UPDATES

ബില്‍ക്കീസ് ബാനോ കേസ്; ഇന്ത്യ കണ്ട ഏറ്റവും ഭയനകമായ കുറ്റകൃത്യം

അഞ്ചു മാസം ഗര്‍ഭിണിയായ 21 കാരിയെ കൂട്ടബലാത്സംഗം ചെയ്ത,അവളുടെ മൂന്നര വയസുള്ള കുഞ്ഞിനെ തറയിലെറിഞ്ഞു കൊന്നവരെയാണ്, ഗുജറാത്ത് സര്‍ക്കാര്‍ വെറുതെ വിട്ടതും പൂമാലയിട്ട് സ്വീകരിച്ചതും

                       

സ്വതന്ത്ര്യ ഇന്ത്യ ഇന്നേവരെ കണ്ടതില്‍ വച്ച് ഏറ്റവും ഭയാനകവും ഹീനവുമായൊരു കുറ്റകൃത്യം. അഞ്ചു മാസം ഗര്‍ഭിണിയായൊരു 21 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുക, അവളുടെ മൂന്നു വയസുള്ള പെണ്‍കുഞ്ഞിനെ ഉള്‍പ്പെടെ ഏഴ് കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്യുക. ഗുജറാത്ത് വംശഹത്യയുടെ മറവില്‍ നടന്ന ഈ ഹീന കൃതം ചെയ്തവരെയാണ്, കോടതി വിധിച്ച ശിക്ഷാ കാലയളവ് തീരും മുന്നേ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. ഇതേ പ്രതികളെയാണ് വിശ്വഹിന്ദു പരിഷദിന്റെ നേതൃത്വത്തില്‍ പൂമാലയിട്ട് സ്വീകരിച്ചത്. ഒരു വര്‍ഷത്തിനും അഞ്ച് മാസങ്ങള്‍ക്കും ഇപ്പുറം ഇന്ത്യന്‍ പരമോന്നത കോടതി ഉത്തരവിട്ടിരിക്കുന്നത്, അങ്ങനെയാ പ്രതികള്‍ സ്വതന്ത്രരായി നടക്കേണ്ടെന്നാണ്. ഇല്ലാത്ത അധികാരം ഗുജറാത്ത് സര്‍ക്കാര്‍ കൈയേറണ്ടന്നാണ്. ക്രൂരകൃത്യം ചെയ്ത 11 പ്രതികളെയും തിരികെ ജയിലിലേക്ക് തന്നെ അയക്കാനുള്ള സുപ്രിം കോടതി വിധി വന്നിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ ഒരിക്കല്‍ കൂടിയോര്‍ക്കണം, ആരാണ് ബില്‍ക്കീസ് ബാനോ എന്നും എന്താണ് ആ സ്ത്രീക്ക് നേരിടേണ്ടി വന്നതെന്നും.

ഗോധ്ര സ്‌റ്റേഷനില്‍ വച്ച് സബര്‍മതി എക്‌സ്പ്രസിന് തീ പിടിക്കുകയും അയോധ്യയില്‍ നിന്നും മടങ്ങി വരികയായിരുന്ന കര്‍സേവകര്‍ കൊല്ലപ്പെടുകയും ചെയതിന്റെ പിറ്റേദിവസം, 2002 ഫെബ്രുവരി 28 ന് ബില്‍ക്കീസ് ബാനോ രധിക്പൂര്‍ എന്ന തന്റെ ഗ്രാമത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. കാരണം, തലേന്നത്തെ സംഭവം ഗുജറാത്തില്‍ ഒരു വലിയ കലാപത്തിന്റെ അഗ്നി പടര്‍ത്തി കഴിഞ്ഞിരുന്നു.

സ്വന്തം ഗ്രാമവും വീടുകളും വിട്ട് ഓടുമ്പോള്‍ ബാനോന്റെ കൈയില്‍ അവളുടെ മൂന്നര വയസുള്ള മകള്‍ സലേഹയും ഉണ്ടായിരുന്നു. 15 കുടുംബാംഗങ്ങള്‍ വേറെയും. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ബക്രീദിനോടനുബന്ധിച്ച് അവരുടെ ഗ്രാമത്തില്‍ വലിയ തോതില്‍ തീവയ്പ്പും കൊള്ളയും നടന്നതാണ്. അത് വീണ്ടും നടക്കേന്നുമെന്ന ഭീതിയാലാണ് പ്രാണരക്ഷാര്‍ത്ഥം എല്ലാവരും ഓടിയത്.

പിറ്റേദിവസം, 2002 മാര്‍ച്ച് 3, ബാനോവിന്റെ കുടുംബം ഛപ്പര്‍വാഡ് ഗ്രാമത്തില്‍ എത്തി. പക്ഷേ, അവിടെ അവരെ തേടിയെത്തിയത് മഹാദുരന്തമായിരുന്നു. മുപ്പതോളം അടങ്ങുന്ന അക്രമി സംഘം വാളും വടികളുമൊക്കെയായി ബാനോനെയും കുടുംബത്തെയും ആക്രമിച്ചു. ഇപ്പോള്‍ പ്രതികളായ 11 പേരും അക്രമികളുടെ കൂട്ടത്തിലുണ്ടായിരുന്നു.

ബില്‍ക്കീസ് ബാനോയും അവളുടെ അമ്മയും മറ്റു മൂന്നു സ്ത്രീകളും ക്രൂരമായ ബലാത്സംഗത്തിന് ഇരകളായി.

17 അംഗ മുസ്ലിം കുടുംബമായിരുന്നു രധിക്പൂരില്‍ നിന്നും പലായനം ചെയ്തത്. അവരില്‍ എട്ടു പേരുടെ മൃതദേഹം കണ്ടെത്തി. ആറ് പേര്‍ എവിടെപ്പോയെന്ന് ഇന്നും അറിയില്ല. ഒരു പുരുഷനും, മൂന്നു വയസ് പ്രായമുള്ളൊരു കുഞ്ഞും ബില്‍ക്കീസ് ബാനോയും മാത്രമാണ് ആ ക്രൂരതയില്‍ ജീവന്‍ നഷ്ടപ്പെടാത്തവരായി കണ്ടെത്തിയത്.

അക്രമികള്‍ ഉപേക്ഷിച്ചു പോയ ബാനോ മൂന്നു മണിക്കൂറോളം ബോധരഹിതയായി കിടന്നു. ബോധം തിരിച്ചു കിട്ടുമ്പോള്‍ അവള്‍ പൂര്‍ണ നഗ്നയായിരുന്നു. ഒരു ആദിവാസി സ്ത്രീ അവള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കി. ഒരു ഹോം ഗാര്‍ഡ് അവളെ ലിംഖേഡ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. അവിടെയവള്‍ ഹെഡ് കോണ്‍സ്റ്റബിള്‍ സോമഭായ് ഗോറിക്കു മുന്നിലാണ് പരാതി നല്‍കിയത്. എന്നാല്‍ ആ പരാതി അതിലെ വസ്തുതകള്‍ വളച്ചൊടിക്കപ്പെട്ട രീതിയിലായിരുന്നു പൊലീസ് എഴുതിയെടുത്തതെന്നാണ് പിന്നീട് സിബിഐ കണ്ടെത്തിയത്.

പിന്നീട് ഗോധ്ര ദുരിതാശ്വാസ ക്യാമ്പില്‍ എത്തിച്ച ബാനോവിനെ അവിടെ നിന്നാണ് വൈദ്യപരിശോധനയ്ക്കായി ഒരു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത്.

ബില്‍ക്കീസ് ബാനോവിന്റെ കേസ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഏറ്റെടുത്തു. സുപ്രിം കോടതിക്ക് മുമ്പാകെയും കേസ് എത്തി. കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.

എല്ലാം കുറ്റകൃത്യങ്ങളും അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് സിബിഐയ്ക്ക് മനസിലായി. കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പ്രതികളെ സഹായിക്കുന്ന തരത്തിലായിരുന്നു. സിബിഐ അന്വേഷണ സംഘം പരിശോധനയ്ക്കായി മൃതദേഹങ്ങള്‍ കുഴിതോണ്ടി പുറത്തെടുത്തു. ബില്‍ക്കീസിന്റെ കുടുംബത്തില്‍ കൊല്ലപ്പെട്ട എഴുപേരുടെയും തലയോട്ടികള്‍ അപ്രത്യക്ഷമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹങ്ങളില്‍ നിന്നും തല വേര്‍പ്പെടുത്തിയത്. അതുമൂലം മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണു സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേസ് കോടതിയിലെത്തിയതോടെ ബില്‍ക്കീസ് ബാനോവിനെതിരേ വധഭീഷണികള്‍ ഉയര്‍ന്നു. ഇതോടെയാണ് ഗുജറാത്തില്‍ നിന്നും കേസ് മഹാരാഷ്ട്രയിലേക്ക് മാറ്റുന്നത്. മുംബൈ വിചാരണ കോടതിയില്‍ 19 പേര്‍ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഇവരില്‍ ആറ് പേര്‍ പൊലീസുകാരും ഒരാള്‍ സര്‍ക്കാര്‍ ഡോക്ടറുമായിരുന്നു. 2008 ജനുവരിയില്‍ പ്രത്യേക കോടതി 11 പേര്‍ കുറ്റക്കാരാണെന്നു കണ്ടെത്തി. ഗര്‍ഭിണിയായ യുവതിയെ ബലാത്സംഗം ചെയ്യല്‍, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങി മറ്റ് ചില ഐപിസി ചട്ടങ്ങളുടെ ലംഘനവും കോടതി കണ്ടെത്തി. ബാനോ നല്‍കിയ പരാതിയില്‍ കള്ളത്തരം കാണിച്ച് രജിസ്റ്റര്‍ ചെയ്ത ഹെഡ് കോണ്‍സ്റ്റബിള്‍ സോമഭായ് ഗോറിയും കുറ്റക്കാരില്‍ ഉള്‍പ്പെട്ടിരുന്നു. കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിച്ചതായിരുന്നു ആ പൊലീസുകാരന്റെ കുറ്റം. ബാക്കിയുള്ള എട്ട് പേരില്‍ ഏഴ് പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു, ഒരാള്‍ വിചാരണയ്ക്കിടിയല്‍ മരണമടഞ്ഞു.

ജസ്വന്ത്ബായ് നായ്, ഗോവിന്ദ്ബായ് നായ്, നരേഷ് കുമാര്‍ മോര്‍ദിയ എന്നിവരായിരുന്നു ബില്‍ക്കീസിനെ ബലാത്സംഗത്തിന് ഇരയാക്കിയത്. ഇതില്‍ നരേഷ് ആണ് വിചാരണയ്ക്കിടയില്‍ മരിച്ചത്. ശൈലേഷ് ഭട്ട് എന്നയാളാണ് ബില്‍ക്കീസിന്റെ മൂന്നര വയസുകാരി മകള്‍ സലേഹയെ കൊന്നത്. ആ കുഞ്ഞുകുട്ടിയെ നിലത്തടിച്ചാണ് അയാള്‍ കൊന്നു കളഞ്ഞത്.

രാധേശ്യം ഷാ, ബിപിന്‍ ചന്ദ്ര ജോഷി, കേസര്‍ബായ് വൊഹാനിയ, പ്രദീപ് വൊഹാനിയ, ബകാബായ് വൊഹാനിയ, രാജുബായ് സോണി, നിതേഷ് ഭട്ട്, രമേഷ് ചന്ദന, ഹെഡ് കോണ്‍സ്റ്റബിള്‍ സോമബായ് ഗോരി എന്നിവരാണ് മറ്റ് പ്രതികള്‍. എല്ലാ പ്രതികള്‍ക്കും ജിവപര്യന്തം തടവാണ് കോടതി വിധിച്ചത്. 2017 മേയില്‍ 11 പേരുടെ ജീവപര്യന്തം ശിക്ഷാ വിധിയും, പൊലീസുകാരും ഡോക്ടര്‍മാരും ഉള്‍പ്പെടെ ഏഴ് പേരെ വെറുതെ വിട്ടതും ശരിവച്ചുകൊണ്ട് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. 2019 ഏപ്രിലില്‍ സുപ്രിം കോടതി ഈ കേസില്‍ മറ്റൊരു നിര്‍ണായക വിധി കൂടി നടത്തിയിരുന്നു. ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദേശിച്ചതായിരുന്നു ആ വിധി. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം നഷ്ടപരിഹാരം ബില്‍ക്കീസ് ബാനോ നിഷേധിച്ചിരുന്നു. ഗുജറാത്ത് സര്‍ക്കാരില്‍ നിന്നും തനിക്ക് അര്‍ഹമായ നഷ്ടപരിഹാരം കിട്ടണമെന്ന് കാണിച്ച് ബാനോ സുപ്രിം കോടതിയെ സമീപിച്ചിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍