July 15, 2025 |
Share on

റോയിട്ടേഴ്‌സിന്റെ എക്‌സ് അക്കൗണ്ടിന്റെ വിലക്ക്: കാരണം വ്യക്തമാക്കി നടപടി പിന്‍വലിക്കണമെന്ന് കേന്ദ്രം

മരവിപ്പിക്കല്‍ താല്കാലികമോ സ്ഥിരമോ എന്ന കാര്യത്തിലും വ്യക്തതയില്ല

രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ, ഇന്ത്യയിലെ ഔദ്യോഗിക എക്സ് അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ കേന്ദ്രസര്‍ക്കാര്‍. മുന്നറിയിപ്പില്ലാതെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ച നടപടി പിന്‍വലിക്കണമെന്നും, കാരണം വ്യക്തമാക്കണമെന്നുമാണ് കേന്ദ്രം എക്‌സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഭീമനായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്നും കേന്ദ്രം പ്രതികരിച്ചു.

പ്രശ്‌നം പരിഹരിക്കുന്നതിനായി എക്‌സുമായി നിരന്തരം ബന്ധപ്പെടുകയാണെന്ന് സര്‍ക്കാരിന്റെ പ്രതിനിധി വ്യക്തമാക്കി. മെയ് മാസത്തില്‍ നടന്ന ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി റോയിട്ടേഴ്‌സിന്റെ എക്‌സ് ഉള്‍പ്പെടെയുള്ള അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയമപരമായി ആവശ്യപ്പെട്ടിരുന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്കിലും റോയിട്ടേഴ്‌സിന്റെ അക്കൗണ്ടുകള്‍ ലഭ്യമായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച് റോയിറ്റേഴ്‌സിന്റെ എക്‌സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അപ്രസക്തമായ സാഹചര്യത്തില്‍ ഉപരോധം പിന്‍വലിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ എക്‌സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഓപ്പറേഷന്‍ സിന്ദൂറിനിടെ മെയ് ഏഴിനായിരുന്നു സര്‍ക്കാര്‍ ഉപരോധം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പക്ഷേ, അന്നത് നടപ്പിലാക്കാതിരുന്ന കമ്പനി ഇപ്പോള്‍ ആ ഉത്തരവ് പ്രാബല്യത്തില്‍ വരുത്തിയതാണ് നിലവിലെ മരവിപ്പിക്കലിന് കാരണമായി ദേശീയ മാധ്യമങ്ങള്‍ പറയുന്നത്.

നിലവില്‍ റോയിട്ടേഴ്‌സിന്റെ എക്‌സ് അക്കൗണ്ട് തുറന്നാല്‍ നിയമപരമായ കാരണത്താല്‍ ബ്ലോക്ക് ചെയ്തുവെന്നാണ് പറയുന്നത്. എന്നാല്‍, മരവിപ്പിക്കലിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.

ജൂലൈ അഞ്ചിന് രാത്രി 11 മണിയോടെയാണ് റോയിട്ടേഴ്‌സിന്റെ എക്സ് അക്കൗണ്ട് ലഭ്യമല്ലാതായത് എന്നാണ് വിവരം. നിരവധി എക്സ് ഉപയോക്താക്കള്‍ റോയിട്ടേഴ്സിന്റെ എക്സ് ഹാന്‍ഡില്‍ ബ്ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ട ട്വീറ്റുകളും പങ്കിട്ടു.

Reuters x account blocked in india

ബ്രിട്ടീഷ് വാര്‍ത്താവിതരണ ഏജന്‍സിയായ റോയിട്ടേഴ്‌സിനെ 2008 ല്‍ തോംസണ്‍ കോര്‍പറേഷന്‍ ഏറ്റെടുത്തിരുന്നു. ലണ്ടനാണ് ആസ്ഥാനം. ഇരുന്നൂറോളം സ്ഥലങ്ങളിലായി 2,600 ലധികം മാധ്യമപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്ന വന്‍കിട ശ്യംഖലയാണ് റോയിട്ടേഴ്‌സ്്. ആഗോളതല ചര്‍ച്ചകള്‍, സാമ്പത്തിക വിപണികള്‍, രാഷ്ട്രീയ സംഭവവികാസങ്ങള്‍ എന്നിവയുടെ വിപുലമായ കവറേജിന് പേരുകേട്ട ഏജന്‍സി, അന്താരാഷ്ട്ര വാര്‍ത്താ വ്യാപനത്തില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയുടെ തന്നെ മറ്റൊരു പ്രധാന അക്കൗണ്ടായ, @ReutersWorld ഹാന്‍ഡിലും ഇന്ത്യയില്‍ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച രാത്രി 11:40 ഓടെ ഈ അക്കൗണ്ട് ഇന്ത്യയില്‍ ലഭ്യമല്ലാതായി എന്നാണ് വിവരം. അതേസമയം, റോയിട്ടേഴ്‌സ് ടെക് ന്യൂസ്, റോയിട്ടേഴ്‌സ് ഫാക്റ്റ് ചെക്ക്, റോയിട്ടേഴ്‌സ് പിക്‌ചേഴ്‌സ്, റോയിട്ടേഴ്‌സ് ഏഷ്യ, റോയിട്ടേഴ്‌സ് ചൈന എന്നിവ ഇപ്പോഴും ഇന്ത്യയില്‍ ലഭ്യമാണ്.

കോടതി ഉത്തരവോ, സര്‍ക്കാര്‍ ഉത്തരവോ ഉണ്ടെങ്കിലേ ഉപയോക്തൃ അക്കൗണ്ടുകളോ, പോസ്റ്റുകളോ തടഞ്ഞുവയ്ക്കാന്‍ കഴിയൂവെന്നത് സംബന്ധിച്ച് എക്സിന്റെ ഉള്ളടക്ക നയത്തില്‍ പറയുന്നുണ്ട്. കൂടാതെ പ്രാദേശിക നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് ലഭിച്ചാല്‍ നിര്‍ദിഷ്ട പ്രദേശങ്ങളില്‍ അക്കൗണ്ടുകള്‍ തടഞ്ഞുവയ്ക്കാവുന്നതാണ്. എന്നാല്‍ മരവിപ്പിക്കലിന് പിന്നില്‍ ഇത്തരത്തിലുള്ള കാരണങ്ങളും പറയുന്നില്ല.

അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നത് താല്കാലികമാണോ സ്ഥിരമാണോ എന്ന കാര്യത്തിലും യാതൊരു വ്യക്തതയുമില്ല. റോയിറ്റേഴ്‌സിന്റെ മുന്നറിയിപ്പില്ലാത്ത മരവിപ്പിക്കല്‍ മാധ്യമസ്വാതന്ത്രത്തിന് നേരെയുള്ള പൂട്ടിടല്‍ കൂടിയാണെന്ന വിമര്‍ശനവും ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു.  Reuters x account blocked in india

Content Summary: Reuters x account blocked in india

Leave a Reply

Your email address will not be published. Required fields are marked *

×