UPDATES

തല്ലി പുറത്താക്കാന്‍ നില്‍ക്കുന്നവരോട്; ‘അതിഥി തൊഴിലാളികള്‍’ കേരളത്തിന്റെ ഔദാര്യമല്ല

ആര്‍ട്ടിക്കിള്‍ 19 പ്രകാരം ഇന്ത്യയില്‍ എവിടെയും തൊഴിലെടുക്കുന്നതിനും താമസിക്കുന്നതിനും യാത്ര ചെയ്യുന്നതിനും ഏതൊരു ഇന്ത്യന്‍ പൗരനും അവകാശമുണ്ട്

                       

എറണാകുളം ആലുവയില്‍ അഞ്ചു വയസുകാരിയെ ക്രൂരമായ കൊല ചെയ്ത സംഭവം കേരളത്തിന് ഒരുകാലത്തും ഉണങ്ങാത്ത മുറിവാണ്. മലയാളം പഠിച്ചു തുടങ്ങി, കേരളത്തില്‍ ജീവിച്ചു വളരാന്‍ കൊതിച്ചൊരു ഒന്നാം ക്ലാസുകാരിയാണ് സമാനതകളിലാത്ത ക്രൂരതയ്ക്ക് ഇരയായത്. നിഷ്ഠൂരമായ കുറ്റകൃത്യം ചെയ്ത പ്രതി അസഫാക് ആലത്തിന് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ നിയമസംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൊലപാതകമുണ്ടായ സാഹചര്യത്തിനും പ്രതിക്കും പൊലീസ്/ ഭരണ സംവിധാനത്തിനുമെതിരേ സ്വഭാവികമായി ഉണ്ടാകുന്ന വൈകാരിക പ്രതിഷേധങ്ങള്‍ സമൂഹത്തില്‍ വ്യാപകമായി ഉയരുന്നുണ്ട്. അതിനിടയില്‍ക്കൂടി പ്രസ്തുത സംഭവം ആയുധമാക്കി കേരളത്തിലെ അതിഥി തൊഴിലാളികളെ പുറത്താക്കണമെന്ന വിദ്വേഷ പ്രചാരണവും ചിലര്‍ നടത്തുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട് ക്രൈമുകള്‍ ഉണ്ടാകുമ്പോഴെല്ലാം മൊത്തം വിഭാഗത്തെയും ടാര്‍ഗറ്റ് ചെയ്ത് ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ തന്നെ നടക്കുന്നത് പതിവാണ്. ആലുവയില്‍ നടന്നതുപോലുള്ള ക്രൂരതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ ആവശ്യമുണ്ടെന്നിരിക്കെ, അതിന്റെ പേരില്‍ ജീവിത മാര്‍ഗം തേടിയെത്തിയവരെ മുഴുവന്‍ കുറ്റവാളികളാക്കി മുദ്രകുത്തി പുറത്താക്കേണ്ടതുണ്ടോ? രാഷ്ട്രീയ/വര്‍ഗീയ ലക്ഷ്യങ്ങളില്ലാതെ കേരളം ഉത്തരം ചിന്തിക്കേണ്ട ചോദ്യമാണിത്.

2020 സെപ്തംബറില്‍ എറണാകുളത്ത് മൂന്നു അല്‍ ഖ്വയ്ദ തീവ്രവാദികളെന്നാരോപിച്ച് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ പിടികൂടിയ സംഭവത്തിനു പിന്നാലെയും വലിയ തോതിലുള്ള വിദ്വേഷ പ്രചാരണം നടന്നിരുന്നു. ബിജെപി നേതാക്കള്‍ കേരള സര്‍ക്കാരിനെ തന്നെ ഈ വിഷയത്തില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തി ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. കേരളത്തിലുള്ളത് ബംഗ്ലാദേശ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും അനധികൃതമായി കുടിയേറിയെത്തിയവരാണെന്ന പ്രചാരണമായിരുന്നു ഒരു തെളിവിന്റെയും അടിസ്ഥാനമില്ലാതെ പ്രചരിപ്പിച്ചത്. പിടിയിലായവര്‍ അതിഥി തൊഴിലാളികളെന്ന വ്യാജേനയാണ് കേരളത്തില്‍ കഴിഞ്ഞിരുന്നതെന്ന വിവരം എന്‍ ഐ എ പുറത്തു വിട്ടതോടെ എല്ലാ അതിഥിതൊഴിലാളികളും ഭീകരവാദികളാണെന്ന തരത്തിലായി പ്രചാരണം. ഇപ്പോള്‍ നടക്കുന്നതും സമാന കാര്യങ്ങളാണ്.

കേരളത്തില്‍ ജോലി തേടി വരുന്ന 99.99 ശതമാനം അതിഥി തൊഴിലാളികളും നിവൃത്തികേടുകൊണ്ട് വരുന്നവരാണ്. അവരുടെ നാട്ടില്‍ ജോലിയോ അര്‍ഹമായ കൂലിയോ കിട്ടാത്തതുകൊണ്ട്. ‘അതിഥി’യെന്നു വിളിക്കുമ്പോഴും ആ വിളിക്കുള്ളിലും മലയാളി പുലര്‍ത്തുന്ന അകല്‍ച്ച മനസിലാക്കിക്കൊണ്ട് തന്നെ ജീവിതോപധി തേടുന്നവര്‍.

ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും മനുഷ്യര്‍ കേരളത്തില്‍ വന്ന് തൊഴിലെടുക്കുന്നുണ്ടെങ്കില്‍, അത് നമ്മള്‍ അവരോട് കാണിക്കുന്ന ഔദാര്യമല്ല. ഇന്ത്യയില്‍ എവിടെയും തൊഴിലെടുക്കുന്നതിനും താമസിക്കുന്നതിനും യാത്ര ചെയ്യുന്നതിനും ഏതൊരു ഇന്ത്യന്‍ പൗരനും അവകാശമുണ്ട്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി എണ്ണത്തിലേറെയുണ്ട് മലയാളി കുടിയേറ്റക്കാര്‍.

ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ കേരളത്തില്‍ സജീവമാകാന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിനടുത്തായി. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായോ മറ്റ് അക്രമങ്ങള്‍ നടത്താനോ ഒന്നുമല്ല ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ ഇങ്ങോട്ട് വരുന്നത്. തൊഴിലിനുവേണ്ടിയുള്ള കുടിയേറ്റം ഒരു സാമൂഹിക സാഹചര്യമാണ്. കേരളത്തിന് വിവിധ സംസ്ഥാനങ്ങളുമായി കുടിയേറ്റ ഇടനാഴികളുണ്ട് (migration corridor). അതില്‍ തന്നെ ജില്ല കുടിയേറ്റ ഇടനാഴികളുമുണ്ട്. എറണാകുളം ജില്ലയിലുള്ള 80 ശതമാനത്തിലധികം തൊഴിലാളികളും പശ്ചിമ ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ്. അതില്‍ തന്നെ കൂടുതല്‍ പേരും മുര്‍ഷിദാബാദില്‍ നിന്നുള്ളവരും. അതിനു കാരണം എറണാകുളം ജില്ലയും മുര്‍ഷിദാബാദ് ജില്ലയും തമ്മില്‍ ഒരു കുടിയേറ്റ ഇടനാഴിയുണ്ട് എന്നതുകൊണ്ടാണ്. അല്ലാതെ, പ്രത്യേക ലക്ഷ്യംവച്ച് അവരിങ്ങോട്ട് വരുന്നതല്ല. എന്തുകൊണ്ട് എറണാകുളവും പെരുമ്പാവൂരുമൊക്കെ പ്രധാന കേന്ദ്രമാകുന്നുവെന്നാണ് സംശയകരമായ രീതിയില്‍ പലരും ചോദിക്കുന്നത്. സംസ്ഥാനം രൂപീകരിച്ച കാലം തൊട്ട് കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ വരുന്നുണ്ട്. തുടക്കം തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമായിരുന്നവെങ്കില്‍ 90 കളുടെ പകുതിക്ക് ശേഷമാണ്, കൃത്യമായി പറഞ്ഞാല്‍ 1995 നുശേഷം ഉത്തരേന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ വന്നു തുടങ്ങിയത്. അവരില്‍ കൂടുതല്‍ പേരും എറണാകുളം ജില്ലയിലേക്കായിരുന്നു വരുന്നത്. പ്ലൈവുഡിനു വേണ്ടിയുള്ള വനാധിഷ്ഠിത മരം മുറിക്കല്‍ ദേശീയതലത്തില്‍ നിരോധിച്ചതോടെ റബര്‍ ഉപയോഗിച്ച് പ്ലൈവുഡ് നിര്‍മിക്കുന്ന കേരളത്തിലെ പെരുമ്പാവൂര്‍ ഒരു പ്രധാന പ്ലൈവുഡ് നിര്‍മാണ വ്യവസായ കേന്ദ്രമായി മാറി. അങ്ങനെയാണ് കുടിയേറ്റ തൊഴിലാളികള്‍ കൂട്ടമായി പെരുമ്പാവൂരിലേക്ക് വരാന്‍ തുടങ്ങിയത്. വലിയൊരു ചരിത്രം ഇതിനു പിന്നില്‍ പറയാനുണ്ട്. തൊഴിലിന്റെയും അതിജീവനത്തിന്റെയും ചരിത്രം.

തങ്ങളുടെ നാടുകളില്‍ മാസം പതിനായിരം രൂപയെങ്കിലും കിട്ടുന്ന സാഹചര്യമുണ്ടായിരുന്നുവെങ്കില്‍ കൊലപാതകിയെന്നും തീവ്രവാദിയെന്നും പഴി കേട്ടുകൊണ്ട് ജോലി ചെയ്യാന്‍ ‘ ബംഗാളി’യും ‘ഭായി’മാരും ഇങ്ങോട്ട് വരില്ലായിരുന്നു. മലയാളിക്ക് കിട്ടുന്ന കൂലി ഇതരസംസ്ഥാന തൊഴിലാളിക്ക് ഇന്നും കൊടുക്കുന്നില്ല. അവരെ ചേര്‍ത്തു പിടിക്കാന്‍ ഇപ്പോഴും നമ്മുടെ മാനസികാവസ്ഥയ്ക്കായിട്ടില്ല. വര്‍ഷങ്ങളായി നമ്മുടെ കൂടെ പണിയെടുക്കുന്നവരായിട്ടും അവരുടെ പേരുപോലും നമുക്കറിയില്ല, ഭായിമാര്‍ മാത്രമാണവര്‍. മലയാളിക്ക് കൊടുക്കേണ്ട കൂലിയോര്‍ത്ത് പേടിച്ചാണ് ഇതര സംസ്ഥാനക്കാരെ നമ്മള്‍ ജോലിക്കു വയ്ക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെ കേരളത്തിനാണ് വേണ്ടത്.

കേരളത്തിന്റെ ഇക്കോണമിയെ താങ്ങിനിര്‍ത്തുന്നതില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് വലിയ പങ്കുണ്ട്. നേരിട്ടോ അല്ലാതെയോ കുടിയേറ്റ തൊഴിലാളികളെക്കൊണ്ട് പ്രയോജനമില്ലാത്ത ഒരു മലയാളി കുടുംബവും കേരളത്തിലില്ല.

2018ല്‍ പെരുമ്പാവൂര്‍ പൂക്കാട്ടുപടിയില്‍ നിമിഷ എന്ന പെണ്‍കുട്ടിയെ പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളി കഴുത്ത് അറത്ത് കൊലപ്പെടുത്തിയപ്പോഴും ‘ഇതരസംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്താണെന്നും ക്രിമിനലുകളായ ഇവരെ കേരളത്തില്‍ നിന്നും തല്ലിയോടിക്കണ’മെന്നുള്ള ആക്രോശങ്ങള്‍ പലയിടത്തു നിന്നും ഉയര്‍ന്നിരുന്നു. ഇതര സംസ്ഥാനക്കാര്‍ പ്രതികളാകുന്ന കേസുകള്‍ ഉണ്ടാകുമ്പോഴെല്ലാം അവര്‍ എല്ലാവരും തന്നെ ‘കൊലപാതകികളും സ്ത്രീപീഡകരും മോഷ്ടാക്കളും അമിത ലഹരി ഉപയോക്താക്കളു’മൊക്കെയായി മാറും. ഇതരസംസ്ഥാനക്കാര്‍ തങ്ങളുടെ സൈ്വര്യജീവിതത്തിനും മനസമാധാനത്തിനും തടസ്സമാണെന്ന പ്രാദേശിക വാദം മലയാളി ഉയര്‍ത്തും.

ആരെയാണോ കേരളത്തില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നത്, അവരെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യുന്നതും മലയാളി തന്നെയാണ്. ഇതരസംസ്ഥാനക്കാരെ കൊണ്ട് സാമ്പത്തിക നേട്ടം(ജോലി ചെയ്യിപ്പിച്ചു മാത്രമല്ല) കൊയ്യുന്ന എത്രയോ മലയാളികളെ കേരളത്തിലുടനീളം കാണാം.

എത്ര ഇതരസംസ്ഥാനക്കാര്‍ വേണമെങ്കിലും വന്നോട്ടെ, തൊഴിലെടുത്തോട്ടോ, താമസിച്ചോട്ടെ എന്നു പ്രോത്സാഹിപ്പിക്കുന്നവരാണ് കേരളീയര്‍. അവരൊക്കൊണ്ടുള്ള വരുമാനവും ലാഭവും ഓര്‍ത്താണത്. ഇതില്‍ തൊഴിലുടമകളുണ്ട്, ഇതരസംസ്ഥാന തൊഴിലാളികളെ വിതരണം ചെയ്യുന്ന കോണ്‍ട്രാക്റ്റര്‍മാരുണ്ട്, സാധാരണക്കാരുണ്ട്. ഇവരെല്ലാം ഓരോരോ രീതിയില്‍ ഈ തൊഴിലാളികളെ ചൂഷണം ചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നവരാണ്.

തൊഴിലുടമകളെയും കോണ്‍ട്രാക്ടര്‍മാരെയും പോലെ ഇതര സംസ്ഥാനക്കാരെ പ്രോത്സാഹിപ്പിക്കുന്ന സാധാരണക്കാരുണ്ട്; അവര്‍ക്ക് താമസ സൗകര്യമൊരുക്കുന്നവര്‍. ആട്ടിന്‍കൂടുപോലുള്ള റൂമുകളില്‍ തലയെണ്ണി കാശുവാങ്ങി ഈ ഇതരസംസ്ഥാനക്കാരെ താമസിപ്പിക്കുന്നവര്‍. അങ്ങനെയുള്ളവര്‍ കൂടുതല്‍ ആളുകള്‍ വരാന്‍ കാത്തിരിക്കുന്നവരാണ്.സകൂടുതല്‍ ആളെ കിട്ടിയാല്‍ അത്രയും കാശാണ് കിട്ടുന്നത്. ലാഭം അധികമുള്ള ബിസിനസ്സാണ്.

ഈ ബിസിനസ്സ് കേരളത്തില്‍ ഇതര സംസ്ഥാനക്കാരുള്ള എല്ലായിടത്തും നടക്കുന്നതാണ്. ഒരു മലയാളി വാടകയ്ക്ക് താമസിക്കുന്നതുപോലെയല്ല ഇതരസംസ്ഥാനക്കാരായ തൊഴിലാളികളുടെ വാടക ജീവിതം. നരകതുല്യമാണ് പലതും. ഒരു മുറിയില്‍ പത്തും ഇരുപതും പേരാണ് താമസിക്കുന്നത്. മലയാളി തനിക്ക് മാത്രമായി ഒരു മുറി വേണമെന്ന് നിര്‍ബന്ധം പിടിക്കുമ്പോള്‍ ഒരു ഇതരസംസ്ഥാനക്കാരന് വേണ്ടത് കിടക്കാന്‍ ഒരിടമാണ്. മാസം ഇരുപത്തിഅയ്യായിരത്തിനു മുകളിലൊക്കെ ഇത്തരത്തില്‍ ഇതരസംസ്ഥാനക്കാരെ കൊണ്ട് സമ്പാദിച്ചു കൂട്ടുന്നുണ്ട് മലയാളി. ഇതരസംസ്ഥാനക്കാര്‍ക്കു വേണ്ടി മുറികള്‍ തിരിച്ച ലൈന്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചിടുകയാണ്. കച്ചവട സ്ഥാപനങ്ങള്‍ക്കു മുകളിലോ സ്വന്തം വീടുകളോട് ചേര്‍ന്നോ ഒക്കെ ഇത്തരം വാടകയിടങ്ങള്‍ ഉണ്ടാക്കിയിടുന്നു. അതിലേക്ക് എത്രപേര്‍ വേണമെങ്കിലും വന്നോട്ടെ, കാശ് കിട്ടിയാല്‍ മാത്രം മതിയെന്നാണ്. തിരിച്ചറിയല്‍ രേഖകള്‍ പോലും പലരും നോക്കാറില്ല. 20 ഉം 30 ഉം പേരൊക്കെയാണ് ഒരു മുറിയില്‍ തന്നെ താമസിക്കുന്നത്. ഒരാളില്‍ നിന്നും രണ്ടായിരവും അയ്യായിരവുമൊക്കെ വാടകയും വാങ്ങും. ആളെണ്ണം വച്ച് തുക കൂട്ടി നോക്കിയാല്‍ ഒരു മാസം എത്ര രൂപയാണ് കിട്ടുന്നത്! ആകെ ഒരു കക്കൂസും ഒരു കുളിമുറിയും ആയിരിക്കും പത്തും അമ്പതുംപേര്‍ക്ക് കൂടിയുള്ളത്. അവര്‍ക്ക് അതിലൊന്നും ഒരു പരാതിയുമുണ്ടാകില്ല. കൃത്യം തീയതിക്ക് വാടകയും കൊടുക്കും. അതുകൊണ്ട് എത്ര പേര്‍ വന്നാലും തങ്ങള്‍ക്ക് കുഴപ്പമില്ല, അത്രയും ലാഭം എന്നു കരുതുന്നവരാണ് മലയാളികള്‍. ഈ വരുന്നവരൊക്കെ ഏതു തരക്കാര്‍ ആണെന്ന അന്വേഷണം പോലുമില്ല. ഈ തൊഴിലാളികളില്‍ ഒരാള്‍ ആയിരിക്കും ആദ്യം താമസൗകര്യം അന്വേഷിച്ച് വരുന്നത്. അയാള്‍ പറഞ്ഞിട്ട് മറ്റൊരാള്‍ വരും, അവന്‍ പറഞ്ഞ് അടുത്തയാള്‍…ഇങ്ങനെയാണ് ആളുകൂടുന്നത്. ഈ വരുന്നരില്‍ ഒരു രേഖയും ഇല്ലാത്തവര്‍ ഉണ്ടാകും, ക്രിമിനലുകള്‍ ഉണ്ടാകും, കൊലപാതികളോ മോഷ്ടക്കളോ ഒക്കെ കാണും. ഇതൊന്നും വാടകയ്ക്ക് ഇവരെ താമസിപ്പിക്കുന്നവര്‍ അന്വേഷിക്കുന്നില്ല. തങ്ങളില്‍ ഒരു സംശയം ഉണ്ടാകാതിരിക്കാനും താമസസൗകര്യം നഷ്ടപ്പെടാതിരിക്കാനും വാടക കൃത്യമായി കൊടുക്കാന്‍ അവര്‍ തയ്യാറാകുന്നതുകൊണ്ട് ഇവരെ കുറിച്ച് യാതൊന്നും തന്നെ അന്വേഷിക്കാനും ഉടമസ്ഥന്‍ മെനക്കെടില്ല. ഇത്തരം താമസ സ്ഥാലങ്ങളില്‍ കൃത്യമായി അന്വേഷണം നടത്താന്‍ ഭരണസംവിധാനങ്ങളും മെനക്കെടാറില്ല.

മുന്നൂറും നാന്നൂറും ദിവസക്കൂലിക്ക് കഠിനമായ ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗം ഇതരസംസ്ഥാന തൊഴിലാളികളും. ഇത്രയും കുറച്ച് തുകയാണോ ഇവര്‍ക്ക് കൂലിയായി കൊടുക്കുന്നത് എന്ന് അന്വേഷിക്കുമ്പോഴാണ് ഈ തൊഴിലാളികളെ കൊണ്ട് ലാഭം കൊയ്യുന്ന കോണ്‍ട്രാക്റ്റര്‍മാരെ കാണാന്‍ കഴിയുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെ സപ്ലൈ ചെയ്ത് പണം സമ്പാദിക്കുന്ന കോണ്‍ട്രാക്റ്റര്‍മാര്‍ കൂടുകയാണ് കേരളത്തില്‍. ഓരോ കമ്പനിയും തൊഴിലിടങ്ങളും ആവശ്യപ്പെടുന്ന തൊഴിലാളികളെ ഇവര്‍ സപ്ലൈ ചെയ്യും. ഈ രീതി കമ്പനികള്‍ക്കും ഗുണമാണ്. ഒരു കേസില്‍ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളി ഏതു കമ്പനിയിലാണ് ജോലി ചെയ്തിരുന്നതെന്ന് അന്വേഷണം വന്നാല്‍ അവനെ ജോലിക്കെടുത്തത് രേഖകള്‍ എല്ലാം പരിശോധിച്ചാണോ എന്ന ചോദ്യം വരും. അല്ലെങ്കില്‍ ഈ സ്ഥാപനവും കുറ്റക്കാരാണ്. ഇത്തരം പ്രശ്നങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടാകാതിരിക്കാന്‍ ഇവരാരും ഇതരസംസ്ഥാനക്കാരെ നേരിട്ട് തൊഴിലാളികളായി വിളിക്കില്ല. പകരം തങ്ങള്‍ക്ക് ആവശ്യമായ തൊഴിലാളികളെ സപ്ലൈ ചെയ്യാന്‍ കോണ്‍ട്രാക്റ്റര്‍മാരെ സമീപിക്കും. ചോദിക്കുന്ന എണ്ണം തൊഴിലാളികളെ കോണ്‍ട്രാക്റ്റര്‍മാര്‍ കൊടുക്കും. ഇവര്‍ക്കുള്ള കൂലി ഇതേ കോണ്‍ട്രാക്റ്ററെ ഏല്‍പ്പിക്കും. ആളൊരാള്‍ക്ക് എണ്ണൂറു മുതല്‍ ആയിരം രൂപവച്ച് കമ്പനി കൂലി കൊടുത്താല്‍ കോണ്‍ട്രാക്റ്റര്‍ അത് നാന്നൂറോ മൂന്നോറോ ആക്കും ബാക്കി അയാള്‍ക്ക് ഉള്ളത്. ഈ കൂലി ഓരോരുത്തരേയും വിളിച്ച് ഏല്‍പ്പിക്കുകയില്ല, അവരുടെ കൂട്ടത്തില്‍ ഒരു ലീഡറെ തെരഞ്ഞെടുത്ത് അയാളുടെ കൈവശം ഏല്‍പ്പിക്കും.

ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന കേസുകള്‍ ഉണ്ടാകുമ്പോഴെല്ലാം സര്‍ക്കാരും ഒപ്പം പ്രതിക്കൂട്ടിലാകും. കുടിയേറ്റ തൊഴിലാളികളോട് ഏറ്റവും സൗഹാര്‍ദ്ദപരമായി ഇടപെടുന്ന ഭരണകൂടമാണ് കേരള സര്‍ക്കാര്‍. വേതനത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ നിരവധി തൊഴിലാളി അവകാശങ്ങള്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. നിരവധി പദ്ധതികള്‍ കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എങ്കിലും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാരിന് കഴിയാതെ വരുന്നതാണ് പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്. അനധികൃതമായ ഒഴുക്ക് കേരളത്തിലേക്ക് സംഭവിക്കുന്നുണ്ടെന്നും തൊഴിലെടുക്കാനെത്തുന്നവരെക്കൂടാതെ ക്രിമിനലുകളുടെ വരവും ഉണ്ടാകുന്നുണ്ടെന്നും ആക്ഷേപങ്ങളുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ക്രാമധീതമായ വര്‍ദ്ധനവ് കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തില്‍ കേരളത്തില്‍ ഉണ്ടാകുന്നുണ്ട്. തൊഴില്‍ വകുപ്പ് ഉത്തരവാദിത്തപരമായ ഇടപെടല്‍ സംഘടിപ്പിക്കുമ്പോഴും കൃത്യമായൊരു ഡേറ്റ ബാങ്ക് ഇതരസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഇതര ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു കേരളത്തിലേക്ക് ആദ്യകാലങ്ങളില്‍ കുടിയേറ്റ തൊഴിലാളികളുടെ വരവ് എങ്കിലും 1990 കളുടെ രണ്ടാം പകുതി തൊട്ട് വടക്ക്, കിഴക്ക്, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങൡ നിന്നും കേരളത്തിലേക്ക് തൊഴില്‍ തേടിയെടുത്തുന്നവരുടെ ഒഴുക്ക് ആരംഭിക്കുകയും ഇന്നത് ശക്തമായ രീതിയില്‍ തുടരുകയും ചെയ്യുന്നു. പശ്ചിമ ബംഗാള്‍, ഒഡീഷ, ബിഹാര്‍, ഝാര്‍ഖണ്ഡ്, അസം തുടങ്ങിയിടങ്ങളില്‍ നിന്നാണ് ഭൂരിപക്ഷം പേരും എത്തുന്നത്.

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ തൊഴില്‍ വകുപ്പിന് വേണ്ടി 2013 ല്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് 25 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്തു വരുന്നുണ്ട് എന്നായിരുന്നു കണക്ക്. 2017 ല്‍ അന്നത്തെ തൊഴില്‍ വകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞ മറുപടി പ്രകാരം, 2010 ലെ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം സംസ്ഥാനത്ത് 54366 ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. ജില്ല തിരിച്ചും ജന്‍ഡര്‍ തിരിച്ചുമുള്ള കണക്ക് ആ സമയത്ത് സര്‍ക്കാരിന്റെ കൈവശം ഉണ്ടായിരുന്നുമില്ല. അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആവാസ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ 2018 ജൂലായ് വരെയുള്ള കണക്കു പ്രകാരം ആകെ 2,89,324 തൊഴിലാളികളുടെ പേരു വിവരങ്ങളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. 2017 നവംബറിലാണ് ആവാസ് ഇന്‍ഷ്വറന്‍സ് പദ്ധതി ആരംഭിച്ചത്. തൊഴില്‍ വകുപ്പിന്റെ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം ആവാസ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 5.20 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളാണ്. അതേസമയം അനൗദ്യോകിക കണക്കുകളായി പറയുന്നത് 2013 ല്‍ 25 ലക്ഷം ഉണ്ടായിരുന്നിടത്ത് നിന്നും 2016 ല്‍ ഇത് ഏകദേശം 40 ലക്ഷമായെന്നും നിലവില്‍ 48 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ഉണ്ടെന്നുമാണ്. സര്‍ക്കാരിന്റെ കൈയിലുള്ള കണക്കിനെക്കാള്‍ അധികമുണ്ട്, കേരളത്തിലുള്ള ഇതര സംസ്ഥാനക്കാര്‍ എന്നാണ് മാധ്യമങ്ങളിലടക്കം വരുന്ന കണക്കുകള്‍.

പലതരത്തിലുള്ള കണക്കുകള്‍ പ്രചരിക്കുന്നത് തടയേണ്ടത് സര്‍ക്കാരാണ്. അമിതമായ കണക്കുകള്‍ ചൂണ്ടിക്കാട്ടി ഇതരസംസ്ഥാനക്കാര്‍ കേരളത്തിന് ഭീഷണിയാകുന്നുവെന്ന പ്രചാരണവും ഇതിനൊപ്പം ശക്തമാണ്. അനധികൃതമായി ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മാറില്‍ നിന്നുമൊക്കെ ആളുകള്‍ എത്തുന്നുണ്ടെന്നാണ് രേഖകളില്ലാത്ത ‘ വലിയ കണക്കുകള്‍’ മുന്നില്‍ വച്ച് വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് വരെ ഒരു വിഭാഗം കോപ്പ് കൂട്ടുന്നതും. സര്‍ക്കാരിന്റെ നിയന്ത്രണവും മേല്‍നോട്ടവും അതിഥി തൊഴിലാളികളുടെ മേല്‍ ഉണ്ടെങ്കില്‍, അതേറ്റവും ഗുണം ചെയ്യുക അവര്‍ക്ക് തന്നെയാണ്. നിരന്തരമുണ്ടാകുന്ന ആരോപണങ്ങളില്‍ നിന്നും അവര്‍ക്ക് രക്ഷപ്പെടാനാകും.

ക്രൂരമായ കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്നുണ്ടെങ്കിലും അവരുടെ എണ്ണം അനുസരിച്ച് കേസുകള്‍ പരിഗണിച്ചാല്‍, അന്തരീക്ഷത്തില്‍ പ്രചരിക്കുന്നയത്ര ഭീകരവാദികളല്ല അവരെന്നും മനസിലാകും. 2023 മേയ് വരെ കേരളത്തില്‍ 131 കൊലപാതകങ്ങളും, 390 കൊലപാതക ശ്രമങ്ങളും, 1078 ബലാത്സംഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബഹുഭൂരിപക്ഷം കേസുകളിലും മലയാളികള്‍ തന്നെയാണ് പ്രതികള്‍. 2016 മുതലുള്ള കണക്കുകള്‍ നോക്കിയാലും മാറ്റമില്ലെന്ന് കാണാം. എന്നാല്‍ അവര്‍ ഉള്‍പ്പെടുന്ന ചില കേസുകള്‍ രക്തം മരവപ്പിക്കുന്ന കൊലപാതകങ്ങളാകുമ്പോള്‍, യാതൊരു ദയയും അര്‍ഹിക്കാത്ത ക്രിമിനലുകളാക്കി മൊത്തം ഇതര സംസ്ഥാന തൊഴിലാളികളും ചിത്രീകരിക്കപ്പെടുകയാണ്. ശത്രുതാമനോഭാവത്തോടെയുള്ള വംശീയ ആക്രമണം നടത്തി നാടു കടത്തുകയല്ല വേണ്ടത്, മനുഷ്യത്വപരമായ നിയമപ്രക്രിയകളിലൂടെ അതിഥി തൊഴിലാളികളെ കൂടെ നിര്‍ത്തുകയാണ് കേരളം ചെയ്യേണ്ടത്.

Share on

മറ്റുവാര്‍ത്തകള്‍