ഒരു സമരം തകര്‍ക്കാന്‍ തീവണ്ടിയും വിമാനവും റദ്ദാക്കിയത് കൊണ്ട് സാധിക്കുമോ? ഗാന്ധി ജയന്തി ദിനത്തിലും പിറ്റേദിവസവുമായി തൃണമുല്‍ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ യാത്ര ചെയ്യേണ്ടവര്‍ക്ക് വിലക്കര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ യാത്ര ചെയ്യേണ്ട തീവണ്ടിയും വിമാനവും റദ്ദാക്കിയാണ് തടസ്സം സൃഷ്ടിച്ചിരിക്കുന്നത്. കല്‍ക്കത്തയില്‍ നിന്ന് 50 ഓളം ബസ്സില്‍ പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്നുള്ളത് സമരത്തിന്റെ ശക്തി വിളിച്ചോതുന്ന ഒന്നാണ്. ഡല്‍ഹിയിലെ ജന്തര്‍ മന്ദിറിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്ന ‘ഡല്‍ഹി ചലോ’ എന്ന സമരത്തിന്റെ വേദി നിശ്ചയിച്ചിരിക്കുന്നത്. ദുര്‍ഗാ പൂജയ്ക്ക് മുന്നോടിയായി തൃണമൂല്‍ നേതൃത്വം കൊടുക്കുന്ന സമരം ഇപ്പോള്‍ രാജ്യ വ്യാപകമായി ചര്‍ച്ച ചെയ്യുന്നു എന്നുള്ളത് മറ്റൊരു കാര്യം. സാധാരണ ഒരു സമരമായി മാറേണ്ട ഡല്‍ഹി ചലോ സമരം ദേശീയ ചര്‍ച്ചയാക്കുവാന്‍ മാത്രമാണ് നിരോധനം കൊണ്ട് സാധിച്ചത്.
വിസ്താരയുടെ യുകെ 738 എന്ന കല്‍ക്കട്ടയില്‍ നിന്ന് ഡല്‍ഹിക്കുള്ള വിമാനമാണ് ഒരു കാരണവുമില്ലാതെ റദ്ദാക്കിയിരിക്കുന്നത്. ഇതില്‍ പകുതി യാത്രക്കാരും തൃണമൂല്‍ നേതാക്കളാണ് എന്നുള്ളതാണ് പ്രത്യേകത. വിമാനം റദ്ദാക്കിയതിന് പിന്നില്‍ ഒരു രാഷ്ട്രീയവും ഇല്ലെന്ന് വിമാന കമ്പനി പറയുന്നുണ്ടെങ്കിലും അതിലെ രാഷ്ട്രീയം പോലും പകല്‍പോലെ വെളിച്ചത്തു വന്നിരിക്കുകയാണ്.
പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വികസനത്തിനുള്ള തുകകള്‍ തടഞ്ഞു വച്ചിരിക്കുന്നത് രാജ്യ ശ്രദ്ധയില്‍പ്പെടുത്തുക എന്നത് ഈ സമരത്തിന്റെ ഒരു ലക്ഷ്യമായിരുന്നു. സമരത്തിന് മുമ്പ് തന്നെ ഈ ലക്ഷ്യം രാജ്യം ചര്‍ച്ച ചെയ്തു എന്നുള്ളത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. ബംഗാള്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു വെച്ചിരിക്കുന്നത്. സമാനമായ ആക്ഷേപം കേരള സര്‍ക്കാരിനുമുണ്ട് എന്നുള്ളത് ഇവിടെ ചേര്‍ത്തുവയ്ക്കപ്പെടേണ്ടതാണ്.