UPDATES

‘അവിടെയിരിക്കുന്നവര്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചാല്‍ ഉദ്യോഗസ്ഥര്‍ ഇടപെടും, ആ സ്ഥാനത്താണ് രണ്ടുപേര്‍ നടുത്തളത്തിലേക്ക് ചാടിയിറങ്ങിയത് !’

മുന്‍ ലോക്‌സഭ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി പ്രതികരിക്കുന്നു

                       

ലോക്‌സഭയില്‍ ഉണ്ടായ അതിക്രമം ഗുരുതരമായ സുരക്ഷ വീഴ്ച്ച തന്നെയാണെന്ന് മുന്‍ ലോക്‌സഭ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി. കര്‍ശന സുരക്ഷയുള്ളൊരിടത്ത്, ഇരിപ്പിടത്തില്‍ ചാടിയെഴുന്നേറ്റ രണ്ടു പേരെ ഉദ്യോഗസ്ഥര്‍ക്ക് എന്തുകൊണ്ട് തടയാന്‍ സാധിച്ചില്ലെന്ന ചോദ്യമാണ് ആചാരിയും ചോദിക്കുന്നത്.

സുരക്ഷാ വീഴ്ച്ച ചൂണ്ടിക്കണിച്ച് എട്ടു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മൂന്നു വിഭാഗങ്ങളായാണ് പാര്‍ലമെന്റിനു സുരക്ഷയൊരുക്കുന്നത്. പാര്‍ലമെന്റ് സെക്യൂരിറ്റി സര്‍വീസ്, പാര്‍ലമെന്റ് ഡ്യൂട്ടി ഗ്രൂപ്പ് (പിഡിജി), ഡല്‍ഹി പൊലീസ് എന്നിവയാണ് ഈ മൂന്നുവിഭാഗങ്ങള്‍. പ്രത്യേക പരിശീലനം നേടിയ 1500 കമാന്‍ഡോകളടക്കമുള്ള ഈ കനത്ത സുരക്ഷയെ മറികടന്നുകൊണ്ടാണ് സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ടു പ്രതിഷേധക്കാര്‍ നടുത്തളത്തിലേക്ക് അതിക്രമിച്ചിറങ്ങിയത് കനത്ത സുരക്ഷാ വീഴ്ച്ച തന്നെയാണെന്നാണ് പിഡിടി ആചാരി അഴിമുഖത്തോട് പറഞ്ഞത്.

”സാധാരണ ഗതിയില്‍ സന്ദര്‍ശകര്‍ക്ക് പാസ് ലഭിക്കുന്നത് എംപി മാരുടെ ശുപാര്‍ശ വഴിയാണ്. ഇതിലൂടെ മാത്രമേ സന്ദര്‍ശകര്‍ക്ക് അകത്തേക്ക് പ്രവേശിക്കാനാവുകയുള്ളു. എംപിമാര്‍ക്ക് പരിചിതരായ ആളുകളെ മാത്രമേ ശുപാര്‍ശ ചെയ്യാന്‍ കഴിയുകയുള്ളു. ഈ ശുപാര്‍ശയില്‍ പാര്‍ലമെന്റിനകത്തേക്ക് പ്രവേശിക്കുന്ന വ്യക്തിയുടെ പെരുമാറ്റ രീതികളില്‍ എംപിക്ക് പൂര്‍ണ ഉത്തരവാദിത്വമുണ്ട്”- ആചാരി പറയുന്നു. ഒരു ദിവസത്തെ നിശ്ചിത മണിക്കൂറുകളിലേക്കായിരിക്കും സന്ദര്‍ശന പാസ് നല്‍കുക. അസാധാരണ കേസുകളില്‍ മാത്രമേ ഒരാള്‍ക്ക് രണ്ട് കാര്‍ഡുകള്‍ നല്‍കാറുള്ളൂ. യുഎപിഎ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ക്ക് സന്ദര്‍ശക പാസ് അനുവദിച്ചത് ബിജെപി എംപി പ്രതാപ് സിംഹയാണ്. മൈസൂരുവില്‍ തന്റെ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള സാഗര്‍ ശര്‍മയുടെ പിതാവ് പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിക്കാന്‍ പാസ് ആവശ്യപ്പെട്ടെന്നായിരുന്നു പ്രതാപ് സിംഹ സ്പീക്കര്‍ ഓം ബിര്‍ളക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്.

പബ്ലിക് ഗാലറി, സ്പീക്കര്‍ ഗാലറി എന്നിങ്ങനെ രണ്ടുതരമാണ് സന്ദര്‍ശക ഗാലറി. പബ്ലിക് ഗാലറിയില്‍ ഒരു എംപിക്ക് നാല് പേരെ ഒരു ദിവസം പ്രവേശിപ്പിക്കാന്‍ കഴിയും. എന്നാല്‍ സ്പീക്കര്‍ ഗാലറിയില്‍ രണ്ടുപേര്‍ക്ക് മാത്രമുള്ള സന്ദര്‍ശക പാസ് നല്‍കാനെ കഴിയൂ.ഈ സന്ദര്‍ശകരെ സ്പീക്കര്‍ പരിശോധിക്കുകയും ചെയ്യും. ഈ പബ്ലിക് ഗാലറിയുടെ പരിശോധനാ ചുമതലയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ എല്ലാ സന്ദര്‍ശകരെയും ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍ അല്ലെങ്കില്‍ ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചാണ് ഉള്ളിലേക്ക് കടത്തി വിടുക. 549 എംപിമാരുള്ള പാര്‍ലമെന്റില്‍ സന്ദര്‍ശകര്‍ ധാരാളമെത്തുന്നത് സ്വാഭാവികമാണെന്ന് പിഡിടി ആചാരി പറയുന്നു. ”മുമ്പത്തെ പാര്‍ലമെന്റിലടക്കം സാധാരണഗതിയില്‍ ധാരാളം സന്ദര്‍ശകരെത്താറുണ്ട്. സന്ദര്‍ശകര്‍ അധികമായി എത്തുന്നതല്ല, മറിച്ച് സുരക്ഷാ സംവിധാനം ഒരുക്കുന്നതിലുണ്ടായ വീഴ്ച്ചയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. സന്ദര്‍ശക ഗാലറിയില്‍ ഇരിപ്പിടങ്ങളായി ഒരുക്കിയിരിക്കുന്നത് ബെഞ്ചുകളാണ്. എല്ലാ ബെഞ്ചുകളുടെയും രണ്ടറ്റത്തായി സുരക്ഷാ സേനയിലുള്ള പരിശീലനം ലഭിച്ച പോലീസുകാര്‍ ഇരിക്കുന്നുണ്ടാവും. ഈ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കിടയിലാണ് സന്ദര്‍ശകര്‍ ഇരിക്കേണ്ടത്. സന്ദര്‍ശകരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ചെറിയ രീതിയിലുള്ള ചലനങ്ങള്‍ പോലും ഇവര്‍ വിലക്കാറുണ്ട്. സന്ദര്‍ശകരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഈ ഉദ്യോഗസ്ഥര്‍ സമീപത്തുള്ളപ്പോള്‍ കാണികളായി എത്തിയ പ്രതിഷേധക്കാര്‍ നടുത്തളത്തിലേക്ക് പോലും ഇറങ്ങിയെന്ന് പറയുന്നത് ചിന്തിക്കാനാവുന്നതിലും അപ്പുറമാണ്.

സാധാരണഗതിയില്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തുനിയുമ്പോള്‍ തന്നെ ഇവര്‍ ഇടപെടാറുള്ളതാണ്. പക്ഷെ ഇത്തവണ എഴുന്നേറ്റു നിന്ന് ചാടി കടക്കുന്ന ഇവരെ എന്തുകൊണ്ടാണ് ഈ ഉദ്യോഗസ്ഥര്‍ക്ക് തടയാന്‍ കഴിയാതിരുന്നത്? മൂന്നു ലെവലുകളായി നടത്തുന്ന സുരക്ഷ പരിശോധനയെ മറികടന്നുകൊണ്ട് സ്‌മോക്ക് കാനിസ്റ്റര്‍ കയ്യില്‍ കരുതി ഇവര്‍ക്ക് കയറാന്‍ കഴിഞ്ഞുവെന്നതും വിശ്വസിക്കാനാവുന്നതല്ല. അതുകൊണ്ടു തന്നെ ഇവിടെ സംഭവിച്ചിരിക്കുന്നത് ഗുരുതര സുരക്ഷാ വീഴ്ച്ചയാണ്. ഇതിനു മുമ്പും പാര്‍ലമെന്റില്‍ ആളുകള്‍ എഴുന്നേറ്റു നിന്ന് പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടുണ്ട്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് നിമിഷങ്ങള്‍ക്കകം തന്നെ ഇവരെ സഭക്ക് പുറത്തേക്ക് കൊണ്ടുപോകാറുമുണ്ട്. ഇത്തവണ എന്തുകൊണ്ട് ഇതിന് കഴിഞ്ഞില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.” ആചാരി ചൂണ്ടിക്കാണിക്കുന്നു.

2001 ഡിസംബര്‍ 13 നും പാര്‍ലമെന്റ് ആക്രമണം നടന്നതിന്റെ 22ാം വാര്‍ഷിക ദിനത്തില്‍ തന്നെ ഇത്തരത്തില്‍ സുരക്ഷാ വീഴ്ച്ചയുണ്ടായിരിക്കുന്നത്. അന്ന് അംബാസഡര്‍ കാറിലെത്തിയ ജയ്ഷെ മുഹമ്മദ്, ലഷ്‌കറെ തോയിബ ഭീകരര്‍ പാര്‍ലമെന്റ് വളപ്പില്‍ വെടിയുതിര്‍ത്തു. പ്രത്യാക്രമണത്തിനിടെ ഒമ്പതു സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചു. ഈ ആക്രമണത്തിന് ശേഷമാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ ഉണ്ടായിരുന്ന സുരക്ഷാ നടപടികള്‍ പുനഃപരിശോധിക്കുകയും മൂന്ന് ഘട്ട പരിശോധന നാല് ലെവലായി ഉയര്‍ത്തുകയും ചെയ്തത്. ഈ സുരക്ഷാ സന്നാഹങ്ങള്‍ക്കിടയിലും പാര്‍ലമെന്റിലെ ഗ്യാലറി ചാടി കടക്കാനായത് അവിശ്വസീനയമാണെന്ന് പിഡിറ്റി ആചാരി പറയുന്നു.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍