ഹിറ്റുകൾ തുടർച്ചയായി വാരിക്കൂട്ടി മലയാള സിനിമ ആധിപത്യം ഉറപ്പിക്കുകയാണ്. സിനിമയോടൊപ്പം തന്നെ ഇന്ത്യ മുഴുവൻ ചർച്ചയാവുകയാണ് സിനിമയിലെ ഗാനങ്ങളും. മലയാളി കേട്ട് ശീലിച്ച പാട്ടുകളിൽ നിന്ന് മാറി കെട്ടിലും മട്ടിലും പുതിയ രൂപത്തിൽ എത്തിയ മലയാളം സിനിമ പാട്ടുകളാണ് കേരളവും കടന്ന് ഖ്യാതി നേടുന്നത്. തമിഴ് ഹിന്ദി തുടങ്ങി അന്യഭാഷകളോട് കിടപിടിക്കുന്ന ഒരു ഗാന ശൈലി രൂപപ്പെടുത്തിയിരിക്കുകയാണ് മലയാള സിനിമയിലെ ഒരു കൂട്ടം സംഗീതജ്ഞർ. ഗാനരചയിതാവായ സുഹൈൽ കോയ ഇക്കൂട്ടരിൽ മുൻപന്തിയിലുണ്ട്. ഈ ജാതിക്കാതോട്ടം, അശുഭ മംഗളകാരി, തെലുങ്കാന ബൊമ്മലു തുടങ്ങി സുഹൈൽ കോയയെ അടയാളപ്പെടുത്തുന്ന ഒരു പിടി ഗാനങ്ങൾ. അതിൽ പുതിയ വാതായനങ്ങൾ സൃഷ്ട്ടിക്കുന്നത് മലയാള സംഗീതവും സിനിമയും കൂടിയാണ്. മോസയിലെ കുതിര മീനിൽ നിന്ന് തുടങ്ങി മലയാളി ഫ്രം ഇന്ത്യയിൽ എത്തി നിൽക്കുന്ന ഗാന ജീവിതം അഴിമുഖവുമായി പങ്കുവക്കുന്നു സുഹൈൽ കോയ
മലയാളി ഫ്രം ഇന്ത്യ
മലയാളി ഫ്രം ഇന്ത്യയിലെ വേൾഡ് മലയാളി ആന്തം, സിനിമയുടെ തന്നെ പ്രമേയത്തോട് ചേർന്ന് നിൽക്കുന്നതായിരുന്നു. പാട്ട് എഴുതി തുടങ്ങുന്നത് ഞാനും സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ ഷാരിസ് മുഹമ്മദും ചേർന്നാണ്. ആദ്യം കുറച്ചധികം ഹൂക്പ്പ് ലൈനുകൾ മാത്രമായിരുന്നു ഞങ്ങൾ എഴുതി തുടങ്ങിയത്. പിന്നീടാണ് മലയാളികളുടെ ദേശിയ ഗാനം എന്ന രീതിയിൽ പാട്ടിനെ വികസിപ്പിച്ചെടുക്കുന്നത്. മലയാളികളുമായി കണക്ട് ചെയ്യാനുള്ള വരികൾ കുറെയധികം നീണ്ടു നിന്ന് ചർച്ചകളിലൂടെയാണ് ഞങ്ങൾ എഴുതിയെടുക്കുന്നത്. പിന്നീടെപ്പോഴോ ഷാരിസും, ഡിജോയും, ജെയ്ക്‌സുമായുള്ള പരസ്പര ചർച്ചയിലൂടെയാണ് ഇത് മലയാളികളുടെ ദേശിയ ഗാനം എന്ന നിലയിൽ പ്രമോ സോങ് ആയി നൽകാമെന്ന തീരുമാനത്തിലെത്തുന്നത്. വേൾഡ് മലയാളി ആന്തം ഒരു കൂട്ടായ്മയിൽ നിന്ന് ഉണ്ടായതാണ്, പാട്ടിന് ലഭിച്ച ജനപ്രീതി ഞങ്ങളുടെ കൂട്ടയ്മക്ക് ലഭിച്ച സ്വീകാര്യത കൂടിയയാണ് കണക്കാക്കുന്നത്.
സാധാരണഗതിയിൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഒരു പാട്ട് ചിട്ടപ്പെടുത്തേണ്ടി വരിക. പാട്ടെഴുത്തിനെകുറിച്ച് സിനിമകളിലൂടെയൊക്കെ നമ്മൾക്കുണ്ടായ ഒരു പൊതുബോധ്യം തുറന്നിട്ട ജനലിലൂടെ പുറം കാഴ്ചകൾ ആസ്വദിച്ച് അനായാസമായി ഭാവനയിലൂടെ പാട്ട് സൃഷ്ടിച്ചെടുക്കുന്ന ഒരു എഴുത്തുകാരനെയാണ്. പക്ഷെ യാഥാർഥ്യത്തിൽ സംഭവിക്കുന്നത് മറ്റൊന്നാണ്. അവിടെ ഒരു മീറ്ററിൽ നിന്നുകൊണ്ട് വേണം പാട്ടുകളെഴുതാൻ. ചില സന്ദർഭങ്ങളിൽ പാട്ടിന് ആദ്യം തന്നെ ട്യൂൺ നൽകിയിട്ടുണ്ടാവും, അല്ലാത്തപക്ഷം പകുതി ചിത്രീകരിക്കപ്പെട്ട ഗാന രംഗങ്ങൾ ഉൾക്കൊണ്ട് അതിനനുസരിച്ചു വേണം എഴുത്ത് നിർവഹിക്കാൻ. ചിലപ്പോൾ പാട്ടിന്റെ മുഴുവൻ സാഹചര്യങ്ങളും നിർമ്മിക്കപ്പെട്ടിട്ടുണ്ടാവും. ഇത്തരം സാഹചര്യങ്ങളിൽ കഥാപാത്രങ്ങളെയും അവരുടെ സ്വഭാവസവിശേഷതകളെയും കൂടി ഉൾക്കൊള്ളണം. അതിൽ സ്ത്രീ, പുരുഷ കഥാപാത്രങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രത്യേകമായി വരികൾ ചിട്ടപ്പെടുത്തണം. എല്ലാത്തിനുമുപരിയായി തന്നിരിക്കുന്ന സമയത്തിനുളിൽ പാട്ട് ചിട്ടപ്പെടുത്തിയെടുക്കണം.
അങ്ങനെ നോക്കുകയാണെങ്കിൽ കാൽപ്പനികമായി നിർമ്മിച്ചെടുക്കുന്ന ഒന്നാണ് പാട്ടെഴുത്ത്. തങ്ങൾക്ക് ലഭിക്കുന്ന ഈ പരിമിതമായ അന്തരീക്ഷത്തിൽ നിന്ന് കൊണ്ടാണ് കവിതയുടെ അംശം പേറുന്ന അല്ലെങ്കിൽ ക്രിയാത്മകമായ പാട്ടുകൾ എഴുതുന്നത്. മൂന്നോ നാലോ മിനിറ്റുകൾ മാത്രമുള്ള ഈ പാട്ടുകൾ പ്രേക്ഷകർക്ക് മനസിലാക്കിയെടുക്കാനും മൂളി നടക്കാനും പാകത്തിൽ ലളിതമാക്കുക തുടങ്ങി പലവിധം വെല്ലുവിളികളിലൂടെയും, പരീക്ഷണങ്ങളിലൂടെയുമാണ് ഒരു പാട്ടുകാരൻ കടന്നു പോകുന്നുണ്ടാവുക.
പൊളിച്ചെഴുതുന്ന ഭാഷയുടെ ചട്ടക്കൂടുകൾ
ഞാൻ ഏതെങ്കിലും തരത്തിൽ സാഹിത്യവുമായി ബന്ധമുള്ള ഒരു ബാക്ക്ഗ്രൗണ്ടിൽ നിന്നു വരുന്ന വ്യക്തിയല്ല. എന്നാൽ മലയാളികൾ കേട്ട് ശീലിച്ച ഗാനശാഖ അത്യന്തം സാഹിത്യഭാഷ നിറഞ്ഞതാണ്. അങ്ങനെയൊരു പ്രേക്ഷക സമൂഹത്തിലേക്കാണ് എന്റെ പാട്ടുകളെത്തുന്നത്. സ്വാഭാവികമായും ഞാൻ നേരിട്ട ഏറ്റവും വലിയ ഭയവും അത് തന്നെയായിരുന്നു. ജ്ഞാനപീഠം മുതൽ ഓടക്കുഴൽ,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകളുടെ ജേതാക്കളടങ്ങുന്ന ഒരു വലിയ വിഭാഗം കലാപ്രതിഭകളാണ് മലയാള സിനിമക്ക് അകത്തും പുറത്തും ഒരു ഗാന ശൈലി ചിട്ടപ്പെടുത്തി വച്ചിരിക്കുന്നത്.
സിനിമയുടെ ഏറ്റവും ഗൗരവമായ വശങ്ങളിൽ ഒന്നാണ് അതിലെ ഗാനങ്ങൾ, പറയത്തക്ക സാഹിത്യ പരിചയമില്ലാത്ത എന്നെ പോലൊരാൾ കടന്ന് വരുമ്പോൾ അത് എങ്ങനെ സ്വീകരിക്കപ്പെടുമെന്ന ഭയം തീർച്ചയായും ഉള്ളിലുണ്ടായിരുന്നു. അതെ സമയം ഈ പാട്ടുകൾക്ക് നമ്മുടെ പുതു തലമുറയോട് എളുപ്പത്തിൽ സംവദിക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും എനിക്കുണ്ടായിരുന്നു. ഈ പഴയ ശൈലികളോടുള്ള ഭയം നിലനിൽക്കെ തന്നെയാണ് പുതിയ മാറ്റങ്ങളോടുള്ള പ്രതീക്ഷയും നമ്മുടെ ഉള്ളിൽ ഉണ്ടാവുന്നത്. ഏത് തരത്തിലുള്ള കലാസൃഷ്ടിയാണെങ്കിലും അതിലൊരു നീതി പുലർത്താൻ കഴിയണമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. സത്യസന്ധമായി കലയെ സമീപിക്കാൻ കഴിഞ്ഞാൽ, ക്രൂശിക്കപ്പെടാനുള്ള സാഹചര്യങ്ങളും കുറവായിരിക്കും. നമ്മുടേതല്ലാത്ത ഒരു കലാസൃഷ്ടിയിൽ നിഴലിച്ചു നിൽക്കുന്ന കാപട്യം ജനങ്ങൾക്ക് വളരെ എളുപ്പത്തിൽ കണ്ടെത്താനാകും.
അങ്ങനെ നോക്കുമ്പോൾ ആത്മാർത്ഥമായി എനിക്ക് കലയെ സമീപിക്കാനും, ആളുകളുമായി വളരെ എളുപ്പം സംവദിക്കാൻ കഴിയുന്നതും നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന സംസാരഭാഷയിലൂടെയാണ്. അത് പാട്ടിലേക്ക് കൊണ്ട് വരാനായിരുന്നു ഞാൻ ശ്രമിച്ചത്. ഒരു ജാതിക്ക തോട്ടം, പുഴയരികത്ത് ദമ്മ് എന്ന് എഴുതുമ്പോൾ ഒരിക്കലെങ്കിലും നമ്മൾ ആ സാഹചര്യത്തിലൂടെ കടന്നു പോയിട്ടുണ്ടാകും. ‘വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന വഴി വക്കിൽ വേലിക്കൽ നിന്നവളെ’ എന്ന് ഭാസ്‌കരൻ മാഷ് എഴുതിയിരിക്കുന്നത് അദ്ദേഹത്തിന്റെ ജീവിതാനുഭവത്തിൽ നിന്നായിരിക്കണം.
അതായത് അന്നത്തെ കാലത്ത് ഇത് പുഴക്കടവിലും, മരചുവട്ടിലുമായിരുന്നു. ഞാൻ വീണ്ടും അത് ആവർത്തിക്കുകയാണെങ്കിൽ ആളുകൾക്ക് അത് കണക്ട് ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. അതിലുപരി മറ്റൊരാളുടെ അനുഭവം കൂടിയാണ് ഞാൻ പകർത്തുന്നത്. എന്നാൽ എന്റെ അനുഭവങ്ങളെല്ലാം ഇന്നത്തെ ജീവിതരീതിക്ക് അനുസരിച്ച് ലിഫ്റ്റ്, ഷോപ്പിംഗ് മാൾ, എന്നിവിടങ്ങളിലാണ്. പ്രേമലുവിൽ നായകൻ എടിഎമ്മിൽ വച്ച് നായികയെ കണ്ടു മുട്ടുന്ന സാഹചര്യമാണ് എഴുതിയിരിക്കുന്നത്. ഇന്നത്തെ കാലത്ത് കമിതാക്കൾ കണ്ടുമുട്ടാൻ സാധ്യതയുള്ള ഇടങ്ങളിൽ ഒന്നാണത്. മറ്റൊരു തരത്തിൽ നോക്കുമ്പോൾ ഇതൊരു പൊളിച്ചെഴുത്തു കൂടിയാണ്, ഇവിടെ ഞാൻ വിമർശിക്കപ്പെടുകയെങ്കിൽ എനിക്ക് നിസംശയം പറയാൻ കഴിയും ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ നിന്ന് കൊണ്ടാണ് ഞാൻ എഴുതുന്നതെന്ന്. ഈ എഴുത്തിന് പുറകിലുള്ള എന്റേതായ രാഷ്ട്രീയവും അത് തന്നെയാണ്.
ഒന്നിൽ നിന്ന് മാറി നടക്കുന്ന പാട്ടുകൾ
കവിതയിൽ നിന്ന് വിഭിന്നമായി പാട്ടിനെ മുന്നോട്ടു നയിക്കുന്നത് സാഹചര്യങ്ങളാണ്. ഓരോ പാട്ടിലും എന്നെ തേടിയെത്തുന്ന സാഹചര്യങ്ങളും വ്യത്യസ്തമായിരിക്കും. കൗമാരത്തിന്റെയും യുവത്വത്തിന്റെയും പ്രണയം പ്രേമയമായി വരുമ്പോൾ, അങ്ങേയറ്റം ലളിതമായ ഭാഷയിൽ അവതരിപ്പിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. വിശുദ്ധ മെജോ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രം മെജോ തന്റെ പ്രണയത്തെ ഓർക്കുന്ന സാഹചര്യത്തെ എഴുതിയത് ‘കുട്ടികാലം തൊട്ടേ കുട്ടിക്കളി പോലൊരു വട്ട്’എന്നായിരുന്നു. കഥാപാത്രത്തെ സംബന്ധിച്ചിടത്തോളം കുട്ടികാലം മുതൽ കൂടെയുള്ള ഒന്നായിരുന്നു ആ പ്രണയം. സാഹചര്യങ്ങൾക്ക് പുറമെ പ്രണയത്തെ നോക്കി കാണുന്ന രീതിക്കു വരെ ഇന്ന് പ്രകടമായ വ്യത്യാസങ്ങളുണ്ട്. കുറച്ചു കൂടി ലളിതമായി ഭാഷയെയും ചിന്തയേയും പ്രണയത്തെയും കൈ കാര്യം ചെയ്യന്നവരാണ് ഇന്നത്തെ തലമുറ. ആ മാറ്റം കൂടി ഞാൻ എഴുത്തിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ‘ഒരുദളം മാത്രം വിടർന്നൊരു ചെമ്പനീർ ‘ തുടങ്ങിയ അതിമഹോരമായ കാവ്യഭാഷക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നത് പുസ്തകങ്ങളും, വായനയും, ചർച്ചകളും ലൈബ്രറികളും സജീവമായ ഒരു കാലത്തായിരുന്നു.
തണ്ണീർ മത്തൻ ദിനങ്ങളിലെ ജെയ്സൺ പ്രണയത്തെ കാണുന്നത് ‘എന്റെയുള്ളിൽ പന്ത് പോലൊരു ഉരുണ്ടു കയറ്റം ‘ എന്ന വരിയിലൂടെയാണ്. സ്കൂൾ കാലഘട്ടത്തിൽ കടന്നു പോകുന്ന പ്രണയ ചാപല്യങ്ങളെ വികാരങ്ങളെ അവർക്ക് കൂടി കണക്ട് ചെയ്യിക്കുക ഇത്തരം വരികളിലൂടെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പാൽ തു ജാൻവാർ സിനിമയിലെ അമ്പളി രാവും എന്ന് തുടങ്ങുന്ന ഒരു ഗാനമുണ്ട്. ‘പുഴയോടി തീരുമ്പോൾ കടലായതു കണ്ടില്ലേ കുരു വാടി പിളരുമ്പോൾ, മരമായതു കണ്ടില്ലേ’ ഗാനത്തിലെ ഈ വരികളിൽ അടങ്ങിയിരിക്കുന്നത് സിനിമ ആവശ്യപ്പെട്ടിരിക്കുന്ന ഒരു ഫിലോസഫിയാണ്.
സിനിമയിലെ കേന്ദ്ര കഥാപാത്രം തനിക്കിഷ്ട്ടമില്ലത്ത ഒരു ജോലിയിലൂടെ തന്റെ ജീവിതം രണ്ടാമതായി കെട്ടിപ്പടുക്കുകയും, അതിനെ ആസ്വദിച്ചു തുടങ്ങുകയും ചെയുന്ന ഒരു സാഹചര്യത്തെയാണ് ഞാൻ ഈ രീതിയിൽ സങ്കൽപ്പിച്ചത്. പുഴ അവസാനിക്കുന്നത് വരൾച്ചയിലേക്കായിരിക്കില്ല കടലിലേക്കാണ് അത് പോലെ തന്നെയല്ലേ ജീവിതവും, അതിന്റെ ഒഴുക്കും വരൾച്ചയിലേക്കായിരിക്കില്ല കടൽ പോലെ പ്രതീക്ഷകളിലേക്കാണ്. അപ്പോൾ ഇത്തരം സന്ദർഭങ്ങളിൽ ഒരു പടി കൂടി കടന്ന്, നേരത്തെ പറഞ്ഞ സാഹചര്യങ്ങളിൽ നിന്ന് മാറി പക്വതയോടെ കൈ കാര്യം ചെയ്യനാണ് ശ്രമിക്കാറുള്ളത്. സിനിമകളുടെ സാഹചര്യങ്ങൾ ആവശ്യപ്പെടുന്ന നിലക്ക് ഒന്നിൽ നിന്ന് വ്യത്യസ്തമായി ഗാനങ്ങൾ ചിട്ടപ്പെടുത്താൻ ശ്രമിക്കുന്നതു പോലെ എന്റേതായ ഒരു ശൈലിയും കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. ഹിന്ദി ഇംഗ്ലീഷ് തമിഴ് തുടങ്ങിയ വ്യത്യസ്ത ഭാഷകൾ കൂടി അതിൽ കലർത്തുന്നതും ഈ ഒരു വ്യത്യസ്തതക്ക് കാരണമായിരിക്കണം.
പാട്ടിന്റെ ശൈലി സൃഷ്ടിച്ചെടുക്കാൻ നേരിടേണ്ടി വന്ന വെല്ലുവിളികൾ
സിനിമകൾക്കൊപ്പം ഞാൻ ചെയ്ത പാട്ടുകൾ കൂടി ജനങ്ങൾ ഏറ്റെടുക്കുമ്പോൾ പലരും അഭിപ്രായം പറയുന്നതിനായി എന്നെ വിളിക്കാറുണ്ട്. തമിഴിലും,ഹിന്ദിയിലും മാത്രം നമ്മൾ കേട്ടിരുന്ന രീതിയിലൊരു പാട്ട്, മലയാളത്തിൽ സാധ്യമാകില്ലെന്ന് വിചാരിച്ചിടത്താണ് എന്റെ പാട്ടുകളെന്ന് അവർ പറയാറുണ്ട്. ആ രീതിയിലേക്ക് എന്റെ പാട്ടുകൾ ആളുകളിലേക്ക് എത്തുന്നതിൽ തീർച്ചയായും സന്തോഷമുണ്ട്. മറുവശത്ത് ഞാൻ നേരിടുന്നൊരു വെല്ലുവിളി എനിക്ക് മുൻപ് ഈ വഴികളിലൂടെ സഞ്ചരിച്ചവരുടെ അഭാവമാണ്. അങ്ങനെയൊരു പട്ടു ചെയ്യുമ്പോൾ എനിക്ക് പ്രചോദനം ഉൾക്കൊള്ളാനുള്ള പാട്ടുകൾ മലയാളത്തിൽ കുറവാണ്.
ഭാസ്കരൻ മാഷാണ് നാടൻ പദപ്രയോഗങ്ങളുള്ള, പ്രേക്ഷരുമായി ഇടപെഴകുന്ന ഒരു ഗാന ശൈലി ചിട്ടപ്പെടുത്തിയതെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. വയലാറിലേക്ക് വരുമ്പോൾ കുറച്ചു കൂടി സാഹിത്യത്തിന് ആധിപത്യം നൽകുന്ന വരികൾക്കാണ് മുൻഗണ നൽകിയിരുന്നത്. പിന്നീട് അത് വലിയ തോതിൽ ജനപ്രീതി ആർജിക്കുകയും തുടർന്ന് പോരുകയും ചെയ്തിട്ടുണ്ട്. സംസ്കൃതം പോലുള്ള ഭാഷകളുടെ പദ പ്രയോഗം കൊണ്ടും, അത്യന്തം സാഹിത്യം നിറഞ്ഞ പാട്ടുകളും ആളുകൾ പാടി നടന്നിരുന്നു, എന്നാൽ പലർക്കും വരികളുടെ അർഥം മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല. ഒരു പ്രേത്യേക മത വിഭാഗത്തിന് മാത്രം അത്തരം പാട്ടുകളുടെ അർത്ഥങ്ങൾ മനസിലാക്കാനും കണക്ട് ചെയ്യാനും കഴിയുന്ന സ്ഥിതി വിശേഷമായിരുന്നു. അതേസമയം മറ്റു മത വിഭാഗങ്ങൾക്ക് വരികളുടെ സാരാംശം ഗ്രഹിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് മാത്രമല്ല; ഇതാണ് കലയുടെ ഏറ്റവും മികച്ച അവസ്ഥയെന്ന ബോധ്യവും നിലനിന്നിരുന്നു.
വയലാർ ശാഖാ വളരുകയും, അത്തരം എഴുത്തുകാർ വീണ്ടും വീണ്ടും വന്നു തുടങ്ങുകയും ചെയ്തതോടെ മലയാള സിനിമ പാട്ടുകൾ ആ രീതിയിലേക്ക് മാത്രമായി വ്യതിചലിക്കുകയും അവിടെ നിന്നുകൊണ്ട് വളരുകയും ചെയ്തു. ചിലപ്പോഴെങ്കിലും ഇതിനപവാദമായി പാട്ടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ കൂടിയും ഈ ഒരു രീതി സാമാന്യവൽക്കരിക്കപ്പെട്ടു. നിഴലും, നിലാവും കടലും നിറഞ്ഞു നിന്നിരുന്ന മലയാള ശൈലി ആവശ്യപ്പെട്ടിരുന്നത് മെലഡിയായിരുന്നു. അതുകൊണ്ട് തന്നെ സംഗീത സംവിധായകരും ഇതിനിടയിൽ കുടുങ്ങി കിടന്നു. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സംവിധായകരും, എഴുത്തുകാരും ഛായാഗ്രാഹകരും, മറ്റു പിന്നണി പ്രവർത്തകരും കേരളത്തിൽ നിന്നുണ്ട്. പക്ഷെ ഒരു എ ആർ റഹ്മാനോ, സനിൽ ചൗദരിയോ, ഇളയ രാജയോ, ആർ ഡി ബർമ്മനോ, കേരളത്തിൽ നിന്ന് ഉണ്ടായിട്ടില്ല.
മലയാളത്തിലെ സംഗീത സംവിധായകർക്ക് ഇങ്ങനെയുള്ള മാറ്റങ്ങൾ പരീക്ഷിക്കാൻ സാധിക്കാതിരുന്നത് ഒരുപക്ഷെ വരികളിൽ നിന്ന് ലഭിക്കതെ പോയ പിന്തുണ കൊണ്ട് കൂടിയാവാം.’ കുളിച്ച കുത്താലം, ചിക്ക്ബുക്ക് റയിലെ തുടങ്ങിയ ഗാനങ്ങൾ ഇവിടെ പരീക്ഷിക്കാതെ പോയതും, ഇത് കൊണ്ടായിരുന്നു. അത്തരം പാട്ടുകൾക്ക് ലഭിക്കുന്ന സ്വീകാര്യതയും വളരെ കുറവായിരിക്കും. മനോ, കൈലാഷ് ഘേർ, സുഖ്വീന്ദർ സിംഗ്, തുടങ്ങി വ്യത്യസ്തയുള്ള ശബ്ദങ്ങളും മലയാളിക്ക് അന്യമായിരുന്നു. ജാസി ഗിഫ്റ്റ് പോലുള്ള പാട്ടുകരാണ് മലയാളത്തിൽ ഇവർക്ക് പകരം വക്കാനുണ്ടായിരുന്നത്. പക്ഷെ അന്യഭാഷകളെ സംബന്ധിച്ച് ഈ ശബ്ദ വ്യത്യാസങ്ങൾ ആയിരത്തിന് മുകളിലായിരുന്നെങ്കിൽ മലയാളത്തിൽ ഇത് താരതമന്യേ കുറവായിരുന്നു.
ഭാഷയുടേതുൾപ്പെടുയുള്ള ഈ ചട്ടക്കൂടുകളും, വെല്ലുവിളികളും നിറഞ്ഞിരുന്ന ഒരു സ്ഥലത്ത് നിന്ന് പുറത്തു കടക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. വാക്കുകളുടെയും, പദപ്രയോഗങ്ങളുടെയും സൗകര്യത്തിൽ ഒളിച്ചിരിക്കാതെ, ആശയങ്ങളുടെ വ്യത്യസ്തതയിൽ പാട്ട് അവതരിപ്പിക്കുമ്പോൾ അത് പ്രേക്ഷകർക്ക് കണക്ട് ചെയ്യാനും സാധിക്കുന്നുണ്ട്. അത് ജനങ്ങൾ ഏറ്റെടുക്കുന്നതിലും സന്തോഷം തോന്നിയിട്ടുണ്ട്. ” ആറാം നാൾ സന്ധ്യയ്ക്ക് ആറരയുടെ വണ്ടിക്ക് ഒപ്പമിരുന്ന് നാം കാറ്റ് പകുത്തില്ലെ പാട്ടു പകുത്തില്ലേ” ഈ വരികൾ ഒരു കഥ പോലെയാണ് തണ്ണീർ മത്തൻ ദിനങ്ങളിൽ പറഞ്ഞു പോകുന്നത്. പാട്ടു പകുത്തെടുക്കുക എന്നത് കൊണ്ട് ഞാൻ ഇവിടെ അർത്ഥമാക്കിയത്, ഹെഡ് ഫോൺ ഉപയോഗിച്ച് ഒരുമിച്ചു പാട്ടു കേൾക്കുന്ന കമിതാക്കളെയാണ്. അതൊരു പുതിയ സാങ്കേതിക വിദ്യയുടെ സഹായം കൊണ്ട് വന്നിരിക്കുന്ന ഉപമയാണ്. ആ രീതിയിലൊരു നിർവചനം കൊടുക്കുമ്പോൾ ആളുകളത് സ്വീകരിക്കുന്നത് അവരെ കൂടി ഉൾപ്പെടുത്തിയെന്ന തോന്നൽ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞതിലൂടെയാണ്. എനിക്ക് കിട്ടാറുള്ള ഏറ്റവും വലിയ അഭിനന്ദനവും ധൈര്യവും ഇത് തന്നെയാണ്.
മലയാള സിനിമയ്ക്കൊപ്പം മുന്നോട്ടു നടക്കുന്ന സംഗീതം
മലയാള സിനിമയിൽ എത്തിയ ഒരു കൂട്ടം പുതിയ സംവിധായകർക്ക് താരങ്ങളുടെ ഡേറ്റുകൾ തുടങ്ങി, സാമ്പത്തികം വരെയുള്ള വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു. ഇതിനെ മറികടക്കാൻ ഉള്ളടക്കത്തിന്റെ ഗുണമേന്മയിൽ ഒരു സിനിമ അവതരിപ്പിക്കുകയെന്നതായിരുന്നു ഏക പോംവഴി.
ബോളിവുഡ് പോപ്പുലർ സിനിമകളുടെ ആധിപത്യം മൂലം ഹിന്ദിയിൽ ഒരു കാലത്ത് ശക്തമായിരുന്ന പാരലൽ സിനിമ മൂവ്മെന്റുകൾ പൊടി പിടിച്ചിരുന്നു. ഇതിനു ശേഷം 90 കളുടെ തുടക്കത്തിൽ അനുരാഗ് കശ്യപിനെ പോലുള്ള സംവിധായകർ ഹിന്ദു സിനിമയെ മറ്റൊരു തലത്തിലേക്ക് പരിമിതികളിൽ നിന്ന്കൊണ്ട് തന്നെ എത്തിക്കുകയായിരുന്നു. പ്രാദേശികവൽക്കരിക്കപ്പെട്ട ആഗോള കഥകൾ എന്ന രീതിയിലാണ് അതിനെ കണ്ടത്. മലയാളത്തിലും അത് തന്നെയാണ് ആവർത്തിക്കപ്പെട്ടത്. മനുഷ്യന്റെ വൈകാരികതകളെ കുറിച്ച് സംസാരിക്കുന്ന കുമ്പളങ്ങി നൈറ്റ്സ് പോലുള്ള കഥകൾ ഭാഷയുടെയോ ദേശത്തിന്റെയോ പരിമിതികൾ ഇല്ലാതെ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും വീണ്ടും സിനിമയാക്കാം. ഇത്തരം സിനിമകൾ ആവശ്യപ്പെടുന്ന പാട്ടുകളുടെ സ്വഭാവത്തിലും മാറ്റം സംഭവിച്ചിട്ടുണ്ട്. പാട്ടുകൾ പാടി അഭിനയിക്കുന്ന രീതിക്ക് പകരം ബാക്ഗ്രൗണ്ട് സൗണ്ട് എന്ന രീതിയിലേക്കാണ് പാട്ടുകൾ ഉപയോഗിക്കുന്നത്.
സാഹചര്യത്തിനോട് ഇണങ്ങി നിൽക്കുന്ന രീതിയിൽ റിയലിസ്റ്റികായാണ് പാട്ടുകൾ അവതരിപ്പിക്കുന്നത്. അടിസ്ഥാനപരമായി നോക്കുമ്പോൾ പാട്ടുകൾ ഒരു സാങ്കൽപ്പിക സൃഷ്ട്ടിയാണ്. അപ്പോൾ ഒരു പരിധി വരെ മാത്രമേ ഇത്തരം പരീക്ഷണങ്ങൾക്ക് പാട്ട് ഉപയോഗപ്പെടുത്താൻ സാധിക്കുകയുള്ളു. സാമൂഹ്യമാധ്യമങ്ങളുടെ പ്രചാരവും സംഗീതത്തിന് വേണ്ടി മാത്രമുള്ള ഓൺലൈൻ പ്ലാറ്റുഫോമുകളുടെയും കടന്നു വരവും സംഗീതത്തിന് സിനിമക്കപ്പുറത്തേക്കുള്ള ഒരു സാധ്യത കൂടി തുറന്നു കിട്ടിയിട്ടുണ്ട്. പാട്ടുകൾക്ക് മാത്രമായി സ്വതസിദ്ധമായ ഒരു ആരാധകവൃന്ദം ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വരികൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് മാത്രം ഇവിടെ ഉള്ളടക്കങ്ങളും വീഡിയോകളും ഇറങ്ങി തുടങ്ങി. മുൻപ് പറഞ്ഞു പോയ റിയലിസം മൂവ്മെന്റിൽ നിന്ന് മറ്റൊരു തലത്തിലേക്ക് വളരാൻ സംഗീതത്തിന് സാധിച്ചിട്ടുണ്ട്. കൂടാതെ പ്രാദേശിക ഭാഷകളിൽ ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ള സംഗീതം സൃഷ്ടിക്കപ്പെടുന്നത് മലയാളത്തിൽ നിന്നാണെന്ന റിപ്പോർട്ടുകളും വന്നു തുടങ്ങിയിട്ടുണ്ട്.
പുതിയ കാലത്തെ പാട്ടുകൾ അംഗീകരിക്കപ്പെടുന്നുണ്ടെന്നതിന്റെ തെളിവാണിത്. ടിക്-ടോക്, ഇൻസ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളിൽ അന്യഭാഷ പാട്ടുകളായിരുന്നു വ്യപകമായി ഉപയോഗപ്പെടുത്തിയിരുന്നത്. ഇവിടെ നിന്നാണ് കുട്ടികുടിയേ, ജാഡ പോലുള്ള സൃഷ്ട്ടികൾ മലയാളികൾ തന്നെ സ്വീകരിച്ചു തുടങ്ങുന്നത്. ഗ്ലോബൽ പ്ലാറ്റഫോമിലേക്ക് തന്നെ പാട്ടുകൾ മാറിയിട്ടുണ്ട്. പുതിയ സംഗീത സംവിധായകരായ വിഷ്ണു വിജയ്, സുഷിന് ശ്യാം, ജസ്റ്റിൻ വർഗീസ് തുടങ്ങി ഒരു കൂട്ടം പുതിയ ആളുകളുടെ പരിശ്രമത്തിൽ നിന്ന് കൂടിയുണ്ടായ മാറ്റമാണിത്. ബേബി ജീൻ, ഡെബിസി, സൂരജ് സന്തോഷ് സിത്താര പോലുള്ള പാട്ടുകാരുടെ കടന്നു വരവ് ഇതിനാക്കം കൂട്ടിയിട്ടുണ്ട്. നമ്മുടെ പാട്ടുകളെ മുന്നോട്ട് നടത്തിക്കുന്നതിൽ മാറിയ സിനിമയും, സാങ്കേതിക വിദ്യയുടെ പങ്കും എടുത്തു പറയേണ്ടതാണ്.