വിദേശരാജ്യത്ത് നിന്നും വന്ന ഏതോ ഒരാള്‍, അത്രമാത്രമേ ചായ കൊടുക്കുമ്പോള്‍ ആ ചെറുപ്പക്കാരന്‍ ശ്രദ്ധിച്ചിരുന്നുള്ളൂ. എന്നാല്‍ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും ലോകം മുഴുവന്‍ താനൊരു ശ്രദ്ധാകേന്ദ്രമായി മാറാന്‍ തക്ക വലിപ്പമുള്ളയാള്‍ക്കായിരുന്നു ചായ കൊടുത്തതെന്ന് അറിഞ്ഞ് അയാള്‍ ഞെട്ടി.
ലക്ഷക്കണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞ, ഇന്റര്‍നെറ്റ് ലോകത്ത് വൈറലായ ‘ ഡോളി ചായ്‌വാല’യുടെ തലവര മാറിയ കഥയാണിത്. ഈ കഥയിലെ മറ്റേ കഥാപാത്രം വേറെയാരുമല്ല; സാക്ഷാല്‍ ബില്‍ഗേറ്റ്‌സ്! അതേ, ബില്‍ഗേറ്റ്‌സാണ് ആ വഴിയോര ചായക്കച്ചവടക്കാരനെ വൈറല്‍ ആക്കിയത്.
നാഗ്പൂരിലെ സദര്‍ ഏരിയായിലുള്ള ഓള്‍ഡ് വിസിഎം സ്‌റ്റേഡിയത്തിന് സമീപത്തുള്ള റോഡരികിലാണ് ഡോളിയുടെ കട. ഇന്‍സ്റ്റഗ്രാം പേജിലൂടെ തന്റെ സ്റ്റൈലിഷ് ചായ ഉണ്ടാക്കല്‍ വീഡിയോകള്‍ ഡോളി പങ്കുവയ്ക്കാറുണ്ട്. അതുവഴി നേരത്തെ തന്നെ ഇയാള്‍ ഇന്റര്‍നെറ്റ് ലോകത്ത് വൈറലായിരുന്നു. അതുകൊണ്ടാണ് നാഗ്പൂരില്‍ നിന്നും ഹൈദരാബാദിലേക്ക് അദ്ദേഹത്തെ ചായ ഉണ്ടാക്കാന്‍ ക്ഷണിച്ചത്. എന്നാല്‍ താന്‍ ആര്‍ക്കുവേണ്ടിയാണ് ചായ ഉണ്ടാക്കുന്നതെന്നോ, ഇത് വീഡിയോയില്‍ ചിത്രീകരിക്കുന്നതിന്റെ പ്രാധാന്യമെന്താണെന്നോ ഡോളി ചായ്‌വാലയ്ക്ക് അറിയില്ലായിരുന്നു, അയാളോട് ആരും പറഞ്ഞിരുന്നുമില്ല.
അതുകൊണ്ടു തന്നെ ഡോളി ചായ്‌വാലയ്ക്ക്(അയാളുടെ യഥാര്‍ത്ഥ പേരെന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല) താന്‍ ആര്‍ക്കാണ് ചായ കൊടുക്കുന്നതെന്നതിനെക്കുറിച്ച് യാതൊരു പിടിയുമില്ലായിരുന്നു.
‘ അദ്ദേഹം ആരാണെന്ന് എനിക്കറിയില്ലായിരുന്നു. വിദേശത്ത് നിന്നും വന്ന ആരോ ഒരാള്‍, ഞാനദ്ദേഹത്തിന് ചായയും കൊടുത്തു. പിറ്റേദിവസം നാഗ്പൂരില്‍ തിരിച്ചെത്തിയപ്പോഴാണ് എനിക്ക് മനസിലായത്, ഞാനാര്‍ക്കാണ് ചായ കൊടുത്തതെന്ന്’ ഡോളി ചായ്‌വാല ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോട് പറയുന്നു.
തങ്ങള്‍ തമ്മില്‍ ഒന്നും സംസാരിച്ചിരുന്നില്ലെന്നാണ് ഡോളി പറയുന്നത്. ‘അദ്ദേഹം എന്റെ അടുത്ത് തന്നെയാണ് നിന്നത്, ഞാനാണെങ്കില്‍ ജോലിത്തിരക്കിലുമായിരുന്നു’. എന്റെ ചായ കുടിച്ചശേഷം അദ്ദേഹം ‘വൗ ഡോളി കി ചായ്’ എന്നു പറഞ്ഞിരുന്നുവെന്നും ഡോളി പറയുന്നു.
ഡോളിയുടെ ചായയടിയുടെ സൈറ്റല്‍ ബില്‍ഗേറ്റ്‌സ് പങ്കുവച്ചിരിക്കുന്ന ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ കാണാം. ‘ വണ്‍ ചായ് പ്ലീസ്’ എന്നു ബില്‍ഗേറ്റ്‌സ് പറയുന്നതില്‍ തൊട്ടാണ് ഈ വൈറല്‍ വീഡിയോ ആരംഭിക്കുന്നത്. ചായയടിപോലെ തന്നെ ശ്രദ്ധേയമാണ് ഡോളിയുടെ വസ്ത്രധാരണം. ദക്ഷിണേന്ത്യന്‍ സിനിമകളുടെ ആരാധകനാണ് ഡോളി, വസ്ത്രധാരണ ശൈലി കടം കൊണ്ടിരിക്കുന്നതും അവിടെ നിന്നാണെന്ന് ഈ നാഗ്പൂര്‍കാരന്‍ പറയുന്നത്. ഇനിയാര്‍ക്കാണ് ഇതുപോലെ ചായ കൊടുക്കാന്‍ ആഗ്രഹമെന്നു ചോദിച്ചപ്പോള്‍ ഡോളിയുടെ മറുപടി; ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നായിരുന്നു.
View this post on Instagram
‘എന്റെ ജീവിതകാലം മുഴുവന്‍ ഓരോരുത്തര്‍ക്കും ഒരു ചിരിയോടെ ചായ കൊടുക്കണമെന്നാണ് ആഗ്രഹം, അതേപോലൊരു ചിരി ഞാന്‍ തിരിച്ചും ആഗ്രഹിക്കുന്നു’- ഡോളിയുടെ ജീവിതദര്‍ശനം വളരെ ലളിതമാണ്. എന്തായാലും ഡോളി ഇപ്പോള്‍ വലിയ സന്തോഷത്തിലാണ്. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ബില്‍ഗേറ്റ്‌സും വളരെ സന്തോഷത്തിലാണ്. ഇന്ത്യന്‍ സന്ദര്‍ശനം ആഹ്ലാദകരമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. പ്രത്യേകിച്ച് ഡോളിക്കൊപ്പമുള്ള ചായ. ‘ഇന്ത്യയില്‍ നിങ്ങള്‍ എവിടെ തിരിഞ്ഞാലും അവിടെയൊരു പുതുമ കണ്ടെത്താനാകും, ഒരു ചായ തയ്യാറാക്കുന്നതില്‍ പോലും’ ഈ കുറിപ്പോടെയാണ് ബില്‍ഗേറ്റ്‌സ് ഡോളി ചായ്‌വാലയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.