UPDATES

വിദേശം

അല്‍ ജസീറയെ ഇസ്രയേലില്‍ നിന്നും പുറത്താക്കാന്‍ നെതന്യാഹൂ

സുരക്ഷാ ഭീഷണിയുടെ പേരിൽ അൽ ജസീറക്കും അന്താരാഷ്ട്ര വാർത്താ മാധ്യമങ്ങൾക്കും നിരോധനം ഏർപ്പെടുത്തി ഇസ്രയേൽ

                       

അൽ ജസീറയടക്കം സുരക്ഷയ്ക്ക് ഭീഷണിയെന്ന് കരുതുന്ന മറ്റ് അന്താരാഷ്ട്ര വാർത്താ മാധ്യമങ്ങൾക്കും നിരോധനം ഏർപ്പെടുത്തുന്ന ബില്ലിന് ഇസ്രായേലി നിയമസഭാംഗങ്ങൾ അംഗീകാരം നൽകി. രാജ്യത്തിനകത്ത് അൽ ജസീറയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാഗ്ദാനം ചെയ്തതിന് തൊട്ട് പിന്നാലെ, വിദേശ വാർത്താ ശൃംഖലകൾ അടച്ചുപൂട്ടാൻ പാർലമെൻ്റ് മുതിർന്ന മന്ത്രിമാർക്ക് അധികാരം നൽകുകയായിരുന്നു.

പ്രാബല്യത്തിൽ കൊണ്ടുവന്ന നിയമപ്രകാരം ഖത്തർ സാറ്റലൈറ്റ് ടെലിവിഷൻ സ്റ്റേഷൻ ഇനി ഇസ്രായേലിൽ സംപ്രേക്ഷണം ചെയ്യില്ലെന്നും, ടെലിവിഷൻ സ്റ്റേഷനെതിരെ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു സോഷ്യൽ മീഡിയ അക്കൗണ്ട് വഴി അറിയിച്ചു. “അൽ ജസീറ ഇനി ഇസ്രായേലിൽ നിന്ന് സംപ്രേക്ഷണം ചെയ്യില്ല, ചാനലിൻ്റെ പ്രവർത്തനം നിർത്തുന്നതിന് പുതിയ നിയമം അനുസരിച്ച് ഉടനടി തീരുമാനമെടുക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു ” എന്നാണ് ഏപ്രിൽ ഒന്ന് തിങ്കളാഴ്ചത്തെ അന്തിമ തീരുമാനത്തിനൊടുവിൽ നിയമം അംഗീകരിച്ചതിന് പിന്നാലെ നെതന്യാഹു എക്‌സിൽ പങ്ക് വച്ച പോസ്റ്റിൽ എഴുതിയത്.

എന്നാൽ നെതന്യാഹുവിൻ്റെ പ്രസ്താവനകളെ അൽ ജസീറ അപലപിച്ചു, അദ്ദേഹത്തിന്റ പ്രസ്താവനകളെ “അപകടകരവും പരിഹാസ്യവുമായ നുണ” എന്ന് വിളിക്കുകയും, നിലവിൽ മാധ്യമ സ്ഥാപനങ്ങൾക്കും പത്രസ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണങ്ങൾക്കുള്ള പ്രധാനമന്ത്രിയുടെ ന്യായീകരണമാണിതെന്നും അൽ ജസീറ പറഞ്ഞു. കൂടാതെ, അൽ ജസീറ നെറ്റ്‌വർക്ക് തങ്ങളുടെ റിപ്പോർട്ടിംഗിൽ തുടർന്ന് വരുന്ന “ധൈര്യവും പ്രൊഫഷണലിസവും” ഇനിയും തുടരുമെന്നും പ്രതിജ്ഞയെടുത്തതായും തങ്ങളുടെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

പുതിയ നിയമത്തിന്റെയും അൽ ജസീറയുടെ നിരോധനത്തെ പറ്റിയും വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ പിയറി ആശങ്ക പ്രകടിപ്പിച്ചു. “ഞങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നവരാണ്, മാധ്യമങ്ങൾ എപ്പോഴും വിമർശനാത്മകമായിരിക്കും. അതുകൊണ്ട് തന്നെയാണ് സമൂഹത്തിൽ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നത്. ലോകമെമ്പാടുമുള്ള പത്രപ്രവർത്തകർ ചെയ്യുന്ന നിർണായകയും സങ്കീർണവുമായ ജോലിയെ അമേരിക്ക പിന്തുണയ്ക്കുന്നുണ്ട്. അതിൽ ഗാസയിലെ സംഘർഷത്തെക്കുറിച്ചും റിപ്പോർട്ട് ചെയ്യുന്നവരും ഉൾപ്പെടുന്നുണ്ട് എന്നാണ്,” ജീൻ-പിയറി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. മാധ്യമ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം പത്രസ്വാതന്ത്യ്രം വളരെ പ്രധാനപെട്ടതാണ് എന്നും ജീൻ- പിയറി കൂട്ടിച്ചേർത്തു.

അൽ ജസീറ ഉടനടി അടച്ചുപൂട്ടുമെന്ന് ടെലികമ്മ്യൂണിക്കേഷൻ മന്ത്രി ഷ്ലോമോ കാർഹി പറഞ്ഞു. കൂടാതെ, ലോകമെമ്പാടും ഇസ്രയേലിനെതിരായ ശത്രുതയ്ക്ക് അൽ ജസീറ പ്രോത്സാഹനം നൽകുന്നുവെന്നും കാർഹി ആരോപിച്ചു. ‘സർക്കാർ പ്രസ് ഓഫീസിൽ നിന്നും ഇസ്രയേലിലെ ഓഫീസുകളിൽ നിന്നുമുള്ള പ്രസ് ക്രെഡൻഷ്യലുകളുള്ള ഒരു മാധ്യമ സ്ഥാപനം തന്നെ ഈ യുദ്ധസമയത്ത് ഇസ്രയേലിനെതിരായി പ്രവർത്തിക്കുന്നത് അനുവദിക്കാൻ കഴിയില്ല’ എന്നും ഷ്ലോമോ കർഹി പറഞ്ഞു. കൂടാതെ, ഇസ്രയേലുമായുള്ള ഏറ്റുമുട്ടലിൽ ഗാസയിൽ നിന്ന് തത്സമയം സംപ്രേക്ഷണം ചെയ്യുന്ന അൽ ജസീറയുടെ നേർക്ക് നടപടികൾ ഉണ്ടാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രയേലിലും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലും അൽ ജസീറയുടെ പ്രവർത്തനങ്ങൾ തകർക്കാൻ അടിയന്തര നിയന്ത്രണങ്ങൾ ഉപയോഗിക്കുമെന്ന് ഇസ്രായേൽ ഭീഷണിപ്പെടുത്തുന്നത് ഇതാദ്യമല്ല. ഗാസയിലെ ഇസ്രയേലിൻ്റെ സൈനിക നടപടിയെ രൂക്ഷമായി വിമർശിച്ച അൽ ജസീറ, ഇസ്രായേൽ തങ്ങളുടെ ഓഫീസുകളെയും ഉദ്യോഗസ്ഥരെയും ആസൂത്രിതമായി ലക്ഷ്യമിടുന്നതായി നേരത്തെ ആരോപനണങ്ങൾ ഉന്നയിച്ചിരുന്നു.

2023 ഒക്‌ടോബർ പകുതിയോടെ, രാജ്യത്തിൻ്റെ താൽപ്പര്യങ്ങൾക്ക് ഭീഷണിയായി കണക്കിലെടുക്കുന്ന വിദേശ മാധ്യമ സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടാൻ അനുവദിക്കുന്ന യുദ്ധകാല നിയന്ത്രണങ്ങൾക്ക് ഇസ്രയേൽ സർക്കാർ അംഗീകാരം നൽകിയിരുന്നു. അൽ ജസീറയെയും മറ്റ് മാധ്യമ സ്ഥാപനങ്ങളെയും അടച്ചുപൂട്ടാനുള്ള നീക്കങ്ങളെ നിരവധി മാധ്യമ സ്വാതന്ത്ര്യ സംഘടനകൾ ശക്തമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

വെസ്റ്റ് ബാങ്കിലും ഗാസയിലുമുള്ള അൽ ജസീറയുടെ ഓഫീസുകൾക്കെതിരെ ഇസ്രയേൽ ഇടയ്ക്കിടെ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. 2017 ൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകരെ പുറത്താക്കുമെന്നും ഓഫീസുകൾ അടച്ചുപൂട്ടുമെന്നും സംപ്രേക്ഷണം ചെയ്യുന്നത് തടയുമെന്നും ഇസ്രയേൽ പ്രതിജ്ഞയെടുത്തിരുന്നു. അന്നത്തെ കമ്മ്യൂണിക്കേഷൻസ് മന്ത്രിയായിരുന്ന അയൂബ് കാര, അൽജസീറ അക്രമം വളർത്തുന്നുവെന്ന് ആരോപിച്ചിരുന്നു. 2022-ൽ, വെസ്റ്റ്ബാങ്കിൽ സ്ഥിതി ചെയ്യുന്ന ജെനിനിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ അൽ ജസീറ ലേഖകൻ ഷിറീൻ അബു അഖ്‌ല ഇസ്രയേൽ സേനയാൽ കൊല്ലപ്പെട്ടു. ഗാസയിൽ തങ്ങളുടെ രണ്ട് മാധ്യമപ്രവർത്തകരെ ഇസ്രയേൽ കൊലപ്പെടുത്തിയതായി 2024 ജനുവരിയിൽ അൽ ജസീറ ആരോപിച്ചിരുന്നു.

ഗാസയിൽ യുദ്ധത്തിന് തുടക്കമിട്ട ഹമാസ് ഇസ്രായേലിനെതിരെ ആക്രമണം ആരംഭിച്ചതിന് ശേഷം 103 പലസ്തീൻ പത്രപ്രവർത്തകരെ ഇസ്രായേൽ പ്രതിരോധ സേന വധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

 

Share on

മറ്റുവാര്‍ത്തകള്‍