UPDATES

ധോണിയുടെ അടി കൂടുതല്‍ ദുര്‍ബലനാക്കി; ലോകകപ്പ് ടീമില്‍ ഹര്‍ദിക് ഉണ്ടാകുമോ?

മുഴുവന്‍ സമയ ബൗളറായാണ് ടീം ഹര്‍ദികിനെ ആഗ്രഹിക്കുന്നത്

                       

ഇത്തവണത്തെ ഐപിഎല്‍ ഹര്‍ദിക് പാണ്ഡ്യയെ സംബന്ധിച്ച് അത്ര സുഖകരമായതല്ല. അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിന് കിരീടം നേടിക്കൊടുത്ത നായകന്‍ എന്ന നിലയില്‍ തലയെടുപ്പോടെ നിന്നിരുന്ന പാണ്ഡ്യ, മുംബൈയിലേക്ക് കൂടുമാറിയെത്തി, രോഹിതിനെയും വെട്ടി അവിടെ നായകനായതോടെയാണ് തിരിച്ചടികള്‍ തുടങ്ങിയത്. പാണ്ഡ്യയുടെ നായക പദവിയോട് പൊരുത്തപ്പെടാന്‍ ആരാധകര്‍ക്ക് മാത്രമല്ല, ടീമിലുള്ളവര്‍ക്കും സാധിച്ചില്ല. മുംബൈയുടെ സ്വന്തം ആരാധകര്‍ ഇപ്പോള്‍ രണ്ടു ചേരിയിലാണ്, ടീമംഗങ്ങളെക്കുറിച്ച് അങ്ങനെയാണ് പറഞ്ഞു കേള്‍ക്കുന്നത്. കളത്തിനു പുറത്തെ ഇഷ്ടക്കേടുകള്‍ കളിക്കളത്തിലെ പ്രകടനം കൊണ്ട് ഹര്‍ദിക് ഇല്ലാതാക്കുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. പക്ഷേ, നടക്കുന്നതങ്ങനെയല്ല.

കളത്തിലേക്കെത്തുമ്പോള്‍, മുംബൈ പരിതാപകരമായ അവസ്ഥയിലാണ്. ആറ് മത്സരങ്ങളില്‍ നാല് തോല്‍വികളുമായി എട്ടാം സ്ഥാനത്താണ്. സെഞ്ച്വറിയടക്കം അടിച്ച് രോഹിത് ഫോമിലാണെങ്കിലും നായകന്‍ തീര്‍ത്തും നിറം മങ്ങി നില്‍ക്കുകയാണ്. കപില്‍ ദേവിന്റെ പിന്‍ഗാമി എന്നുപോലും ഒരു കാലത്തു വാഴ്ത്തപ്പെട്ട പാണ്ഡ്യ, ബാറ്റുകൊണ്ടും ബോളുകൊണ്ടും ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ്. ചെന്നൈയുമായുള്ള മത്സരത്തില്‍ അവസാന ഓവര്‍ എറിയാന്‍ വന്ന ഹര്‍ദിക്കിനെ ധോണി മൂന്നു സിക്‌സുകള്‍ക്കാണ് പറത്തിയത്. കളിക്കാരന്‍ എന്ന നിലയില്‍ മാത്രമല്ല, നായകനെന്ന റോളിലും ഹര്‍ദിക് പരാജയമാണെന്നാണ് കമന്റേറ്റര്‍മാര്‍ അടക്കം വിമര്‍ശിക്കുന്നത്. തീരുമാനങ്ങളെല്ലാം പിഴയ്ക്കുന്ന നായകനാണിന്നയാള്‍.

ഹര്‍ദിക്കിന്റെ ഐപിഎല്‍ പ്രകടനം, ട്വന്റി-20 ലോകകപ്പിനുള്ള അദ്ദേഹത്തിന്റെ സ്ഥാനം സംശയത്തിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓള്‍ റൗണ്ട് മികവാണ് ഹര്‍ദിക്കിന്റെ കരുത്ത്. എന്നാല്‍, ഐപിഎല്ലില്‍ ദുര്‍ബലനായ പാണ്ഡ്യയെയാണ് കാണുന്നത്. ബോളിംഗില്‍ തീര്‍ത്തും മോശം ഫോമിലാണ്. മറുവശത്താണെങ്കില്‍ കഴിവ് തെളിയിച്ച് പല യുവതാരങ്ങളും നില്‍ക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കഴിഞ്ഞാഴ്ച്ച ബിസിസിഐ ആസ്ഥാനത്ത് കോച്ച് രാഹുല്‍ ദ്രാവിഡ്, സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത്ത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു. ഹര്‍ദിക്കിന്റെ ബൗളിംഗിനെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. ദേശീയ ടീമിലേക്ക് തിരിച്ചു വരണമെങ്കില്‍ ഹര്‍ദിക് തുടര്‍ച്ചയായി പന്തെറിയണമെന്നാണ് ടീമിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വെസ്റ്റിന്‍ഡീസിലും യുഎസ്എയിലുമായി നടക്കുന്ന ടി-20 ലോകകപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയിലെ പ്രധാന അജണ്ട ഫാസ്റ്റ് ബൗളിംഗ് ഓള്‍ റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യ തന്നെയായിരുന്നുവെന്നാണ് വാര്‍ത്ത സ്രോതസ്സുകളെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതീവ സമ്മര്‍ദ്ദത്തിലാണ് ഹര്‍ദിക് ഇപ്പോഴുള്ളതെന്ന് വ്യക്തമാണ്. വാങ്കഡെയില്‍ പോലും അയാള്‍ക്ക് ഗാലറിയുടെ പിന്തുണ കിട്ടുന്നില്ല. ബാറ്റിംഗിനോ ബോളിംഗിനോ ഇറങ്ങുമ്പോള്‍ പ്രോത്സാഹനങ്ങളെക്കാള്‍, കൂക്കുവിളികളാണ് ഉയരുന്നത്. ഞായറാഴ്ച്ചത്തെ അവസാന ഓവര്‍ അയാളുടെ അവസ്ഥ കൂടുതല്‍ മോശമാക്കി.

ഹര്‍ദിക് പാണ്ഡ്യയെ പോലൊരു ഓള്‍ റൗണ്ടറെ എല്ലാ ടീമുകളും ആഗ്രഹിക്കുന്നുണ്ട്. ഒരു ഫാസ്റ്റ് ബൗളര്‍ ഓള്‍ റൗണ്ടര്‍ വളരെ കുറവാണ്. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും എതിരാളികളെ ആക്രമിക്കാന്‍ കഴിവുള്ളൊരു പോരാളി ലോകകപ്പ് സ്‌ക്വാഡുകളില്‍ തീര്‍ച്ചയായും ഉള്‍പ്പെടേണ്ടതാണ്. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ പാണ്ഡ്യക്ക് അത്ര അനുകൂലമല്ല.

ഈ ഐപിഎല്‍ സീസണില്‍ മുംബൈ ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ പാണ്ഡ്യ നാല് മാച്ചുകളിലാണ് പന്തെറിഞ്ഞത്. ആദ്യ രണ്ട് മത്സരങ്ങളില്‍, ഗുജറാത്തും ഹൈദരാബാദുമായുള്ള കളികളില്‍, ആദ്യ ഓവറുകള്‍ ഏറിഞ്ഞതും പാണ്ഡ്യയാണ്. ആദ്യ മത്സരത്തില്‍ മൂന്നും രണ്ടാമത്തെ കളിയില്‍ നാലും ഓവറുകള്‍ എറിഞ്ഞു. അടുത്ത രണ്ടു കളികളിലും നായകന്‍ പന്തെറിഞ്ഞില്ല. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമായുള്ള കളിയില്‍ ഒരോവറാണ് എറിഞ്ഞത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായുള്ള ആറാമത്തെ കളിയില്‍ മൂന്ന് ഓവറുകളും എറിഞ്ഞു.

നാല് മത്സരങ്ങളില്‍ നിന്ന് ആകെ മൂന്നു വിക്കറ്റുകളാണ് പാണ്ഡ്യക്ക് കിട്ടിയത്. ഇക്കോണമി റേറ്റ് 12.00 ആണ്. ഒട്ടും ആശാവഹമല്ലാത്ത പ്രകടനം.

ബാക് ഓഫ് ലങ്തില്‍ കുത്തിച്ച് പന്ത് കൂടുതല്‍ ബൗണ്‍സ് ചെയ്യിക്കാനുള്ള കഴിവാണ് പാണ്ഡ്യയുടെ കരുത്ത്. മുന്‍കാലങ്ങളില്‍ ഹര്‍ദിക്കിന്റെ സീമും കട്ടറുകളും ടീം ഇന്ത്യയെ ഒത്തിരി സഹായിച്ചിട്ടുമുള്ളതാണ്. ഈ ഐപിഎല്‍ സീസണില്‍ കാണാനാകുന്നത്, സ്വിംഗ് നഷ്ടപ്പെട്ട് ന്യൂബോളില്‍ അത്ഭുതങ്ങളൊന്നും കാണിക്കാനാകാതെ ഉഴറുന്ന പാണ്ഡ്യയെയാണ്. അതുപോലെ പന്ത് പഴകി കഴിഞ്ഞശേഷം ഇന്‍സ്വിങ്/ ഓഫ് സ്വിങ് കട്ടറുകള്‍ക്ക് ശ്രമിക്കാതെ, ഷോട്ട് ലെങ്ത് എറിയാനാണ് പാണ്ഡ്യ ശ്രമിക്കുന്നത്. ധോണിയെ പോലൊരാള്‍ക്കെതിരേ അത്തരം പന്തുകളെറിഞ്ഞതിന്റെ ശിക്ഷയായിരുന്നു ഗാലറിയില്‍ പതിച്ച മൂന്നു സിക്‌സുകള്‍. മത്സരം മധ്യ ഓവറുകളില്‍ എത്തുമ്പോള്‍ ബാറ്റര്‍മാര്‍ ഏതു പന്തും അതിര്‍ത്തിയിലേക്ക് പായിക്കാനുള്ള മനസുമായാണ് നില്‍ക്കുന്നത്. ഈ സമയം വിക്കറ്റുകള്‍ വീഴ്ത്തുന്നതിനെക്കാള്‍ റണ്‍സ് തടയുകയാണ് ബൗളറുടെ പ്രധാന ഉത്തരവാദിത്തം. എന്നാല്‍ പാണ്ഡ്യ അവിടെയും പരാജയപ്പെടുകയാണ്. മധ്യ ഓവറുകളില്‍ അദ്ദേഹം നന്നായി തല്ലു വാങ്ങുന്നുണ്ട്. ഗുജറാത്തിനെതിരേ ഏറിഞ്ഞ 15 മത്തെ ഓവറില്‍ വഴങ്ങിയത് 10 റണ്‍സാണ്. ഹൈദരാബാദിനെതിരേ എറിഞ്ഞ ഒമ്പതാമത്തെയും 14 മത്തെയും ഓവറുകളില്‍ 11 റണ്‍സ് വീതമാണ് നല്‍കിയത്. ആര്‍സിബിക്കെതിരേ എറിഞ്ഞ 10മത്തെ ഓവറില്‍ 13 റണ്‍സും. സിഎസ്‌കെയ്‌ക്കെിരേ 10മത്തെ ഓവര്‍ എറിഞ്ഞപ്പോള്‍ തകര്‍ത്തടിച്ചു നിന്ന ഋതുരാജ് ഗെയ്ക്ക്വാദിനെ പുറത്താക്കാനായെങ്കിലും 15 റണ്‍സ് വിട്ടുകൊടുത്തു. 16 മത്തെ ഓവറില്‍ ബോള്‍ കൈയിലെടുത്തപ്പോള്‍ വെറും രണ്ട് റണ്‍സ് മാത്രമെ വഴങ്ങിയുള്ളൂവെങ്കിലും, 20 മത്തെ ഓവറില്‍ 26 റണ്‍സാണ് പിറന്നത്. ഈ സീസണില്‍ ആദ്യമായിട്ടാണ് ഡെത്ത് ഓവറില്‍ പന്തെറിയാന്‍ ഹാര്‍ദിക് വന്നതും.

ഇത്തവണത്തെ ഹര്‍ദികിന്റെ ബൗളിംഗ് കണക്കുകള്‍ ഇങ്ങനെയാണ്; പവര്‍ പ്ലേയില്‍ എറിഞ്ഞ നാല് ഓവറുകളില്‍ വിട്ടുകൊടുത്തത് 44 റണ്‍സും നേടിയത് ഒരു വിക്കറ്റും. ഇക്കോണമി 11 ഉം. മധ്യ ഓവറുകള്‍(7-16), ഓവര്‍-6, വഴങ്ങിയ റണ്‍സ്-62, വിക്കറ്റ്-1, ഇക്കോണമി-10.33. ഡെത്ത് ഓവര്‍(16-20)- ഓവര്‍-1, റണ്‍സ്-26, ഇക്കോണമി-26.

ബാറ്റിംഗിലേക്ക് വരികയാണെങ്കില്‍, ഇതുവരെ നേടിയിരിക്കുന്നത് വെറും 131 റണ്‍സാണ്.

പാണ്ഡ്യയുടെ മോശം ഫോം ടീം ഇന്ത്യയെ വല്ലാതെ ബാധിക്കുന്ന ഒന്നാണ്. ഹര്‍ദിക് അല്ലാതെ ഒരു ഫാസ്റ്റ് ബൗളിംഗ് ഓള്‍ റൗണ്ടര്‍ ഇന്ത്യയ്ക്കില്ല. മോശമില്ലാതെ ബാറ്റ് ചെയ്യുന്ന ഒരു ഫാസ്റ്റ് ബൗളറും ഇന്ത്യക്കില്ല. അവിടെയാണ് ഹര്‍ദിക്കിന്റെ പ്രസക്തി. മധ്യനിരയിലെ വിശ്വസ്തനായ ബാറ്റര്‍ എന്ന നിലയിലും, ആറാം ബൗളര്‍ എന്ന നിലയിലും പതിനൊന്നംഗ സ്‌ക്വാഡില്‍ പാണ്ഡ്യക്ക് ഇടമുള്ളതാണ്. പക്ഷേ, ഇപ്പോഴത്തെ ഫോം ഔട്ടും, തുടര്‍ച്ചയായി ബൗള്‍ ചെയ്യുമോയെന്നുള്ള ആശങ്കയും ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനം സംശയത്തിലാക്കുകയാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ പാതിയില്‍ വച്ച് ഹര്‍ദിക് പരിക്കേറ്റ് പുറത്താവുകയായിരുന്നു. പരിക്കില്‍ നിന്നും മോചിതനായാണ് ഐപിഎല്ലില്‍ എത്തിയിരിക്കുന്നതെങ്കിലും, പൂര്‍ണമായും ഫോമിലുള്ളൊരു ഹര്‍ദിക് പാണ്ഡ്യയെയാണ് ടീമിന് ആവശ്യം. ബൗളറായ പാണ്ഡ്യയുടെ മുഴുവന്‍ സമയ സേവനവും ടീമിന് അത്യാവശ്യമാണ്. ബാറ്ററും പാര്‍ട് ടൈം ബൗളറും എന്ന റോളില്‍ ഹര്‍ദികിനെ ടീം ആവശ്യപ്പെടുന്നില്ല. പ്രത്യേകിച്ച് ശിവം ദുബെയെ പോലുള്ളൊരു കളിക്കാന്‍ മധ്യ നിരയിലെ തന്റെ സ്ഥാനത്ത് നിന്നും ഐപിഎല്ലില്‍ വിസ്‌ഫോടനങ്ങള്‍ തീര്‍ത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍.

Share on

മറ്റുവാര്‍ത്തകള്‍