ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിലേക്കുള്ള നിയമനം അനന്തമായി നീളുന്നു. തന്ത്രിമാരും ദേവസ്വം ബോര്‍ഡും തമ്മിലുള്ള ഒത്തുകളിയാണ് നിയമനം വൈകാന്‍ കാരണമെന്ന് ആക്ഷേപം. തൃശൂര്‍ പൂരത്തിലുണ്ടായ വിവാദങ്ങള്‍ നിലനില്‍ക്കെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവം കൂടി പ്രതിസന്ധിയിലാകരുതെന്ന, തൃശൂരിലെ തന്നെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ താല്പര്യവും കഴക നിയമനം വൈകിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അനൗദ്യോഗിക യോഗം ചേര്‍ന്നാണ് നിയമന അട്ടിമറി നടന്നതെന്നാണ് വിവരം.
മാര്‍ച്ച് രണ്ടാം തീയതി പുലര്‍ച്ചെയായിരുന്നു കഴകം ജീവനക്കാരനായിരുന്ന ബി.എ ബാലു കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് രാജിക്കത്ത് കൈമാറിയത്. മൂന്നാം തീയതി ദേവസ്വം ബോര്‍ഡ് രാജി അംഗീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അന്നേദിവസം തന്നെ പുതിയ നിയമനം സംബന്ധിച്ച് ദേവസ്വം റിക്യൂട്ട്‌മെന്റ് ബോര്‍ഡിലേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. ഏപ്രില്‍ എട്ടിന് പുതിയ കഴകക്കാരനെ നിയമിക്കുന്നത് സംബന്ധിച്ച് ഓര്‍ഡറും ഇറക്കിയിരുന്നു. എന്നാല്‍ എട്ടാം തീയതി ദേവസ്വം ബോര്‍ഡ് പറഞ്ഞത്, തങ്ങള്‍ക്ക് ഓണ്‍ലൈന്‍ കോപ്പി മാത്രമേ കിട്ടിയിട്ടുള്ളൂവെന്നും പോസ്റ്റല്‍ കോപ്പി കൂടി വരട്ടെയെന്നുമായിരുന്നു. 12-ാം തീയതി ദേവസ്വം ബോര്‍ഡിന് പോസ്റ്റ് വഴി അഡ്വസ് മെമ്മോ ലഭിക്കുകയും ചെയ്തു. പിറ്റേ ദിവസങ്ങളിലൊന്നും അടുത്ത റാങ്കുകാരനായ കെഎസ് അനുരാഗിന് അപ്പോയ്‌മെന്റ് ഓര്‍ഡര്‍ അയയ്ക്കാതിരുന്ന ദേവസ്വം ബോര്‍ഡ് മെയ് 24-ാം തീയതി ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ കേസ് വരുന്നത് വരെ നിയമനം വൈകിപ്പിക്കുകയായിരുന്നു. മെയ് 10 മുതല്‍ 18 വരെ നടക്കുന്ന ക്ഷേത്രോത്സവത്തിന് മുമ്പ് നിയമനം നടത്തുന്നത് തടയുകയായിരുന്നു ദേവസ്വം ബോര്‍ഡും തൃശൂരിലെ രാഷ്ട്രീയ പ്രമുഖരും ലക്ഷ്യമിട്ടത്. എന്നാല്‍ ഇതിനിടെ പരാതിക്കാര്‍ കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
14 ദിവസം ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്നും കാര്യങ്ങള്‍ വൈകിപ്പിച്ചതോടെയാണ് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകക്കാരനായി അഡ്വസ് മെമ്മോ ലഭിച്ച അനുരാഗിന്റെ നിയമനം വൈകിയത്. ഇതിന് പിന്നാലെയാണ് കേസും വഴിതിരിഞ്ഞത്. അനുരാഗിന്റെ നിയമനം വൈകിപ്പിക്കുന്നതിലെ പ്രധാന കാരണക്കാരില്‍ തൃശൂരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പങ്കും വലുതാണെന്നാണ് ആരോപണം. അല്ലാത്തപക്ഷം അനുരാഗിന് ജോയിന്‍ ചെയ്ത ശേഷം കേസുമായി മുന്നോട്ട് പോയാല്‍ മതിയായിരുന്നു. നിലവില്‍ ജോലിയില്‍ പ്രവേശിക്കാതെ പുറത്ത് നിന്ന് കേസ് ചെയ്യേണ്ട അവസ്ഥയിലാണ് അനുരാഗ്.
പാരമ്പര്യാവകാശം പറഞ്ഞ് ഹര്‍ജി നല്‍കിയിരിക്കുന്നത് മറ്റ് ജോലികള്‍ക്ക് പോകുന്നവരും കോളേജ് വിദ്യാര്‍ത്ഥികളുമാണെന്നതാണ് മറ്റൊരു കാര്യം. എട്ട് പേരാണ് ദേവസ്വം റിക്യൂട്ട്‌മെന്റ് ബോര്‍ഡിന്റെ നിയമനത്തെ എതിര്‍ത്ത് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. കേസ് നിലനില്‍ക്കില്ലെന്ന വ്യക്തമായ ധാരണയില്‍ നിയമനം പരമാവധി വൈകിപ്പിക്കുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും ആരോപണമുണ്ട്.
വിവാദങ്ങളുടെ തുടക്കം
ഫെബ്രുവരി 24 നായിരുന്നു ഈഴവ യുവാവായ വിഐ ബാലു കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴക ജോലിക്കായി നിയമിതനായത്. എന്നാല്‍ നിയമനത്തിന് പിന്നാലെ കൂടല്‍മാണിക്യ ക്ഷേത്രതന്ത്രിമാര്‍ പ്രതിഷേധവുമായി രംഗത്ത് വരികയായായിരുന്നു. പിന്നീട് തന്ത്രിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴകം ജോലിയില്‍ നിന്ന് ഓഫിസ് ജോലിയിലേക്ക് ബാലുവിനെ താത്ക്കാലികമായി മാറ്റിയിരുന്നു.
കഴകം, മാലകെട്ട് പോലെയുള്ള പ്രവൃത്തികള്‍ ചെയ്യാന്‍ ക്ഷേത്രം തന്ത്രിമാരുടെ അഭിപ്രായവും സമ്മതവും കൂടാതെ ജീവനക്കാരെ നിയമിക്കുന്നതിനെതിരെ തന്ത്രിമാര്‍ രംഗത്ത് വന്നതോടെയാണ് ബാലുവിന്റെ ജോലിയില്‍ മാറ്റം വന്നത്. ഓഫിസ് ജോലിയിലേക്ക് മാറ്റിയതിന്റെ പിറ്റേന്ന് തന്നെ അവധിയെടുത്ത് ബാലു നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
സംഭവം വാര്‍ത്തയായതോടെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതോടെ മാര്‍ച്ച് 17ന് അവധി അവസാനിച്ച ശേഷം ബാലു വീണ്ടും മെഡിക്കല്‍ ലീവ് എടുക്കുകയായിരുന്നു. ഇതിനിടെ ഓഫീസ് ജോലിയില്‍ തുടരാനാണ് തനിക്ക് താല്‍പര്യം എന്ന് കാണിച്ച് ബാലു അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അത് അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ മറുപടി. ഒടുവിലായിരുന്നു ബാലുവിന്റെ രാജി.
അനുരാഗിന് വേണം നീതി
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായിരുന്ന അനുരാഗ്, കഴക നിയമനത്തിനായി അഡ്വസ് മെമ്മോ ലഭിച്ചതോടെ ഉടന്‍ ജോലിയില്‍ പ്രവേശിക്കാമെന്ന പ്രതീക്ഷയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിക്കുകയായിരുന്നു. ‘അഡ്വസ് വന്ന് രണ്ടാമത്തെ ആഴ്ചയിലാണ് ഞാന്‍ ജോലി റിസൈന്‍ ചെയ്തത്. നാല് മാസത്തെ നോട്ടീസ് പിരീഡ് ആയിരുന്നു സ്വകാര്യ സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴക ജോലി ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജോലി നിര്‍ത്തിയത്. നിയമനം വൈകുന്നതോടെ യാതൊരു വരുമാന മാര്‍ഗവും ഇല്ലാത്ത അവസ്ഥയിലാണ്’ കഴകം നിയമനത്തിന് അഡ്വസ് മെമ്മോ ലഭിച്ച കെഎസ് അനുരാഗ് അഴിമുഖത്തോട് പ്രതികരിച്ചു.
കെഎസ് അനുരാഗ്
അച്ഛനും അമ്മയ്ക്കും ഏക മകനാണ് അനുരാഗ്. അനുരാഗിന്റെ തുച്ഛമായ ശമ്പളത്തില്‍ ജീവിച്ചിരുന്ന കുടുംബത്തിന്റെ കൂടി പ്രതീക്ഷയാണ് കഴക നിയമനം. ചേര്‍ത്തല സ്വദേശിയായ അനുരാഗിന് നാല് സെന്റ് ഭൂമിയില്‍ നല്ലൊരു വീടുപോലുമില്ല. ലൈഫ് മിഷന്‍ പദ്ധതിയില്‍ അപേക്ഷ നല്‍കി വീടിനായി കാത്തിരിക്കുകയാണ് ഈ കുടുംബം. കേസുമായി മുന്നോട്ട് പോകാനുള്ള പ്രാപ്തി പോലുമില്ലാത്ത കുടുംബമാണ് അനുരാഗിന്റെത്.
മുന്‍ കഴകക്കാരനായ ബാലുവിനെ നിയമിച്ച സംഭവത്തില്‍ കേസ് നിലനില്‍ക്കുന്നത് കൊണ്ടാണ് അഡ്വസ് മെമ്മോ അയച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും അപ്പോയ്‌മെന്റ് ലെറ്റര്‍ അയയ്ക്കാതിരുന്നതെന്ന് കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. സികെ ഗോപി അഴിമുഖത്തോട് പ്രതികരിച്ചു. ”കഴകക്കാരനെ നിയമിക്കരുതെന്ന് ആവശ്യപ്പെട്ട് കേസ് നിലനില്‍ക്കുകയാണ്. നിലവില്‍ ഒരു പരാതി നിലനില്‍ക്കെ അതിനെ ലംഘിച്ച് ധൃതിപിടിച്ച് നിയമനം നടത്തുന്നത് ശരിയായ നടപടിയല്ല. ഇത് സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യമാണ്. കേസുമായി ബന്ധപ്പെട്ട് പല ആളുകളും കക്ഷി ചേരുകയും ചെയ്തിട്ടുണ്ട്. കോടതിയുടെ തീരുമാനം അന്തിമമാണല്ലോ. അത് പ്രകാരം മുന്നോട്ട് പോകുന്നതാകും നിയമനം ലഭിക്കുന്ന ആള്‍ക്കും നല്ലത്” ചെയര്‍മാന്‍ വ്യക്തമാക്കി.
പാരമ്പര്യാവകാശമായി കഴകം തസ്തികയെ കാണാന്‍ കഴിയില്ലെന്ന് കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. മുമ്പ് സുപ്രീംകോടതിയും ഹൈക്കോടതിയും കീഴാചാരങ്ങള്‍ അതുപോലെ അനുവര്‍ത്തിക്കണമെന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. അല്ലാതെ ആര് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. മുടക്കം കൂടാതെ ക്ഷേത്രാചാരങ്ങള്‍ നടക്കണമെന്ന് കോടതി വിധികള്‍ നിലനില്‍ക്കേയാണ് കൂടല്‍മാണിക്യം ക്ഷേത്ര ചെയര്‍മാന്‍ പോലും വൈരുദ്ധ്യാത്മകമായ നിലപാട് എടുത്തിരിക്കുന്നത്. Kazhakam controversy: Political leaders from Thrissur are behind it
Content Summary: Kazhakam controversy: Political leaders from Thrissur are behind it
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.