UPDATES

കളമശേരി സ്‌ഫോടനം; കേരളത്തെ ലക്ഷ്യമിട്ട് പരക്കുന്ന വ്യാജ പ്രചാരണങ്ങള്‍, പിന്നില്‍ ഹിന്ദുത്വസംഘങ്ങള്‍

‘ജൂതരെ ലക്ഷ്യമിട്ടുള്ള സ്‌ഫോടനം’, ‘ഹമാസ് നേതാവിന്റെ ആഹ്വാനം’, ‘ പിണറായി സര്‍ക്കാര്‍ കേന്ദ്ര മുന്നറിയിപ്പ് അവഗണിച്ചു’

                       

കളമശേരി സ്‌ഫേടനം കേരളത്തിനെതിരായ വര്‍ഗീയ പ്രചാരണത്തിനുള്ള അവസരമാക്കി ബിജെപി/ സംഘ്പരിവാര്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍. എന്തെങ്കിലും തെളിവുകളുടെയോ ഔദ്യോഗിക പ്രസ്താവനകളുടെയോ അടിസ്ഥാനത്തില്‍ അല്ലാതെയുള്ള പ്രചാരണങ്ങളാണ് ‘എക്‌സ്’ (ട്വിറ്റര്‍) അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി നടക്കുന്നത്. ഒരു പ്രോപ്പഗാണ്ട ശൈലിയിലുള്ള പോസ്റ്റുകളാണ് വിവിധ ഹാന്‍ഡിലുകളില്‍ നിന്നും ഒരേ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങള്‍ക്കുമൊപ്പം പ്രചരിക്കുന്നത്.

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍, ഗാസയിലെ ജനങ്ങളോട് സംസ്ഥാനത്ത് നിന്നുണ്ടാകുന്ന ഐക്യദാര്‍ഢ്യം സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമിക തീവ്രവാദത്തിനോടുള്ള താത്പര്യമാക്കി ചിത്രീകരിക്കുകയാണ് ബിജെപി ഐടി സെല്ലും അവരുടെ അനുബന്ധ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും. ഹമാസ് ആഹ്വാന പ്രകാരം നടത്തിയ ‘ ജിഹാദ്’ ആണ് കളമശേരിയില്‍ നടന്നതെന്ന പ്രചാരണമാണ് ഭൂരിഭാഗം എക്‌സ് അകൗണ്ടുകളിലൂടെയും നടക്കുന്നത്. കേരളത്തില്‍ നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഖത്തറില്‍നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്ത ഹമാസ് നേതാവ് ഖാലിദ് മഷാല്‍ നടത്തിയ ആഹ്വാനത്തിന്റെ പിന്നാലെയാണ് കളമശേരിയില്‍ സ്‌ഫോടനം നടത്തിയതെന്നാണ് ആരോപണം. കളമശേരി ജൂതര്‍ താമസിക്കുന്ന പ്രദേശമാണെന്നും അതിനാലാണ് അവിടെ സ്‌ഫോടനം നടത്തിയതെന്നുമാണ് ആരോപണം. ഹമാസ് നേതാവിന്റെ ആഹ്വാനം കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെടുത്തിയാണ് കേരളത്തിലെ ബിജെപി നേതാക്കളും സംസ്ഥാന സര്‍ക്കാരിനെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. കൊച്ചിയില്‍ ജൂതരുടെ സാന്നിധ്യമുണ്ടെങ്കിലും ജൂതരുടെ വാസസ്ഥലമെന്ന തരത്തില്‍ അറിയപ്പെടുന്ന ഇടമല്ല കളമശേരി.

ഒക്ടോബര്‍ 27 ന് സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് മലപ്പുറത്ത് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലാണ് പലസ്തീന്‍ നേതാവും ഹമാസ് മുന്‍ തലവനുമായ ഖാലിദ് മഷാല്‍ ഓണ്‍ലൈന്‍ ആയി പങ്കെടുത്തത്.

കേരളം കശ്മീരിനെക്കാള്‍ വലിയ വെല്ലുവിളിയായി മാറിയെന്നതാണ് മറ്റൊരു വ്യാപകമായ പ്രചാരണം. കേരളം ഇപ്പോള്‍ ജിഹാദികളുടെ പിടിയിലാണെന്നും കേരളത്തെ രക്ഷിക്കണമെന്നും #savekerala എന്ന ഹാഷ് ടാഗുമായി വ്യാപക പ്രചാരണവും ഇതിനൊപ്പം നടക്കുന്നുണ്ട്. കേരള സര്‍ക്കാരിന് കേന്ദ്ര എജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നതിന്റെ ഒരു വിവരങ്ങളും വിശദാംശങ്ങളും പുറത്തു വന്നിട്ടില്ല.

കേരളത്തില്‍ മുസ്ലിം ഇതര മത വിഭാഗങ്ങള്‍ക്കെതിരേ ഭീകരാക്രമണം ഉണ്ടാകുമെന്ന് ഒരാഴ്ച്ച മുമ്പ് കേന്ദ്ര ഏജന്‍സികള്‍ മൂന്നു തവണ മുന്നറിയിപ്പ് കൊടുത്തിരുന്നതാണെന്നും എന്നാല്‍ കേരള സര്‍ക്കാര്‍ അവഗണിക്കുകയാണ് ചെയ്തതെന്നുമുള്ള ആരോപണവും എക്‌സില്‍ വ്യാപകമാണ്. #kerala എന്ന ഹാഷ്ടാഗില്‍ കളമശേരി സ്‌ഫോടനം ട്രെന്‍ഡിംഗ് ആണ്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ‘ എക്‌സ്(ട്വിറ്റര്‍) വഴിയാണ് ഭൂരിഭാഗം വ്യാജ പ്രചാരണങ്ങളും നടക്കുന്നത്.

മേജര്‍ സുരേന്ദ്ര പൂനിയ എന്ന അകൗണ്ടില്‍ പറയുന്നത്, കളമശേരിയില്‍ താമസിക്കുന്ന ജൂതന്മാരെ ലക്ഷ്യം വച്ചുള്ള സ്‌ഫോടനമാണ് നടന്നതെന്നാണ്. ഹമാസ് നേതാവ് ഖത്തറില്‍ സംഘടിപ്പിച്ച ഒരു കേരള ചടങ്ങില്‍ പങ്കെടുത്ത് നടത്തിയ ആഹ്വാനത്തിന്റെ പുറത്താണ് കളമശേരിയില്‍ സ്‌ഫോടനം നടത്തിയതെന്നും ആരോപിക്കുന്നു. ‘ കേരളത്തിലെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഇന്നലെ ഖത്തറില്‍ നിന്നു പങ്കെടുത്ത ഹമാസ് ഭീകരവാദി ഖാലിദ് മഷാല്‍ ജിഹാദിന്റെ ഭാഗമാകാനും ഇന്ത്യയിലെ തെരുവുകളില്‍ അത് നടപ്പാക്കാനും ആഹ്വാനം ചെയ്തിരുന്നു. ഇന്ന് നാല് ബോംബ് സ്‌ഫോടനങ്ങളാണ് ജൂതന്മാര്‍ താമസിക്കുന്ന കേരളത്തിലെ കളമശേരിയില്‍ നടന്നിരിക്കുന്നത്. ഇതൊരു ആസൂത്രിത ആക്രമണമാണ്. ഇന്ന് ജൂതന്മാര്‍ക്കെതിരേ നാളെ മറ്റുള്ളവര്‍ക്കെതിരേ, ഉണരൂ ഭാരത്…’; ഇതാണ് സുരേന്ദ്ര പൂനിയ നടത്തുന്ന വെറുപ്പിന്റെ പ്രചാരണം.

കശ്മീരില്ല, കേരളമാണ് ഇന്ന് ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി എന്നാണ് അങ്കിത് കെ സെക്‌വാള്‍ അകൗണ്ട് പറയുന്നത്. ഇന്ത്യയില്‍ ‘ ഗാസ മുനമ്പ്’ രൂപപ്പെടുത്തുന്നതിന് മുമ്പ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഈ അകൗണ്ടിലൂടെ ആവശ്യപ്പെടുകയാണ്.

ബാബ ബനാറസ് എന്ന അകൗണ്ടിലൂടെയുള്ള പ്രചാരണം കേരള സര്‍ക്കാരിനെ ലക്ഷ്യം വച്ചാണ്. സംസ്ഥാനത്ത് മുസ്ലിം ഇതര ജനവിഭാഗങ്ങള്‍ക്കെതിരേ ആക്രമണം ഉണ്ടാകുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ കേരള സര്‍ക്കാരിന് ഒരാഴ്ച്ച മുമ്പ് മൂന്നു മുന്നറിയിപ്പുകള്‍ കൊടുത്തിരുന്നതാണെന്നും സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് അവഗണിക്കുകയാണ് ചെയ്തതെന്നും ആരോപിക്കുന്നു. ഏതോ സോഴ്‌സിന്റെ പുറത്താണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെങ്കിലും കേരള സര്‍ക്കാരിന് കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പ് കൊടുത്തിരുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകളോ വിവരം കിട്ടിയതിന്റെ ഉറവിടങ്ങളോ പരാമര്‍ശിക്കുന്നില്ല.

ഇന്ന് കശ്മീരല്ല, കേരളമാണ് ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി. മുസ്ലിമല്ലാത്തവരെ ലക്ഷ്യം വച്ചു നടന്ന ആസൂത്രിത ആക്രമണം. എന്നാണ് മറ്റൊരു അകൗണ്ടില്‍ നിന്നുള്ള ആരോപണം. കേരളത്തിനു മേല്‍ പ്രത്യേക നിരീക്ഷണം ആവശ്യമാണെന്നും കേരളത്തെ രക്ഷിക്കണമെന്നും റിയ എന്ന അകൗണ്ടില്‍ നിന്നും ആവശ്യപ്പെടുന്നുണ്ട്.

ദൈവത്തിന്റെ സ്വന്തം നാട് ജിഹാദികളുടെ കെണിയില്‍ പെട്ടിരിക്കുകയാണെന്നും എല്ലാ ഇന്ത്യക്കാരും ഉണരേണ്ട സമയമാണിതെന്നുമാണ് കശ്മീരി ഹിന്ദു എന്ന എക്‌സ് ഹാന്‍ഡില്‍ നിന്നുള്ള ആഹ്വാനം. ഹമാസ് ആഹ്വാന പ്രകാരം കേരളത്തില്‍ നടത്തിയ ജിഹാദ് ആണ് കളമശേരിയില്‍ നടന്ന സ്‌ഫോടനമാണെന്നാണ് ഈ ഹാന്‍ഡില്‍ ആരോപിക്കുന്നത്. സുരഭി മറാഡിയ എന്ന എക്‌സ് ഹാന്‍ഡിലും ആരോപിക്കുന്നത് ഒരാഴ്ച്ച മുമ്പ് മൂന്നു തവണയായി കേന്ദ്ര ഏജന്‍സികള്‍ കേരള സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ്. എന്നാല്‍ മുസ്ലിം ഇതര മതവിഭാഗങ്ങള്‍ക്കെതിരായി ഉണ്ടാകുമെന്ന ഭികാരാക്രമണത്തെ കുറിച്ചുള്ള മുന്നറിയിപ്പ് കേരള സര്‍ക്കാര്‍ അവഗണിച്ചുവെന്നാണ് പ്രചാരണം.

കേരളത്തില്‍ സ്‌ഫോടന പരമ്പരകള്‍ നടക്കുമ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ വന്നു ഇസ്രയേല്‍ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുകയാണെന്ന പരിഹാസവും വിമര്‍ശനവും പല ഹാന്‍ഡിലുകളിലും നിന്നും വരുന്നുണ്ട്.

ഹിന്ദുത്വത്തെയും സയണിസത്തെയും തകര്‍ക്കുമെന്ന് ഹമാസ് നേതാവ് ഖാലിദ് മഷാല്‍ ഖത്തറില്‍ ആഹ്വാനം നടത്തിയതിന്റെ പിറ്റേദിവസം തന്നെ കേരളത്തില്‍ സ്‌ഫോടനം നന്നിരിക്കുന്നുവെന്ന പ്രചാരണവും വിപുലമായി നടക്കുന്നുണ്ട്.

കളമശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥന ചടങ്ങുകള്‍ നടന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത് ബോംബ് സ്‌ഫോടനമാണന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഐഇഡി ആണ് സ്‌ഫേടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി സംസ്ഥാന ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഔദ്യോഗികമായി പറഞ്ഞതാണ്. ഒരാള്‍ കൊല്ലപ്പെടുകയും 34 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനം കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയിരിക്കുകയാണ്. സ്‌ഫോടനത്തിന് പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചതെന്നോ, എന്ത് ലക്ഷ്യത്തിനു പുറത്താണോ അക്രമം നടത്തിയതെന്നോ വ്യക്തമായിട്ടില്ല. അന്വേഷണം തുടങ്ങിയതെയുള്ളൂ. അതുവരെ സാമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന തരത്തില്‍ വര്‍ഗീയമായതോ, വ്യാജമായതോ ആയ പോസ്റ്റുകളോ വാര്‍ത്തകളോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കരുതെന്നും ഡിജിപി അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ബിജെപി/ സംഘപരിവാര്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി ഇപ്പോള്‍ നടക്കുന്നതു മുഴുവന്‍ വ്യാജ വിവരങ്ങളും തെറ്റായ വാര്‍ത്തകളുമാണ്.

Share on

മറ്റുവാര്‍ത്തകള്‍