June 03, 2026 |
Share on

സിഎസ്‌കെയ്ക്ക് ദഹിക്കാത്ത ‘ദോശ, ഇഡ്ഡലി, സാമ്പാര്‍, ചട്ണി’; ആര്‍സിബി അപമാനിച്ചെന്ന് പരാതി

സ്റ്റേഡിയത്തില്‍ മുഴങ്ങിയ ഡിജെ സോംഗ് ആണ് പ്രശ്‌നത്തിന് കാരണം

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളിക്കാനെത്തിയ തങ്ങളെ അപമാനിച്ചുവെന്ന പരാതിയിലാണ് സൂപ്പര്‍ കിംഗ്‌സ്. ഏപ്രില്‍ അഞ്ചിന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായി നടന്ന എവേ മത്സരത്തില്‍ സ്‌റ്റേഡിയത്തില്‍ മുഴങ്ങിയ പാട്ടും കമന്റുകളുമാണ് സിഎസ്‌കെയെ ചൊടിപ്പിച്ചത്. വംശീയ അധിക്ഷേപകരമായ പാട്ടുകളും പരാമര്‍ശങ്ങളും എന്നു കാണിച്ചു സിഎസ്‌കെ ബിസിസിഐയ്ക്ക് ഔദ്യോഗികമായി പരാതി നല്‍കിയിരിക്കുകയാണ്.

ദക്ഷിണേന്ത്യക്കാരെ പരിഹസിക്കാന്‍ സോഷ്യല്‍ മീഡിയ മീമുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ‘ദോശ, ഇഡ്ഡലി, സാമ്പാര്‍, ചട്ണി’ എന്ന ഗാനം ചെന്നൈയുടെ ഇന്നിംഗ്സിന് തൊട്ടുമുന്‍പ് പ്ലേ ചെയ്തത് തികച്ചും മോശം നടപടിയാണെന്നാണ് സിഎസ്‌കെയുടെ പരാതി.

സംഭവത്തെക്കുറിച്ച് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അന്വേഷണം ആരംഭിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. സ്റ്റേഡിയത്തിലെ ഡിജെകള്‍ സാധാരണയായി ഹോം ടീമിനെ പിന്തുണയ്ക്കാറുണ്ടെങ്കിലും ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കണ്ടത് തികച്ചും വ്യത്യസ്തമായ സാഹചര്യമാണെന്ന് സിഎസ്‌കെ മാനേജിംഗ് ഡയറക്ടര്‍ കാശി വിശ്വനാഥന്‍ പറഞ്ഞു. തങ്ങളുടെ കളിക്കാര്‍ക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഡിജെയുടെ ഭാഗത്തുനിന്നുണ്ടായെന്നും ഇത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിഎസ്‌കെ താരങ്ങള്‍ പുറത്തായ സമയത്ത് സ്റ്റേഡിയത്തിലെ പബ്ലിക് അഡ്രസ് സിസ്റ്റത്തിലൂടെ ഡിജെ നടത്തിയ കമന്റുകളെയും ചെന്നൈ മാനേജ്മെന്റ് ശക്തമായി എതിര്‍ത്തു. എതിരാളികളെ അപമാനിക്കാനല്ല, മറിച്ച് മത്സരത്തില്‍ പോസിറ്റീവായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ഡിജെകള്‍ ശ്രമിക്കേണ്ടതെന്ന് ഒരു സിഎസ്‌കെ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ഗാനരചയിതാവ് ഗാന അപ്പു ഒരുക്കിയ ഈ പാട്ടിന് സിഎസ്‌കെ-ആര്‍സിബി മത്സരങ്ങളുമായി ഒരു പഴയ ചരിത്രമുണ്ട്. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നടന്ന മത്സരത്തിന് മുന്‍പ് ആര്‍സിബി താരം ജിതേഷ് ശര്‍മ്മ ഈ പാട്ട് പാടുന്ന വീഡിയോ ആര്‍സിബി പങ്കുവെച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ചെന്നൈ ആരാധകര്‍ താരത്തെ വലിയ തോതില്‍ ട്രോള്‍ ചെയ്യുകയും ജിതേഷ് പുറത്തായപ്പോള്‍ ചെന്നൈയിലെ ഡിജെ ഈ പാട്ട് പ്ലേ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അന്നത്തെ സംഭവത്തിന് പിന്നാലെ, എതിര്‍ ടീം അംഗങ്ങളെയോ ആരാധകരെയോ പരിഹസിക്കുന്ന ഒന്നും ചെയ്യരുതെന്ന് തങ്ങളുടെ ഡിജെയ്ക്ക് സിഎസ്‌കെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നതായി കാശി വിശ്വനാഥന്‍ ഓര്‍മ്മിപ്പിച്ചു. അതിനുശേഷം ചെന്നൈയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സൗത്ത് ഇന്ത്യന്‍ ഡെര്‍ബി’ എന്ന് വിളിക്കപ്പെടുന്ന ചെന്നൈ-ബെംഗളൂരു പോരാട്ടം സമീപകാലത്ത് കൂടുതല്‍ കയ്‌പ്പേറിയതായി മാറിയിട്ടുണ്ട്. ചരിത്രപരമായി ചെന്നൈയ്ക്ക് മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും 2024 മുതല്‍ തുടര്‍ച്ചയായ നാല് വിജയങ്ങളുമായി ബെംഗളൂരു ശക്തമായി തിരിച്ചുവന്നത് ആരാധകര്‍ക്കിടയിലെ ആവേശം വര്‍ദ്ധിപ്പിച്ചു. മത്സരശേഷം ഇരു ടീമുകളുടെയും ആരാധകര്‍ തമ്മില്‍ സ്റ്റേഡിയത്തിന് പുറത്ത് ഏറ്റുമുട്ടിയ വീഡിയോകളും പുറത്തുവന്നിരുന്നു. കാവേരി നദീജല തര്‍ക്കം നിലനില്‍ക്കുന്ന തമിഴ്‌നാടും കര്‍ണാടകയും തമ്മിലുള്ള പ്രാദേശിക വികാരങ്ങള്‍ പലപ്പോഴും ക്രിക്കറ്റ് മൈതാനത്തിലേക്കും പടരുന്നതാണ് ഇത്തരം അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്.

Content Summary: CSK Files Official Complaint to BCCI Against RCB’s DJ for Mocking Players and Regional Stereotyping. IPL 2026

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×