UPDATES

കായികം

‘ആദ്യ അടി നമ്മുടെതായിരിക്കണം, ഈ ഫോമില്‍ ഓസീസ് വെല്ലുവിളി തകര്‍ക്കാവുന്നതേയുള്ളൂ’

സോണി ചെറുവത്തൂരിന്റെ ലോകകപ്പ് ഫൈനല്‍ വിലയിരുത്തല്‍

                       

ലോകകപ്പില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ വീണ്ടുമൊരു കലാശപ്പോരാട്ടം. ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ഒരിക്കല്‍ മാത്രമേ മുഖാമുഖം ഏറ്റുമുട്ടിയിട്ടുള്ളു. 2003-ല്‍ സൗത്താഫ്രിക്ക വേദിയായ ടൂര്‍ണമെന്റിലായിരുന്നു അത്. അന്ന് ഇന്ത്യയെ നയിച്ചത് ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലിയായിരുന്നു. ദാദയെയും ടീമിനെയും 125 റണ്‍സിനു തകര്‍ത്താന് ഓസ്ട്രേലിയ കപ്പുയര്‍ത്തിയത്. ഇന്ന് ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇരു ടീമുകളും പോരാട്ടത്തിനിറങ്ങുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം. അന്നു നേരിട്ട പരാജയത്തിന് കനത്ത തിരിച്ചടി കൊടുക്കാനുള്ള അവസരമാണ് ഇന്ത്യക്ക് കൈവന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ വേള്‍ഡ് കപ്പ് സാധ്യതകളെ കുറിച്ചും ഓസ്ട്രേലിയന്‍ കളി രീതികളെ കുറിച്ചും കേരള രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ സോണി ചെറുവത്തൂര്‍ അഴിമുഖത്തോട് സംസാരിക്കുന്നു;

ഓസ്ട്രേലിയന്‍ കളിക്കാരുടെ സ്പിരിറ്റ് ക്രിക്കറ്റിന്റെ ചരിത്രം പരിശോധിക്കുന്ന സമയങ്ങളില്‍ പല സന്ദര്‍ഭങ്ങളിലും നമുക്ക് കാണാന്‍ സാധിച്ചിട്ടുള്ളതാണ്. തകര്‍ന്നു തരിപ്പണമായി എന്ന് എല്ലാവരും വിശ്വസിച്ചപ്പോള്‍ പോലും അവിശ്വസനീയമായ തിരിച്ച് വരുന്ന ഓസ്ട്രേലിയയെ നമ്മള്‍ പലതവണ കണ്ടിട്ടുണ്ട്. ഒരു മത്സരം കൈവിട്ട് പോയി എന്ന് തോന്നുന്ന സ്ഥലത്ത് നിന്നും അപ്രതീക്ഷിതമായി ഒരു ഹീറോ ഉണ്ടാവുകയും, ആ ഹീറോ ആ മത്സരം ജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണത്തെ ലോകകപ്പില്‍ പോലും ഇതേ ഫോര്‍മുല അവര്‍ പ്രയോഗിച്ചിട്ടുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനുമായുള്ള നിര്‍ണായകമായ മത്സരത്തില്‍ ഗ്ലെന്‍ മാക്‌സ്വെലിന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരു പ്രകടനമുണ്ടായിരുന്നു. ആരെയും അമ്പരപ്പിച്ചുകൊണ്ട് തീരെ സാധ്യതയില്ലാത്ത സാഹചര്യങ്ങളില്‍ നിന്ന് പോലും ഇത്തരത്തിലുള്ള വലിയ തിരിച്ച് വരവുകള്‍ കാഴ്ചവയ്ക്കുന്നവരാണ് ടീം ഓസ്ട്രേലിയ.

1993 -ല്‍ സൗത്ത് ആഫ്രിക്കയുമായുള്ള കളി തന്നെയാണ് അതിന് ഏറ്റവും വലിയ ഉദ്ദാഹരണം. തോറ്റു എന്ന് തോന്നിയ അവസാന നിമിഷത്തിലാണ് അവര്‍ ജയിച്ച് കയറിയത്. മനസിന്റെ കളിയില്‍ ഓസ്ട്രേലിയയെ തോല്‍പ്പിക്കുക എന്നത് ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരിക്കില്ല.

2003-ല്‍ ജയിക്കും എന്ന് പ്രതീക്ഷിച്ച ഫൈനലില്‍ തുടക്കം മുതല്‍ തന്നെ ഇന്ത്യയുടെ മേല്‍ ആധിപത്യം സഥാപിച്ചു കൊണ്ട് കളി പിടിച്ചടക്കാന്‍ ഓസ്ട്രേലിയക്ക് സാധിച്ചിരുന്നു. അത്തരത്തിലുള്ള ആധിപത്യം ഇക്കുറി ടീം ഇന്ത്യയുടെ ഭാഗത്ത് നിന്ന് കാണാന്‍ സാധിക്കണം. ആദ്യ അടി ഇന്ത്യ വേണം കൊടുക്കാന്‍. കാത്തിരിക്കാതെ അറ്റാക്ക് ചെയ്യുന്ന ഇന്ത്യയെ ആണ് ഇതുവരെയുള്ള മത്സരങ്ങളില്‍ കാണാന്‍ സാധിച്ചിട്ടുള്ളത്. പ്രത്യേകിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഭാഗത്ത് നിന്നും. വലിയ സ്‌കോറുകളിലേക് അദ്ദേഹം പോയിട്ടുണ്ടോ എന്നതില്‍ സംശയമാണ്, എന്നിരുന്നാല്‍ പോലും അദ്ദേഹം നല്‍കുന്ന തുടക്കം ടീം ഇന്ത്യയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട് എന്നതില്‍ യാതൊരു സംശയവുമില്ല. ശ്രേയസ് അയ്യരും വിരാട് കോഹ്‌ലിയുമൊക്കെയാണ് സെഞ്ച്വറി നേടിയത്, എന്നിരുന്നാലും മുന്നില്‍ നിന്ന് നയിക്കാന്‍ കെല്‍പ്പുള്ള ഒരു ക്യാപ്റ്റനും ഒത്തിണക്കമുള്ള ടീമും ഓസ്‌ട്രേലിയ ഉയര്‍ത്തുന്ന വെല്ലുവിളികളെ തകര്‍ത്ത് വിജയത്തിലേക്ക് എത്തിക്കാന്‍ പോന്നതാണ്.

ചെറിയൊരു അസ്ഥിരത ഉള്ള ഒരു ബാറ്റിംഗ് ശൈലിയാണ് പലപ്പോഴും ഓസ്ട്രേലിയ തുടക്കത്തില്‍ കാണിച്ചിരുന്നത്. പക്ഷേ, ഡേവിഡ് വാര്‍ണറെ പോലുള്ള ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വലിയ പരിചയ സമ്പത്തുള്ള വിദേശ താരങ്ങള്‍ ഓസ്ട്രേലിയയുടെ പക്കലുണ്ട്. ഐ പി എല്ലിലൂടെയും മറ്റ് പരമ്പരകളിലൂടെയും ഇന്ത്യന്‍ സാഹചര്യങ്ങള്‍ മികച്ച രീതിയില്‍ മാസിലാക്കുകയും, ഇന്ത്യന്‍ സ്പിന്നിനെ കൈകാര്യം ചെയ്യാനും സാധിക്കുന്ന ചുരുക്കം ചില വിദേശ താരങ്ങളില്‍ ഒരാള്‍ ആണ് ഡേവിഡ് വാര്‍ണര്‍. അദ്ദേഹത്തിന് ഒപ്പം എത്തുന്നത് മിച്ചല്‍ മാര്‍ഷാണ്. മോഡേണ്‍ ക്രിക്കറ്റില്‍ ഏറ്റവും വിനാശകാരിയായ ഓപ്പണര്‍ ആയി വളര്‍ന്നു കൊണ്ടിരിക്കുന്ന വ്യക്തിയാണ് മിച്ചല്‍ മാര്‍ഷ്. എന്നിരുന്നാലും ഈ ലോകകപ്പില്‍ ഒരു സ്ഥിരത കൈവരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. എങ്കില്‍ പോലും തന്റെ ഏറ്റവും മികച്ച ഫോമിലേക്കും ഒരു മത്സരം ഒറ്റക്ക് കളിച്ച് ജയിക്കുന്ന തരത്തിലേക്കും മിച്ചല്‍ മാര്‍ഷ് മാറിയിട്ടുണ്ട്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഉയരമൊരു ഘടകമാണ്. അദ്ദേഹത്തിനെതിരെ പന്തെറിയുക അത്ര എളുപ്പമായിരിക്കില്ല. പിന്നീട് വരുന്ന താരങ്ങളിലാണ് പ്രതീക്ഷ, അവര്‍ക്ക് ആ ഇന്നിംഗ്സിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നു എന്നുള്ളതാണ് അവരുടെ ശക്തി. അതിനോടൊപ്പം അവസാന ഓവറുകളില്‍ ഗ്ലെന്‍ മാക്സ്വെല്‍ കൂടി വരുന്നതോടെ ബാറ്റിങ്ങിന്റെ എല്ലാ മേഖലയിലും വളരെ സന്തുലിതമായ തുടക്കം ലഭിക്കുകയും അത് തുടരാനും അവര്‍ക്ക് സാധിക്കുന്നു. ഇത് ഓസ്ട്രേലിയയുടെ ബാറ്റിംഗ് കരുത്തിന് ഒരു പൊടിക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. പ്രത്യേകിച്ച് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സ്പിന്നിനെതിരെ കളിക്കാന്‍ സാധിക്കുന്ന സ്റ്റീവ് സ്മിത്തിനെ പോലെയും ഡേവിഡ് വാര്‍ണറിനെ പോലെയുമുള്ള താരങ്ങളുടെ സാന്നിധ്യം അവര്‍ക്ക് ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്.

പക്ഷെ എന്നെ കുറച്ച് കൂടെ ആകര്‍ഷിച്ചത് ഓസ്ട്രേലിയുടെ ലോവര്‍ മിഡ് ലോവര്‍ ആണ്. പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കിനെയും പോലെയുള്ള താരങ്ങള്‍ മത്സരത്തില്‍ ഒരു തകര്‍ച്ച നേരിട്ടാല്‍ പോലും ഒരു ഭേദപ്പെട്ട സ്‌കോറിലേക്കോ പോകാനോ ചെറുത്ത് നില്‍പ് നടത്താനോ പാകത്തില്‍ കരുത്തുറ്റതാണ്. എല്ലാ കാലത്തും ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ബോളേഴ്സ് അവരുടെ ഫാസ്റ്റ് ബോളേഴ്സ് തന്നെയാണ്. ജോഷ് ഹെയ്‌സല്‍വുഡ്ഡിനെയും മിച്ചല്‍ സ്റ്റാക്കിനെയും പോലുള്ള താരങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നേടാന്‍ സാധിക്കും. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ അവര്‍ക്കിരുവര്‍ക്കും ഈ ലോകകപ്പില്‍ സാധിച്ചിട്ടില്ലെങ്കില്‍ പോലും അവര്‍ക്ക് സപ്പോര്‍ട്ട് ആയി വരുന്ന ആദം സാംപ വിക്കറ്റ് വേട്ടയില്‍ വളരെ മുന്നിലാണ്. അദ്ദേഹത്തിന്റെ പ്രകടനം ഫൈനലിലും നിര്‍ണായകമാകാനാണ് സാധ്യത. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഒത്തു കളിക്കാന്‍ സാധിക്കുന്ന വ്യക്തിയാണ് അദ്ദേഹം. പ്രത്യേകിച്ച് ഐ പി എല്ലില്‍ അദ്ദേഹം പുറത്തെടുത്ത പ്രകടനം എടുത്ത് പറയേണ്ടതാണ്. ഒരു നല്ല സീരിസിന് ശേഷം അല്ല ആദം സാംപ ഈ ലോകകപ്പിലേക്ക് എത്തിയത്. പക്ഷെ വളരെ നല്ല രീതിയില്‍ അദ്ദേഹം ഈ ടൂര്‍ണമെന്റിനെ ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഈ ലോകകപ്പില്‍ വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത്.

രണ്ടോ മൂന്നോ ഓവറുകള്‍ എറിഞ്ഞു കഴിഞ്ഞാല്‍ സമ്മര്‍ദ്ദം ഒന്ന് കുറക്കാന്‍ വേണ്ടി പല ടീമുകള്‍ക്കും ഒരു ആറാം ബോളര്‍ ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള ഒരു സിക്‌സ്ത്ത് ബോളിങ്ങ് ഓപ്ഷന്‍ ടീം ഇന്ത്യക്കില്ല എന്നുള്ളത് അത്ര കാര്യമായി കരുതേണ്ടതില്ല. പലപ്പോഴും ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ശാര്‍ദുല്‍ താക്കൂറും ഹര്‍ദിക് പാണ്ഡേയും തമ്മിലുള്ള കോമ്പിനേഷന്‍ നമുക്കുണ്ടായിരുന്നു. സൂര്യകുമാര്‍ യാദവും ഷമിയും ടീമിന്റെ ഭാഗമായതോടെ, ആറാം ബോളര്‍ ഇല്ലാതായെങ്കിലും കൃത്യം അഞ്ച് ബോളേഴ്‌സിനെ വച്ചുകൊണ്ടാണെങ്കിലും കളിക്കാം എന്ന് ഇന്ത്യന്‍ ടീം തെളിയിച്ച് കഴിഞ്ഞു. അത് തന്നെയാണ് ഇന്ത്യയുടെ കരുത്തും. ഫൈനലിലേക്ക് എത്തുന്ന സമയത്ത് ആറാം ബോളര്‍ ഇല്ലത്തിന്റെ ആശങ്ക ടീമിനുണ്ടാകുമെന്ന് തോന്നുന്നില്ല. ബോളേഴ്സ് എല്ലാവരും മികച്ച ഫോമിലാണ് ഉള്ളത്. അഥവ എന്തെങ്കിലും പ്രതികൂല സാഹചര്യം ഉടലെടുത്താല്‍ വിരാട് കോഹ്ലിയോ രോഹിത് ശര്‍മയോ ഒന്നോ രണ്ടോ ഓവറുകള്‍ എറിയാനുണ്ട്.

ഒരു പക്ഷെ എല്ലാവരെയും ആശ്ചര്യപ്പെടുത്തികൊണ്ട് അശ്വിനെ കളിപ്പിച്ചാലും അതില്‍ ഒന്നും കരുതേണ്ടതില്ല. ഈഡന്‍ ഗാര്‍ഡന്‍സില്‍ രണ്ട് സ്പിന്നേഴ്സിനെ വച്ചുകൊണ്ട് സൗത്ത് ആഫ്രിക്ക ഓസ്ട്രേലിയയെ ബുദ്ധിമുട്ടിക്കുന്നത് നമ്മള്‍ കണ്ടിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഒരു ഓപ്ഷന്‍ എന്ന രീതിയില്‍ മറ്റൊരു സ്പിന്നറെ ഇറക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൂടാതെ കഴിഞ്ഞ മത്സരങ്ങളില്‍ എല്ലാം നല്ല വിജയം നേടിത്തന്ന കോമ്പിനേഷന്‍ ഫൈനലിലേക്ക് എത്തുമ്പോള്‍ മാറ്റം വരുത്തുക എന്നത് അത്ര എളുപ്പമുള്ള ഒരു തീരുമാനമല്ല, എന്നാലും ചിന്തിക്കാവുന്ന കാര്യം തന്നെയാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും അശ്വിന് ഓസ്ട്രേലിയക്ക് മേല്‍ ആധിപത്യം എടുക്കാന്‍ സാധിക്കും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.

ഓസ്ട്രേലിയയുടെയും ഇന്ത്യയുടെയും സ്വഭാവ സവിശേഷതകള്‍ കൊണ്ട് തന്നെ ഏകപക്ഷീയമായ ഒരു കളിയാകാനുള്ള സാധ്യത വളരെ കുറവാണ്. നല്ല പോരാട്ടമായിരിക്കും കളിക്കളത്തില്‍ കാണാനാവുക. ഓസ്ട്രേലിയ ഉയര്‍ത്തുന്ന വെല്ലുവിളികളെ തരിപ്പണമാക്കാന്‍ പാകത്തില്‍ ഫോമിലാണ് ഇന്ത്യ ഇപ്പോള്‍ ഉള്ളത് എന്നത് കൊണ്ട് തന്നെ ലോകകപ്പ് ഇക്കുറി ഇന്ത്യക്കായിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് പകലും രാത്രിയുമായി ഇന്ത്യ- ഓസ്ട്രേലിയ കിരീടപ്പോരാട്ടം നടക്കുന്നത്. ടൂര്‍ണമെന്റിലെ ഒരു കളി പോലും തോല്‍ക്കാതെ അപരാജിതരായാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. തുടര്‍ച്ചയായി 10 മല്‍സരങ്ങളാണ് രോഹിത് ശര്‍മയും സംഘവും ജയിച്ചത്. മറുഭാഗത്തു ആദ്യത്തെ രണ്ടു കളിയും തോറ്റു കൊണ്ടു തുടങ്ങിയ ഓസീസ് പിന്നീട് തുടരെ എട്ടു മല്‍സരങ്ങളില്‍ ജയിച്ച് ഫൈനലിലേക്കു കുതിക്കുകയായിരുന്നു.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍