Continue reading “ഇന്ത്യ കണ്ട ട്രെയിന്‍ ദുരന്തങ്ങള്‍”

" /> Continue reading “ഇന്ത്യ കണ്ട ട്രെയിന്‍ ദുരന്തങ്ങള്‍”

"> Continue reading “ഇന്ത്യ കണ്ട ട്രെയിന്‍ ദുരന്തങ്ങള്‍”

">

UPDATES

ഇന്ത്യ കണ്ട ട്രെയിന്‍ ദുരന്തങ്ങള്‍

                       

ഒഡീഷയിലെ ബാലസോറില്‍ ട്രെയ്‌നുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 260 ലേറെ പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ട്രെയ്ന്‍ ദുരന്തങ്ങളിലൊന്നാണിത്. 650 ലേറെ പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്നത് ഭയം വര്‍ദ്ധിപ്പിക്കുകയാണ്. ബാലസോര്‍ ജില്ലയില്‍ ബഹനാഗ ബസാര്‍ സ്‌റ്റേഷനു സമീപം ബെംഗളൂരു-ഹൗറ എക്‌സ്പ്രസ് പാളം തെറ്റി അടുത്ത ട്രാക്കിലേക്ക് മറിയുകയായിരുന്നു. മറിഞ്ഞ ബോഗികളിലേക്ക് ആ ട്രാക്കിലൂടെ വരികയായിരുന്ന കൊറമണ്ഡല്‍ എക്‌സ്പ്രസ് ഇടിച്ചു കയറി. മറിഞ്ഞ കൊറമണ്ഡല്‍ എക്‌സ്പ്രസിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്‌സ് ട്രെയ്‌നും ഇടിച്ചു കയറിയാണ് മഹാദുരന്തം സംഭവിച്ചത്. നൂറിലധികം പേര്‍ കൊല്ലപ്പെടുന്ന ട്രെയ്ന്‍ അപകടങ്ങളില്‍ ഇതിനു മുമ്പും ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. ആ കൂട്ടത്തില്‍ പ്രധാനപ്പെട്ട പത്ത് അപകടങ്ങളെക്കുറിച്ചുള്ള ചെറുവിവരണം താഴെ കൊടുക്കുന്നു.

 

1-ട്രെയിന്‍ അപകടങ്ങളില്‍ ഇന്ത്യയിലുണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തം എന്നു വിളിക്കാവുന്നത് 1981 ല്‍ ബിഹാറില്‍ ട്രെയിന്‍ നദിയിലേക്ക് മറിഞ്ഞ സംഭവമാണ്. എത്രപേര്‍ ആ അപകടത്തില്‍ കൊല്ലപ്പെട്ടു എന്നതിന് ഇന്നും കൃത്യമായ കണക്കില്ല. 250 നും 500 നും ഇടയില്‍ ആളുകള്‍ കൊല്ലപ്പെട്ടതയാണ് വിവരം.

1981 ജൂണ്‍ 6 ആം തീയതിയാണ് രാജ്യത്തെ നടുക്കിയ ആ അപകടം സംഭവിക്കുന്നത്. ബിഹാറിലെ മന്‍സിയ്ക്കും സഹസ്രയ്ക്കും ഇടയില്‍വച്ച് ഒരു പാലത്തില്‍ നിന്നും ഭാഗ്മതി നദിയിലേക്ക് ട്രെയിന്‍ മറിയുകയായിരുന്നു. ഒമ്പത് കോച്ചുകളില്‍ ഏഴും നദിയില്‍ മുങ്ങി. ട്രെയിനില്‍ ഉണ്ടായിരുന്ന യാത്രക്കാരുടെ എണ്ണത്തില്‍പ്പോലും വ്യത്യസ്തമായ കണക്കുകളാണ് അധികൃതരില്‍ നിന്നുണ്ടായത്. 500 മുതല്‍ 800 വരെ യാത്രക്കാര്‍ ട്രെയിനിലുണ്ടായിരുന്നതായി പറയുന്നു. അതല്ല, ആയിരത്തിനും മുകളില്‍ ആളുകളുണ്ടായിരുന്നതായി മറ്റൊരു കണക്കും പുറത്തു വന്നു. റെയില്‍വേ അധികൃതരുടെ സ്ഥിരീകരണമായി 235 എന്നും 268 എന്നുമൊക്കെ കൊല്ലപ്പെട്ടവരുടെ എണ്ണം പുറത്തു വന്നു. 800 പേരോളം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അന്ന് പുറത്തു വന്ന വാര്‍ത്തകള്‍. അപകടം നടന്ന് അഞ്ചു ദിവസത്തിനുശേഷം ഏകദേശം 200 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ആറ് ദിവസത്തിനുശേഷം സര്‍ക്കാര്‍ പറഞ്ഞത് 88 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും കണ്ടെടുക്കാനാവാത്ത മൂന്നു മൃതദേഹങ്ങള്‍ ഉള്‍പ്പെടെ 235 പേര്‍ക്കാണ് ജീവഹാനി ഉണ്ടായതെന്നാണ്. എന്നാല്‍ അന്നു പുറത്തു വന്ന വാര്‍ത്തകള്‍ പ്രകാരം 300 ഓളം പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായെന്നാണ്. അവരെയൊന്നും കണ്ടെത്താനുള്ള മാര്‍ഗം സര്‍ക്കാര്‍ തേടിയില്ലെന്ന ആക്ഷേപം ഇന്നും ശക്തമാണ്.

മഴയുള്ള ദിവസമായിരുന്നു അപകടം നടന്നത്. അപകടത്തിന് പല കാരണങ്ങള്‍ പറയുന്നുണ്ട്. ചുഴലിക്കാറ്റ് കാരണമെന്നും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കമാണ് കാരണമെന്നും പറയുന്നുണ്ട്. ട്രെയിന്റെ ബ്രേക്ക് തകരാറിലായതാണെന്നും പാളത്തിലേക്ക് ഒരു കാള അപ്രതീക്ഷിതമായി കയറി വന്നപ്പോള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് മറിയാന്‍ കാരണമെന്നും ഒരു വാദമുണ്ട്. എന്തായാലും ലോകത്തിലെ തന്നെ വന്‍ ട്രെയിന്‍ ദുരന്തങ്ങളില്‍ ഒന്നായാണ് ഇത് ഉള്‍പ്പെട്ടിരിക്കുന്നത്.

2- 1995 ഓഗസ്റ്റ് 20 ന് ഉത്തര്‍ പ്രദേശിലെ ഫിറോസാബാദില്‍ ബ്രേക് ജാമായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന കാളിന്ദി എക്‌സ്പ്രസിലേക്ക് പുരുഷോത്തം എക്‌സ്പ്രസ് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ രണ്ടു ട്രെയിനുകളിലെയും യാത്രക്കാരായി 350ലെറേ പേരാണ് കൊല്ലപ്പെട്ടത്. യാത്രയ്ക്കിടയില്‍ ഇടിച്ചിട്ട ഒരു പശു കാളിന്ദി എക്‌സ്പ്രസില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് ബ്രേക് ജാം ആകുന്നത്. ഇതേ തുടര്‍ന്ന് ട്രെയിന്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടു. ഇതേസമയം അതേ ട്രാക്കിലൂടെ പോകാന്‍ അനുമതി കിട്ടിയ പുരുഷോത്തം എക്‌സ്പ്രസ് കുതിച്ചു പാഞ്ഞെത്തി കാളിന്ദി എക്‌സ്പ്രസിന്റെ പിന്നില്‍ ഇടിച്ചാണ് വലിയ ദുരന്തം ഉണ്ടായത്.

3- വടക്കന്‍ അതിര്‍ത്തിയിലെ കതിഹാര്‍ റെയ്ല്‍വേ ഡിവിഷനിലെ ഗയ്‌സാലില്‍ അവധ്-അസം എക്‌സ്പ്രസും ബ്രഹ്‌മപുത്ര മെയ്‌ലും കൂട്ടിയിടിച്ച് 1999 ഓഗസ്റ്റ് 2 ന് ഉണ്ടായ അപകടത്തില്‍ 268 പേരാണ് കൊല്ലപ്പെട്ടത്. 359 പേര്‍ക്ക് പരിക്കേറ്റു.

അസമില്‍ നിന്നും അതിര്‍ത്തിമേഖലയിലേക്ക് സൈനികരുമായി പോവുകയായിരുന്നു ബ്രഹ്‌മപുത്ര മെയ്ല്‍. ഗുവാഹത്തിക്ക് സമീപം ഗയ്‌സല്‍ സ്റ്റേഷനില്‍ ഈ സമയം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു അവധ്- അസം എക്‌സ്പ്രസ്. സിഗ്നല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച പിഴവാണ് മഹാദുരന്തത്തിന് കാരണമായത്. അവധ്- അസം എക്‌സ്പ്രസ് നിര്‍ത്തിയിട്ടിരിക്കുന്ന അതേ ട്രാക്കില്‍ കൂടി കടന്നു പോകാന്‍ ബ്രഹ്‌മപുത്ര മെയ്‌ലിനും ഗ്രീന്‍ സിഗ്നല്‍ നല്‍കുകയായിരുന്നു. അനുമതി കിട്ടി പാഞ്ഞുവന്ന ബ്രഹ്‌മപുത്ര മെയ്ല്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന അവധ്-അസം എക്‌സ്പ്രസിനെ മുഖാമുഖം വന്നിടിക്കുകയായിരുന്നു.പുലര്‍ച്ചെ ഒന്നരയ്ക്കായിരുന്നു അപകടം. കൂട്ടിയിടിയിലുണ്ടായ സ്‌ഫോടനത്തില്‍ അവധ്-അസം എക്‌സ്പ്രസിന്റെ എഞ്ചിന്‍ വായുവില്‍ ഉയര്‍ന്നു തെറിച്ചു പോയി. രണ്ടു ട്രെയ്‌നിലെയും യാത്രക്കാരും അടുത്തുള്ള കെട്ടിടങ്ങളില്‍ തെറിച്ചു ചെന്നു വീണുവെന്നു പറയുമ്പോള്‍ അപകടത്തിന്റെ തീവ്രത മനസിലാക്കാം.

4-1998 നവംബര്‍ 26 ന് പഞ്ചാബില്‍ ട്രെയ്‌നുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 212 പേരാണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ ഖന്നയില്‍ വച്ച് ജമ്മു താവി-സീല്‍ധാ എക്‌സ്പ്രസും അമൃത്സര്‍ ഗോള്‍ഡന്‍ ടെമ്പിള്‍ മെയ്‌ലും കൂട്ടിയിടിച്ചായിരുന്നു അപകടം. പാളം തെറ്റിയ ഗോള്‍ഡന്‍ ടെമ്പിള്‍ മെയ്‌ലിന്റെ പിന്നില്‍ വന്ന് ജമ്മു താവി എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു.

5-പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ മുംബൈയിലേക്ക് പോവുകയായിരുന്ന ഹൗര കുര്‍ള ലോക്മാന്യ തിലക് ഗ്യാനേശ്വരി സൂപ്പര്‍ ഡീലക്‌സ് ട്രെയ്ന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 170 പേരാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറന്‍ മിഡ്‌നാപൂരിലെ ഖേമാഷുലിയ്ക്കും സര്‍ദിയയ്ക്കും ഇടയില്‍വച്ച് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അക്രമണം ഉണ്ടായത്.

6-1964 ഡിസംബര്‍ 23 ന് ആയിരുന്നു രാജ്യത്തെ നടക്കിയ പാമ്പന്‍-ധനുഷ്‌കോടി ട്രെയ്ന്‍ ദുരന്തം സംഭവിക്കുന്നത്. രാമേശ്വരം ചുഴലിക്കാറ്റ്, ധനുഷ്ടോകി ചുഴലിക്കാറ്റ് എന്നൊക്കെ അറിയപ്പെടുന്ന ആ കൊലയാളി ചുഴലിക്കാറ്റ് പാമ്പന്‍-ധനുഷ്‌കോടി പാസഞ്ചര്‍ ട്രെയിനെ കടലിലേക്ക് മറിച്ചിടുകയായിരുന്നു. ട്രെയ്‌നിലുണ്ടായിരുന്ന 150 പേരും കൊല്ലപ്പെട്ടു. ഓഫ് സീസണ്‍ ആയിരുന്നതുകൊണ്ടാണ് വണ്ടിയില്‍ അത്രയും കുറച്ച് ആളുകള്‍ ഉണ്ടായിരുന്നത്, അല്ലായിരുന്നെങ്കില്‍ ദുരന്തത്തിന്റെ ആഴം അതിലും കൂടുമായിരുന്നു.

7-140 പേരുടെ ജീവനെടുത്തുകൊണ്ട് ഹൗറ-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് പാളം തെറ്റിയത് 2002 സെപ്തംബര്‍ 9 ന് ആയിരുന്നു. ബ്രട്ടീഷ് കാലത്ത് നിര്‍മിച്ച, കാലപഴക്കം കൊണ്ട് അപകടാവസ്ഥയിലായിരുന്ന ട്രാക്കിലൂടെ ട്രെയ്ന്‍ കടത്തി വിട്ടതുകൊണ്ടുണ്ടായ ദുരന്തമായിരുന്നു ഇത്. 100 കിലോമീറ്റര്‍ വേഗതിയില്‍ പാഞ്ഞ രാജധാനി എക്‌സ്പ്രസ് ഗയയ്ക്ക് അടുത്തുള്ള റാഫിഗഞ്ച് സ്റ്റേഷന് സമീപത്തായി കനത്ത മഴയില്‍ തകര്‍ന്നു പോയ ട്രാക്കിലെത്തിയപ്പോള്‍ പാളം തെറ്റുകയായിരുന്നു.

8-1954 സെപ്തംബര്‍ 28 ന് ഹൈദരാബാദിന് സമീപം യസന്തി പുഴയ്ക്ക് കുറുകെയുള്ള പാലം തകര്‍ന്ന് ഉണ്ടായ അപകടത്തില്‍ 139 പേര്‍ കൊല്ലപ്പെട്ടു.

9- 1956 സെബ്തംബര്‍ 2 ന് ഹൈദരാബാദില്‍ ഉണ്ടായ മറ്റൊരു ട്രെയ്ന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടത് 125 പേരാണ്. ജാഡ്‌ചെര്‍ലയ്ക്കും മഹബൂബ് നഗറിനും ഇടയില്‍വച്ച് ഒരു റെയ്ല്‍പാലം തകര്‍ന്നായിരുന്നു അപകടം. 100 പേര്‍ക്ക് പരിക്കേറ്റു.

10-ബിഹാര്‍ തലസ്ഥാനമായ പാട്‌നയ്ക്ക് 15 മൈല്‍ അകലെ ഭിട്ട സ്റ്റേഷനു സമീപം ഒരു എക്‌സ്പ്രസ് ട്രെയ്ന്‍ തടയണയിലേക്കേ് മറിഞ്ഞുണ്ടായ അപകടത്തില്‍ 119 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1937 ജൂലൈ 17 ന് സംഭവിച്ച ഈ അപകടത്തില്‍ 180 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Share on

മറ്റുവാര്‍ത്തകള്‍