ഒത്തൊരുമയില്ലാത്തൊരു ടീമുമായാണോ ഇന്ത്യ ട്വന്റി-20 ലോകകപ്പിന് ഇറങ്ങുന്നത്? പുറത്തു വരുന്ന ഓരോ വര്‍ത്തകളും അത്തരമൊരു അശുഭ ചിന്തയാണ് ക്രിക്കറ്റ് പ്രേമികളില്‍ നിറയ്ക്കുന്നത്. മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലെ പടലപ്പിണക്കങ്ങളാണ് ദേശീയ ടീമിനെയും ബാധിക്കുന്നത്. രോഹിതിനെ തഴഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന്റെ നായകനായതോടെ തുടങ്ങിയ പ്രശ്‌നങ്ങളാണ്. ഈ സീസണില്‍ മുംബൈ ടീമിനുള്ളില്‍ രണ്ടു ഗ്രൂപ്പുകള്‍ ഉടലെടുത്തു. രോഹിതിനും ഹാര്‍ദിക്കിനും വേണ്ടി. പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി അഞ്ചു തവണ ചാമ്പ്യന്മാരായ മുംബൈ മാറിയതോടെ, തര്‍ക്കങ്ങളും ആരോപണങ്ങളും കൂടുതല്‍ ഉച്ചത്തിലായി. ഇനിയത്, ഇന്ത്യന്‍ ടീമിലേക്കും പടരുമോയെന്നാണ് പേടി. Rohit sharma vs hardik pandya
രോഹിതും അഗാര്‍ക്കറും പാണ്ഡ്യയെ ഒഴിവാക്കാന്‍ തീരുമാനിച്ചോ?
രോഹിത് ശര്‍മയാണ് ദേശീയ ടീമിന്റെ നായകന്‍. ഹര്‍ദിക് ഉപനായകനും. ഹര്‍ദികിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താന്‍ നായകന്‍ രോഹിതും മുഖ്യ സിലക്ടര്‍ അജിത്ത് അഗാര്‍ക്കറും വിസമ്മതം പ്രകടിപ്പിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് പ്രകാരം രോഹിതും അഗാര്‍ക്കര്‍ ഉള്‍പ്പെടെ ഏതാനും സിലക്ഷന്‍ സമിതി അംഗങ്ങളും പാണ്ഡ്യയെ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുന്നതിനോട് വിയോജിക്കുകയായിരുന്നു. ഐപിഎല്ലില്‍ പാണ്ഡ്യയുടെ പ്രകടനം മുന്‍നിര്‍ത്തിയായിരുന്നു പാണ്ഡ്യയെ ഒഴിവാക്കണം എന്ന ആവശ്യം ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.
ടീം തെരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ക്ക് മുമ്പ് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, മുഖ്യ സിലക്ടര്‍ അജിത്ത് അഗാര്‍ക്കര്‍, നായകന്‍ രോഹിത് ശര്‍മ എന്നിവര്‍ യോഗം ചേര്‍ന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ആ യോഗത്തിലും ഹര്‍ദിക് മുഖ്യ ചര്‍ച്ച വിഷയമായിരുന്നു. ബൗളിംഗിലും ബാറ്റിംഗിലും ഒരു പോലെ നിറം മങ്ങി നില്‍ക്കുന്ന ഹര്‍ദിക്കിനെ മെച്ചപ്പെട്ട ബൗളിംഗ് പ്രകടനമെങ്കിലും പുറത്തെടുത്തെങ്കില്‍ മാത്രമെ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചാല്‍ മതിയെന്ന നിലപാടായിരുന്നു മൂന്നു പേര്‍ക്കുമെന്നായിരുന്നു പുറത്തു വന്ന വാര്‍ത്തകള്‍. എന്നാല്‍, തങ്ങളിങ്ങനെയൊരു യോഗം ചേര്‍ന്നിട്ടില്ലെന്നാണ് വാര്‍ത്തകള്‍ക്ക് പിന്നാലെ രോഹിത് പ്രതികരിച്ചത്. ഇപ്പോള്‍ പുറത്തു വന്ന വിവരങ്ങള്‍, രോഹിതിന്റെ വാദത്തെ തള്ളുന്നതാണ്. മുന്‍ യോഗത്തിലെ അതേ നിലപാട് തന്നെയാണ് ടീം സിലക്ഷന്‍ സമയത്തും രോഹിതും അഗാര്‍ക്കറും ആവര്‍ത്തിച്ചതെന്നാണ് വിവരം.
തിളങ്ങാതെ ഹര്‍ദിക്, മെച്ചപ്പെടാതെ രോഹിത്
ഹര്‍ദികിനെ സംബന്ധിച്ച് ഈ ഐപിഎല്‍ സീസണ്‍ ഏറ്റവും മോശമായ ഒന്നാണ്. ആകെ 200 റണ്‍സാണ് മുംബൈ ക്യാപ്റ്റന്‍ നേടിയത്. ബാറ്റിംഗ് ആവറേജ് ആകട്ടെ 18 ഉം. ബൗളിംഗിലും സമാന ഗതിയായിരുന്നു. 11 വിക്കറ്റ് കിട്ടിയെങ്കിലും ബൗളിംഗ് ശരാശരി 10.59 ആണ്. മറുവശത്ത് രോഹിത്തിന്റെ പ്രകടനവും അത്ര നല്ലതല്ല. തുടക്കത്തില്‍ മികവ് പുറത്തെടുത്തിരുന്നുവെങ്കിലും പിന്നീടങ്ങോട്ട് മോശമായിരുന്നു. 145 സ്‌ട്രൈക്ക് റേറ്റില്‍ 349 റണ്‍സാണ് രോഹിത്തിന്റെ സംഭാവന.
ട്രാന്‍സ്ഫര്‍ മുതല്‍ ലൈംഗീക ചൂഷണം വരെ; ജീവനെടുക്കുന്ന ബാങ്ക് ഉദ്യോഗം
ഇതിനു പിന്നാലെ വരുന്ന പല വാര്‍ത്തകളും, രോഹിതും പാണ്ഡ്യയും തമ്മിലുള്ള അകല്‍ച്ച കൂടി വരികയാണെന്നാണ് വ്യക്തമാക്കുന്നത്. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ശത്രുക്കളായാല്‍ ടീമിന്റെ കാര്യമെന്താകുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരും ചോദിക്കുന്നത്.
മുംബൈ വിടുമോ ഹിറ്റ്മാന്‍?
കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരത്തിന് മുംബൈ ടീം കൊല്‍ക്കത്തയിലെത്തിയശേഷം നടന്ന ചില കാര്യങ്ങള്‍ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു. മത്സരത്തിന്റെ ഇടവേളയില്‍ സഹതാരം അഭിഷേക് നായരുമായി രോഹിത് നടത്തിയ സംഭാഷണം പുറത്തു വന്നിരുന്നു. മുംബൈ വിടുമെന്നുള്ള സൂചനയായിരുന്നു രോഹിതിന്റെ വാക്കുകളില്‍. കൊല്‍ക്കത്ത ഓഫിഷ്യല്‍സുമായി രോഹിത് നടത്തിയ കൂടിക്കാഴ്ച്ചയും അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു.
ഒരുമിച്ചുള്ള പരിശീലനങ്ങളുമില്ല
ദേശീയ മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച്, മുംബൈ ക്യാമ്പില്‍ രോഹിതും ഹര്‍ദികും ഒരുമിച്ച് പരിശീലനത്തിന് പോലും ഇറങ്ങാറില്ലെന്നാണ്. കെകെആറുമായുള്ള മത്സരത്തിനു മുമ്പുള്ള നെറ്റ് പരിശീലനത്തില്‍ രോഹിത് ബാറ്റിംഗ് പരിശീലനം നടത്തുമ്പോള്‍ ഹര്‍ദിക് ഗ്രൗണ്ടിലേക്ക് വന്നിട്ടേയിലല്ല. രോഹിത് തന്റെ പരിശീലനം കഴിഞ്ഞ് സുര്യകുമാര്‍ യാദവും തിലക് വര്‍മയുമായി വിശ്രമിക്കുമ്പോഴാണ് ഹര്‍ദിക് പരിശീലനത്തിന് വരുന്നത്. ഹര്‍ദികിനെ കണ്ടതോടെ മൂന്നുപേരും ഗ്രൗണ്ടിന്റെ മറ്റൊരു വശത്തേക്ക് പോയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മുംബൈയിലെ വിഭാഗീയത ടീം ഇന്ത്യയിലേക്കും?
ഹര്‍ദികിന്റെ നേതൃത്വത്തെ രോഹിത് അനുകൂല കളിക്കാര്‍ ചോദ്യം ചെയ്യുന്നുണ്ടെന്നും ഡ്രസ്സിംഗ് റൂമില്‍ പലപ്പോഴും വാക്കുതര്‍ക്കങ്ങള്‍ നടക്കാറുണ്ടെന്നതും പുറത്തുവന്ന രഹസ്യങ്ങളായിരുന്നു. ടൂര്‍ണമെന്റില്‍ നിന്നും പുറത്തായതിനു പിന്നാലെ വിഭാഗീയത ശക്തമായെന്നാണ് ദേശീയ മാധ്യമങ്ങള്‍ വഴി പുറത്തു വരുന്ന വിവരം. പുറത്താകലിനു പിന്നാലെ മുതിര്‍ന്ന ചില താരങ്ങള്‍ ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെയും ടീമിന്റെ പ്രവര്‍ത്തന ശൈലിയെയും ചോദ്യം ചെയ്തുവെന്ന് ദ ഇന്ത്യന്‍ എക്സ്പ്രസ്സ് അവര്‍ക്ക് കിട്ടിയ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹര്‍ദികിന്റെ നേതൃത്വത്തിനു കീഴില്‍ ടീമിന് കെട്ടുറപ്പ് നഷ്ടപ്പെട്ടതായി മുതിര്‍ന്ന താരങ്ങള്‍ കോച്ചിംഗ് സ്റ്റാഫിനോട് പരാതിപ്പെട്ടതായാണ് വിവരം. മുംബൈ ഇന്ത്യന്‍സിന്റെ മത്സരത്തിനുശേഷം കളിക്കാരുടെയും പരിശീലകരുടെയും ഒരു യോഗം ചേര്‍ന്നിരുന്നുവെന്നും, യോഗത്തില്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുംമ്ര, സൂര്യകുമാര്‍ യാദവ് എന്നിവരും പങ്കെടുത്തിരുന്നുവെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നത്. ഈ യോഗത്തില്‍ വച്ച് രോഹിത്, ബുംമ്ര, യാദവ് എന്നിവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പറയുകയും ടീമിന്റെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുകയുമുണ്ടായെന്നാണ് വിവരം. യോഗത്തിനുശേഷം മുതിര്‍ന്ന ചില താരങ്ങളും മാനേജ്മെന്റ് പ്രതിനിധികളും ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ടു സംസാരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും തമ്മില്‍ ഡ്രസ്സിംഗ് റൂമില്‍ വച്ച് വാക്കേറ്റമുണ്ടായതും പ്രശ്‌നങ്ങളുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള തോല്‍വിയില്‍, തിലക് വര്‍മയെ പേരെടുത്ത് പറഞ്ഞു ഹര്‍ദിക് വിമര്‍ശിച്ചിരുന്നു. ആ കളിയില്‍ ടോപ് സ്‌കോറര്‍ തിലക് വര്‍മയായിരുന്നു. സീസണില്‍ മികച്ച രീതിയില്‍ തന്നെയാണ് വര്‍മ ബാറ്റ് വീശിയതും. എന്നിട്ടും ഡല്‍ഹിയോടുള്ള തോല്‍വിയില്‍ ഒരു കളിക്കാരനെ മാത്രം പേരെടുത്ത് പറഞ്ഞു കുറ്റപ്പെടുത്തിയത് ഹര്‍ദികിനെതിരേ ടീമിനുള്ളില്‍ നിന്നുള്ള വിമര്‍ശനത്തിന് കാരണായിരുന്നു.
സുര്യകുമാര്‍, ജസ്പ്രീത് ബുമ്ര, തിലക് വര്‍മ തുടങ്ങിയ സീനിയേഴ്‌സ് ഹര്‍ദിക്കിനൊപ്പമാണെ്ന്നാണ് വിവരം. സുര്യയും ബുമ്രയും ലോകകപ്പ് സ്‌ക്വാഡിലുമുണ്ട്. ഇന്ത്യന്‍ ടീമിനുള്ളിലും വിഭാഗീയത തുടരുമോ എന്നാണ് ഇനി പേടിക്കേണ്ടത്.
Content Summary; Rohit sharma vs hardik pandya, will affect captain and vice captain’s rivalry india’s T20 world cup dreams