UPDATES

ഞാൻ ഹാപ്പിയാണ് നിങ്ങൾ ഹാപ്പിയല്ലേ…

ഇനി ഫഹദിന്റെ അമ്മയാകണം

                       

നീരജ രാജേന്ദ്രന്‍… സിനിമാപ്രേമികള്‍ക്ക് പോലും ആ പേര് അത്ര പരിചിതമായിരിക്കില്ല. പക്ഷെ ആവേശത്തിലെ ബിബി മോന്റെ അമ്മ എന്ന് പറഞ്ഞാല്‍ ഞൊടിയിടയില്‍ മനസിലെത്തും ആ മുഖം. മോന്‍ ഹാപ്പി അല്ലേ എന്ന ഡയലോഗ് കേട്ടാല്‍ കുഞ്ഞുമക്കള്‍ വരെ അവരെ തിരിച്ചറിയും. അതേ മലയാള സിനിമയിലെ അമ്മ വേഷങ്ങളുടെ ഇരിപ്പടത്തിലേക്ക് ഒരാള്‍ കൂടി എത്തിയിരിക്കുകയാണ്. ത്രിശിവപേരൂര്‍ ക്ലിപ്തം എന്ന ചിത്രത്തിലെ ആസിഫ് അലിയുടെ അമ്മ, തരംഗത്തില്‍ ടൊവീനോയുടെ അമ്മ, സോളോയില്‍ ധന്‍സികയുടെ അമ്മ, റോസാപ്പൂ എന്ന ചിത്രത്തിലെ ബിയാത്തുമ്മ തുടങ്ങിയ പലതരത്തിലുള്ള മാതൃഭാവങ്ങളെ അഭ്രപാളിയില്‍ പകര്‍ത്തിയെഴുതാന്‍ നീരജ രാജേന്ദ്രന്‍ എന്ന അഭിനേത്രിക്ക് കഴിഞ്ഞിട്ടുണ്ട് . പുള്ളിക്കാരന്‍ സ്റ്റാറാ എന്ന മമ്മൂട്ടി ചിത്രത്തില്‍ ടീച്ചറായും, സണ്‍ഡേ ഹോളിഡേയിലും, രക്ഷാധികാരി ബൈജുവിലെ അലന്‍സിയറിന്റെ ഭാര്യ വേഷത്തിലും നീരജ രാജേന്ദ്രന്‍ എന്ന നടിയുണ്ട്. എങ്കിലും, ഒരു പാട് അമ്മ വേഷങ്ങള്‍ക്കിടയില്‍ ഇനി ആവേശത്തിലെ ബിബി മോന്റെ അമ്മയും ‘മോന്‍ ഹാപ്പിയല്ലേ’ എന്ന ഡയലോഗിന്റെയും തട്ട് താണ് തന്നെ ഇരിക്കും. ഇന്ന് അമ്മയ്ക്കും ഡയലോഗിനും ആരാധകര്‍ ഏറെയാണ്. ഇനി തന്റെ ആഗ്രഹം ഫഹദിന്റെ അമ്മയായി വേഷമിടണം എന്ന് പറയുകയാണ് നീരജ രാജേന്ദ്രന്‍.

കുഞ്ഞിലേ മനസ്സിൽ കയറി കൂടിയ മോഹം

കുട്ടികാലം തൊട്ടേ മനസ്സിൽ കലയും, അഭിനയവും ഉണ്ട്. എന്നെ ഇപ്പോഴും മോഹിപ്പിച്ചിരുന്ന ഒന്നാണ് അഭിനയം. അതുകൊണ്ട് തന്നെ സ്‌കൂൾ കോളജ് കാലഘട്ടത്തിൽ കഴിയുന്ന എല്ലാ കലാപരിപാടികളുടെയും ഭാഗമാകാൻ ശ്രദ്ധിച്ചിട്ടുണ്ട്. കോളേജിലെ മൂന്ന് വർഷക്കാലവും ഞാൻ നാടകങ്ങളിലെ സ്ഥിര സാനിദ്യമായിരുന്നു. പിന്നീട് സിനിമയിലേക്ക് വരുന്നത് ഒരു പാട് വർഷങ്ങൾക്ക് ശേഷമാണ്. വിവാഹം കഴിഞ്ഞ് കുറെ നാൾ കുടുംബമൊത്ത് റിയാദിലായിരുന്നു. എല്ലാം കുറച്ച് വൈകി പക്ഷെ അതെനിക്ക് അനുഗ്രഹമായിരുന്നു എന്റെ ജീവിതത്തിൽ എനിക്ക് മാത്രമുള്ള സമയത്താണ് ഞാൻ ഇതെല്ലാം ചെയ്യുന്നത്. ആദ്യമായി ക്യാമറക്ക് മുന്നിൽ നിൽക്കാൻ സീരിയലിലേക്ക് എന്നെ വിളിക്കുന്നത് ഹരി പി നായരാണ്,. പക്ഷെ ചില തടസങ്ങൾ കൊണ്ട് അത് നിന്ന് പോയി. പിന്നീട് സീരിയലിൽ നിന്ന് കുറെ അവസരങ്ങൾ വന്നെങ്കിലും ചെയ്തില്ല.

രശ്മി സതീശ് ആണ് തൃശ്ശിവപേരൂർ ക്ലിപ്തം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ അമ്മ വേഷത്തിലേക്കുള്ള ഓഡിഷൻ നടക്കുന്നുണ്ട് പോകാൻ താല്പര്യം ഉണ്ടോ എന്ന് ചോദിക്കുന്നത്. അന്ന് ഓഡിഷന് വേണ്ടി അങ്ങോട്ടേക്ക് നടന്ന് വരുന്നത് കണ്ടപ്പോൾ തന്നെ പറഞ്ഞു എന്നെ തെരെഞ്ഞെടുത്തു എന്ന്. ആദ്യ സിനിമയിലേക്കുളള കാൽവെപ്പ് ഇങ്ങനെ ആയിരുന്നു. പക്ഷെ പുറത്ത് വന്ന ആദ്യത്തെ സിനിമ രക്ഷാധികാരി ബൈജു ഒപ്പ് ആണ്. ഈ ചിത്രം കഴിഞ്ഞ ഉടനെയാണ് ജിത്തു മാധവൻ സംവിധാനം ചെയ്ത ‘ഫുഡ്മാ ‘പരസ്യം ചെയുന്നത്. ഈ പരസ്യത്തിലൂടെയാണ് ജിത്തുവിനെ ആദ്യമായി പരിചയപ്പെടുന്നതും. രോമാഞ്ചം സിനിമ ഇറങ്ങിയ സമയത്ത് ആദ്യ ഷോ കാണാൻ ജിത്തുവെന്നെ വിളിച്ചിരുന്നു. ആ സമയത്താണ് ചേച്ചിയെ ഞാൻ എന്റെ സിനിമയിലേക്ക് വിളിക്കും എന്ന് പറഞ്ഞത്. ഞാൻ കാത്തിരുന്നു.  പറഞ്ഞ പോലെ തന്നെ ജിത്തു എന്നെ വിളിക്കുകയും ചെയ്തു.

സിനിമ കൂടാതെ പരസ്യങ്ങൾ, ഷോർട് ഫിലിമുകൾ, ആൽബങ്ങൾ അങ്ങനെ ഒരു പാട് വേഷങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ ആരോടും ഇന്ന് വരെ അവസരങ്ങൾ ചോദിച്ച് ചെന്നിട്ടില്ല. പക്ഷെ വലിയ ഇടവേളകൾ ഒന്നുമില്ലാതെ തന്നെ അവസരങ്ങൾ എന്നെ തേടി വന്നിട്ടുണ്ട്.

ഫഹദിന്റെ ഡയലോഗിൽ ഞാൻ വീണു

നാലു ദിവസമാണ് കുട്ടികളുടെ കൂടെ ഉണ്ടായിരുന്നത്. സത്യത്തിൽ എന്റെ ഡയലോഗ് ഇത്ര ഹിറ്റ് ആകുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഷൂട്ട് തുടങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഫഹദ് ഫാസിൽ സെറ്റിലേക്ക് വരുന്നത്. ഫഹദ് വന്നതേ ‘ഹായ് ചേച്ചി ഹാപ്പി അല്ലെന്ന്’ ചോദിച്ചു കൊണ്ടാണ്. അപ്പോഴാണ് എനിക്ക് ഒരു സ്പാർക് വരുന്നത് ഈ ഡയലോഗിൽ എന്തോ പ്രത്യേകത ഉണ്ടല്ലോയെന്ന്. ബാംഗ്ലൂർ ഉള്ള ഷൂട്ടിംഗ് തീർത്തതിന് ശേഷമാണ് നാട്ടിലുള്ള കൗണ്ടർ ഷോട്ടുകൾ ചിത്രീകരിക്കുന്നത്. സിനിമയിലെ ആദ്യത്തെയും അവസാനത്തെയും ഷോട്ട് എന്റെ ആയിരുന്നു. ബിബി മോൻ ഹാപ്പി അല്ലെ എന്ന ഡയലോഗ് കേട്ട് ഒരു പാട് പേർ എന്നെ വിളിച്ച് സംസാരിക്കുകയും രസകരമായ മെസ്സേജുകൾ അയക്കുന്നുമുണ്ട്. അമ്മേടെ കോൾ വന്നിലായിരുന്നെങ്കിൽ ബിബി മോന്റെ കാര്യം തീരുമാനമായേനെ എന്നാണ് എല്ലാവരും പറയുന്നത്

ഒരു ദിവസം മുഴുവനുമുളള ചിത്രീകരണത്തിലൂടെയാണ് നാട്ടിലെ ചിത്രീകരണം പൂർത്തിയാക്കിയത്. ചില ഭാഗങ്ങളിൽ എല്ലാം ജിത്തുവിന്റെ വക ചെറിയ തിരുത്തലുകൾ തന്നിരുന്നു. കോളേജിൽ നിന്ന് വിളിക്കുന്ന സീനിൽ ഞാൻ കരയുന്നുണ്ട്, ആദ്യത്തെ ടേക്ക് പോയപ്പോൾ ഞാൻ കുറച്ച് ലൗഡ് ആയിട്ടാണ് കരഞ്ഞത്. പക്ഷെ ബിബി മോന്റെ അമ്മയ്ക്ക് ആകെ ഗുണ്ട എന്ന വാക്ക് മാത്രമാണ് മനസിലായത്. അതുകൊണ്ട് അത്രക്ക് വേണ്ട എന്ന് പറഞ്ഞു. അവർക്ക് എന്താണ് വേണ്ടത് എന്ന കൃത്യമായ ധാരണ ജിത്തു തന്നിരുന്നു. കൂടാതെ വേണ്ടത് വേണ്ടിടത്ത് ജിത്തു ഉപയോഗിച്ചത് കൊണ്ട് കൂടിയാണ് സംഭവം ഇത്രക്ക് ഹിറ്റായത്.

ഭാവനയും ദർശനയും

ഭാവനയുടെയും ദർശനയുടെയും ഉള്ളിൽ നന്നേ ചെറുപ്പത്തിലെ കലയുണ്ടെന്ന് മനസ്സിലായിരുന്നു. എനിക്ക് മക്കൾ രണ്ട്  പേരും കലയുടെ വഴി തെരഞ്ഞെടുക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷെ ഇരുവരെയും ഇതുവരെ ഞങ്ങൾ ഒന്നിനും നിർബന്ധിച്ചിട്ടില്ല. അവരുടെ വഴി അവർ തന്നെയാണ് തെരെഞ്ഞെടുത്തത് . ഡിഗ്രിയും ലണ്ടനിലെ പി ജിയും അവർ തന്നെ സ്വയമേ തെരെഞ്ഞെടുത്തതാണ്. തിരിച്ച് വന്ന് ഒരാൾ ചെന്നെയിലും ഒരാൾ ബാംഗ്ലൂരിലും ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് നാടകത്തിലേക്ക് ഇറങ്ങുന്നത്.

neeraja rajendarn with family dharshana rajendarn malayalam cinema

നാടകംതെരെഞ്ഞെടുത്തപ്പോഴാണ് കലയാണ് അവര്‍ക്ക് സന്തോഷം നല്‍കുന്നതെന്ന്
മനസിലാക്കിയത്. അതാണ് ഇഷ്ട്ടമെങ്കില്‍ അത് ചെയ്‌തോളു എന്നായിരുന്നു ഞങ്ങളുടെ മറുപടി.
അങ്ങനെ അവര്‍ സ്വന്തമായി എല്ലാം തീരുമാനിക്കുന്നു. അതിലേക്കുള്ള വഴിയും തെരഞ്ഞെടുക്കുന്നു. മക്കള്‍ ഞങ്ങളോട് ജോലി ഉപേക്ഷിക്കട്ടെ എന്ന് ചോദിച്ചു.
രണ്ട് മക്കളും എന്റെ നല്ല വിമര്‍ശകരാണ്. കാരണം അവര്‍ക്കെല്ലാം അറിയാം. ഓരോ കഥാപാത്രങ്ങളും എങ്ങനെ വേണം, ഏങ്ങനെ വരണം എന്നൊക്കെ കൃത്യമായി പറയും. ഇരുവര്‍ക്കും ഒരുപാടിഷ്ടപ്പെട്ട കഥാപാത്രമാണ് ബിബി മോന്റെ അമ്മ. ഭര്‍ത്താവ് സിനിമയിലേക്ക് എത്തുന്നത് അപ്രതീക്ഷിതമായിട്ടാണ്. സണ്‍ഡേ ഹോളിഡേ ചിത്രത്തിന്റെ ഷൂട്ടിങിനായി കൂട്ട് വന്നതായിരുന്നു അദ്ദേഹം. അപ്പോഴാണ് ചേട്ടന്‍ കുറച്ച് സമയം ഈ റോള്‍ ചെയ്യാമോ എന്ന് ജിസ് ചോദിക്കുന്നത്. ഇപ്പോള്‍ അദ്ദേഹം പരസ്യചിത്രങ്ങളിലാണ് കൂടുതലായും അഭിനയിക്കുന്നത്.

വൈറസ്

വൈറസ് എന്ന ചിത്രത്തിലെ കഥാപാത്രം തേടിയെത്തുമ്പോള്‍ മനസ് നിറയെ ആശങ്കയായിരുന്നു. ദര്‍ശന പ്രശസ്തിയില്‍ നില്‍ക്കുന്ന സമയമാണത്. എല്ലാവര്‍ക്കും അവളെ അറിയാം. എന്റെ അഭിനയ ജീവിതം അവള്‍ക്ക് ഒരു വിഷമം ഉണ്ടാകരുത് എന്ന ചിന്തയായിരുന്നു മനസ് മുഴുവന്‍. അന്ന് ആഷിഖ് അബുവിനേയും രാജീവിനെയും നേരിട്ട് പരിചയമില്ല. ഇരുവരെയും കുറിച്ച് കേട്ടിട്ടുണ്ടെന്ന് മാത്രം.

neeraja rajendran in virus malayalam cienma

ചിത്രീകരണ സമയത്ത് രണ്ടും പേരും അടുത്തുനില്‍ക്കുന്നുണ്ടായിരുന്നു. പോരാത്തതിന് റിമയും പാര്‍വതിയും സെറ്റിലുണ്ട്. അതിന്റെയെല്ലാം പരിഭ്രമം എനിക്കുണ്ടായിരുന്നു. സീന്‍ സെറ്റാക്കുന്ന സമയത്താണ് ഏത് സീനാണ്, സന്ദര്‍ഭമെന്താണെന്നൊക്കെ പറഞ്ഞുതരുന്നത്. മുന്‍കൂട്ടി സ്‌ക്രിപ്റ്റ് ഒന്നും തന്നിരുന്നില്ല. അങ്ങനെ ആകെ മൊത്തം നന്നായി പേടിച്ചും പരിഭ്രമിച്ചുമാണ് ആ കഥാപാത്രവും ചെയ്യുന്നത്.
ഒരു തരം നിസ്സഹായത ഫീല്‍ ചെയ്യിപ്പിക്കുന്ന കഥാപാത്രമായിരുന്നു വൈറസിലേത്. സൗബിന്‍ അവതരിപ്പിച്ച ഉണ്ണികൃഷ്ണന്റെ അമ്മ വേഷം. കഥാപാത്രമായി സ്വയം സങ്കല്‍പ്പിച്ച് കൊണ്ടാണ് ആ സീന്‍ അഭിനയിച്ച് തീര്‍ത്തത്. ആ ഷോട്ട് കഴിഞ്ഞതും റീമ ഓടി വന്ന് കെട്ടിപിടിച്ചു. ഞാന്‍ സന്തോഷം കൊണ്ട് കരഞ്ഞു പോയ നിമിഷമായിരുന്നു അത്. ആവേശത്തിന് മുന്‍പ് പ്രേക്ഷകര്‍ ഏറ്റെടുത്ത എന്റെ കഥാപാത്രം വൈറസിലേത് ആയിരുന്നു.

ആവേശത്തിനിടെ രോമാഞ്ചം

മറ്റേത് കഥാപാത്രം ചെയ്യാനും സാധാരണക്കാര്‍ക്ക് സാധിക്കും. എന്നാല്‍ കൊമഡി റോളിലേക്ക് എത്തുമ്പോള്‍ അതല്ല സ്ഥിതി. പ്രേക്ഷകരെ ചിരിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്റെ രംഗങ്ങള്‍ വന്നപ്പോള്‍ തീയറ്ററില്‍ ഉയര്‍ന്ന ചിരിമുഴക്കം പുളകം കൊള്ളിച്ചു. സത്യത്തില്‍ രോമാഞ്ചമുണ്ടാക്കിയ നിമിഷമായിരുന്നു അത്. അവസാന രംഗത്തെ പാട്ട് ഇട്ടപ്പോഴെല്ലാം ഞാന്‍ ആവേശം കൊണ്ട് തുള്ളുകയായിരുന്നു. ഓരോ തവണ കാണുമ്പോഴും ആവേശം കൂടുന്നതല്ലാതെ കുറയുന്നില്ല. കരയാന്‍ എളുപ്പമാണ് പക്ഷെ ചിരിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്.

neerja with hipster, midhun, malayalam cienma

റീൽ അമ്മയും റിയൽ അമ്മയും

ഏറെകുറെ ഞാൻ യഥാർത്ഥ ജീവിതത്തിലും ബിബിമോൻറെ അമ്മ തന്നെയാണ്. എന്റെ കുടുംബത്തിൽ ഏറ്റവും കുട്ടിക്കളി എനിക്കാണ്. മക്കൾ കുറെയേറെ യാത്ര ചെയ്തതിന്റെയും അനുഭവങ്ങളും ഉള്ളത് കൊണ്ട് അവർക്കെല്ലാം എന്നെക്കാളും പക്വതയുണ്ട്. കല്പനയെയും ഉർവശിയുമാണ് എന്റെ എക്കാലത്തെയും ഇഷ്ട വ്യക്തികൾ. ഓർമ്മവച്ച കാലം മുതൽക്കേ ഇരുവരുടെയും വലിയ ആരാധികയാണ് ഞാൻ. എന്റെ ഓരോ ചെയ്തികൾ കാണുമ്പോൾ പലരും പറയാറുണ്ട് കല്പനയുടെ സഹോദരിമാരുടെ കൂട്ടത്തിൽ കൂട്ടാം എന്ന്. ഒരു തമാശ കഥാപത്രം ഉർവശിയുടെ കൂടെ ചെയ്യണം എന്നത് എന്റെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. പിന്നെ എല്ലാ സിനിമയിലും കരഞ്ഞു ഇനി കുറച്ച് മാറ്റി പിടിക്കാമല്ലോ.

ആസിഫിന്റെ അമ്മ

ആവേശം പോലെ തന്നെ എനിക്ക് ഒരു പാട് ഇഷ്ട്ടപെട്ട മറ്റൊരു സെറ്റ് ഇബിലീസ് സിനിമയുടെ സെറ്റാണ്. ഞാൻ എപ്പോഴും ഓർമ്മിക്കുന്ന നിമിഷങ്ങളാണ് ഇബിലീസിന്റെ ചിത്രീകരണം. അതിലും ആസിഫ് അലിയുടെ അമ്മയായാണ്എത്തുന്നത്. ഞാൻ ഏറ്റവും കൂടുതൽ അമ്മ വേഷം ചെയ്തിരിക്കുന്നത് ആസിഫിന്റെ അമ്മയായാണ്. ഷൂട്ടിലെ തിരക്കിൽ ആയത് കൊണ്ട് ആസിഫ് ആവേശം കണ്ടോയെന്ന് അറിയില്ല. എല്ലാം ശെരിയാകും എന്ന ചിത്രത്തിൽ അടുക്കളയിൽ നിന്ന് തുടങ്ങി ആസിഫും രെജിഷയും ഇരിക്കുന്ന റൂം വരെ നീളമുളള നിർത്താതെ പോകേണ്ട ഒരു സീൻ ഉണ്ടായിരുന്നു, എനിക്ക് പേടി ആയിരുന്നു അത് ചെയ്യാൻ, കൂടാതെ രണ്ട് മൂന്ന് തവണ ഞാൻ അത് തെറ്റിക്കുകയും ചെയ്തു. എത്ര വേണമെങ്കിലും എടുക്കാം, അമ്മ ചെയ്തോളു എന്നേ ആസിഫ് പറഞ്ഞിട്ടുള്ളു. അവരെല്ലാവരും തരുന്ന ശക്തിയും പിന്തുണയും വളരെ വലുതാണ്.

കഥാപാത്രങ്ങളുടെ തെരെഞ്ഞെടുപ്പ്

ഏത് കഥാപാത്രം ചെയ്യാനും എനിക്ക് ഇഷ്ടമാണ്. ആവേശത്തിൽ അല്ലാതെ മറ്റ് കോമഡി കഥാപാത്രങ്ങൾ ചെയ്തിട്ടില്ല അത് കൊണ്ട് കൂടി അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ ഇഷ്ടമാണ്. ഞാൻ വലിയ പ്രതീക്ഷകൾ ഒന്നും വച്ച് പുലർത്താറില്ല. അതുകൊണ്ടായിരിക്കാം ഇതുവരെ നിരാശപ്പെടേണ്ടി വന്നിട്ടില്ലാത്തത്. മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കും എന്നല്ലാതെ എനിക്ക് വേണ്ടി സ്വയം പ്രാർത്ഥിക്കാറു പോലുമില്ല.

ഇനി വരാനുണ്ട് പലതും

റോഷനും നിമിഷയും വേഷമിടുന്ന ചേര എന്ന ചിത്രത്തിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ചെയ്തിട്ടുള്ളത്. ചിത്രത്തിൽ കുശ്നിക്കാരിയാണ്. അർദ്ധ വിരാമം എന്ന ഷോർട് ഫിലിമാണ് കാത്തിരിക്കുന്ന ഒന്ന്. ഇനി എനിക്ക് ചെയ്യാൻ സാധിക്കുമോ എന്ന് പോലും അറിയാത്ത അത്രയും വത്യസ്തമാണ് ആ കഥാപാത്രം. പിന്നെ മണിയറയിലെ അശോകൻ സംവിധാനം ചെയ്ത ഷംസു സൈബയുടെ അഭിലാഷം എന്ന ചിത്രമാണ്. ജോജു ജോർജിന്റെ ആദ്യ സംവിധാനമായ പണി എന്ന ചിത്രത്തിലും നല്ലൊരു കഥാപാത്രം ചെയ്യാൻ സാധിച്ചു.

ഇനി ഫഹദിന്റെ അമ്മയാകണം

മോഹൻ ലാലിൻറെ കൂടെ ഒന്നിച്ച് പ്രവർത്തിക്കണം എന്നത് എന്റെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു. അദ്ദേഹത്തിന്റെ കൂടെ എന്തെകിലും ഒരു വേഷം ചെയ്യണമെന്ന് ഞാൻ എപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്ന മോഹമാണ്. കുട്ടികാലം ഞാൻ അദ്ദേഹത്തിന്റെ കടുത്ത ആരാധികയാണ്. ഈ ആഗ്രഹത്തിന്റെ കൂടെ ഞാൻ ഇപ്പോൾ ചേർത്ത് വച്ച മറ്റൊന്നാണ് ഫഹദ് ഫാസിലിന്റെ അമ്മയായി വേഷമിടണം എന്നത്.

content summary : Neeraja Rajendran, who portrays the role of Bibi’s mother in the movie “Aavesham,” shares her experience of being part of the film.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍