UPDATES

ഓഫ് ബീറ്റ്

ഹിന്ദു കോഡ് ബില്‍

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-97

                       

1950കളില്‍ ഇന്ത്യയിലെ ഹിന്ദു വ്യക്തിനിയമം ക്രോഡീകരിക്കാനും പരിഷ്‌കരിക്കാനും ലക്ഷ്യമിട്ട് പാസാക്കിയ നിയമങ്ങളാണ് ഹിന്ദു കോഡ് ബില്ലുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്താണ് ഹിന്ദു കോഡ് ബില്ലുകള്‍ ആദ്യമായി നടപ്പിലാക്കാന്‍ തുടക്കം കുറിച്ചത്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ 1950കളില്‍ പരിഷ്‌കരണങ്ങള്‍ വിജയകരമായി നടപ്പാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം, ഹിന്ദു സമൂഹത്തെ നവീകരിക്കുന്നതിനും ദേശീയ ഐക്യം കെട്ടിപ്പടുക്കുന്നതിനും ഹിന്ദു കോഡിന്റെ പരിഷ്‌കരണം ആവശ്യമാണെന്ന് നെഹ്‌റു ഭരണകൂടം മനസിലാക്കി. ഹിന്ദു വിവാഹ നിയമം, ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം, ഹിന്ദു ന്യൂനപക്ഷ, ഗാര്‍ഡിയന്‍ഷിപ്പ് നിയമം, ഹിന്ദു ദത്തെടുക്കല്‍, പരിപാലന നിയമം എന്നിങ്ങനെ പാസാക്കിയ ബില്ലുകള്‍ വീണ്ടും അവതരിപ്പിക്കുകയും ചെയ്തു.

ഹിന്ദു കോഡ് ബില്ലും, സനാതന നൃത്തവും

ചരിത്രം ആവര്‍ത്തിക്കുമോ എന്ന് ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോക്ടര്‍ ബി. ആര്‍. അംബേദ്ക്കര്‍ തന്നെ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപത്തിന്റെ മൂന്നാം വായനയ്ക്ക് ശേഷം നടന്ന ചര്‍ച്ചകള്‍ക്ക് മറുപടി പ്രസംഗം നടത്തവെയാണ് അധ്യക്ഷനായ ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍ ഉത്കണ്ഠ പ്രകടിപ്പിച്ചത്. നമ്മുടെ പഴയ ശത്രുക്കള്‍ പുതിയ രൂപത്തില്‍ വരാം, ജാതിയുടെയും വിശ്വാസത്തിന്റെയും അടിസ്ഥാനങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ചിരിക്കുന്നു. അവര്‍ രാഷ്ട്രീയ വിശ്വാസങ്ങളില്‍ ഏറ്റുമുട്ടാന്‍ പോകുന്നു. അവരുടെ വിശ്വാസത്തിന് മുകളില്‍ രാഷ്ട്രത്തെ സ്ഥാപിക്കുമോ അതോ രാഷ്ട്രത്തിനു മുകളില്‍ അവരുടെ വിശ്വാസത്തെ സ്ഥാപിക്കുമോ…? എന്നാല്‍ ഒരു കാര്യം ഞാന്‍ വ്യക്തതയോടെ പറയാം നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തിനു മുകളില്‍ വിശ്വാസത്തെ സ്ഥാപിച്ചാല്‍ നമ്മുടെ സ്വാതന്ത്ര്യം എന്നെന്നേക്കുമായി നഷ്ടപ്പെടും. അത് നമ്മള്‍ എപ്പോഴും ഓര്‍ക്കണം. അവസാന രക്തതുള്ളിയും നല്‍കി സ്വാതന്ത്ര്യത്തെ നാം കാത്തുസൂക്ഷിക്കണം എന്നും അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പേ പറഞ്ഞിട്ടുണ്ട്.

ദി ലീഡര്‍ എന്ന പ്രസിദ്ധീകരണം വടക്കേ ഇന്ത്യയിലെ വലിയ പ്രചാരത്തില്‍ ഉണ്ടായ ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു ദിനപത്രം ആയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് 1909 ഒക്ടോബര്‍ 24 മുതല്‍ 1967 സെപ്റ്റംബര്‍ 6 വരെയാണ് പ്രസിദ്ധീകരണം ഉണ്ടായിരുന്നത്. മദന്‍മോഹന്‍ മാളവ്യ ആയിരുന്നു ദി ലീഡര്‍ എന്ന പ്രസിദ്ധീകരണത്തിന് തുടക്കം കുറിച്ചത്. പ്രശസ്തനായ പത്രാധിപര്‍ സി വൈ ചിന്താമണിയായിരുന്നു ദി ലീഡറെ പ്രശസ്തിയിലേക്ക് എത്തിച്ചത്. ഈ പ്രസിദ്ധീകരണത്തില്‍ കാര്‍ട്ടൂണ്‍ വരച്ചിരുന്ന ഉമ്മന്‍ ഒരു മലയാളിയായിരുന്നു എന്നുള്ളതില്‍ നമ്മള്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ വകയുണ്ട്. മഹാത്മാഗാന്ധി അടക്കം ഒട്ടേറെ പേര്‍ ദി ലീഡറില്‍ എഴുതിയിരുന്നു എന്നുള്ളത് ഈ പ്രസിദ്ധീകരണത്തിന്റെ മഹത്വം വിളിച്ചോതുന്ന ഒന്നാണ്.

1950 സെപ്തംബര്‍ 30ന് ദി ലീഡര്‍ എന്ന പ്രസിദ്ധീകരണത്തില്‍ ഉമ്മന്‍ വരച്ച കാര്‍ട്ടൂണ്‍ ഇന്നും പ്രസക്തമല്ലേ…? ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും തുല്ല്യ നീതി നടപ്പാക്കുന്ന ഭരണഘടനാ ശില്‍പ്പി ഡോക്ടര്‍ ബി. ആര്‍ അംബേദ്ക്കറെ കസേരയില്‍ കെട്ടിയിടുന്ന ബ്രാഹ്‌മണരായ മേല്‍ ജാതിക്കാരാണ് കാര്‍ട്ടൂണില്‍. ദളിതര്‍ മേല്‍ജാതിക്കാരുടെ നിയന്ത്രണത്തില്‍ തന്നെയാണ് ഇന്നും എന്നത് വര്‍ത്തമാനകാല സാഹചര്യങ്ങള്‍ പറയുന്നു.

കാര്‍ട്ടൂണ്‍ കടപ്പാട്: ദി ലീഡര്‍

 

Share on

മറ്റുവാര്‍ത്തകള്‍