ഇന്ത്യയെക്കുറിച്ച് പക്ഷപാതപരവും നിഷേധാത്മകവുമായ റിപ്പോര്‍ട്ടിംഗ് നടത്തിയെന്നും വീസ നിയമങ്ങളുടെ ലംഘനവും ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഫ്രഞ്ച് പത്ര പ്രവര്‍ത്തകയുടെ ഒസിഐ കാര്‍ഡ് അസാധുവാക്കാനുള്ള നോട്ടീസ് നല്‍കി. ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ അഥവ ഒസിഐ കാര്‍ഡ് ഇന്ത്യന്‍ വംശജരായ വ്യക്തികള്‍ക്കും അവരുടെ ജീവിതപങ്കാളികള്‍ക്കും അനിശ്ചിതമായി ഇന്ത്യയില്‍ ജീവിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന സ്ഥിര താമസത്തിനുള്ള അനുമതിയാണ്. കാര്‍ഡ് ഉടമകള്‍ക്ക് രാജ്യത്തേക്ക് ആജീവനാന്ത പ്രവേശനം അനുവദിക്കുന്നു, ഒപ്പം രാജ്യത്ത് ഭൂമി സ്വന്തമാക്കാനും മറ്റ് നിക്ഷേപങ്ങള്‍ നടത്താനും കഴിയും. ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തക വനേസ ഡൊനാക്കിനെതിരായണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഇന്ത്യയെക്കുറിച്ചുള്ള തന്റെ റിപ്പോര്‍ട്ടുകള്‍ ”ദുരുദ്ദേശ്യപരമാണ്” എന്ന സര്‍ക്കാരിന്റെ ആരോപണം വനേസ നിഷേധിച്ചിരുന്നു. 2024 ലെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇത്തരമൊരു നീക്കം എന്നതാണ് വിഷയം ഗൗരവമാക്കുന്നത്. ഫ്രഞ്ച് പൗരയായ വനേസ ഇന്ത്യന്‍ വംശജനുമായുള്ള വിവാഹത്തിന് ശേഷം കഴിഞ്ഞ 22 വര്‍ഷങ്ങളായി ഇന്ത്യയിലാണ് താമസിക്കുന്നത്. ലാ പോയിന്റ്, ലാ ക്രോയിക്‌സ് തുടങ്ങിയ ഫ്രഞ്ച് പ്രസിദ്ധീകരണങ്ങളില്‍ വനേസ പ്രവര്‍ത്തിച്ച് വരികയായിരുന്നു.
വീസ ലംഘനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി വനേസ സര്‍ക്കാര്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് അടുത്ത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഫ്രഞ്ച് എംബസി ഇക്കാര്യത്തെ കുറിച്ച് നേരത്തെ തന്നെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. 2023 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാരീസ് സന്ദര്‍ശന വേളയിലും ഫ്രഞ്ച് സര്‍ക്കാര്‍ ഇതേ വിഷയം ഉന്നയിച്ചിരുന്നു. വനേസയുടെ റിപ്പോര്‍ട്ടുകള്‍ ‘ഇന്ത്യയെക്കുറിച്ച് പക്ഷപാതപരമായ നിഷേധാത്മകത’ സൃഷ്ടിച്ചുവെന്ന് ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസ് (എഫ് ആര്‍ ആര്‍ ഒ) മാധ്യമപ്രവര്‍ത്തകയ്ക്കു നല്‍കിയ നോട്ടീസില്‍ ആരോപിച്ചിട്ടുണ്ട്.
വനേസ നിരവധി തവണ നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍കാല ചരിത്രം അന്വേഷിച്ചിരുന്നുവെന്നും, ജേര്‍ണലിസ്റ്റ് വീസയില്‍ ഇന്ത്യയിലെത്തിയ വനേസക്ക് വിവാഹത്തിന് ശേഷമാണ് ഒ സി ഐ കാര്‍ഡ് ലഭിക്കുന്നതെന്നും ആഭ്യന്തരമന്ത്രാലയം പറയുന്നു. ഇന്ത്യയില്‍ നിന്ന് പലതവണ ലഡാക്കിലേക്കും നേപ്പാളിലേക്കും വിവിധ അതിര്‍ത്തി പോയിന്റുകളിലൂടെ വനേസ നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി ആഭ്യന്തര മാത്രാലയം പറയുന്നു. ഇന്ത്യയില്‍ വരുന്ന വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക അനുമതിയില്ലാതെ ഇത്തരം യാത്രകള്‍ നടത്താന്‍ നിയമം അനുവദിക്കുന്നില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.
അതോടൊപ്പം 2008-ല്‍ വനേസ നക്‌സല്‍ ബാധിത പ്രദശങ്ങള്‍ സന്ദര്‍ശിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ക്രിസ്ത്യാനികള്‍ക്കെതിരായുടെ അതിക്രമങ്ങളെ കുറിച്ച് മോശം റിപ്പോര്‍ട്ടുകള്‍ എഴുതിയിട്ടുണ്ടന്നും നോട്ടീസില്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ വനേസ ദക്ഷിണേഷ്യയെക്കുറിച്ചും ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍ തുടങ്ങി റിപ്പോര്‍ട്ടുകളുടെ പരമ്പര നടത്തിയതായും മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 19 നാണ് വനേസക്ക് നോട്ടീസ് ലഭിക്കുന്നത്. നോട്ടീസില്‍ ഫെബ്രുവരി രണ്ടിനകം മറുപടി നല്‍കാനാണു മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
ആരോപണം ഉയര്‍ന്നതിന് പിന്നാലെ വനേസ തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ജനുവരി 23ന് നല്‍കിയ പ്രസ്താവനയില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് തനിക്ക് ഒരു നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും, എനിക്കെതിരെയും എന്റെ പെരുമാറ്റത്തിനെതിരെയും നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും ഞാന്‍ നിഷേധിക്കുന്നുവെന്നും സത്യാവസ്ഥ തെളിയിക്കാന്‍ തനിക്ക് സാധിക്കുമെന്നും വനേസ പറയുന്നു. ‘എന്നെ സംബന്ധിച്ച് ഇന്ത്യ എന്റെ സ്വന്തം വീടാണ്, ഇന്ത്യയെ ഞാന്‍ അഗാധമായി സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. നിലവില്‍ എന്റെ മേല്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെല്ലാം വാസ്തവവിരുദ്ധമാണ്. ആരോപിക്കപ്പെടുന്നതുപോലെ ഇന്ത്യക്കെതിരായ യാതൊരു തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടില്ല’ എന്നും വനേസ ഡൊനാക് തന്റെ പ്രസ്താവനയില്‍ പറഞ്ഞു.
ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിയമപരമായ സാധ്യതകള്‍ നില നില്‍ക്കുന്നുണ്ടെന്നും അതിനോട് താന്‍ പൂര്‍ണമായും സഹകരിക്കുമെന്നും വനേസ തന്റെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. അധികാരികളുടെ മുന്‍പാകെ പ്രശ്‌നങ്ങള്‍ പരിഗണനയിലിരിക്കുന്നതിനാലും, ഗൗരവകരമായ വിഷമായതിനാലും തന്റെ സ്വകാര്യതയെ മാനിക്കണമെന്നും വനേസ തന്റെ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിക്കുന്നു. വിഷയത്തില്‍ ഫ്രഞ്ച് എംബസി പ്രതികരണത്തിന് തയ്യാറായിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്.