UPDATES

ടെലികമ്മ്യൂണിക്കേഷന്‍ ബില്‍ 2023; ദേശീയ സുരക്ഷയുടെ പേരില്‍ സര്‍ക്കാര്‍ കൈവശപ്പെടുത്തുന്ന അധികാരങ്ങളെന്തൊക്കെ?

എന്താണ് ടെലികമ്മ്യൂണിക്കേഷന്‍ ബില്‍, 2023?

                       

അടിയന്തര സാഹചര്യത്തിന്റെയും പൊതു സുരക്ഷയുടെയും അടിസ്ഥാനത്തില്‍ ഏത് ടെലികോം നെറ്റ്‌വര്‍ക്കിന്റെ നിയന്ത്രണവും സര്‍ക്കാരിന് താകത്കാലികമായി പിടിച്ചെടുക്കാന്‍ അനുവാദം കൊടുക്കുന്നതാണ് 2023 ലെ ടെലികമ്മ്യൂണിക്കേഷന്‍സ് ബില്‍. കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ടെലികമ്മ്യൂണിക്കേഷന്‍സ് ബില്‍ 2023 ഡിസംബര്‍ 18 തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ പ്രധാനമായി എടുത്തു പറയുന്ന വ്യവസ്ഥകളില്‍ ഒന്നാണ് ദേശീയ സുരക്ഷ. ഈ വ്യവസ്ഥ വഴി അടിയന്തര സാഹചര്യങ്ങളില്‍ ടെലികോം സേവനങ്ങളുടെ നിയന്ത്രണം താല്‍ക്കാലികമായി ഏറ്റെടുക്കാന്‍ സര്‍ക്കാരിനെ അനുവദിക്കുന്നുവെന്നാണ് ബില്ലിനെ കുറിച്ച് വിശദമാക്കിക്കൊണ്ട് ഇന്ത്യന്‍ എക്‌സ്പ്രസ് ചെയ്തിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്താണ് ടെലികമ്മ്യൂണിക്കേഷന്‍ ബില്‍, 2023?

‘ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളുടെയും ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കുകളുടെയും വികസനം, വിപുലീകരണം, പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഭേദഗതി ചെയ്യുകയും സ്‌പെക്ട്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകീകരിക്കുകയും ചെയ്യുന്ന ബില്ലാണ് ടെലികമ്മ്യൂണിക്കേഷന്‍ ബില്‍, 2023.

1885-ലെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് , 1933-ലെ ഇന്ത്യന്‍ വയര്‍ലെസ് ടെലിഗ്രഫി ആക്ട്, 1950-ലെ ടെലിഗ്രാഫ് വയറുകള്‍ (നിയമവിരുദ്ധമായ കൈവശം വയ്ക്കല്‍) ആക്ട് എന്നിവയ്ക്ക് ബദലായാണ് പുതിയ ടെലികമ്മ്യൂണിക്കേഷന്‍ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബില്ലുമായി ബന്ധപ്പെട്ട പ്രസ്താവന പ്രകാരം മുന്നോട്ട് വയ്ക്കുന്ന ഉദ്ദേശലക്ഷ്യങ്ങള്‍ ഇവയാണ്; ‘സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന്റെ സുപ്രധാന പങ്ക് വഹിക്കുന്ന മേഖലയാണ് ടെലികമ്മ്യൂണിക്കേഷന്‍. രാജ്യത്തിന്റെ പുരോഗതിയില്‍ വലിയ തോതില്‍ സഹായിക്കുന്ന ഡിജിറ്റല്‍ സേവനങ്ങളിലേക്കുള്ള ചുവടുവെപ്പും കൂടിയാണിത്. രാജ്യത്തിന്റെ സുരക്ഷ പ്രധാനമായും ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കുകളുടെ സുരക്ഷയെ ആശ്രയിച്ചിരിക്കുന്നതിനാല്‍ തന്നെ സുരക്ഷിതവും ഭദ്രതയുള്ളതുമായ ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിയമപരവും നിയന്ത്രണ സ്വഭാവമുള്ളതുമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്, ഒപ്പം കഴിഞ്ഞ പത്ത് വര്‍ഷമായി ടെലികമ്മ്യൂണിക്കേഷന്‍ മേഖലയുടെ അടിസ്ഥാന സ്വഭാവവും സാങ്കേതിക വിദ്യകളും വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ടെലികോം മേഖലക്ക് വേണ്ടി പുതിയ നൂതന മാര്‍ഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള നിയമ നിര്‍മാണം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്’.

ടെലികോം ബില്ലില്‍ പ്രതിപാദിക്കുന്ന ദേശീയ സുരക്ഷ എന്താണ് അര്‍ത്ഥമാക്കുന്നത്?

ദേശീയ സുരക്ഷയെ മുന്‍ നിര്‍ത്തിക്കൊണ്ട് അടിയന്തര സാഹചര്യങ്ങളില്‍ ടെലികോം സേവനങ്ങള്‍ ഏറ്റെടുക്കാനും സന്ദേശങ്ങള്‍ തടസപ്പെടുത്താനുമുള്ള അധികാരം ബില്‍ വഴി സര്‍ക്കാരിന് ലഭിക്കുന്നു.

ബില്‍ സര്‍ക്കാരിന് നല്‍കുന്ന അവകാശങ്ങള്‍

ദുരന്തനിവാരണം ഉള്‍പ്പെടെയുള്ള ഏതെങ്കിലും പൊതുവായ അടിയന്തര സാഹചര്യമുണ്ടാകുമ്പോള്‍ പൊതു സുരക്ഷയുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ അവര്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കോ നടപടിയെടുക്കാന്‍ ബില്‍ അധികാരം നല്‍കുന്നു. ഏതെങ്കിലും ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്ന് സേവനമോ ടെലികമ്മ്യൂണിക്കേഷന്‍ ശൃംഖലയോ താത്കാലികമായി കൈവശപ്പെടുത്താനുള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അധികാരം നല്‍കിയ അംഗീകൃത സ്ഥാപനങ്ങള്‍ക്ക് സാധിക്കും. അതേസമയം ഈ അധികാരങ്ങള്‍ പ്രയോഗിക്കുന്നതിന് മുമ്പ്, ഔപചാരിക അറിയിപ്പ് നല്‍കേണ്ടത് ആവശ്യമാണ്. പൊതു സുരക്ഷക്ക് കോട്ടം സംഭവിക്കുന്ന സന്ദര്‍ഭത്തിലോ പൊതു അടിയന്തരാവസ്ഥാ സമയങ്ങളിലും ഇത്തരം നടപടികള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണോ എന്ന കാര്യം അധികാരികള്‍ ഉറപ്പ് വരുത്തേണ്ടതാണ് എന്നും ബില്‍ നിര്‍ദേശിക്കുന്നു.

സബ് സെക്ഷന്‍ (2) ലെ ക്ലോസ് (എ) പ്രകാരം വിവരക്കൈമാറ്റം നിരോധിക്കാത്തിടത്തോളം അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകരുടെ സന്ദേശങ്ങള്‍ തടസ്സപ്പെടുത്തില്ലെന്ന് ബില്‍ പറയുന്നു. എന്നാല്‍ പൊതു സുരക്ഷ മാനിച്ച് വ്യക്തികള്‍ തമ്മിലുള്ള സന്ദേശ കൈമാറ്റം തടസപ്പെടുത്തുന്നതിന് നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിന് സാധിക്കും. ഇതുവഴി ടെലികോം നെറ്റ്‌വര്‍ക്കുകള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാരിന് അധികാരം ലഭിക്കും. സന്ദേശങ്ങള്‍ നിയമവിരുദ്ധമായി തടസ്സപ്പെടുത്തുന്നത് മൂന്ന് വര്‍ഷം വരെ തടവോ രണ്ട് കോടി രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും ഒന്നിച്ച് ലഭിക്കുമെന്നും ബില്‍ പറയുന്നു. ബില്ലില്‍ പ്രസ് സന്ദേശങ്ങളെക്കുറിച്ച് പ്രത്യേകം പ്രതിപാദിക്കുന്നു ”ഇന്ത്യയില്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന, കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അംഗീകൃത ലേഖകരുടെ പ്രസ് സന്ദേശങ്ങള്‍ നിയമങ്ങള്‍ക്കനുസരിച്ച് സംപ്രേക്ഷണം നിരോധിച്ചിട്ടില്ലാത്തവയാണെങ്കില്‍ അവ തടഞ്ഞു വയ്ക്കില്ലെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍