UPDATES

പരിസ്ഥിതി/കാലാവസ്ഥ

ഹിമ തടാകങ്ങളിലെ ജലസ്‌ഫോടനം; എന്താണ് GLOF, LLOF, LTF എന്നറിയാം

രാജ്യത്തെ നടുക്കിയ മറ്റൊരു പ്രകൃതിദുരന്തത്തിന്റെ വാര്‍ത്തയായിരുന്നു സിക്കിമിലെ ഗ്ലേഷ്യല്‍-മൊറെയ്ന്‍ അണക്കെട്ട് തകര്‍ന്നത്

                       

രാജ്യത്തെ നടുക്കിയ മറ്റൊരു പ്രകൃതിദുരന്തത്തിന്റെ വാര്‍ത്തയായിരുന്നു സിക്കിമിലെ ഗ്ലേഷ്യല്‍-മൊറെയ്ന്‍ അണക്കെട്ട് തകര്‍ന്നത്. 14 മനുഷ്യ ജീവനുകളാണ് ഇല്ലാതായത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ ഉണ്ടായ ദുരന്തത്തില്‍ 23 സൈനികരെ ഉള്‍പ്പെടെ 102 ഓളം പേരെ കാണാതായി. സിക്കിമിന്റെ വടക്കു പടിഞ്ഞാറന്‍ മേഖലയിലുള്ള ദക്ഷിണ ലൊനാക് തടാകത്തില്‍(ഇതൊരു ഹിമ തടാകമാണ്, അതായത് മഞ്ഞുരുകി രൂപപ്പെടുന്ന നദി/തടാകം. ഇംഗ്ലീഷില്‍ ഗ്ലേഷ്യല്‍ ലേയ്ക്ക് എന്നറിയപ്പെടുന്നു) 17,000 അടി ഉയരത്തിലാണ് ഗ്ലേഷ്യല്‍-മൊറെയ്ന്‍ അണക്കെട്ട് സ്ഥിതി ചെയ്തിരുന്നത്. ഇടതടവില്ലാതെ പെയ്ത മഴയാണ് ഡാമിന്റെ തകര്‍ച്ചയ്ക്ക് വഴിവച്ചത്. തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളാകെ വെള്ളത്തിലായി. സിക്കിം, പശ്ചിമ ബംഗാള്‍ വഴി ബംഗ്ലാദേശിലൂടെ ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിക്കുന്ന, കിഴക്കന്‍ ഹിമാലയത്തില്‍ നിന്ന് ഉത്ഭവിക്കുന്ന ടീസ്റ്റ നദിയിലെ ജലനിരപ്പ് അനിയന്ത്രിതമായി ഉയരാനും ഇത് കാരണമായി.

ടീസ്റ്റ നദി കവിഞ്ഞൊഴുകിയതോടെ സിക്കിമിലെ മാംഗന്‍, ഗാംഗ്ടോക്ക്, പാക്യോങ്, നാംചി നാല് ജില്ലകള്‍ വെള്ളത്തിനടിയിലായതായി സിക്കിം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എസ്എസ്ഡിഎംഎ) അറിയിച്ചു. അപകട നിരപ്പില്‍ നിന്നും മൂന്നു സെന്റീമീറ്റര്‍ ഉയരത്തില്‍ ജലനിരപ്പ് ഉയര്‍ന്നു.

ഹിമാനികള്‍ (glacier) ഉരുകുന്നത് ദക്ഷിണ ലൊനാക് തടാകത്തിന്റെ വലിപ്പം വര്‍ധിക്കാന്‍ ഇടയാക്കുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. കൂടാതെ glacial lake outburst flood അഥവ ഹിമ തടാകങ്ങളില്‍ സംഭവിക്കുന്ന ജലസ്‌ഫോടന(GLOF)ത്തിലേക്കും നയിക്കുമെന്നും മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതാണ്.

എന്താണ് ഗ്ലേഷ്യല്‍ തടാകങ്ങള്‍? എന്തുകൊണ്ടാണ് ദക്ഷിണ ലൊനാക് തടാകം വികസിക്കുന്നത്? എന്താണ് GLOF എന്നീ കാര്യങ്ങള്‍ പരിശോധിക്കാം.

GLOF അഥവ ഹിമ തടാകങ്ങളിലെ ജലസ്‌ഫോടനങ്ങള്‍
ദക്ഷിണ ലൊനക് തടാകം പോലെയുള്ള ഗ്ലേഷ്യല്‍ തടാകങ്ങള്‍(ഹിമ തടാകങ്ങള്‍) ഉരുകുന്ന ഹിമാനിക്ക് മുന്നിലോ മുകളിലോ താഴെയോ ആയി സ്ഥിതി ചെയ്യുന്ന
വലിയ ജലാശയങ്ങളാണ്. ഇവയുടെ വികാസം ഇവയെ കൂടുതല്‍ അപകടകാരിയായി തീര്‍ക്കുന്നു. കാരണം, ഗ്ലേഷ്യല്‍ തടാകങ്ങള്‍ അസ്ഥിരമായ മഞ്ഞ് അല്ലെങ്കില്‍ അയഞ്ഞ പാറയും അവശിഷ്ടങ്ങളും ചേര്‍ന്ന അണക്കെട്ടാണ്. അവയ്ക്ക് ചുറ്റുമുള്ള അതിര്‍ത്തി തകര്‍ന്നാല്‍, വലിയ അളവില്‍ വെള്ളം പര്‍വതങ്ങളുടെ വശത്തേക്ക് ഒഴുകുന്നു. ഇത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമാകും. ലളിതമായി പറഞ്ഞാല്‍ ഒരു ഗ്ലേസിയറിലോ ഹിമാനി തടാകത്തിലോ കുടുങ്ങിക്കിടക്കുന്ന വെള്ളം പെട്ടെന്ന് പൊട്ടിത്തെറിച്ചാല്‍ സംഭവിക്കാവുന്ന അപകടമാണ് GLOF (ഗ്ലേസിയര്‍ ലേക് ഔട്ട്ബര്‍സ്റ്റ് ഫ്‌ളഡ്). ഭൂകമ്പങ്ങള്‍, അതിശക്തമായ മഴ, ഹിമപാതങ്ങള്‍ എന്നിവ GLOF- പോലൊരു പ്രകൃതി ദുരന്തത്തിലേക്ക് നയിച്ചേക്കാമെന്ന് കാന്റര്‍ബറി സര്‍വകലാശാലയിലെ (ന്യൂസിലാന്‍ഡ്) ഡിസാസ്റ്റര്‍ റിസ്‌ക് & റെസിലിയന്‍സ് ലെക്ചറര്‍ ടോം റോബിന്‍സണ്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

ഈ തടാകങ്ങള്‍ പലപ്പോഴും കുത്തനെയുള്ള, പര്‍വതപ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. തല്‍ഫലമായി മണ്ണിടിച്ചില്‍ അല്ലെങ്കില്‍ ഹിമപാതങ്ങള്‍ ചിലപ്പോള്‍ തടാകങ്ങളില്‍ നേരിട്ട് പതിക്കുകയും വെളളത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ ബാധിക്കുകയും ചെയ്യുന്നു. ഇത് അണക്കെട്ടുകളെ വെള്ളപ്പൊക്കത്തിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

2013-ല്‍, ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലെ വെള്ളപ്പൊക്കവും ചോരാബാരി താല്‍ ഗ്ലേഷ്യല്‍ തടാകം മൂലമുണ്ടായതാണ്.

ദക്ഷിണ ലൊനാക് തടാകത്തിലെ ജലസ്‌ഫോടനം
ആഗോള താപനിലയില്‍ വര്‍ദ്ധനവുണ്ടാകുമ്പോള്‍, ഹിമാലയത്തിലെ ഗ്ലേഷ്യല്‍ അഥവ ഹിമാനികള്‍ അതിവേഗം ഉരുകുന്നതിന്റെ ഭാഗമായി സിക്കിമില്‍ നിരവധി ഹിമാനി തടാകങ്ങള്‍ രൂപപ്പെടുന്നുണ്ട്. കൂടാതെ ഈ മേഖലയില്‍ നിലവിലുള്ള ഹിമ തടാകങ്ങള്‍ വികസിക്കുകയും ചെയ്യുന്നു. സിക്കിം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ 2020 ലെ റിപ്പോര്‍ട്ടനുസരിച്ചു സിക്കിമിന്റെ അതിരില്‍ ഉള്‍പ്പെടുന്ന ഹിമാലയഭാഗങ്ങളില്‍ നിലവില്‍ 300 ലധികം ഹിമ തടാകങ്ങള്‍ ഉണ്ട്. ഇവയില്‍ 10 എണ്ണം പ്രളയത്തിന് സാധ്യതയുള്ളതാണ്.

അപകടഭീതി നിലനിന്നിരുന്ന ദക്ഷിണ ലൊനാക് തടാകം വര്‍ഷങ്ങളായി സര്‍ക്കാര്‍ അധികൃതരുടെ നിരീക്ഷണത്തിലുള്ളതാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ തടാകത്തിന്റെ വിസ്തൃതി ഗണ്യമായി വര്‍ധിച്ചതായി സിക്കിം വനം-പരിസ്ഥിതി വകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു. 1989-ല്‍ ലൊനാക്ക് 1.5 മടങ്ങും തെക്കന്‍ ലൊനാക്ക് 2.5 മടങ്ങുമാണ് വളര്‍ന്നത്. 1991 സെപ്തംബര്‍ 21-ന് ദക്ഷിണ ലൊനാക്ക് തടാകത്തെ പോഷിപ്പിക്കുന്ന മാതൃ ഹിമാനിക്ക് സമീപം 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തടാകങ്ങളില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെ 2011 സെപ്തംബര്‍ 18 ന് ഉണ്ടായ ഭൂകമ്പത്തിന് 6.9 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭാവിയില്‍ സംഭവിച്ചേക്കാവുന്ന ഇത്തരം ഭൂകമ്പങ്ങള്‍ GLOF-ന് വഴി വച്ചേക്കാമെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.

മഞ്ഞുരുകല്‍ മൂലം വികസിച്ചുകൊണ്ടിരിക്കുന്ന ദക്ഷിണ ലൊനാക് തടാകം സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ എന്തൊക്കെയാണ് എന്ന് ഈ അവസരത്തില്‍ പരിശോധിക്കേണ്ടതുണ്ട്.

തടാകം മൂലമുണ്ടാകുന്ന അപകടഭീഷണി കുറയ്ക്കുന്നതിനായി 2016-ല്‍, സിക്കിം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയിയും സിക്കിമിലെ ശാസ്ത്ര സാങ്കേതിക കാലാവസ്ഥാ വ്യതിയാന വകുപ്പും സംയുക്തമായി തടാകജലം ഒഴുക്കിവിടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. എട്ട് ഇഞ്ച് വീതിയും 130-140 മീറ്റര്‍ നീളവുമുള്ള മൂന്ന് ഹൈഡെന്‍സിറ്റി പോളിയെത്തിലീന്‍ (എച്ച്ഡിപിഇ) പൈപ്പുകള്‍ തടാകത്തില്‍ സ്ഥാപിച്ചാണ് അധികൃതര്‍ അന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയത്. ഇന്നൊവേറ്റര്‍ സോനം വാങ്ചുക്കിന്റെ മേല്‍നോട്ടത്തിലാണ് ഈ സാങ്കേതികവിദ്യ സര്‍ക്കാര്‍ നടപ്പിലാക്കിയത്. സിക്കിം എസ്ഡിഎംഎയുടെ കണക്കനുസരിച്ച്, സെക്കന്‍ഡില്‍ 150 ലിറ്റര്‍ വെള്ളമാണ് പുറന്തള്ളിയത്. നിലവിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുര്‍ബല പ്രദേശങ്ങള്‍ കണ്ടെത്തി, ലഘൂകരണ ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ അധികൃതരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

GLOF-നോട് സമാനമായ രീതിയില്‍ അപകടം സൃഷ്ടിച്ചേക്കാവുന്ന പ്രതിഭാസങ്ങളാണ് എല്‍എല്‍ഒഎഫ്(ലാന്‍ഡ്സ്ലൈഡ് ലേക്ക് ഔട്ട് ബര്‍സ്റ്റ് ഫ്‌ളഡ്), എല്‍ ടി എഎഫ്(ലാന്‍ഡ്സ്ലൈഡ് ട്രിഗര്‍ഡ് ഫ്ളഡ്സ്). ഹിമാലയത്തില്‍ ഈ പ്രതിഭാസങ്ങള്‍ സാധാരണമാണെങ്കിലും GLOF പോലെ വലിയ ദുരന്തങ്ങള്‍ ഇവ സൃഷ്ടിച്ചിട്ടില്ല. ഭയക്കേണ്ട കാര്യമെന്തെന്നാല്‍, LLOF ഉം LTF ഉം അണക്കെട്ടുകളില്ലാതെ തന്നെ നാശം വിതയ്ക്കാന്‍ പ്രാപ്തമാണ്. ഹിമാലയന്‍ നദീതീരങ്ങളിലോ ചരിവുകളിലോ ഉള്ള ഗ്രാമങ്ങളെയും പട്ടണങ്ങളെയും ഇവ ബാധിക്കും.

ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ നിലവില്‍ LLOF/LTF ന്റെ ഏറ്റവും വലിയ അപകടസാധ്യതയുള്ള പ്രദേശം ബ്രഹ്‌മപുത്രയാണ്. പ്രത്യേകിച്ച് അതിന്റെ പോഷകനദിയായ സിയാങ് ടിബറ്റില്‍ നിന്നും യാര്‍ലുങ് സാങ്പോ എന്ന പേരില്‍ യാത്ര ആരംഭിക്കുന്ന സാഹചര്യത്തില്‍ അപകട സാധ്യത മുന്നിട്ടു നില്‍ക്കുന്നുണ്ട്. ആ മേഖല LLOF/LTF-ന് അപകടസാധ്യതയുള്ളതാണ്. കൂടാതെ ടിബറ്റില്‍ നിന്നൊഴുകുന്ന സത്ലജിലും അപകടസാധ്യതകള്‍ ഉള്ളതായി പറയുന്നുണ്ട്. ഇന്ത്യക്കും ചൈനയ്ക്കും ഇടയിലുള്ള ഈ മേഖല സംഘര്‍ഷഭരിതമാകയാല്‍, അപകട സാധ്യത ലഘൂകരിക്കാനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ഒരു സംഭാഷണവും നടന്നിട്ടില്ലെന്നും സാമൂഹിക സംരംഭകനായ ആനന്ദ് ശങ്കര്‍ എക്‌സിലെ തന്റെ പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അരുണാചല്‍ പ്രദേശില്‍ നിര്‍മിക്കുന്ന ഓരോ ജലവൈദ്യുത പദ്ധതിയും നേരിടുന്ന അപകടം LLOF ആണ്. ഈ നദികളുടെ ഒഴുക്ക് കൂടുതലായതിനാല്‍, മാര്‍ഗ തടസങ്ങളെ മറികടന്നു പോലും 48-72 മണിക്കൂര്‍ വലിയ അളവില്‍ വെള്ളം ഒഴുകിപ്പോകും. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ LLOF ഒരു അപകട ഘടകമായി പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും, അത് ഗൗരവമായി സര്‍ക്കാരുകള്‍ പരിഗണിച്ചിട്ടില്ല. ഇത് ചിലവ് വര്‍ദ്ധിപ്പിക്കുന്നതിനാല്‍ കൃത്യമായ പരിഹാരം കാണാതിരിക്കുകയാണെന്നു വലിയൊരു സാമൂഹിക പ്രശ്‌നത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് ആനന്ദ് ശങ്കര്‍ പറയുന്നു. അശാസ്ത്രീയമായ വെട്ടിമുറിക്കലുകളിലൂടെ മലഞ്ചരിവുകള്‍ അസ്ഥിരപ്പെടുത്തികൊണ്ടിരിക്കുകയാണ്. കാലാവസ്ഥയ്ക്ക് യോജിച്ച മാതൃകയില്‍ 2013 ല്‍ ഉത്തരാഖണ്ഡിലും, 2023 ല്‍ ഹിമാചല്‍ പ്രദേശിലും നടത്തിയതുപോലെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ LLOF/LTF നെ നിയന്ത്രണവിധേയമാക്കാന്‍ പ്രാപ്തമാണെന്നും അദ്ദേഹം പറയുന്നു. പടിഞ്ഞാറന്‍ യുപി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ ജനസാന്ദ്രതയേറിയ പാര്‍പ്പിട, വ്യാവസായിക മേഖലകളിലേക്കു വരെ വെള്ളം ഒഴുകിയെത്താമെന്നുള്ളതുകൊണ്ട് ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും സ്വീകരിക്കുന്ന മാതൃകകള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഏതു സമയത്തും അപകടം സംഭവിക്കുമെന്നതിനാല്‍ മുന്‍ കരുതല്‍ സ്വീകരിക്കേണ്ടതുണ്ട്. നമ്മുടെ മലയോരങ്ങളില്‍ വികസനം നടക്കുമ്പോള്‍ കാണാതെ പോകുന്ന കാര്യങ്ങളില്‍ ഇനിയെങ്കിലും കൃത്യമായ ആസൂത്രണം നടപ്പിക്കണമെന്നും ആനന്ദ് ശങ്കര്‍ പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍