കേരളത്തെ ഞെട്ടിച്ച കളമശേരി സ്ഫോടന കേസിൽ , കുറ്റപത്രം സമർപ്പിച്ചിരിക്കുയാണ്. ഏക പ്രതിയാണ് സ്ഫോടനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ കളമശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥന ചടങ്ങുകളുടെ അവസാന ദിവസമായിരുന്നു സ്ഫോടനം നടക്കുന്നത്. സമ്ര കൺവെൻഷൻ സെന്ററിൽ പ്രാർത്ഥനക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 2,500 യഹോവ സാക്ഷി വിശ്വാസികളാണ് ഒത്തുകൂടിയിരുന്നത്. പ്രാർത്ഥന പുരോഗമിക്കുന്നതിന്റെ ഇടയിലാണ് കൺവെൻഷൻ സെന്ററിന്റെ മധ്യഭാഗത്ത് നിന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടാകുന്നത്. വലിയ ശബ്ദത്തോടെ മുകളിലേക്ക് തെറിച്ചു പൊങ്ങിയ വസ്തു നാലു തവണയോളം പൊട്ടിത്തെറിച്ചതായാണ് ദൃക്സാക്ഷികൾ രേഖപ്പെടുത്തിയിരുന്നത്.
”ഭൂമിയിലെ എല്ലാവരും നശിച്ചുപോകും, യഹോവ സാക്ഷികൾ മാത്രം ജീവിക്കും എന്നാണിവർ പഠിപ്പിക്കുന്നത്.” ഈ വെറുപ്പിന്റെ ബാക്കിയായിരുന്നു കൺവെൻഷൻ സെന്ററിൽ നടന്ന സ്ഫോടനം. അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വന്നത് ഇരുപത്തി മൂന്നുപേർക്കായിരുന്നു. എട്ടുപേരാണ് മരണപ്പെട്ടത്. സ്ഫോടനം നടത്തിയത് എറണാകുളം സ്വദേശി ഡൊമിനിക് മാർട്ടിൻ ആണെന്ന് കണ്ടെത്തുംവരെ കേരളം ഭയത്തിന്റെ മുൾമുനയിലായിരുന്നു. അതിൽ മുന്നിട്ട് നിന്നത് സ്‌ഫോടനത്തിന്റെ ആഘാതത്തെ കുറിച്ച് മാത്രമായിരുന്നില്ല; കേരളത്തിന്റ മത സൗഹാർദ്ദ അന്തരീക്ഷം തെറ്റിദ്ധാരണകൾ കൊണ്ട് നിറഞ്ഞതിന്റെ ഭയം കൂടിയായിരുന്നു. സ്‌ഫോടനത്തിന് ശേഷം തൃശൂർ കൊടകര പൊലീസിൽ ഉത്തരവാദിത്തമേറ്റെടുത്ത് ഡൊമിനിക് മാർട്ടിൻ കീഴടങ്ങുകയായിരുന്നു.
അഞ്ചുവർഷം മുൻപ് യഹോവ വിശ്വാസം അവസാനിപ്പിച്ചയാളാണ് മാർട്ടിൻ. സ്ഫോടനം നടത്തുന്നതിന് കൃത്യം ഒരു മാസം മുൻപാണ് ഇയാൾ ഗൾഫിൽ നിന്നും എത്തിയത്. ”ഭൂമിയിലെ എല്ലാവരും നശിച്ചുപോകും, യഹോവ സാക്ഷികൾ മാത്രം ജീവിക്കും എന്നാണിവർ പഠിപ്പിക്കുന്നതെന്നാണ് മാർട്ടിൻ ആരോപിക്കുന്നത്. 850 കോടി ജനങ്ങളുടെ നാശം ആഗ്രഹിക്കുന്ന ഒരു വിഭാഗത്തെ എന്താ ചെയ്യുക, തെറ്റായ ഈ ആശയത്തിന് എതിരെ തനിക്ക് പ്രതികരിച്ചേ പറ്റൂ, ഈ പ്രസ്ഥാനം രാജ്യത്തിന് അപകടകരമാണെന്ന് മനസിലാക്കിയതിനാലാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത് ”കീഴടങ്ങുന്നതിന് മുൻപ് സാമൂഹ്യമാധ്യമങ്ങളിൽ മാർട്ടിൻ പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരുന്നു.
ഒരാളെങ്കിലും പ്രതികരിച്ചില്ലെങ്കിൽ ഇവരുടെ ആശയം ശെരിയാണെന്ന് ആൾക്കാർക്ക് തോന്നുമെന്നും അതിനാലാണ് സ്ഫോടനം നടത്തിയത്. ഈ പ്രസ്ഥാനം നമ്മുടെ നാട്ടിൽ ആവശ്യമില്ലെന്നുള്ള പൂർണ ബോധ്യത്തോടെയാണ് ഇത് പറയുന്നതെന്നും മാർട്ടിൻ സമ്മതിച്ചിരുന്നു. ഡൊമനിക് മാർട്ടിനെതിരെ യു.എ.പി.എ ചുമത്തിയാണ് കേസെടുത്തിരുന്നത്. ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുയാണ് അന്വേഷണ സംഘം. ഡൊമനിക് മാർട്ടിനാണ് ഏക പ്രതി. യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പ് സ്‌ഫോടനം നടത്താൻ പ്രേരിപ്പിച്ചതായും, സംഭവത്തിൽ മറ്റാർക്കും ബന്ധമില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
അന്ന് സ്‌ഫോടനത്തിൽ പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ച ആംബുലൻസ് ഡ്രൈവർ അഴിമുഖവുമായി സംസാരിച്ചിരുന്നു. കളമശേരി മെഡിക്കൽ കോളേജിലെ ആംബുലൻസ് ഡ്രൈവറായ ജെറിനെ തേടി ഞായറാഴച്ച രാവിലെ 9.45 നോടടുത്താണ് അടിയന്തര സഹായം ആവിശ്യപ്പെട്ടുള്ള ഫോൺ വരുന്നത്. ഒക്ടോബർ 27 മുതൽ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഞായറാഴ്ച്ച. ധാരാളം ആളുകൾ എത്തുന്നതുകൊണ്ട് തന്നെ കൺവെൻഷൻ സെന്ററിൽ നിന്ന് മുൻകരുതലിന്റെ ഭാഗമായി വൈദ്യസഹായത്തിനായി ആംബുലൻസിന്റെ സേവനം നേരത്തെ തന്നെ ആവിശ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ കൺവെൻഷൻ സെന്ററിൽ നിന്ന് ഫോൺ കോൾ എത്തുമ്പോൾ വിഷയത്തിന്റെ തീവ്രത ജെറിൻ അറിഞ്ഞിരുന്നില്ല. എന്നാൽ സ്‌ഫോടനമാണ് നടന്നതെന്നറിഞ്ഞപ്പോൾ കിട്ടാവുന്ന ആംബുലൻസുകളെല്ലാം കൺവെൻഷൻ സെന്ററിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് ജെറിൻ പറയുന്നു.
സ്‌ഫോടനത്തിൽ ആദ്യം കൊല്ലപ്പെട്ട സ്ത്രീയെയായിരുന്നു ആദ്യം ആബുലൻസിൽ കയറ്റിയത്. ഭീതിയേക്കാൾ ജെറിന്റ കണ്ണുകളിൽ നിറഞ്ഞു നിന്നത് നിസാഹായരായ കുറേയധികം മനുഷ്യരുടെ കണ്ണുനീരും വിലാപവുമാണ്.മരണപ്പെട്ടവർക്കും, പരിക്കേറ്റവർക്കും വേണ്ടി നീതി ഉറപ്പാക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കേരളം.