സമാനതയില്ലാത്ത ക്രൂരത ഒരു അഭിനേത്രിക്ക് നേരിടേണ്ടി വന്നതിനു പിന്നാലെ മലയാള സിനിമാക്കാര്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഒത്തുകൂടി. ആരോ മരിച്ചതിലുള്ള അനുശോചന സമ്മേളനം പോലെ ഒന്നായി അതവിടെ അവസാനിക്കേണ്ടതായിരുന്നു. പക്ഷേ മറിച്ചു സംഭവിച്ചു. ആ കൂട്ടത്തിലെ ആര്‍ജ്ജവമുള്ളൊരു സ്ത്രീ ഈ സമൂഹത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു; ഇതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും കുറ്റവാളികളെ കണ്ടു പിടിക്കണമെന്നും.
അന്നത് പറയാന്‍ ഒരു മഞ്ജു വാര്യര്‍ ഇല്ലാതെ പോയിരുന്നുവെങ്കിലോ?
കുരിശിന്റെ വഴിയിലെ ശിമയോനെ പോലെയാണ് പൊതുവില്‍ മലയാള സിനിമ പ്രവര്‍ത്തകര്‍. ഈശോയെ കൊണ്ട് ചുമപ്പിക്കുന്ന കുരിശ് ചുമന്നാല്‍ താനും ഈ കുറ്റവാളിയുടെ കൂട്ടാണെന്ന് മറ്റുള്ളവര്‍ സംശയിക്കുമോയെന്ന് ശിമയോന്‍ ഭയപ്പെടുന്നതുപോലെ, സിനിമാക്കാരും സ്വന്തം നിലനില്‍പ്പിനെ പ്രതി ഭീരുക്കളാണ്.
അവിടെയാണ് ഷെയ്ന്‍ നിങ്ങളോട് ആദരവ്…
കത്തിപ്പോകാതെ ഈ നാടിനെ ചുറ്റിപ്പിടിച്ചു നില്‍ക്കാന്‍ ഒപ്പമുണ്ടായിരുന്നതിന്. ആ ആര്‍ജ്ജവത്തിന്, കടമയ്ക്ക്…
സമൂഹം കലാപത്തില്‍ കത്തിയെരിയുന്നത് തടയാന്‍ മുന്നിട്ടിറങ്ങുന്ന സിനിമകളിലെ നായകന്മാരെയല്ല, ഷെയ്‌നെ പോലെയുള്ള റിയല്‍ ലൈഫ് ഹീറോകളെയാണ് നാടിനാവശ്യം.
നഷ്ടപ്പെടാന്‍ ഏറെയുള്ളവരാണ് സിനിമാക്കാര്‍. മണിപ്പൂരിലെ രണ്ടു സ്ത്രീകളുടെ ദുരവസ്ഥയോട് അനുതാപം പ്രകടിപ്പിച്ച സുരാജ് വെഞ്ഞാറമ്മൂടിന് എന്തു സംഭവിച്ചു? അവര്‍ക്കിടയിലെ ചോദ്യമിതായിരിക്കും. കൂട്ടത്തിലുള്ളരോട് പോലും ഐക്യപ്പെടാന്‍ കഴിയാത്ത വിധം ഭീരുക്കളുടെ ഒരു സംഘമാണ് മലയാള സിനിമ.
എല്ലാത്തിലും കയറി അഭിപ്രായം പറയണോ സിനിമാക്കാര്‍ എന്നൊരു ചോദ്യമുണ്ട്. വേണ്ടെന്നു പറയാന്‍ ഭൂമിയുമായി ബന്ധമില്ലാത്ത താരങ്ങളല്ലല്ലോ അവര്‍. സാമൂഹികോത്തരവാദിത്തമുള്ള കലാകാരന്മാരല്ലേ? നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ഒരാള്‍ക്കൂട്ടം മുന്നിലുണ്ടെങ്കില്‍ നിങ്ങളവരോട് സംസാരിക്കുക തന്നെ വേണം. നിങ്ങള്‍ക്കീ നാടിനോട് പ്രതിബദ്ധതയുണ്ടെങ്കില്‍, അത് നിങ്ങള്‍ പ്രകടിപ്പിച്ചേ മതിയാകൂ. ഏകാധിപതികളുടെ തുറങ്കിനും, കലാപകാരികളുടെ വാളിനും മുന്നില്‍ ഭയക്കാത്ത കലാകാരന്മാരുടെ ജീവിതത്തോളം മഹത്തായ കലാസൃഷ്ടികളൊന്നും ഭൂമിയിലുണ്ടായിട്ടില്ല.
സിനിമാക്കാരന് പ്രതികരിക്കാന്‍ പാടില്ലെന്നോ, രാഷ്ട്രീയം പറയാന്‍ പാടില്ലെന്നോ, സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടാന്‍ അനുവാദമില്ലെന്നോ ഒരിടത്തും പറഞ്ഞിട്ടില്ല. പക്ഷേ, അങ്ങനെയൊക്കെ ചെയ്യണമെങ്കില്‍ താനുമൊരു സാമൂഹ്യജീവിയാണെന്ന ബോധം ഉണ്ടാകണം. ഷെയ്‌നത് ഉണ്ടായി, ഒരു ഷെയ്‌ന് മാത്രമെ ഉണ്ടായുള്ളൂ.
ഷെയ്‌നുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. ആ വിവാദങ്ങളിലൊന്നില്‍ ഷെയ്‌നിന്റെ എതിരാളിയായിരുന്നയാള്‍ പറഞ്ഞതു കേട്ടിട്ടുണ്ട്; ‘ പള്ളീലെ ഉസ്താദൊക്കെയാണ് അവന് വേണ്ടി സംസാരിക്കാനിറങ്ങിയതെന്ന്’. പേടിക്കാനാണെങ്കില്‍ ഏറെ പേടിക്കാനുണ്ട് ഷെയ്‌ന്. ആരോപണങ്ങള്‍ നേരിടേണ്ടി വരുന്ന സമകാലികരായ യുവനടന്മാരെപോലെയല്ല, അയാളുടെ മതം ഒരു ‘ പ്രശ്‌ന’മാണ്.
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, മലയാളത്തിലെ ഒരു പ്രധാന നടനൊപ്പം യാത്ര ചെയ്യുകയായിരുന്നു. അദ്ദേഹം തന്റെ ഫോണില്‍ ഏതോ വീഡിയോ പ്ലേ ചെയ്ത് കാണുന്നുണ്ടായിരുന്നു. മറ്റാരുമത് ശ്രദ്ധിക്കുന്നില്ല. വീഡിയോ കണ്ടശേഷം(ഒരാവശ്യവുമില്ലാതെ) മറ്റുള്ളവര്‍ കേള്‍ക്കാനായി എന്തെല്ലാമോ പറഞ്ഞശേഷം ആ നടന്‍ പ്രസ്താവിക്കുകയാണ്; താനൊരു ‘ദേശീയ മുസ്ലിം’ ആണെന്ന്!
അതൊരു ഭീരുത്വ പ്രസ്താവനയായിരുന്നുവെന്നതില്‍ ഇന്നും സംശയമില്ല. ആരെയോ തൃപ്തിപ്പെടുത്താനുള്ള പ്രതിരോധമല്ലാതെ മറ്റെന്തിനാണീ ദേശീയ മുസ്ലിം ഐഡന്റിറ്റി?
കളമശേരി കണ്‍വെന്‍ഷന്‍ സെന്റര്‍ സ്‌ഫോടനം നടത്തിയതാരാണെന്ന് തിരിച്ചറിയും മുന്നേ, കേരളം അതിന്റെ ഏറ്റവും ദൗര്‍ഭാഗ്യകരമായ അവസ്ഥ നേരിടാനൊരുങ്ങുകയാണെന്ന് ഏവരും ഭയപ്പെട്ട് നില്‍ക്കെ, എതിരാളികള്‍ നാടിന്റെ ചിതയൊരുക്കി തുടങ്ങവെ; ആ സമയത്ത് തന്നെയായിരുന്നു ഷെയ്ന്‍ നിഗം എന്ന ചെറുപ്പക്കാരന്‍ ഈ നാടിനു വേണ്ടി പറയാന്‍ മുന്നോട്ടു വന്നത്. ഒന്നാലോച്ചു നോക്കൂ, വിജയിച്ചത് നമ്മുടെ ശത്രുക്കളായിരുന്നുവെങ്കില്‍? അവര്‍ വിചാരണ നടത്തി വിധിക്കുന്നവരില്‍ ഈ ചെറുപ്പക്കാരനുമുണ്ടാകുമായിരുന്നു.
ഭയന്ന് നിശബ്ദനാകാമായിരുന്നു ഷെയ്‌നും; അയാളെക്കാള്‍ പ്രായവും അനുഭവ പരിചയവുമുള്ള മറ്റു നടന്മാരെപ്പോലെ. മേല്‍പ്പറഞ്ഞ നടനെപ്പോലെ ദേശീയ മുസ്ലിം ഐഡന്റിറ്റി കഴുത്തില്‍ തൂക്കി ഇനിയുള്ള കാലം മുഴുവനും!
എന്നാലയാള്‍ നിശബ്ദനായില്ല. നമ്മുടെ മേല്‍ പുരട്ടുന്ന വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകള്‍ വിളിച്ചു പറയണമെന്ന് ആഹ്വാനം ചെയ്തവനാണ് ഷെയ്ന്‍. സെലിബ്രിറ്റ് ഇമേജിനപ്പുറം താനീ സമൂഹത്തിലെ ഒരു പൗരനാണെന്നും തനിക്ക് പൗരബോധമുണ്ടെന്നും സന്തോഷവും സാഹോദര്യവും നന്മയും ലോകത്ത് നിലനില്‍ക്കേണ്ടതുണ്ടെന്ന് മനസിലാക്കുന്നവനാണെന്നും തിരിച്ചറിയുന്നവനാണ്.
ഷെയ്ന്‍; ഈ നാട് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു…