UPDATES

എന്താണ് ഇന്ത്യയെക്കുറിച്ച് പൊതുവില്‍ അഭിപ്രായം?

ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ചു ലോകത്തിനുള്ള അഭിപ്രായവും സര്‍വ്വേയില്‍ പറയുന്നുണ്ട്

                       

ലോകത്തിന് ഇന്ത്യയെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് എന്താണ്? അതല്ലെങ്കില്‍, തങ്ങളെക്കുറിച്ച് മറ്റ് രാജ്യങ്ങള്‍ക്ക് പൊതുവിലുള്ള അഭിപ്രായം എന്താണെന്നാണ് ഇന്ത്യക്കാര്‍ വിചാരിക്കുന്നത്? സമാന ഉത്തരം തേടുന്ന രണ്ടു ചോദ്യങ്ങള്‍. ഇന്ത്യയുടെ ആഗോള സ്വാധീനത്തെക്കുറിച്ച് പ്യൂ റിസര്‍ച്ച് സെന്ററിന്റെ(PEW Research center) ഏറ്റവും പുതിയ സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത് ലോകത്തിലെ 23 ഓളം രാജ്യങ്ങള്‍ക്ക് ഇന്ത്യയെക്കുറിച്ച് നല്ല മതിപ്പുണ്ടെന്നാണ്. സര്‍വേയില്‍ പങ്കെടുത്തതില്‍ 46 ശതമാനത്തിനും ഇന്ത്യയെക്കുറിച്ച് അനുകൂല നിലപാടാണ്. 34 ശതമാനത്തിന് അങ്ങനെയൊരു അഭിപ്രായമില്ല. 16 ശതമാനം അഭിപ്രായം പറയാന്‍ താത്പര്യപ്പെട്ടില്ല.

2023 ഫെബ്രുവരി 20 നും മേയ് 22 നും ഇടയില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട്, ജി-20 ഉച്ചകോടിക്ക് ന്യൂഡല്‍ഹി ആതിഥ്യമരുളുന്നതിന് മുന്നോടിയായി ചൊവ്വാഴ്ച്ചയാണ് പുറത്തു വിട്ടത്. ഇന്ത്യ ഉള്‍പ്പെടെ, 24 രാജ്യങ്ങളില്‍ നിന്നായി 30,861 പ്രായപൂര്‍ത്തിയായ വ്യക്തികളെ പങ്കെടുപ്പിച്ചുള്ള സര്‍വ്വേയാണ്. കഴിഞ്ഞ വര്‍ഷം നടത്തിയ പ്രത്യേക സര്‍വ്വേയിലെ കണ്ടെത്തലുകളും ഈ സര്‍വ്വേ ഫലത്തിനൊപ്പം ചേര്‍ത്തിട്ടുണ്ടെന്നാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ പറയുന്നത്.

സര്‍വ്വേയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള അഭിപ്രായത്തിന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. 12 രാജ്യങ്ങളിലെ ഉപവിഭാഗത്തില്‍ നടത്തിയ സര്‍വ്വേയില്‍ 37 ശതമാനം തങ്ങള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ വിശ്വാസമുണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോള്‍, അങ്ങനെയൊരു വിശ്വാസം ഇല്ലെന്ന് പറഞ്ഞവര്‍ 40 ശതമാനമാണ്. ഇന്ത്യയെക്കുറിച്ച് ഇന്ത്യക്കാര്‍ കരുതുന്നതുപോലെയല്ല, മറ്റ് രാജ്യങ്ങളുടെ അഭിപ്രായം എന്നും സര്‍വ്വേയില്‍ തെളിഞ്ഞിട്ടുണ്ട്.

ഇസ്രയേലില്‍ നിന്നാണ് ഏറ്റവുമധികം പിന്തുണ ഇന്ത്യക്ക് കിട്ടിയിരിക്കുന്നത്. 71 ശതമാനം ഇസ്രായേലികളാണ് ഇന്ത്യയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞത്. ഐ-2 യു-2(ഇന്ത്യ, ഇസ്രയേല്‍, യുഎസ്, യുഎഇ സഖ്യം)സഖ്യത്തില്‍ ഉള്‍പ്പെട്ടവരാണ് ഇരു രാജ്യങ്ങളും. ഇസ്രയേലില്‍ നിന്നും ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ പ്രധാനിയാണ് ഇന്ത്യ.

അമേരിക്കയില്‍ 51 ശതമാനം ഇന്ത്യക്ക് അനുകൂലമായി അഭിപ്രായം പറയുന്നുണ്ട്. 44 ശതമാനത്തിന് മോശം അഭിപ്രായമാണെങ്കില്‍, നാലു ശതമാനം മൗനം പാലിച്ചു. കണ്‍സര്‍വേറ്റീവുകളേക്കാള്‍ ലിബറലുകള്‍ക്കാണ് ഇന്ത്യയെക്കുറിച്ച് നല്ലത് പറയാനുള്ളത്. യുകെയില്‍ 66 ശതമാനം നല്ലതു പറഞ്ഞപ്പോള്‍, 30 ശതമാനത്തിന് ഇന്ത്യയോട് വലിയ മതിപ്പില്ല. അഞ്ചു ശതമാനം അഭിപ്രായം പറയാന്‍ നിന്നില്ല.

ഇറ്റലി, ജര്‍മനി, പോളണ്ട്, സ്വീഡന്‍ എന്നിവിടങ്ങളില്‍ യഥാക്രമം, 52,47, 46 ശതമാനം പേരും നല്ല അഭിപ്രായമാണ് പറഞ്ഞത്. പക്ഷേ, ഇവിടങ്ങളില്‍ 10 മുതല്‍ 20 ശതമാനം പേരും ഒന്നും പറയാന്‍ നിന്നില്ല എന്നതും ശ്രദ്ധേയം. ഫ്രാന്‍സില്‍ നല്ലത് പറഞ്ഞവരും മോശം പറഞ്ഞവരും തുല്യമാണ്; 39 ശതമാനം വീതം. 22 ശതമാനത്തിന് അഭിപ്രായം പറയാന്‍ താത്പര്യമില്ലായിരുന്നു.

യൂറോപ്യന്‍ രാജ്യങ്ങളായ സ്‌പെയിനും ഗ്രീസിനും ഇന്ത്യയെക്കുറിച്ച് പറയാന്‍ നല്ല അഭിപ്രായമല്ല ഉള്ളത്. 49 ശതമാനം സ്‌പെയിന്‍കാര്‍ക്കും 41 ശതമാനം ഗ്രീക്കുകാര്‍ക്കും എതിരഭിപ്രായമാണ് ഇന്ത്യയെക്കുറിച്ചുള്ളത്. ഭൂരിപക്ഷം നെതര്‍ലന്‍ഡുകാര്‍ക്കും ഇന്ത്യയെക്കുറിച്ച് നല്ല അഭിപ്രായമില്ല. 48 ശതമാനവും പ്രതികൂലമായാണു പ്രതികരിച്ചത്.

ഹംഗറിയുടെ കാര്യത്തില്‍ അഭിപ്രായമില്ലാത്തവരുടെ എണ്ണമായിരുന്നു കൂടതല്‍. 34 ശതമാനം അനുകൂലിക്കുകയും 30 ശതമാനം പ്രതികൂലിക്കുകയും ചെയ്തപ്പോള്‍, 36 ശതമാനവും അഭിപ്രായം പറയാന്‍ വിസമ്മതിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്തു.

സൗത്ത് കൊറിയ, ജപ്പാന്‍, ഇന്ത്യോനേഷ്യ എന്നിവിടങ്ങളില്‍ പകുതിയിലേറെ പേര്‍ക്കും ഇന്ത്യയെക്കുറിച്ച് നല്ല അഭിപ്രായമാണ്. ഓസ്‌ട്രേലിയയിലും സമാന അഭിപ്രായമാണ്. കെനിയക്കാരും നൈജീരിയക്കാരും ബഹുഭൂരിപക്ഷവും ഇന്ത്യയെ അനുകൂലിക്കുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ നേരെ തിരിച്ചാണ്. അവിടെ 51 ശതമാനത്തിനും ഇന്ത്യയെക്കുറിച്ച് നല്ല അഭിപ്രായമല്ല.

തെക്കന്‍ അമേരിക്കയിലേക്ക് വരുമ്പോള്‍, മെക്‌സികോയില്‍ 42 ശതമാനവും സര്‍വ്വേയില്‍ ഇന്ത്യയ്ക്ക് നല്ല മാര്‍ക്കിടുമ്പോള്‍, ബ്രസീലും അര്‍ജീന്റനയും എതിര്‍പക്ഷത്താണ്. 43 ശതമാനം ബ്രസീലുകാര്‍ക്കും 34 ശതമാനം അര്‍ജന്റീനക്കാര്‍ക്കും ഇന്ത്യയോട് വലിയ മതിപ്പില്ല. 43 ശതമാനം അര്‍ജന്റീനക്കാരും അഭിപ്രായം പറയാന്‍ തയ്യാറായില്ല.

സര്‍വ്വേയില്‍ പങ്കെടുത്ത പത്തിലൊന്ന് രാജ്യങ്ങളും ഇന്ത്യയുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനത്തിന് തയ്യാറായില്ല എന്നതാണ് ശ്രദ്ധേയം. അര്‍ജന്റീന, ഹംഗറി, ബ്രസീല്‍, മെക്‌സിക്കോ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് അതില്‍ പ്രധാനികള്‍.

രാഷ്ട്രീയ ആശയഗതികള്‍, സര്‍വ്വേയില്‍ അഭിപ്രായ രൂപീകരണത്തില്‍ നിര്‍ണായകമായിട്ടുണ്ട്. ഉദ്ദാഹരണത്തിന്, ഇസ്രയേല്‍, ഓസ്‌ട്രേലിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ വലതുപക്ഷ രാഷ്ട്രീയത്തെ അനുകൂലിക്കുന്നവരാണ് ഇന്ത്യയോട് അനുകൂല നിലപാട് എടുത്തിരിക്കുന്നതെന്നാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഒരു വിരുദ്ധ നിലപാട് കണ്ടിട്ടുള്ളത് യു എസ്സില്‍ നിന്നാണ്. അവിടെ കണ്‍സര്‍വേറ്റീവുകളെക്കാള്‍ പത്തു ശതമാനം കൂടുതല്‍ പോയിന്റ് കിട്ടിയിരിക്കുന്നത് ലിബറലുകളുടെ കൈയില്‍ നിന്നാണ്. യു എസ്സിലെ കാര്യം മാറ്റി നിര്‍ത്തിയാല്‍, വലതുരാഷ്ട്രീയത്തെ അതാത് രാജ്യങ്ങളില്‍ പിന്തുണയ്ക്കുന്നവരാണ്, അതേപ്രകാരത്തില്‍ ഇന്ത്യയെയും പിന്തുണയ്ക്കുന്നത്.

പ്യൂ റിസര്‍ച്ച് സെന്റര്‍ അവരുടെ സര്‍വ്വേയില്‍ പ്രതിപാദിക്കുന്ന നിര്‍ണായകമായൊരു വസ്തുത, ലോകത്തിന് ഇന്ത്യയെക്കുറിച്ചുള്ള അഭിപ്രായം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ്. 2013 ലെ സര്‍വ്വേയില്‍ നല്ലതു പറഞ്ഞിരുന്നവര്‍ക്ക് ഇപ്പോള്‍ അങ്ങനെയല്ല. അതേസമയം തന്നെ, മുമ്പ് നല്ലത് പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ കൂടുതല്‍ നല്ലതെന്ന് പറയുന്നുമുണ്ട്. ഈ വര്‍ഷം തന്നെ ഇത്തരത്തില്‍ അഭിപ്രായം മാറ്റി മാറ്റി പറയുന്നുണ്ടെന്നും റിസര്‍ച്ച് സെന്റര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ചുള്ള അഭിപ്രായത്തിലേക്ക് വരുമ്പോള്‍, ലോകകാര്യങ്ങളില്‍ നരേന്ദ്ര മോദി ശരിയായത് ചെയ്യുന്നുവെന്ന് വിശ്വസിക്കുന്നില്ലെന്നാണ് 40 ശതമാനം അഭിപ്രായപ്പെടുന്നത്. അല്‍പ്പമൊക്കെ വിശ്വാസമുണ്ടെന്നു പറയുന്നത് 37 ശതമാനമാണ്. സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളും ഇന്ത്യന്‍ പ്രധാനമന്ത്രിയെക്കുറിച്ച് അഭിപ്രായം പറയാന്‍ തയ്യാറായില്ലെന്നാണ് പ്യൂ റിസര്‍ച്ച സെന്റര്‍ വ്യക്തമാക്കുന്നത്.

കൗതുകകരമായ സംഗതി, നരേന്ദ്ര മോദി ഇന്ത്യയുടെ ഏറ്റവുമടുത്ത സുഹൃത്തായി വിശ്വസിക്കുന്ന അമേരിക്കയില്‍ 37 ശതമാനത്തിനും ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ വിശ്വാസമില്ല. 42 ശതമാനവും അഭിപ്രായം പറയാന്‍ നിന്നില്ല. ബാക്കിയുള്ളവരാണ് മോദിയില്‍ വിശ്വസിക്കുന്നുവെന്നു പറഞ്ഞത്. മറ്റൊരു കൗതുകം, ഇന്ത്യയെക്കുറിച്ച് മികച്ച അഭിപ്രായം പറഞ്ഞതില്‍ മുന്നില്‍ നില്‍ക്കുന്ന ഇസ്രായേലില്‍ പക്ഷേ, ഇന്ത്യന്‍ പ്രധാനമന്ത്രിയെക്കുറിച്ച് അനുകൂല അഭിപ്രായമല്ല ഉള്ളത്. 42 ശതമാനം മോദിയില്‍ വിശ്വാസമില്ലെന്നും 16 ശതമാനം പ്രതികരിക്കാനില്ലെന്നും പറയുമ്പോള്‍, 41 ശതമാനമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയോട് യോജിക്കുന്നത്.

മെക്‌സിക്കോ, ബ്രസീല്‍, അര്‍ജന്റീന എന്നീ തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും ഇന്ത്യന്‍ പ്രധാനമന്ത്രിയോട് യോജിപ്പില്ല. മെക്‌സിക്കോയില്‍ 60 ഉം, ബ്രസീലില്‍ 54 ഉം അര്‍ജന്റീനയില്‍ 41 ഉം ശതമാനം നരേന്ദ്ര മോദിയില്‍ വിശ്വാസമില്ലെന്നു പറഞ്ഞു. ഇന്ത്യയോടെന്ന പോലെ, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കാര്യത്തിലും പ്രതികരിക്കാനില്ലെന്നു പറഞ്ഞവരാണ് അര്‍ജന്റീനയില്‍ ഭൂരിപക്ഷം(46%).

ബ്രസീലില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നും കൂടുതലും വിമര്‍ശനങ്ങളാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരേ ഉയര്‍ന്നത്. ഹിന്ദുത്വ ദേശീയത വളര്‍ത്തുന്നുവെന്നാണ് അവര്‍ മോദിയെ കുറ്റപ്പെടുത്തുന്നത്. വലതുപക്ഷ പാര്‍ട്ടിയായ ബിജെപിയോടുള്ള എതിര്‍പ്പും അവര്‍ പ്രകടമാക്കിയിട്ടുണ്ട്. ശരിയായ വിദേശ നയപരിപാടികള്‍ മോദിയില്‍ നിന്നുണ്ടാകുമെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ഈ രാജ്യങ്ങളിലെ പകുതിയിലേറെ ജനങ്ങളും പറഞ്ഞത്. ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലും ഇന്ത്യന്‍ പ്രധാനമന്ത്രിയോട് മതിപ്പ് കുറഞ്ഞവരാണ് കൂടുതലും.

കെനിയ, നൈജീരിയ, ജപ്പാന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് മോദിയില്‍ അധികമായി വിശ്വസിക്കുന്നത്. ഇതില്‍ കെനിയ ആണ് മുന്നില്‍. 60 ശതമാനം കെനിയക്കാരും ലോകത്ത് മോദി നല്ല കാര്യങ്ങള്‍ ചെയ്യുമെന്നു വിശ്വസിക്കുന്നു.

ഇന്ത്യ ലോകത്തിലെ ഒരു സ്വാധീന ശക്തിയായിരിക്കുന്നു എന്നു കരുതുന്നവര്‍ കൂടുതലായും ഇന്ത്യക്കാര്‍ തന്നെയാണ്. ലോകത്തിന് പൊതുവില്‍ അങ്ങനെയൊരു അഭിപ്രായം ഇല്ലെന്നാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലെ വോട്ടവകാശമുള്ള 68 ശതമാനവും ലോകത്തില്‍ ഇന്ത്യയുടെ സ്വാധീനം ഉയര്‍ന്നിരിക്കുന്നുവെന്ന് അഭിപ്രായപ്പെടുന്നു. 19 രാജ്യങ്ങളില്‍ നിന്നുള്ള സര്‍വ്വേ ഫലത്തില്‍ വെറും 28 ശതമാനത്തിനെ അങ്ങനെയൊരു അഭിപ്രായമുള്ളൂ. 79 ശതമാനം ഇന്ത്യക്കാരും നരേന്ദ്ര മോദിയില്‍ വിശ്വാസം പ്രകടിപ്പിക്കുമ്പോള്‍, മറ്റ് 12 രാജ്യങ്ങളിലെ 37 ശതമാനത്തിനെ അങ്ങനെയൊരു വിശ്വാസം ഉള്ളൂവെന്നും കാണാം.

ഇന്ത്യയിലെ കണക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിക്കുന്നവരാണ് കൂടുതലെന്ന് സര്‍വ്വേയില്‍ പറയുന്നു. ഇവിടെ പത്തില്‍ എട്ടു പേരും പ്രധാനമന്ത്രിയെ അനുകൂലിക്കുന്നു. അതില്‍ തന്നെ 55 ശതമാനവും മോദിയെക്കുറിച്ച് വളരെ നല്ല അഭിപ്രായമുള്ളവരാണ്. അഞ്ചിലൊന്ന് ഇന്ത്യക്കാര്‍ക്ക് മോദിയെക്കുറിച്ച്് നല്ല അഭിപ്രായമല്ല ഉള്ളത്.

പത്തില്‍ ആറ് ഇന്ത്യക്കാര്‍ രാഹുല്‍ ഗാന്ധിയെ അനുകൂലിക്കുന്നവരാണെന്ന് സര്‍വ്വേ പറയുന്നു. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കുന്നതിന്(മാര്‍ച്ച് 27) തൊട്ടു മുമ്പായി(മാര്‍ച്ച് 25 മുതല്‍ മേയ് 11 വരെ) ആരംഭിച്ച സര്‍വ്വേയാണിത്. 34 ശതമാനം പേര്‍ സര്‍വ്വേയില്‍ രഹുലിന് എതിരായി അഭിപ്രായം രേഖപ്പെടുത്തി. രാഹുല്‍ ഗാന്ധിയൊഴിച്ച് കോണ്‍ഗ്രസിലെ മറ്റ് നേതാക്കളോട് വലിയ അഭിപ്രായം ഇന്ത്യക്കാര്‍ക്കില്ലെന്നതും സര്‍വ്വേയിലെ കണ്ടെത്തലാണ്.

Share on

മറ്റുവാര്‍ത്തകള്‍