്ന പഴയ ദന്തേവാഡ് മേഖല തന്നെ കേരളത്തേക്കാള്‍ വലുതായിരുന്നു. വനപ്രദേശമായാണ് അറിയപ്പെടുന്നതെങ്കിലും, ഛത്തീസ്ഗഢാണ് മധ്യേന്ത്യയില്‍ ഏറ്റവുമധികം നെല്‍കൃഷിയുള്ള സംസ്ഥാനം. ഭിലായ് സ്റ്റീല്‍ പ്ലാന്റ് മുതല്‍ രാജ്യത്തെ പ്രധാനപ്പെട്ട പല വ്യവസായ സ്ഥാപനങ്ങളും നില്‍നില്‍ക്കുന്നതും ഇവിടെ തന്നെ.

ഛത്തീസ്ഗഢ് വിഭജനത്തിന് മുമ്പ് -അവിഭക്ത മധ്യപ്രദേശില്‍- 40 പാര്‍ലമെന്റ് സീറ്റില്‍ 40-ഉം നേടുക എന്നത് കോണ്‍ഗ്രസിന് പ്രയാസമേ ആയിരുന്നില്ല. വിദ്യചരണ്‍ ശുക്ല എന്ന വി.സി ശുക്ല കേന്ദ്രത്തിലും ജ്യേഷ്ഠന്‍ ശ്യാമചരണ്‍ ശുക്ല മധ്യപ്രശേിലും കോണ്‍ഗ്രസിന്റെ പ്രധാനികളായിരുന്നു. ദീര്‍ഘകാലത്തെ കോണ്‍ഗ്രസ് സ്വാധീനം പതുക്കെ പതുക്കെ 2000-ത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഇല്ലാതായി. ഛത്തീസ്ഗഢിലെ കളക്ടറും ആദിവാസി മേഖലയില്‍ നിന്നുള്ള ഊര്‍ജ്ജ്വസ്വലനായ ചെറുപ്പക്കാനുമായിരുന്ന അജിത് ജോഗിയെ പുതിയ നേതാവാക്കി കോണ്‍ഗ്രസ് നടത്തിയ ശ്രമങ്ങള്‍ ആദ്യഘട്ടത്തില്‍ വിജയിച്ചുവെങ്കിലും പിന്നീട് ഉള്‍പ്പിണക്കങ്ങളും അഴിമതിയും ആരോപണങ്ങളും ചേര്‍ന്ന് പ്രതിസന്ധിയിലായി.

2000-ത്തില്‍ മധ്യപ്രദേശിനെ രണ്ട് സംസ്ഥാനങ്ങളാക്കി വിഭജിച്ചതിന്റെ നേട്ടം ബി.ജെ.പിക്കായിരുന്നു. 1993 മുതല്‍ പത്തുവര്‍ഷം മധ്യപ്രദേശ് ഭരിച്ച കോണ്‍ഗ്രസിനേയും ദ്വിഗ്വിജയ് സിങ്ങിനേയും തള്ളി 2003-ല്‍ ബി.ജെ.പി മധ്യപ്രദേശില്‍ അധികാരം പിടിച്ചു. 2003-ല്‍ ഛത്തീസ്ഗഢിലും കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. ആദ്യം ഉമാഭാരതിയും പിന്നെ ശിവരാജ് സിങ്ങ് പാട്ടീലും ചേര്‍ന്ന് തുടര്‍ച്ചയായി 15 വര്‍ഷം മധ്യപ്രദേശ് ഭരിച്ചു. ചിന്ത്വാഡയിലൊരു കമല്‍നാഥും ഗുണ/ഗ്വാളിയോര്‍ മേഖലയില്‍ ജ്യോതിരാദിത്യ സിന്ധ്യയുമല്ലാതെ മറ്റൊരു പ്രധാന നേതാവും സംസ്ഥാനത്തില്ലാതായി. ഛത്തീസ്ഗഢില്‍ രമണ്‍സിങ്ങിന്റെ വാഴ്ചയായിരുന്നു.

രമണ്‍ സിംഗ്‌

ബി.ജെ.പിയുടെ ദുര്‍ഭരണത്തിന്റെ പ്രതിസന്ധികളെ, ജനങ്ങളുടെ എതിര്‍പ്പിനെ മുതലെടുത്ത്, പതുക്കെ പതുക്കെ കോണ്‍ഗ്രസ് തിരിച്ചെത്തി. 2018-ല്‍ പതിനഞ്ച് വര്‍ഷത്തെ ബി.ജെ.പി ഭരണം അവസാനിപ്പിച്ച് ഛത്തീസ്ഗഢിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് തിരിച്ച് വരുന്നു. പക്ഷേ അപ്പോഴേയ്ക്കും തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും ബി.ജെ.പി ഭരിക്കുമെന്ന ജനാധിപത്യത്തിന്റെ നഗ്നമായ അട്ടിമറിയിലൂടെ ബി.ജെ.പി രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് സംവിധാനത്തെ തന്നെ അവതാളത്തിലെത്തിക്കുന്ന കാലം എത്തിയിരുന്നു. ജനാധിപത്യത്തിന്റെ കാവലാള്‍- വാച്ച് ഡോഗ്- ആകേണ്ട മാധ്യമങ്ങളാകട്ടെ ഇത്തരത്തില്‍ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന രീതിയെ അമിത് ഷായുടെ ‘ചാണക്യതന്ത്രം’ എന്ന് വിളിച്ചാദരിച്ച് പോന്നു. അങ്ങനെ കോണ്‍ഗ്രസിലെ ഒരു വിഭാഗം എം.എല്‍.എമാരും ഭരണവും ബി.ജെ.പിക്ക് ലഭിച്ചു.

കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള തുടര്‍ച്ചയായ ഭരണവരള്‍ച്ചക്കൊടുവില്‍, ജ്യോതിരാദിത്യ സിന്ധ്യ അവരുടെ കുടുംബത്തിലെ മറ്റെല്ലാവരെയും പോലെ ബി.ജെ.പിയിലേയ്ക്ക് ചേക്കേറി. ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലേയ്ക്ക് പോയതോടെ ഒരുതരത്തില്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസിലെ വലിയ പ്രതിസന്ധികളിലൊന്ന് ഒഴിവാകുകയാണ് ചെയ്തത്. നാല് പതിറ്റാണ്ട് മുമ്പ് സംസ്ഥാനത്തെ നയിച്ചതിന്റെ കരുത്തോര്‍മ്മിച്ച് കൊണ്ട് ദ്വിഗ്വിജയ് സിങ്ങും രാഷ്ട്രീയ തന്ത്രങ്ങളില്‍ അഗ്രഗണ്യനായ കമല്‍നാഥും ചേര്‍ന്ന് ഈ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി തന്നെ കോണ്‍ഗ്രസിനെ നയിക്കാന്‍ തീരുമാനിച്ചതോടെ മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രതീക്ഷയായി മാറി.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സംഘടന സംവിധാനത്തിനുണ്ടായിട്ടുള്ള വലിയ ആത്മവിശ്വാസം തന്നെയാണ് ഛത്തീസ്ഗഢിലും അവര്‍ക്ക് കരുത്ത് നല്‍കുന്നത്. 2000 നവംബര്‍ ഒന്നിന് ഛത്തീസ്ഗഢ് രൂപപ്പെടുമ്പോള്‍ ആദ്യമുഖ്യമന്ത്രിയായത് കോണ്‍ഗ്രസിന്റെ അജിത് ജോഗിയാണ്. എന്നാല്‍ 2003 നവംബറില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ അജിത് ജോഗിയും കോണ്‍ഗ്രസും അമ്പേ പരാജയപ്പെട്ടു. തുടര്‍ന്ന്, 2008-ലും 2013-ലും അജിത് ജോഗി തന്നെ കോണ്‍ഗ്രസിനെ നയിച്ചുവെങ്കിലും ബി.ജെ.പിയും രമണ്‍സിങ്ങും തന്നെ വിജയിച്ച് പോന്നു. 2018-ലെ തെരഞ്ഞെടുപ്പാകുമ്പോഴേയ്ക്കും കോണ്‍ഗ്രസുമായി അകന്ന ജോഗി സ്വന്തം പാര്‍ട്ടി, ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഢ് (ജെ.സി.സി) എന്ന പാര്‍ട്ടിയുണ്ടാക്കി ബി.എസ്.പിയും സി.പി.ഐയുമായി സഖ്യമുണ്ടാക്കി സ്വന്തം നിലയില്‍ മത്സരിച്ചു. അഭിപ്രായ സര്‍വ്വേകളും എക്സിറ്റ് പോളുകളും കടുത്ത പോരാട്ടം ഛത്തീസ്ഗഢില്‍ നടക്കുന്നുവെന്നാണ് 2018-ല്‍ പ്രവചിച്ചത്. പലരും ബി.ജെ.പി തന്നെ തിരിച്ചെത്തുമെന്ന് ഉറപ്പിച്ച് പറഞ്ഞു. എന്നാല്‍ തൊണ്ണൂറില്‍ 68 സീറ്റ് നേടി ഉജ്ജ്വല വിജയമാണ് കോണ്‍ഗ്രസ് നേടിയത്.

ഭൂപേഷ് ബാഗല്‍

അവിഭക്ത മധ്യപ്രദേശില്‍ ദ്വിഗ്വിജയ് സിങ്ങ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന, പ്രമുഖ നേതാവ് ഭൂപേഷ് ബാഗലിനെയാണ് കോണ്‍ഗ്രസ് അന്ന് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചത്. മുന്‍കാലങ്ങളില്‍ പ്രതിപക്ഷ നേതാവായിരുന്ന, സുര്‍ഗുജയിലെ മുന്‍ രാജകുടുംബാംഗവും ജനപ്രിയ നേതാവുമായ, തൃഭുവനേശ്വര്‍ ശരണ്‍സിങ്ങ് ദേവ് എന്ന ടി.എസ് സിങ് ദേവ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നതെങ്കിലും ഒബിസി നേതാവെന്ന പരിഗണനയാണ് ഭൂപേഷ് ബാഗലിന് ഗുണമായത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയില്‍ ടി. എസ് സിങ് ദേവും ഭൂപേഷ് ബാഗലുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി പുറത്ത് വന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ധനികനും രാജകുടുംബാംഗവുമൊക്കെയാണെങ്കിലും ഉറച്ച നിലപാടുകള്‍ കൊണ്ടും തെളിച്ചമേറിയ രാഷ്ട്രീയം കൊണ്ട് ശ്രദ്ധേയനാണ് ടി.എസ് സിങ്ങ് ദേവ്.

ആരോഗ്യം – കുടുംബക്ഷേമം, മെഡിക്കല്‍ വിദ്യാഭ്യാസം, ഇരുപതിന പരിപാടികളുടെ നടപ്പിലാക്കല്‍, വാണിജ്യ നികുതി, പഞ്ചായത്ത് -ഗ്രാമവികസനം എന്നിങ്ങനെ സുപ്രധാനമായ അഞ്ച് വകുപ്പുകളോടെ ഭൂപേഷ് ബാഗല്‍ സര്‍ക്കാരില്‍ ജനപ്രിയ മന്ത്രിയായി ടി.എസ് സിങ് മാറി. എന്നാല്‍ തനിക്കനുവദിച്ച രണ്ട് വകുപ്പുകള്‍ കഴിഞ്ഞ ഫണ്ടുകളുടെ അപര്യാപ്തതയും ഉദ്യോഗസ്ഥരുടെ അമിതമായ ഇടപെടലും ചൂണ്ടിക്കാണിച്ച് ടി.എസ് സിങ്ങ് ഒഴിഞ്ഞു. ഇക്കാര്യത്തിലുള്ള നീരസം പരസ്യമായി വ്യക്തമാക്കുകയും ചെയ്തു. 2022-ല്‍ ഹാസ്ദേവ് ആരണ്യ വനങ്ങളില്‍ ബാഗല്‍ സര്‍ക്കാര്‍ അനുവദിച്ച കല്‍ക്കരി ഖനനത്തിനെതിരെ ടി.എസ് സിങ് രംഗത്തെത്തി. അതിരൂക്ഷമായ പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന ആ പദ്ധതി സംസ്ഥാനത്തിന് ദോഷകരമാണെന്ന നിലപാടില്‍ നിന്ന് അദ്ദേഹം പുറകോട്ട് പോയില്ല. അവസാനം മുഖ്യമന്ത്രി ബാഗല്‍ തന്നെ ഈ പദ്ധതിക്കുള്ള പിന്തുണ പിന്‍വലിച്ചു.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ടി.എസ് സിങ് ദേവിനെ ഉപമുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ് നേതൃത്വം ഭൂപേഷ് ബാഗലിനും സംസ്ഥാന കോണ്‍ഗ്രസിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പക്ഷേ ആ നീക്കം കോണ്‍ഗ്രസില്‍ പ്രതിസന്ധിയുണ്ടാക്കുകയല്ല, മറിച്ച് കൂടുതല്‍ ആത്മവിശ്വാസം സൃഷ്ടിക്കുകയാണ് ചെയ്തതെന്നാണ് സംസ്ഥാനത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാരാണ് എന്നുള്ള ചോദ്യത്തിന് ടി.എസ് സിങ്ങ് യാതൊരു അര്‍ത്ഥശങ്കയ്ക്കും ഇടയില്ലാതെ ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തില്‍ തന്നെയാണ് കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പ് നേരിടുന്നത് എന്ന് പല കുറി വ്യക്തമാക്കി കഴിഞ്ഞു. സര്‍ക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളുുെട ബലത്തിലാണ് കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. കാര്‍ഷിക മേഖല, ഗ്രാമീണ വികസനം, ഇംഗ്ലീഷ് സ്‌കൂളുകള്‍, പുതിയ പാതകള്‍, ആരോഗ്യപദ്ധതി എന്നിങ്ങനെ എടുത്ത് പറയാവുന്ന നേട്ടങ്ങള്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ടി എസ് സിംഗ് ദേവ്‌

എന്‍.ഡി റ്റി വി അടക്കമുള്ള പല ചാനലുകളുടേയും ഏജന്‍സികളുടേയും സര്‍വ്വേകള്‍ ചൂണ്ടിക്കാണിക്കുന്നത്, നഗരപ്രദേശങ്ങളിലും മേല്‍ജാതി ഹിന്ദുക്കള്‍ക്കിടയിലുമൊഴികെ മറ്റെല്ലാ മേഖലകളിലും കോണ്‍ഗ്രസിന് നേട്ടമാണ് എന്ന് തന്നെയാണ്. അമിത് ഷായും നരേന്ദ്ര മോദിയും നേരിട്ട് എത്തിയാണ് കോണ്‍ഗ്രസിന്റെ ഈ മേല്‍കൈ മറികടക്കാന്‍ ശ്രമിക്കുന്നത്. കാര്‍ഷിക മേഖലയില്‍ പ്രതിസന്ധിയുണ്ട്, ദന്തേവാഡയിലെ മാവോവാദ പ്രശ്നത്തിന് പരിഹാരമുണ്ടായിട്ടില്ല, സര്‍വ്വവ്യാപകമായ അഴിമതി ഭരണത്തെ ബാധിച്ചു എന്നിങ്ങനെയുള്ള പോയിന്റുകളാണ് ബി.ജെ.പിക്ക് ചൂണ്ടിക്കാണിക്കാനുള്ളത്. വിജയിക്കാനായില്ലെങ്കിലും കടുത്ത മത്സരം വരികയാണെങ്കില്‍ പതിവ് പോലെ എം.എല്‍.എമാരെ മറിച്ച് ഭരണം പിടിക്കാമെന്നുള്ള പ്രതീക്ഷ ബി.ജെ.പിക്കുണ്ട്. ബി.എസ്.പിയും ജെ.സി.സിയും പിടിക്കുന്ന സീറ്റുകളിലും ബി.ജെ.പിക്ക് പ്രതീക്ഷകളുണ്ട്.

അമിത് ജോഗി

കോണ്‍ഗ്രസും ബി.ജെ.പിയും സംസ്ഥാനത്തെ 90 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ആം ആദ്മി പാര്‍ട്ടിയും പൂര്‍ണമായി മത്സരരംഗത്തുണ്ട്. സി.പി.ഐ-സി.പി.ഐ.എം ഇടത്സഖ്യവും ബി.എസ്.പിയും ജെ.സി.സിയും ചേര്‍ന്നുള്ള സഖ്യവും രംഗത്തുണ്ട്. അജിത് ജോഗിയുടെ മരണത്തെ തുടര്‍ന്ന് മകന്‍ അമിത് ജോഗിയാണ് ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഢിനെ നയിക്കുന്നത്. ബി.ജെ.പിയുടെ ബി ടീമായി പ്രവര്‍ത്തിക്കുയോ അവര്‍ക്ക് ജയിക്കാനായുള്ള കളമൊരുക്കുകയോ ചെയ്യുകയാണ് ജെ.സി.സിയെന്ന ആരോപണം നിഷേധിച്ച് കൊണ്ട് ഒരു കാരണവശാലും ബി.ജെ.പിക്ക് പിന്തുണ നല്‍കുന്ന നിലപാടിലേയ്ക്ക് പാര്‍ട്ടി പോകില്ല എന്ന് അമിത് ആവര്‍ത്തിക്കുന്നു.

Avatar

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍