UPDATES

ബില്‍കിസ് ബാനു കേസ്; എന്തുകൊണ്ട് ഇതൊരു സുപ്രധാന വിധിയാകുന്നു

2002 -ലെ ഗുജറാത്ത് കലാപം മുതൽ സുപ്രീം കോടതി വിധി വരെ

                       

തന്റെ കേസില്‍ മുഴുവന്‍ പ്രതികളെയും മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രിം കോടതി വിധിയോട് ബില്‍ക്കിസ് ബാനോ പ്രതികരിച്ചത്, തനിക്കിത് പുതുവര്‍ഷമാണെന്നും വീണ്ടും ശ്വസിക്കാന്‍ സാധിക്കുന്നു എന്നുമാണ്. രാജ്യത്തെ നിയമത്തിലും നിയമവാഴ്ചയിലും തങ്ങളുടെ വിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ പലര്‍ക്കും സുപ്രിം കോടതി വിധി കാരണമായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. തനിക്കും തന്നെ പോലുള്ള അനവധി സ്ത്രീകള്‍ക്കും രാജ്യം വാഗ്ദാനം ചെയുന്ന തുല്യ നീതിയില്‍ പ്രതീക്ഷ നല്‍കിയതിന് ബഹുമാനപെട്ട സുപ്രിം കോടതിക്ക് നന്ദി പറയുന്നതായും ബില്‍ക്കിസ് ബാനോ പറഞ്ഞു. ബില്‍ക്കിസ് ബാനോവിന് നീതി പ്രദാനം ചെയ്ത സുപ്രിം കോടതി വിധി ഏറെ രാഷ്ട്രീയ പ്രാധന്യം അര്‍ഹിക്കുന്നതാണ്. അത്തരമൊരു വിശകലനമാണ് ദ വയര്‍ ചെയ്തിരിക്കുന്നത്.

ഈ സുപ്രധാന ഉത്തരവിന്റെ രാഷ്ട്രീയ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്ന ചില പോയിന്റുകള്‍ ചുവടെ കൊടുക്കുന്നു

2002-ല്‍ ഈ സര്‍ക്കാര്‍ എവിടെ നില്‍ക്കുന്നുവെന്ന ഓര്‍മപ്പെടുത്തല്‍

2002 മാര്‍ച്ച് 3-ലെ ഗുജറാത്തിലെ ഗോധ്ര കലാപത്തിന് പിന്നാലെയാണ് കേസിനാസ്പദമായ സംഭവം. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനോവിനെ ബലാത്സംഗം ചെയ്യുകയും ബില്‍ക്കിസിന്റെ ഏഴ് കുടുംബാംഗങ്ങളെ കണ്മുന്നിലിട്ട് കൊലപ്പെടുത്തുകയും ചെയ്തു. കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ ബില്‍ക്കിസിന് 21 വയസ്സായിരുന്നു. ബില്‍ക്കിസ് ബാനോയുടെ മൂന്നര വയസ്സുള്ള മകള്‍ ഉള്‍പ്പെടെയുള്ള ഏഴ് കുടുംബാംഗങ്ങളാണ് അന്ന് കൊല്ലപ്പെട്ടത്. ഗോധ്ര ട്രെയിന്‍ കത്തിച്ച സംഭവത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെയായിരുന്നു ഇത്. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ചുമതലയേറ്റിട്ട് അധികം കാലം ആകുന്നതിനു മുന്‍പായിരുന്നു ഈ സംഭവം. 2002 ഏപ്രില്‍ 1-ന്, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (NHRC) ചെയര്‍പേഴ്സണായിരുന്ന ജസ്റ്റിസ് (റിട്ടയേര്‍ഡ്) ജെ എസ് വര്‍മ്മ കേസുകളില്‍ എല്ലാം തന്നെ ‘അപരിചിതമായ സ്വാധീനം ഉണ്ടെന്ന് കണ്ടെത്തുകയും അഞ്ച് കേസുകളില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഗോധ്ര, ഗുല്‍ബര്‍ഗ് സൊസൈറ്റി, നരോദ പാട്യ, വഡോദരയിലെ ബെസ്റ്റ് ബേക്കറി, മെഹ്സാനയിലെ സര്‍ദാര്‍പുര എന്നിവിടങ്ങളിലെ കൂട്ടകൊലപാതകങ്ങള്‍ എന്നീ കേസുകളായിരുന്നു അവ.

എന്തുകൊണ്ട് കേസുകള്‍ ഗുജറാത്തിന് പുറത്തേക്ക് മാറ്റി, അതുമൂലം എന്ത് മാറ്റമാണ് കേസിനുണ്ടായത്?

2022 മേയ് മാസത്തെ ഉത്തരവ് സുരക്ഷിതമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച വഞ്ചനാപരമായ നടപടികളെക്കുറിച്ച് സുപ്രിം കോടതി വിധിയില്‍ പരാമര്‍ശിക്കുകയും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഗുജറാത്ത് സംസ്ഥാനം കുറ്റവാളികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചുവെന്ന് പറഞ്ഞുകൊണ്ട് ബെസ്റ്റ് ബേക്കറി കേസ്, ബില്‍കിസ് ബാനോ കേസ് എന്നിവ ഗുജറാത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റുകയും ചെയ്തു.

ഗുജറാത്തിന് പുറത്തേക്ക് കേസ് മാറ്റുന്നത്തിനെതിരെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗങ്ങളില്‍ പറഞ്ഞിരുന്നത്, കേസ് മാറ്റം ഗുജറാത്ത് സംസ്ഥാനത്തിനും അതിന്റെ ജുഡീഷ്യറിക്കും അപമാനകരമാണ് എന്നാണ്. 2024 ല്‍ സുപ്രിം കോടതി വിധിയിലെ പരാമര്‍ശപ്രകാരം സംസ്ഥാനം കുറ്റവാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ആശങ്കയാണ് വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ കോടതിയെ പ്രേരിപ്പിച്ചത് എന്നായിരുന്നു. 2002 ലെ അക്രമ കേസുകളില്‍ ‘ന്യായവും നിഷ്പക്ഷവുമായ അന്വേഷണം’ നടത്തണമെന്ന് വര്‍ഷങ്ങളായി നടന്ന വാദങ്ങളുടെയും ഉത്തരവുകളിലൂടെയും ആവശ്യപ്പെട്ടത് സുപ്രിം കോടതിയാണ്(2010ലെ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം).

സുപ്രിം കോടതി വിധിയിലുള്ള കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും പരാമര്‍ശങ്ങള്‍

കുറ്റവാളികള്‍ക്ക് അവരുടെ ശിക്ഷ വിധിയുടെ അനന്തരഫലങ്ങള്‍ മറികടക്കാന്‍ കഴിയുകയാണെങ്കില്‍ സമൂഹത്തിനുള്ളില്‍ സമാധാനം കൈമോശം വന്നതായി കണക്കാക്കാമെന്ന് സുപ്രിം കോടതി അഭിപ്രായപെടുകയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുറ്റവാളികള്‍ക്ക് ഇളവ് അനുവദിക്കുകയും ചെയ്തു. അതേ വര്‍ഷം കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനത്തിലെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രിയോ, ബിജെപി മഹിളാ വിഭാഗമോ, മുതിര്‍ന്ന വനിതാ മന്ത്രിമാരോ, ആഭ്യന്തര മന്ത്രിയും, അഹമ്മദാബാദില്‍ നിന്നുള്ള എംപിയുമായ അമിത് ഷായോ എന്നിവര്‍ ഇക്കാര്യത്തില്‍ നിശബ്ദരായിരുന്നു.

‘നാരി വന്ദന്‍’ മേലുള്ള ഇരുണ്ട മേഘങ്ങള്‍

കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി സ്ത്രീകളെ കുറിച്ച് പറഞ്ഞതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് കേസിലുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍. പ്രസംഗത്തില്‍ സ്ത്രീകളുടെ ഉന്നമത്തിനായി വലിയരീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആലോചനയിലുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. സ്ത്രീകളെ ബഹുമാനിക്കുന്നതിനെക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു(ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യുന്നതിനുള്ള ബില്ലാണ് നാരി വന്ദന്‍).

‘സാംസ്‌കാരമുള്ള ബ്രാഹ്‌മണ’ യുക്തിക്ക് എന്ത് സംഭവിച്ചു?

ബില്‍ക്കിസ് ബാനോവിനെ ബലാത്സംഗം ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ച ആ 11 പേരും ‘ബ്രാഹ്‌മണരും’ ‘നല്ല സംസ്‌ക്കാരവും’ ഉള്ളവരാണെന്നും ഗോധ്രയിലെ ബിജെപി എംഎല്‍എ സി.കെ റൗള്‍ജി പറയുകയുണ്ടായി. ഇവരെ മോചിപ്പിച്ച ശേഷം മധുരപലഹാരങ്ങള്‍ നല്‍കുകയും മാലയിട്ട് ആദരിക്കുകയും ചെയ്തിരുന്നു. ബലാത്സംഗികളെ മോചിപ്പിക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ച ഗുജറാത്ത് സര്‍ക്കാര്‍ പാനലില്‍ ഉള്‍പ്പെട്ടിരുന്ന രണ്ട് ബിജെപി നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു സി കെ റൗള്‍ജി. ശിക്ഷയില്‍ ഇളവ് തേടി പ്രതികളിലൊരാള്‍ സുപ്രിം കോടതിയെ സമീപിക്കുകയും വിഷയം സംസ്ഥാന സര്‍ക്കാരിന് കൈമാറുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു തീരുമാനം. പ്രതികളില്‍ ഒരാളായ രാധേശ്യാം ആയിരുന്നു കോടതിയെ സമീപിച്ചത്. തുടര്‍ന്ന് സുപ്രിം കോടതി ഗുജറാത്ത് സര്‍ക്കാരിനോട് തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

നീതിക്കുവേണ്ടി പോരാടാന്‍ തുനിഞ്ഞിറങ്ങിയ നാല് വനിതകള്‍

ഗുജറാത്ത് സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ബില്‍ക്കിസ് ബാനോവിന്റെ കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. ഇരു സര്‍ക്കാരുകളും ഒരിക്കല്‍ പോലും അതിജീവിതക്ക് വേണ്ടി ശബ്ദമുയര്‍ത്തിയില്ല. അതിനു വേണ്ടി സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കപ്പെട്ട തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര, സിപിഐ എം എം പി, സുഭാഷിണി അലി, സാമൂഹിക പ്രവര്‍ത്തക രേവതി ലോള്‍, രൂപരേഖ വര്‍മ എന്നിവര്‍ വേണ്ടി വന്നു.

2002-ല്‍ അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ കൂട്ട ബലാത്സംഗത്തിനിരായായ ആ 21 വയസുകാരിക്ക് നീതി ലഭിക്കാന്‍ നീണ്ട 22 വര്‍ഷങ്ങളായുള്ള നിലക്കാത്ത പോരാട്ടം ആവശ്യമായി വന്നു.

2002 ലെ ഗുജറാത്ത് കലാപത്തിനിടെയായിരുന്നു അഞ്ചു മാസം ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനോവിനെ പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെയടക്കം കുടുംബത്തിലെ എഴു പേരെ കൊലപ്പെടുത്തുകയും ചെയ്തത്. മരിച്ചെന്ന് കരുതി പ്രതികള്‍ ബില്‍ക്കിസിനെ ഉപേക്ഷിച്ച് പോകുകയായിരുന്നു. തുടര്‍ന്ന് നീണ്ട നാളത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പ്രതികള്‍ക്ക് കേസില്‍ ശിക്ഷ ലഭിച്ചത്. 2008-ലാണ് കേസിലെ പ്രതികള്‍ക്ക് മുബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ബോംബെ ഹൈക്കോടതി ഈ വിധി ശരി വച്ചു. 15 വര്‍ഷത്തിലേറെയായി പ്രതികള്‍ ജയിലില്‍ കഴിയുകയായിരുന്നു. പത്തുവര്‍ഷത്തിനുമേല്‍ ശിക്ഷ അനുഭവിച്ചതിനുശേഷമാണ് പ്രതികളിലൊരാള്‍ സുപ്രിം കോടതിയെ സമീപിക്കുകയും, തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതികളെ മോചിപ്പിച്ചതും. അഞ്ചു മാസം ഗര്‍ഭിണിയായ 21 കാരിയെ കൂട്ടബലാത്സംഗം ചെയ്ത, അവളുടെ മൂന്നര വയസുള്ള കുഞ്ഞിനെ തറയിലെറിഞ്ഞു കൊന്നവരെയാണ്, ഗുജറാത്ത് സര്‍ക്കാര്‍ വെറുതെ വിട്ടതും പൂമാലയിട്ട് സ്വീകരിച്ചതും.

Share on

മറ്റുവാര്‍ത്തകള്‍