UPDATES

സയന്‍സ്/ടെക്നോളജി

2025 ല്‍ ശനിയുടെ വളയങ്ങള്‍ അപ്രത്യക്ഷമാകുമോ?

ആകാശ പ്രതിഭാസത്തെക്കുറിച്ച് വിശദമായി അറിയാം

                       

സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹമായ ശനിയെ മറ്റു ഗ്രഹങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്ന ഘടകങ്ങൾ പലതാണ്. ഹൈഡ്രജനും ഹീലിയവും കൊണ്ട് നിർമ്മിച്ച ഒരു വലിയ പന്തിനു സമാനമായ ശനിയെ കൂടുതൽ കൗതുകകരമാക്കുന്നത് അതിനു ചുറ്റുമുള്ള 8 വളയങ്ങളാണ്. ശനിയുടെ മനോഹരമായ ഈ വളയങ്ങൾ താരതമ്യേന ചെറുപ്പമാണ്. ഭൂമിയിലെ ദിനോസറുകളുടെ കാലഘട്ടത്തിൽ അവ രൂപപ്പെട്ടതാകാമെന്നാണ് ശാസ്ത്ര ലോകം അനുമാനിക്കുന്നത്. ശനിയെയും അതിന്റെ വളരെ പ്രസിദ്ധമായ ഈ വളയങ്ങളും സായാഹ്ന സമയത്തെ ആകാശത്ത് ദൂരദർശിനിയോ ബൈനോക്കുലറോ ഉപയോഗിച്ച് വ്യക്തമായി കാണാനാവും. ശനിയുടെ വളയങ്ങളുടെ ഭൂമിയിൽ നിന്നുള്ള കാഴ്ച അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ് – 2025 ഓടെ പൂർണ്ണമായി ഇല്ലാതാകുമെന്ന തരത്തിലുള്ള ചർച്ചകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഈ ചർച്ചകൾക്ക് പിന്നിലെ വസ്തുതയെ ചൂണ്ടി കാണിക്കുകയാണ് ശാസ്ത്ര ലോകം. 2025-ൽ ഈ വളയങ്ങൾ ഭൂമിയിൽ നിന്ന് ഏതാണ്ട് അദൃശ്യമാകും. പക്ഷെ അദൃശ്യമായി കുറച്ചു നാളുകൾക്കുള്ളിൽ തന്നെ ഈ വളയങ്ങൾ വീണ്ടും ഭൂമിയിൽ നിന്ന് കാണാനാവും. ഈ പ്രതിഭാസത്തിനു പിന്നിലെന്താണ് ?


ഭൂമിയുടെ ചരിവ്

ശനിയുടെ ദൃശ്യങ്ങൾ നമുക്ക് കാണാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ, സൂര്യനെ ചുറ്റിയുള്ള ഭൂമിയുടെ പരിക്രമണത്തെ കുറിച്ചും ഭൂമിയിലുണ്ടാകുന്ന പല ഋതുക്കളെ കുറിച്ചും അറിയേണ്ടതുണ്ട്. വസന്തം, വേനൽ, ശരത്കാലം, ശീതകാലം എന്നീ ഋതുക്കൾക്ക് കാരണമാകുന്നത് ഭൂമിയുടെ ഒരു വശത്തേക്കുള്ള ചരിവ് മൂലമാണ്. അതായത് ഭ്രമണപഥത്തിൽ നിന്ന് ഏകദേശം 23.5 ഡിഗ്രിയോളം ചരിഞ്ഞാണ് ഭൂമധ്യരേഖ നിലകൊള്ളുന്നത്. ഇത് മൂലം സൂര്യനു ചുറ്റും സഞ്ചരിക്കുമ്പോൾ, ഭൂമിയുടെ ഒരു പകുതി സൂര്യനിലേക്ക് അൽപ്പം ചായുന്നു,
ഈ ചെരിഞ്ഞിരിക്കുന്ന ഭൂമിയുടെ വശങ്ങളിൽ രാത്രികളേക്കാൾ ദൈർഘ്യമേറിയ പകലുകൾ ലഭിക്കുകയും വസന്തവും വേനലും അനുഭവപ്പെടുകയും ചെയ്യും. അതേ സമയം മറു ഭാഗത്ത് കുറഞ്ഞ പകലും നീണ്ട രാത്രിയും ലഭിക്കും, ശരത്കാലവും ശീതകാലവും അനുഭവപ്പെടും.


ശനിയുടെ ചരിവ്

ഭൂമിയെപ്പോലെ, ശനിയിലും ഋതുക്കൾ അനുഭവപ്പെടുന്നുണ്ട് , എന്നാൽ നമ്മുടേതിനേക്കാൾ 29 മടങ്ങ് കൂടുതലായാണ് അനുഭവപ്പെടുക. ഭൂമിയുടെ മധ്യരേഖ 23.5 ഡിഗ്രി ചെരിഞ്ഞിരിക്കുന്നിടത്ത്, ശനിയുടെ മധ്യരേഖയ്ക്ക് 26.7 ഡിഗ്രി ചരിവ് ഉണ്ട്.
ശനി സൂര്യനു ചുറ്റും 29.4 വർഷത്തെ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുമ്പോൾ, ഭൂമിയിൽ നിന്നും സൂര്യനിൽ നിന്നും നോക്കുമ്പോൾ അത് മുകളിലേക്കും താഴേക്കും തലയാട്ടുന്നതായി തോന്നുന്നു. ശനിയുടെ ആകർഷകരമായ വസ്തുതകളിൽ ഒന്നായ റിംഗ് സിസ്റ്റം, ഐസ്, പൊടി, പാറകൾ എന്നിവ നിറഞ്ഞതാണ്, ഗ്രഹത്തിൽ നിന്ന് ഏതാണ്ട് 280,000 കിലോമീറ്ററിലധികം ദൂരത്തേക്ക് ഇത് വ്യാപിച്ചുകിടക്കുന്നുണ്ട്. എന്നാൽ വളരെ നേർത്ത ഈ വളയങ്ങൾക്ക് മിക്ക സ്ഥലങ്ങളിലും, വെറും പതിനായിരക്കണക്കിന് മീറ്റർ കനമാണുള്ളത്. ഇവ ശനിയുടെ മധ്യരേഖയ്ക്ക് മുകളിൽ നേരിട്ട് പരിക്രമണം ചെയ്യുന്നതിനാൽ ശനിയുടെ ഭ്രമണപഥത്തിന്റെ തലത്തിലേക്ക് ചരിഞ്ഞിരിക്കുന്നു. ഇത് മൂലമാണ് ശനിയുടെ ആകാശക്കാഴ്ച വ്യക്തമാകുന്നത്.

എന്തുകൊണ്ടാണ് ശനിയുടെ വളയങ്ങൾ അപ്രത്യക്ഷമാകുന്നത്?

ഈ വളയങ്ങൾ വളരെ നേർത്തതായതുകൊണ്ട് , ദൂരെ നിന്ന് നോക്കുമ്പോൾ അവയെ കാണാൻ സാധിക്കും. എന്നാൽ അരികിൽ എത്തുമ്പോൾ അവ അപ്രത്യക്ഷമാകുന്ന പോലെ അനുഭവപ്പെടും. ചില സമയങ്ങളിൽ ശനിയുടെ വളയങ്ങൾ നമുക്ക് നന്നായി കാണാൻ കഴിയുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാനായി ഒരു ഷീറ്റു കടലാസ് വേഗത്തിൽ തിരിക്കുന്നത് സങ്കൽപ്പിക്കുക. അവയുടെ അറ്റങ്ങൾ കാഴ്ചയിൽ നിന്ന് മിക്കവാറും അപ്രത്യക്ഷമാകും. ശനി സൂര്യനു ചുറ്റും സഞ്ചരിക്കുമ്പോൾ നമ്മുക്ക് കാണാൻ സാധിക്കുന്ന ദൃശ്യങ്ങളിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഭ്രമണപഥത്തിൽ സഞ്ചരിക്കുമ്പോൾ, അതിന്റെ വടക്കൻ അർദ്ധഗോളം ഭൂമിക്ക് നേരെ ചരിയുകയും, ഗ്രഹത്തിന്റെ വളയങ്ങളുള്ള വടക്കൻ മുഖം ഭൂമിക്ക് നേരെ ടിപ്പ് ചെയ്യുകയും ചെയ്യുന്നു. ശനി സൂര്യന്റെ മറുവശത്തായിരിക്കുമ്പോൾ, അതിന്റെ തെക്കൻ അർദ്ധഗോളമാണ് ഭൂമിയുടെ ദിശയിലേക്ക് ചൂണ്ടുന്നത്. അതേ കാരണത്താൽ, ഗ്രഹത്തിന്റെ വളയങ്ങളുടെ തെക്ക് മുഖം ഭൂമിയിലേക്ക് ചരിഞ്ഞതായി കാണാൻ സാധിക്കുന്നു.

ലളിതമായി പറഞ്ഞാൽ നിങ്ങളുടെ പക്കൽ ഒരു കടലാസ് ഉണ്ടെന്ന് സങ്കൽപ്പിക്കുക, കണ്ണിനു തിരശ്ചീനമായി പിടിക്കുക. പിന്നീട് പേപ്പറിന്റെ മുകൾ വശം കാണാനാവുന്ന വിധം പേപ്പർ അൽപ്പം താഴ്ത്തുക. അത് വീണ്ടും മുകളിലേക്ക് ഉയർത്തുമ്പോൾ താഴെയുള്ള വശം കാണാനാകും. പേപ്പർ കണ്ണിന്റെ തലത്തിലൂടെ വലത്തേക്ക് നീക്കുകയാണെങ്കിൽ, പേപ്പർ അപ്രത്യക്ഷമായതായി തോന്നുന്നു, വളരെ നേർത്തതായിത്തീരുന്നതു കൊണ്ടാണിത്. നിങ്ങളുടെ തലയ്ക്ക് മുകളിൽ എന്തെങ്കിലും ഉയർത്തുന്നത് പോലെയാണ് ഇത് അനുഭവപ്പെടുക. ഭൂമിയിൽ നിന്നുള്ള നമ്മുടെ കാഴ്ചയ്ക്ക് അനുസൃതമായിരിക്കുമ്പോൾ ശനിയുടെ വളയങ്ങൾക്ക് സംഭവിക്കുന്നത് പോലെയാണ് ഈ അപ്രത്യക്ഷമാകുന്ന പ്രവൃത്തി. അതാണ് ശനിയുടെ വളയങ്ങളിൽ നാം കാണുന്നത്. ശനിയുടെ ഋതുക്കൾ ഉണ്ടാകുമ്പോൾ, വളയങ്ങൾ തെക്ക് വശത്തേക്ക് നീങ്ങുകയും ഭൂമി വടക്കൻ വശത്തേക്ക് പോകുകയും ചെയ്യുന്നു. തുടർന്ന്, ഗ്രഹം പിന്നിലേക്ക് പോയി, തെക്ക് വശം ഒരിക്കൽ കൂടി വെളിപ്പെടുത്തുന്നു.

2025-ൽ ശനിയുടെ വളയങ്ങൾ അപ്രത്യക്ഷമാകാൻ കാരണം നമ്മൾ അവയെ അരികിൽ നിന്ന് കാണുന്നത് കൊണ്ടാണ്. ഇത് പതിവായി സംഭവിക്കുന്ന പ്രതിഭാസമാണ്. അവസാനമായി 2009-ലാണ് വളയങ്ങൾ കണാതായത്, ഏതാനും മാസങ്ങൾക്കുള്ളിൽ വളയങ്ങൾ ക്രമേണ വീണ്ടും ദൃശ്യമായി. 2025 മാർച്ചിൽ വളയങ്ങളുടെ അരികുകള്‍ മാത്രമാണ് ദൃശ്യമാകുക. അതിനുശേഷം, വളയങ്ങൾ ക്രമേണ കൂടുതൽ കൂടുതൽ വ്യക്തമാകും, തുടർന്നുള്ള മാസങ്ങളിൽ ഏറ്റവും വലിയ ദൂരദർശിനികളിൽ ആദ്യം വീണ്ടും ദൃശ്യമാകും. പിന്നീട് 2025 നവംബറിൽ വീണ്ടും കാഴ്ചയിൽ നിന്ന് അപ്രത്യക്ഷമാകും. ശനിയുടെ വളയങ്ങൾ വ്യക്തമായി കാണനുള്ള , ഏറ്റവും മികച്ച അവസരം 2027- 2028- വരെയാണ്.

ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത് കോൺവെർസേഷനിലാണ്.

Avatar

ജോണ്ടി ഹോര്‍ണര്‍

ഓസ്‌ട്രേലിയയിലെ സതേണ്‍ ക്വീന്‍സ്ലാന്റ് സര്‍വകലാശാലയിലെ ആസ്‌ട്രോഫിസിക്‌സ് പ്രൊഫസറാണ് ജോണ്ടി ഹോര്‍ണര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍