ധാരാവി പോലെ അടുക്കിവെച്ച വീടുകള്‍. എട്ട് ഏക്കറില്‍ തിങ്ങിപ്പാര്‍ക്കുന്ന ജനങ്ങള്‍. ധാരാളം സ്റ്റീരിയോടൈപ്പുകള്‍ നിലനില്‍ക്കുന്ന ഒരിടം. അവിടെ നിന്ന് ഒത്തിരി ആശകളുമായി ഒരെട്ടാം ക്ലാസുകാരന്‍ തൃശൂരിലേക്ക് തീവണ്ടി കയറിയത് കലയുടെ ഈറ്റില്ലം തേടിയായിരുന്നു. സാംസ്‌കാരി കേരളത്തിന് ഒട്ടനവധി കലാകാരന്മാരെ വാര്‍ത്തെടുത്ത് സംഭാവന ചെയ്ത കേരള കലാമണ്ഡത്തിലേക്ക്. 2006 ലാണ് തിരുവനന്തപുരം ചെങ്കല്‍ ചൂളയിലെ(രാജാജി നഗര്‍) ചെണ്ട കലാകാരനായ സതീശന്റെയും ധനുജ കുമാരിയുടെയും മകന്‍ നിധീഷ് അച്ഛന്റെ പാത പിന്തുടര്‍ന്ന് ചെണ്ട പഠിക്കാനായി കലാമണ്ഡലത്തിലെത്തുന്നത്. തന്റെ മക്കളിലൊരാളുടെ പേരിലെങ്കിലും കലാമണ്ഡലം എന്ന് ചേര്‍ക്കപ്പെടണമെന്ന ആഗ്രഹം കൂടി അതിനുപിന്നിലുണ്ടായിരുന്നു.
അച്ഛന്റെയാ ആഗ്രഹം പൂര്‍ത്തീകരിച്ച് നല്‍കാന്‍ നിധീഷിന് സാധിച്ചില്ല.
കല സ്വയാത്തമാക്കാന്‍ കഴിയാത്തത് കൊണ്ടായിരുന്നില്ല നിതീഷ് കലാമണ്ഡലത്തിലെ പഠനം ഉപേക്ഷിച്ചത്. അതിനു കാരണം മറ്റൊന്നായിരുന്നു; ജാതി!
വേണാട് എക്‌സ്പ്രസ്സിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ ഒളിച്ചിരുന്നാണ് കലാമണ്ഡലത്തില്‍ നിന്ന് നിതീഷ് രക്ഷപ്പെട്ടു ഓടിയത്. പഠനമുപേക്ഷിച്ചു തന്റെ നീല ട്രങ്കുപെട്ടിയുമായി കള്ളവണ്ടി കയറേണ്ടിവന്നത് ജാതി പ്രശ്‌നം കൊണ്ടായിരുന്നു. എല്ലാത്തിനുമുപരി ചെങ്കല്‍ ചൂള സ്വദേശിയായതു കൊണ്ടായിരുന്നു.
ദളിത് വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായത് കൊണ്ട് തന്നെ വലിയ രീതിയിലുള്ള ജാതി വിവേചനമായിരുന്നു നിതീഷിന് കലാമണ്ഡലത്തില്‍ നിന്ന് നേരിടേണ്ടി വന്നത്. സഹ വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായതായി നിതീഷ് പറയുന്നു. മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്ഥലം മാറ്റി ഇരുത്തി കൊണ്ടായിരുന്നു അധ്യാപകര്‍ തങ്ങളുടെ സവര്‍ണ മേധാവിത്വം പ്രദര്‍ശിപ്പിച്ചിരുന്നത്. സംവരണ വിഭാഗത്തില്‍ സീറ്റ് ലഭിച്ച പിന്നാക്ക വിഭാഗത്തിലുള്ളവരെ മറ്റു സമുദായത്തില്‍ നിന്നുള്ളവരില്‍ നിന്ന് മാറ്റി ഇരുത്തിയിരുന്നതായി നിതീഷ് പറയുന്നു.
ജാതി പറഞ്ഞുള്ള അധിക്ഷേപം പരാതിപ്പെടാന്‍ തുനിഞ്ഞാല്‍ ചെങ്കല്‍ ചൂളയില്‍ നിന്ന് ആളെയും കൂട്ടി വന്ന് ഞങ്ങളെ മര്‍ദിച്ചതായി മറ്റൊരു പരാതി ഫയല്‍ ചെയ്യുമെന്നായിരുന്നു സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ഭീഷണി. ജാതിയിന്‍മേലുള്ള അസഹിഷ്ണുത നീണ്ടു തുടങ്ങിയപ്പോഴാണ് പഠനം ഉപേക്ഷിച്ചു നിതീഷ് തിരികെ പോരുന്നത്. നിധീഷിനെ കലാമണ്ഡലത്തില്‍ പഠിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു പിന്നീട് അധ്യാപകര്‍ സ്വീകരിച്ച നിലപാട്. ചെങ്കല്‍ ചൂളയില്‍ തിരിച്ചെത്തിയ നിതീഷ് എട്ടാം ക്ലാസ്സ് പഠനം പുനരാരംഭിച്ചു. അക്കാലയളവുകള്‍ പരീക്ഷണങ്ങളുടേതായിരുന്നുവെന്ന് നിതീഷ് പറയുന്നു.
‘അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ലെന്ന ചിന്താ ഭാരത്തോടെയാണ് ഓരോ ദിവസവും തള്ളി നീക്കിയിരുന്നത്’. താന്‍ നേരിടേണ്ടി വന്ന ജാതി വെറിയെക്കാള്‍ നിതീഷിനെ അലട്ടിയിരുന്നത് സഫലമാകാതെ പോയ അച്ഛന്റെ ആഗ്രഹമായിരുന്നു. എന്നാല്‍ വിട്ടു കൊടുക്കാന്‍ നിതീഷ് ഒരുക്കാമായിരുന്നില്ല. ഹയര്‍ സെക്കന്ററി പഠനത്തിന് ശേഷം എ ആര്‍ റഹ്‌മാന്റെ മ്യൂസിക് കോളേജില്‍ നിന്ന് സൗണ്ട് ഡിസൈനിംഗ് പഠിക്കാന്‍ തീരുമാനിക്കുന്നത് അതിന്റെ ഭാഗമായാണ്. നിതീഷിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവ് ആയിരുന്നു അത്. തന്റെ കലാസപര്യയിലെ ദുഖകാലമായാണ് നിതീഷ് കലാമണ്ഡത്തിലെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നത്.
‘അന്ന് ഞാന്‍ എല്ലാം സഹിച്ച് അവിടെ തുടര്‍ന്ന് പഠിക്കാനുള്ള തീരുമാനം എടുത്തിരുന്നെങ്കില്‍ ഇന്നീ അവസരങ്ങള്‍ ഒന്നും എന്നെ തേടിയെത്തില്ലായിരുന്നു. പല അന്തര്‍ദേശീയ ബാന്റുകളില്‍ ഭാമമാകന്‍ കഴിഞ്ഞത് കോളേജ് പഠന കാലത്തായിരുന്നു. ഒരു പക്ഷെ എന്റെ കാഴ്ചപ്പാടുകളും ജാതി അധിഷ്ഠിതമായി മാറിയേനെ’, നിതീഷ് പറയുന്നു.
ജാസി ഗിഫ്റ്റിന്റെ കയ്യില്‍ നിന്ന് മൈക്ക് പിടിച്ചു വാങ്ങിയ സംഭവത്തിലും മുന്നിട്ടു നിന്നത് ഈ ചിന്താഗതി തന്നെയായിരുന്നില്ലേ? നിതീഷ് ചോദിക്കുന്നു. ‘ഈ സംഭവം നടക്കുന്നതിന്റെ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് എനിക്ക് ജാസി സാറുമായി വേദി പങ്കിടാന്‍ സാധിച്ചിരുന്നു. തന്റെ മുന്‍പില്‍ ഉണ്ടായിരുന്ന ഒരു ജനസാഗരത്തെ മുഴുവന്‍ മൈക്ക് കൊണ്ടായിരുന്നു അദ്ദേഹം കീഴ്‌പ്പെടുത്തി കളഞ്ഞത്. അപ്പോള്‍ പ്രശ്‌നം നിറത്തിന്റേതാണ്. കറുത്തവന്റെ ആട്ടവും പാട്ടും ഇനിയും ഇവിടെ ഉണ്ടായികൊണ്ടിരിക്കും. അതില്ലാത്ത പക്ഷമാണ് കറുത്തവന് അപ്രാപ്യമാണ് കലയെന്ന ചിന്താഗതി വളര്‍ന്നു വരുന്നത്.’ നിതീഷ് ചൂണ്ടികാണിക്കുന്നു.
നിരവധി മ്യൂസിക് ബാന്‍ഡുകള്‍ക്ക് വേണ്ടി ചെണ്ട വായിക്കുന്ന കലാകാരനാണ് നിതീഷിപ്പോള്‍. ഏതിവേദിയില്‍ നിന്നും ‘ ഞാന്‍ ചെങ്കല്‍ ചൂളയില്‍ നിന്നുള്ള കലാകാരനാണ്’ എന്നു നിതീഷ് ഉറപ്പിച്ചു പറയും. തോറ്റു പിന്മാറാതെ നേടിയെടുത്ത വിജയങ്ങള്‍ക്ക് പിന്നില്‍ നേരിടേണ്ടി വന്ന വിവേചനം മുന്നോട്ട് നീങ്ങാനുള്ള കരുത്ത് കൂടിയായിരുന്നു. ഇന്നും പ്രസക്തമായി തന്നെ നിലനില്‍ക്കുന്ന കലയിലുള്ള ‘വരേണ്യ വര്‍ഗ്ഗത്തിന്റെ’ ആകുലതകളും ആശങ്കകളും അങ്ങേയറ്റം വിദ്വേഷകരമായി കലാമണ്ഡലം സത്യഭാമ കഴിഞ്ഞ ദിവസം പറഞ്ഞു വച്ചിരുന്നു. ആ സമയമത്രയും നിതീഷ് ചിന്തിച്ചിരുന്നത്, ആ അധ്യാപികക്ക് കീഴില്‍ കല അഭ്യസിക്കാനെത്തിയിരുന്ന വിദ്യാര്‍ത്ഥികളെ കുറിച്ചായിരുന്നു. അവരൊക്കെയും താന്‍ നേരിടേണ്ടി വന്ന ദുരനുഭവത്തിലൂടെ കടന്നു പോകേണ്ടി വന്നിരുക്കുമോ എന്നോര്‍ത്തായിരുന്നു വേദനിച്ചത്. അത്തരം അനുഭവങ്ങള്‍ ഓരോ കുട്ടിയുടെയും ചിന്താഗതിയില്‍ വരുത്തിയെക്കാവുന്ന സ്വാധീനത്തെ കുറിച്ചായിരുന്നു നിതീഷ് ആകുലപ്പെട്ടത്.
ജാതി വിവേചനം നിതീഷിനെ കഴിവുറ്റ കലാകാരനാക്കി മാറ്റിയപ്പോള്‍ നിതീഷിന്റെ അമ്മയെ എഴുത്തുകാരിയായാണ് പരിവര്‍ത്തനപ്പെടുത്തിയത്. ‘ചെങ്കല്‍ച്ചൂളയിലെ എന്റെ ജീവിതം’ എന്ന പേരില്‍ ധനുജകുമാരി എഴുതിയ പുസ്തകം ചെങ്കല്‍ ചൂളയെ കുറിച്ച് മാത്രമായിരുന്നില്ല, താനും കുടുംബവും നേരിടേണ്ടിവന്ന ജാതി വിവേചനങ്ങളെ കുറിച്ചുള്ളതു കൂടിയായിരുന്നു. ‘ലോകത്തിന് മാറ്റം സംഭവിച്ചാലും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ജാതിയുടെ മനോഭാവത്തിന് മാറ്റമുണ്ടാകില്ല. നിറത്തിന്റെയും ജാതിയുടെയും പേരില്‍ വര്‍ണ വിവേചനം നടത്തിയിരിക്കുന്നത് കലാമണ്ഡലം പോലൊരു പ്രശസ്ത വിദ്യാലയത്തിലെ അധ്യാപിക ആണെന്നത് ആശങ്ക ഉളവാക്കുന്നതാണ്. വിദ്യ അഭ്യസിക്കാനെത്തുന്ന കുട്ടികള്‍ക്കത്രയും പകര്‍ന്നു നല്‍കി വരുന്നത് ഇത്തരം മനോഭാവം തന്നെയായിരിക്കുമോ. ജാതി അധിഷ്ഠിതമായ ഈ മനോഭാവം കലാമണ്ഡലത്തിലെ ഒരു അധ്യാപികയില്‍ മാത്രം ഒതുക്കി നിര്‍ത്താനാവുന്നതല്ല. കലാമണ്ഡലത്തിലെ വ്യക്തമായ ജാതിമത നിലപാടുകളില്‍ കുടുങ്ങി എന്റെ മകന് പഠനം തന്നെ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. മറ്റൊരാളോട് വിദ്വേഷം ഉണ്ടായിരുന്നെങ്കില്‍ കൂടിയും ഇപ്രകാരമായിരുന്നില്ല വിമര്‍ശിക്കേണ്ടിയിരുന്നത്. സ്ത്രീകള്‍ സമത്വത്തിനുവേണ്ടി പോരടിക്കുന്ന അതേസമയം തന്നെയാണ് മോഹിനിയാട്ടം പോലെ ഒരു കലാരൂപം പുരുഷന്മാര്‍ക്ക് വഴങ്ങില്ലെന്ന് ഒരു നൃത്ത അധ്യാപിക പറഞ്ഞു വക്കുന്നത്. സൗന്ദര്യമുള്ള പുരുഷന്മാര്‍ക്കു മാത്രമേ ഒരു നൃത്ത കല വഴങ്ങൂ എന്നു കൂടി പറയുമ്പോള്‍ ജാതി തുടച്ചുനീക്കുന്നതിന് കാലങ്ങള്‍ക്ക് മുമ്പ് നടത്തിയ പോരാട്ടം അതിലും ശക്തമായി വീണ്ടും നടത്തേണ്ടിയിരിക്കുന്നു എന്നു കൂടിയാണ് മനസിലാക്കേണ്ടത്. അങ്ങേയറ്റം വെറുപ്പുളവാക്കുന്ന പ്രതികരണത്തില്‍ അവര്‍ ഉറച്ചു നില്‍ക്കുന്നു എന്ന് വീണ്ടും വീണ്ടും വിളിച്ചു പറയുകയാണ്. തെറ്റ് തിരുത്താനോ മാപ്പ് പറയാനോ തയ്യാറാവാത്ത നിലപാട് കൂടിയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ആത്യന്തികമായി മനുഷ്യന്റെ ഉള്ളില്‍ ഉറഞ്ഞുകൂടിയ ജാതി ചിന്തകളെ വേരോടറുത്തു കളയാന്‍ ഇത്തരം പരാമര്‍ശങ്ങളെയും വ്യക്തികളെയും ബഹിഷ്‌കരിക്കുകയാണ് വേണ്ടത്. സ്വാതന്ത്ര്യം ലഭിച്ച് അനവധി വര്‍ഷങ്ങള്‍ക്കിപ്പുറവും നമ്മളിപ്പോഴും ജാതീയതക്കു നേരെ പോരാടിക്കൊണ്ടിരിക്കുകയാണ്’: ധനുജകുമാരിയുടെ വാക്കുകള്‍.