December 13, 2024 |

സൊറാം താന്‍ഗയും മിസോറാമെന്ന ബി.ജെ.പിയുടെ ബാലികേറാമലയും

ബി.ജെ.പിക്ക് മിസോറാമില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ ശ്രമങ്ങള്‍ക്കൊടുവിലും ഒരേയൊരു എം.എല്‍.എ സ്ഥാനമേ ആകെ നേടാനായിട്ടുള്ളൂ.

അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പുകളില്‍ നേരത്തേ വോട്ട് ചെയ്ത് കാത്തിരിക്കുന്നവരാണ് മിസോറാമുകാര്‍. ഏഴാം തീയതി നടന്ന ഒന്നാം ഘട്ടത്തിലേ വോട്ട് ചെയ്ത് ഡിസംബര്‍ മൂന്നാം തീയതി റിസള്‍ട്ട് വരുന്നത് വരെ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് ഉറ്റുനോക്കുകയാണ് മിസോറാം ജനത. നാല്‍പത് നിയമസഭ മണ്ഡലങ്ങളും അവയെല്ലാം ചേര്‍ന്ന ഒരേയൊരു ലോകസഭ മണ്ഡലവും മാത്രമുള്ള ഒരു ചെറിയ പ്രദേശമാണ് മിസോറാമെങ്കിലും രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മിസോറാമിലെ തെരഞ്ഞെടുപ്പ് ഫലവും വളരെ പ്രധാന്യമര്‍ഹിക്കുന്നതായിരിക്കും.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പലതരത്തിലും ഭരണമോ ഭരണ പങ്കാളിത്തമോ ഉണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും മിസോറാമില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ ശ്രമങ്ങള്‍ക്കൊടുവിലും ഒരേയൊരു എം.എല്‍.എ സ്ഥാനമേ ആകെ നേടാനായിട്ടുള്ളൂ. മിസോ ദേശീയതാ വാദികളായ മിസോ നാഷണല്‍ ഫ്രണ്ടും കോണ്‍ഗ്രസും തന്നെയാണ് ഇപ്പോഴും മിസോറാമിലെ പ്രധാന രാഷ്ട്രീയ കക്ഷികള്‍. എം.എന്‍.എസ് എന്ന മിസോ നാഷണല്‍ ഫ്രണ്ട് കേന്ദ്ര ഭരണ മുന്നണിയായ എന്‍.ഡി.എയുടെ ഭാഗമാണെങ്കിലും സംസ്ഥാനത്ത് പൂര്‍ണ്ണമായും ബി.ജെ.പിക്ക് എതിര്‍ ധ്രുവത്തിലാണവര്‍. മണിപ്പൂരില്‍ നടന്ന മെയ്തി-കുക്കി സംഘര്‍ഷവും അതില്‍ മണിപ്പൂരിലെ ബി.ജെ.പി ഭരണകൂടം കൈക്കൊണ്ടിട്ടുള്ള കുക്കി വിരുദ്ധ നടപടികളും പ്രധാനമന്ത്രി പുലര്‍ത്തിയ നിസംഗതയും മൗനവും മിസോറാമില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി മാറി എന്നതാണ് കണക്കാക്കപ്പെടുന്നത്.


‘ഭയം തോന്നുന്നില്ല,

സത്യം ജനങ്ങളിലെത്തിക്കുകയാണ്”- രവി നായര്


ഇന്ത്യന്‍ കരസേനയില്‍ ഹവില്‍ദാറായി വിരമിച്ച ശേഷം അവിഭക്ത അസം സംസ്ഥാനത്തില്‍ അക്കൗണ്ട് ക്ലാര്‍ക്കായി ജോലി ചെയ്തിരുന്ന ലാന്‍ഗന്‍ഡ എന്ന ചെറുപ്പക്കാരന്‍ അമ്പതുകളില്‍ മിസോം ജില്ലയിലുണ്ടായ കടുത്ത പട്ടിണിക്കും ദാരിദ്രത്തിനും പരിഹാരം കാണുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചയില്‍ പ്രതിഷേധിച്ചാണ് മിസോ നാഷണല്‍ ഫ്രണ്ട് എന്ന സംഘടന രൂപവത്കരിച്ച് പ്രക്ഷോഭം ആരംഭിച്ചത്. ആ പ്രക്ഷോഭം സ്വതന്ത്ര മിസോ വാദമായി വളര്‍ന്നു. അറുപതുകളില്‍ മിസോറാം കലാപമായി അത് മാറുകയും കലാപകാരികള്‍ ബംഗ്ലാദേശ് കേന്ദ്രമാക്കി ഇന്ത്യന്‍ സൈന്യവുമായി ഗറില്ല യുദ്ധത്തിലേര്‍പ്പെടുകയും ചെയ്തു. അക്കാലത്ത് കോളേജ് വിദ്യാഭ്യാസത്തിന് ശേഷം പ്രക്ഷോഭത്തിന്റെ ഭാഗമായ ആളാണ് സൊറാംതാന്‍ഗ.

ഏതാണ്ട് രണ്ട് പതിറ്റാണ്ടിന് ശേഷം 1986-ല്‍ മിസോറാം സമാധാന ഉടമ്പടി നിലവില്‍ വരികയും 1987-ല്‍ സ്വതന്ത്ര മിസോറാം സംസ്ഥാനം രൂപപ്പെടുകയും ചെയ്യുന്ന കാലമായപ്പോഴേയ്ക്കും ലാല്‍ഡെന്‍ഗയുടെ മിസോ നാഷണല്‍ ഫ്രണ്ടിലെ വൈസ് പ്രസിഡന്റായി സൊറാംതാന്‍ഗ മാറി. ആദ്യ മിസോറാം സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ എം.എന്‍.എഫ് 40-തില്‍ 26 സീറ്റുകളും നേടി. ലാന്‍ഗന്‍ഡയുടെ കീഴിലുള്ള ആദ്യ സര്‍ക്കാരിലെ ധനകാര്യത്തിന്റേയും വിദ്യാഭ്യാസത്തിന്റേയും ചുമതലയുള്ള മന്ത്രിയായിരുന്നു സൊറാംതാന്‍ഗ. 1990-ല്‍ ലാല്‍ഗെന്‍ഡ മരിച്ചതിനെ തുടര്‍ന്ന് സൊറാംതാന്‍ഗ എം.എന്‍.എഫിന്റെ നേതാവും മുഖ്യമന്ത്രിയുമായി. 1993-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് എം.എന്‍.എഫ് പരാജയപ്പെട്ടുവെങ്കിലും 1998-ലേയും 2003-ലേയും തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി എം.എന്‍.എഫ് അധികാരത്തില്‍ വരികയും സൊറാംതാന്‍ഗ തന്നെ മുഖ്യമന്ത്രിയാവുകയും ചെയ്തു. 2008 മുതലുള്ള പത്ത് വര്‍ഷം കോണ്‍ഗ്രസിന്റേതായിരുന്നു. പക്ഷേ 2018-ല്‍ സൊറാംതാന്‍ഗയും എം.എന്‍.എഫും ശക്തമായി തിരിച്ച് വന്നു. പുതുതായി രൂപവത്കരിക്കപ്പെട്ട സെറോം പീപ്പിള്‍സ് മൂവ്മെന്റ് എട്ട് സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് അഞ്ച് സീറ്റുകള്‍ മാത്രമായിരുന്നു.

ഈ തെരഞ്ഞെടുപ്പിലും മത്സരം എം.എന്‍.എഫും സൊറോം പീപിള്‍സ് മൂവ്മെന്റും കോണ്‍ഗ്രസും തമ്മിലാണ്. 23 സീറ്റുകളില്‍ മാത്രം മത്സരിക്കുന്ന ബി.ജെ.പിയുടെ പ്രതീക്ഷ മുഴുവന്‍ തൂക്ക് മന്ത്രിസഭയിലാണ്. കഴിഞ്ഞ തവണ ലഭിച്ച ഒരു സീറ്റുപോലും ഇത്തവണ ബി.ജെ.പിക്ക് പ്രതീക്ഷയില്ല. കഴിഞ്ഞ തവണ വിജയിച്ച, പഴയ കോണ്‍ഗ്രസ് നേതാവ് കൂടിയായ, ഡോ.ബുദ്ധാധന്‍ ചക്മ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു. എന്നാല്‍ ആര്‍ക്കും ഭരിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായാല്‍ ഡല്‍ഹി ഭരണത്തിന്റേയും പണക്കൊഴുപ്പിന്റേയും ബലത്തില്‍ മിസോറാമിലും അട്ടിമറികള്‍ നടത്താമെന്ന് അവര്‍ കരുതുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ സകല രാഷ്ട്രീയ നീക്കങ്ങളുടേയും സൂത്രധാരനും അസം മുഖ്യമന്ത്രിയുമായ ഹിമാന്ത ബിശ്വ ശര്‍മ്മയാണ് ഭാവി നീക്കങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെങ്കിലും മിസോറാമിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഏകോപനം ഗോത്ര-ക്രിസ്ത്യന്‍ നേതാവും, കേന്ദ്ര മന്ത്രിയുമായ കിരണ്‍ റിജുജുവിനാണ്.


2025 ല്‍ ശനിയുടെ വളയങ്ങള്‍ അപ്രത്യക്ഷമാകുമോ?


വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി നീക്കിവച്ചിട്ടുള്ള തുകകള്‍, പ്രത്യേകിച്ചും കാര്‍ഷിക മേഖലയ്ക്ക് മാത്രമായുള്ള 1500 കോടി തുടങ്ങിയ അനേകം കാര്യങ്ങള്‍ ബി.ജെ.പിക്ക് ചൂണ്ടിക്കാണിക്കാനുണ്ടങ്കിലും മണിപ്പൂരില്‍ നടന്നിട്ടുള്ള കലാപത്തിന്റെ ഭൂതം ബി.ജെ.പിയെ വേട്ടയാടുന്നത് പ്രധാനമായും മിസോറാമിലാണ്. ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് വലിയ ഭൂരിപക്ഷം മാത്രമല്ല, ദീര്‍ഘകാലമായി കുക്കികളും സോ വിഭാഗവുമായി വംശ പരമായ ബന്ധുമുള്ളതാണ്. താഴ്വരയിലെ പ്രബലരായ മെയ്തേയികളുടെ നേതൃത്വത്തില്‍ കുക്കി വംശജര്‍ക്കെതിരെയുണ്ടായ വംശീയ ആക്രമണത്തിന് ശേഷം 12,000 ത്തിലധികം കുക്കി ജനത മിസോറാമിലേയ്ക്ക് കുടിയേറിയിരുന്നു. എന്‍.ഡി.എയിലെ സഖ്യകക്ഷി കൂടിയായ എം.എന്‍.എഫിന്റെ ഭരണം നടക്കുന്നമിസോറാമിലെ സര്‍ക്കാരിനോട് കേന്ദ്ര സര്‍്ക്കാര്‍ ഇത്തരത്തില്‍ കുടിയേറുന്നവരുടെ ബയോ-മെട്രിക് ഡാറ്റ ശേഖരിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും മുഖ്യമന്ത്രിയായ സൊറാംതാന്‍ഗ രൂക്ഷമായ ഭാഷയിലാണ് അത് നിഷേധിച്ചത്. ‘ഞങ്ങളുടെ തന്നെ സഹോദരീ സഹോദര്‍ക്കെതിരെയുള്ള വിവേചനമായിരിക്കുമത്- സൊറാംതാന്‍ഗ പറഞ്ഞു.

ആറുമാസത്തിന് ശേഷവും പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കാതിരുന്നതും മിസോറിമില്‍ തെരഞ്ഞെടുപ്പിനിടെ വലിയ ചര്‍ച്ചയായിരുന്നു. ഇസ്രയേലിന് പിന്തുണ പ്രഖ്യാപിക്കാന്‍ വെമ്പിയ പ്രധാനമന്ത്രി മണിപ്പൂരിനെ കണ്ടില്ലെന്ന് നടിച്ചുവെന്ന് രാഹുല്‍ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും ആവര്‍ത്തിച്ച് പറഞ്ഞു. ഹിമാന്ത ശര്‍മ്മയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക മൂല്യത്തെയാണ് നശിപ്പിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം എം.എന്‍.എഫും ബി.ജെ.പിയും തമ്മില്‍ സഖ്യമുണ്ടാക്കുമെന്ന് ഭയക്കുന്ന കോണ്‍ഗ്രസ് അടക്കമുള്ള മറ്റ് പ്രതിപക്ഷ കക്ഷികള്‍ അതുകൊണ്ട് തന്നെ മുഖ്യമന്ത്രി സൊറാംതാന്‍ഗക്ക് എതിരേയും ആരോപണം ഉന്നയിക്കുന്നുണ്ട്. മോഡി മാത്രമല്ല, സൊറാംതാന്‍ഗയും മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ മെനക്കെട്ടില്ല എന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ മണിപ്പൂരിലെ കുക്കികള്‍ കൂടി ഉള്‍പ്പെടുന്ന സോ ദേശീയതയോട് ഐക്യപ്പെട്ടിട്ടുള്ള ആളാണ് താനെന്നും ബംഗ്ലാദേശ്, മ്യാന്‍മെര്‍, ബര്‍മ്മ എന്നിവടങ്ങളില്‍ നിന്നുപോലുമുള്ള കുടിയേറ്റങ്ങളെ അംഗീകരിച്ച ചരിത്രമാണുള്ളതെന്നും സൊറാംതാന്‍ഗ പറയുന്നു.

87 ശതമാനം ക്രിസ്ത്യന്‍ വിശ്വാസികളുള്ള മിസോറാമിലെ ജനവിഭാഗങ്ങള്‍ ബി.ജെ.പിയോട് എന്ത് നിലപാടാണ് കൈക്കൊള്ളുക എന്നതിനപ്പുറം മണിപ്പൂര്‍ വംശീയാക്രമണങ്ങളും കലാപവും എന്ത് തരം രാഷ്ട്രീയ പ്രത്യാഘാതങ്ങളാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടാക്കിയിട്ടുള്ളത് എന്നത് കൂടി ഈ തെരഞ്ഞെടുപ്പ് ഫലം നമ്മളോട് പറയും. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയായ സൊറാംതാന്‍ഗയുടെ നേതൃത്വത്തില്‍ എം.എന്‍.എഫിന് ഭരണത്തുടര്‍ച്ചയുണ്ടാക്കാന്‍ കഴിയുമോ അതോ കുക്കി- സോ വംശീയവികാരത്തിന്റെ ഗുണഫലം സോറോം പീപിള്‍സ് മൂവ്മെന്റിന് ലഭിക്കുമോ? കഴിഞ്ഞ തിരഞ്ഞെുടുപ്പില്‍ അഞ്ച് സീറ്റില്‍ ഒതുങ്ങിപ്പോയ കോണ്‍ഗ്രസ് രാഹുല്‍ഗാന്ധിയുടെ ജനകീയ പ്രചരണങ്ങളിലും പഴയ കരുത്തിലും തിരിച്ച് വരുമോ? മിസോറാം തീരുമാനിച്ച് കഴിഞ്ഞു.

 

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

×