UPDATES

ട്രെന്‍ഡിങ്ങ്

ദ്രാവിഡിന്റെ പിന്‍ഗാമി സിഎസ്‌കെയില്‍ നിന്നു വരുമോ?

ടി-20 ലോകകപ്പിനുശേഷമായിരിക്കും പുതിയ കോച്ച് വരുന്നത്

                       

രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനത്ത് നിന്നും മാറും എന്ന സ്ഥിരീകരണം ഉണ്ടായതോടെ, ടീം ഇന്ത്യയുടെ പുതിയ കോച്ച് ആരാണെന്നതില്‍ ചര്‍ച്ചകള്‍ സജീവമാണ്. ദ്രാവിഡിന്റെ കാലാവധി പൂര്‍ത്തിയായതോടെയാണ് പുതിയ പരിശീലകന്‍ വരുന്നത്. ഏകദിന ലോകകപ്പിന് ശേഷം ദ്രാവിഡിന്റെ കാലാവധി ആറുമാസത്തേക്ക് നീട്ടിക്കൊടുത്തിരുന്നു. അത് പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് പുതിയ അപേക്ഷകള്‍ സ്വീകരിക്കാന്‍ ബിസിസിഐ തയ്യാറായിരിക്കുന്നത്. ദ്രാവിഡിന് വീണ്ടും അപേക്ഷിക്കാന്‍ അവസരമുണ്ടെങ്കിലും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. stephen fleming

മുന്‍ ഇന്ത്യന്‍ താരങ്ങളില്‍ ആരെങ്കിലും പുതിയ കോച്ചാകുമെന്ന സംസാരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തുള്ളത്. എന്നാല്‍, വിദേശ കളിക്കാരെയും പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് ബിസിസിഐ വ്യക്തമാക്കിയിരിക്കുന്നത്. ബോര്‍ഡിന്റെ ഉള്ളില്‍ നിന്നും ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നൊരു പേരും വിദേശ താരത്തിന്റെതാണ്. മറ്റാരുമല്ല, സ്റ്റീഫന്‍ ഫ്‌ളെമിംഗ്. ന്യൂസിലാന്‍ഡ് മുന്‍ ക്യാപ്റ്റന് പക്ഷേ ഇന്ത്യ ഒട്ടും അപരിചിതമല്ല. 2009 മുതല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മുഖ്യ പരിശീലകനാണ് ഫ്‌ളെമിംഗ്. ഫ്‌ളെമിംഗ് ദ്രാവിഡിന്റെ പിന്‍ഗാമിയാകാന്‍ യോഗ്യനാണെന്ന വിലയരുത്തല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനുണ്ടെന്നാണ് ദേശീയതലത്തില്‍ നിന്നുള്ള വാര്‍ത്തകള്‍.

ട്വന്റി-20 ലോകകപ്പിനുശേഷമായിരിക്കും പുതിയ കോച്ച് സ്ഥാനമേറ്റെടുക്കുക. അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മൂന്നു ഫോര്‍മാറ്റിലേക്കും ഒറ്റ പരിശീലകന്‍ എന്ന നയമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനുള്ളത്. ഈയൊരു ഉത്തരവാദിത്തം സ്റ്റീഫന്‍ ഫ്‌ളെമിംഗിന് നിര്‍വഹിക്കാന്‍ കഴിയുമെന്നാണ് ബോര്‍ഡിലെ ഒരു ഉന്നതന്‍ ചൂണ്ടിക്കാണിക്കുന്നതെന്നാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്. സമീപഭാവിയില്‍ ഇന്ത്യ, ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും കൂടുതല്‍ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയരാകേണ്ടതുണ്ട്. ഫ്‌ളെമിംഗിന്റെ മാന്‍-മാനേജ്‌മെന്റ് കഴിവും, മികച്ച അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് കളിക്കാരില്‍ നിന്നും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവും, സിഎസ്‌കെയിലെ വിജയശതമാനവും പരിഗണിക്കാവുന്നതാണെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

പിണങ്ങി നില്‍ക്കുന്ന ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായാണോ ഇന്ത്യ ലോകകപ്പ് കളിക്കുന്നത്?

സ്റ്റീഫന്‍ ഫ്‌ളെമിംഗുമായി ബിസിസിഐ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെന്ന വിവരവും പുറത്തു വരുന്നുണ്ട്. അതേസമയം, ടീം വിടുന്ന കാര്യത്തില്‍ സിഎസ്‌കെ മാനേജ്‌മെന്റുമായി ഫ്‌ളെമിംഗ് ഇതുവരെ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നാണ് വിവരം. ചെന്നൈയില്‍ തന്നെ തുടരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും ചില കേന്ദ്രങ്ങളില്‍ നിന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.

2009 ല്‍ സിഎസ്‌കെയുടെ പരിശീലകനായതിനു പിന്നാലെ ട്വന്റി-20 യില്‍ ആഗോളതലത്തില്‍ തന്നെ തിരക്കേറിയ കോച്ചായി ഫ്‌ളെമിംഗ് മാറി. ബിഗ് ബാഷില്‍ നാല് വര്‍ഷത്തോളം അദ്ദേഹം മെല്‍ബണ്‍ സാറ്റാര്‍സിനെ പരിശീലിപ്പിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സഹോദര ഫ്രാഞ്ചൈസികളായ ജോബര്‍ഗ് സൂപ്പര്‍ കിംഗ്‌സിന്റെയും(എസ്എ20) ടെക്‌സാസ് സൂപ്പര്‍ കിംഗ്‌സിന്റെയും(മേജര്‍ ലീഗ് ക്രിക്കറ്റ്) മുഖ്യപരിശീലക സ്ഥാനവും ഫ്‌ളെമിംഗിനാണ്.

ധോണിയെന്ന പോലെ സിഎസ്‌കെയുടെ മുഖ്യ ആകര്‍ഷണമാണ് കോച്ച് ഫ്‌ളെമിംഗും. ഐപിഎല്ലില്‍ ഒരു ടീമിനെ തന്നെ ഇത്രയും കാലം തുടര്‍ച്ചയായി പരിശീലിപ്പിക്കുന്നതും അദ്ദേഹം മാത്രമാണ്. ഫ്‌ളെമിംഗിന്റെ കീഴില്‍ ചെന്നൈ അഞ്ച് ഐപിഎല്‍ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. മികച്ച കളിക്കാരെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടു വരുന്നതിലും ഫ്‌ളെമിംഗ് എന്ന പരിശീലകന്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ശിവം ദുബെ അതിനൊരു ഉദ്ദാഹരണമാണ്. നിരവധി ഇന്ത്യന്‍ ആഭ്യന്തര താരങ്ങള്‍ക്ക് ഫ്‌ളെമിംഗിന്റെ ശിക്ഷണം അനുഗ്രഹമായിട്ടുണ്ട്. സീനിയര്‍ താരങ്ങളും ഫ്‌ളെമിംഗിനെ പോലെ, അനുഭവ പരിചയവും അതേസമയം സാങ്കേതിവ വൈദഗ്ധ്യവും ഉള്ളൊരു പരിശീലകനെയാണ് ആഗ്രഹിക്കുന്നത്.

സ്റ്റീഫന്‍ ഫ്‌ളെമിംഗിനെ കിട്ടുന്നില്ലെങ്കില്‍, ഇന്ത്യയില്‍ നിന്നും ആ സ്ഥാനത്തേക്ക് മുഖ്യപരിഗണനയില്‍ നില്‍ക്കുന്നൊരാള്‍ വിവിഎസ് ലക്ഷ്മണനാണ്. ദ്രാവിഡ് അവധിയില്‍ ആയിരുന്ന സമയത്ത് ടീമിന്റെ താത്കാലിക പരിശീലകനായതിന്റെ മുന്‍ഗണനയും ലക്ഷ്മണനുണ്ട്. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനാണ് നിലവില്‍ അദ്ദേഹം.

Content Summary;  Bcci source sound out csk head coach Stephen Fleming to succeed Rahul Dravid, team india’s head coach

Share on

മറ്റുവാര്‍ത്തകള്‍