UPDATES

വിദേശം

വിയറ്റ്നാം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളയുടെ സൂത്രധാരയ്ക്ക് വധശിക്ഷ

ആരാണ് ട്രൂങ് മൈ ലാന്‍ ?

                       

വിയറ്റ്നാം കണ്ട ഏറ്റവും വലിയ തട്ടിപ്പിന്റെ സൂത്രധാരയും റിയൽ എസ്റ്റേറ്റ് രം​ഗത്തെ വമ്പൻ വ്യവസായിയുമായ ട്രൂങ് മൈ ലാനെ ഹോ ചി മിൻ സിറ്റി കോടതി വധശിക്ഷക്ക് വിധിച്ചു. ഏപ്രിൽ 11 വ്യാഴാഴ്ചയാണ് വാൻ തിൻ ഫാറ്റ് ഹോൾഡിംഗ്സ് ഗ്രൂപ്പിൻ്റെ ചെയർവുമണായ 67 കാരിയായ ട്രൂങ് മൈ ലാനെ കോടതി ശിക്ഷ വിധിച്ചത്. കൈക്കൂലി, ബാങ്കിങ് നിയന്ത്രണങ്ങൾ ലംഘിക്കൽ, തട്ടിപ്പ് എന്നീ കുറ്റങ്ങൾ പ്രതി ചെയ്തതായാണ് ഹോ ചി മിൻ സിറ്റി കോടതി കണ്ടെത്തിയിരിക്കുന്നത്.

വൈറ്റ് കോളർ കുറ്റകൃത്യത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിയറ്റ്നാമിലെ ചുരുക്കം ചില സ്ത്രീകളിൽ ഒരാളാണ് ട്രൂങ് മൈ ലാൻ .

തട്ടിപ്പിൻ്റെ വ്യാപ്തിയുടെ പ്രതിഫലനമാണ് ഹോ ചി മിൻ സിറ്റി കോടതിയുടെ ഈ തീരുമാനം. സൈഗോൺ കൊമേഴ്‌സ്യൽ ബാങ്കിൽ (എസ്‌സിബി) നിന്ന് 44 ബില്യൺ ഡോളർ (36,68,63,86,00,000 ഇന്ത്യൻ രൂപ) വായ്പ തട്ടിപ്പിനാണ് ട്രൂങ് മൈ ലാൻ ശിക്ഷിക്കപ്പെട്ടത്. എസ്‌സിബിയിലെ 90% ശതമാനം ഓഹരി പല വ്യക്തികൾ മുഖേന ട്രൂങ് മൈ ലാൻ സ്വന്തമാക്കുകയായിരുന്നു. കേസിൽ 2,700 പേരെ മൊഴിയെടുക്കാൻ വിളിപ്പിച്ചതായും, 10 സ്റ്റേറ്റ് പ്രോസിക്യൂട്ടർമാരും 200 ഓളം അഭിഭാഷകരും ചേർന്നാണ് കേസ് കൈകാര്യം ചെയ്യുന്നതെന്നും കമ്മ്യൂണിസ്റ്റ് അധികാരികൾ മാധ്യമങ്ങളോട് വ്യക്തമാക്കി.

ആറ് ടൺ ഭാരമുള്ള 104 പെട്ടികളിലായിരുന്നു ട്രൂങ് മൈ ലാനെതിരെയുള്ള തെളിവുകൾ ശേഖരിച്ചിരുന്നത്. 85 പ്രതികളെ ട്രൂങ് മൈ ലാനൊപ്പം വിചാരണ ചെയ്തിരുന്നു എന്നാൽ അവർ എല്ലാവരും കുറ്റം നിഷേധിക്കുകയും ചെയ്തു. പക്ഷെ 85 പ്രതികൾക്കും മൂന്ന് വർഷത്തെ പ്രൊബേഷൻ മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിച്ചതായി തൻ നിൻ പത്രം റിപ്പോർട്ട് ചെയ്തിരുന്നു.

ഇത്രയും വലിയ രീതിയിൽ നടന്ന തട്ടിപ്പും വിചാരണയും കമ്മ്യൂണിസ്റ്റ് കാലഘട്ടത്തിൽ അഭൂതപൂർവമാണെന്നാണ് വിരമിച്ച യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥനായ ഡേവിഡ് ബ്രൗൺ വിശ്വസിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ജനറലായ എൻഗുയെൻ ഫു ട്രോങ്ങിൻ്റെ നേതൃത്വത്തിൽ നടന്ന ” അഴിമതി വിരുദ്ധ അന്വേഷണങ്ങളിലെ ഏറ്റവും നാടകീയമായ വിചാരണയായിരുന്നു ട്രൂങ് മൈ ലാന്റേത് എന്നും അദ്ദേഹം പറഞ്ഞു.

തട്ടിപ്പിന്റെ നാൾ വഴികൾ

അമ്മയ്‌ക്കൊപ്പം സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന ഒരു മാർക്കറ്റിലെ കൊച്ചു കടയിൽ നിന്നാണ് ട്രൂങ് മൈ ലാന്റെ ആരംഭം. 2011 ആയപ്പോഴേക്കും ട്രൂങ് മൈ ലാൻ ഹോ ചി മിൻ സിറ്റിയിലെ അറിയപ്പെടുന്ന വ്യവസായ പ്രമുഖ ആയിമാറി. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന മൂന്ന് ബാങ്കുകളെ ലയിപ്പിച്ച് സൈഗോൺ കൊമേഴ്‌സ്യൽ ബാങ്ക് എന്നറിയപ്പെടുന്ന ഒരു വലിയ ബാങ്കായി മാറ്റാൻ ട്രൂങ് മൈ ലാന് അനുമതി ലഭിച്ചു. 2012 നും 2022 നും ഇടയിൽ, സൈഗോൺ ജോയിൻ്റ് സ്റ്റോക്ക് കൊമേഴ്‌സ്യൽ ബാങ്കിനെ ട്രൂങ് മൈ ലാൻ നിയമവിരുദ്ധമായി നിയന്ത്രിക്കുകയായിരുന്നു. സൈഗോൺ കൊമേഴ്‌സ്യൽ ബാങ്കിനെ (എസ്‌സിബി) പുനഃക്രമീകരിക്കാനുള്ള സംസ്ഥാനത്തിൻറെ പദ്ധതിയാണ് തട്ടിപ്പ് നടത്താനായി ഉപയോഗിച്ചത്. ഇക്കാലയളവിൽ നിരവധി വ്യാജ കമ്പനികൾ വഴിയും സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയും അവർ പണം തട്ടിയെടുത്തു. വിയറ്റ്നാമീസ് നിയമങ്ങൾ പ്രകാരം ഒരു വ്യക്തിക്ക് ഏതെങ്കിലും ബാങ്കിൽ 5% ശതമാനത്തിൽ കൂടുതൽ ഓഹരികൾ കൈവശം വയ്ക്കാൻ വിലക്കുന്നുണ്ട്. എന്നാൽ നൂറുകണക്കിന് ഷെൽ കമ്പനികളിലൂടെയും ബിനാമികളായി പ്രവർത്തിക്കുന്ന വ്യക്തികളിലൂടെയും ട്രൂങ് മൈ ലാൻ സൈഗോൺ കൊമേഴ്‌സ്യലിൻ്റെ 90% ത്തിലധികം സ്വന്തമാക്കിയെന്നാണ് പ്രോസിക്യൂട്ടർമാർ പറയുന്നത്. യഥാർത്ഥത്തിൽ ബാങ്കിൻ്റെ 93% വായ്പയുടെയും പിന്നിൽ ഇവരാണ്.

കൂടാതെ തന്റെ അധികാരം ഉപയോഗിച്ച് സ്വന്തം ആളുകളെ മാനേജർമാരായി നിയമിക്കുകയും തുടർന്ന് ട്രൂങ് മൈ ലാൻ നിയന്ത്രിക്കുന്ന ഷെൽ കമ്പനികളുടെ ശൃംഖലയിലേക്ക് നൂറുകണക്കിന് വായ്പകൾ സൈഗോൺ കൊമേഴ്‌സ്യൽ വഴി അനുവദിക്കാൻ ഉത്തരവിടുകയും ചെയ്തുവെന്നും പ്രോസിക്യൂട്ടർമാർ ആരോപിച്ചു.

പ്രോസിക്യൂട്ടർമാർ പറയുന്നത് പ്രകാരം, 2019 ഫെബ്രുവരി മുതൽ മൂന്ന് വർഷത്തിനുള്ളിൽ, 108 ട്രില്യൺ വിയറ്റ്നാമീസ് ഡോങ്ങ്, (3,33,47,00,00,000 ഇന്ത്യൻ രൂപ) ബാങ്കിൽ നിന്ന് പിൻവലിക്കാനും അത് അവളുടെ ബേസ്മെൻ്റിൽ സൂക്ഷിക്കാനും ട്രൂങ് മൈ ലാൻ തൻ്റെ ഡ്രൈവർക്ക് ഉത്തരവിട്ടു. വിചാരണ ചെയ്യപ്പെട്ടവരിൽ ഒരാൾ 5 മില്യൺ ഡോളർ (33,34,68,600 ഇന്ത്യൻ രൂപ) കൈക്കൂലി വാങ്ങിയെന്നാരോപണം സെൻട്രൽ ബാങ്കിലെ ചീഫ് ഇൻസ്‌പെക്ടറായിരുന്നു.

2022 ഒക്ടോബറിലാണ് ട്രൂങ് മൈ ലാൻ്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ‘ബ്ലേയ്‌സിംഗ് ഫർനസ്’ എന്ന കാമ്പെയ്ൻ വിയറ്റ്‌നാമീസ് രാഷ്ട്രീയത്തിൻ്റെ ഉന്നത തലങ്ങളെ വരെ പിടിച്ച് കുലുക്കിയിരുന്നു. പ്രചാരണവുമായി ബന്ധപ്പെട്ടതിനെ തുടർന്ന് മുൻ പ്രസിഡൻ്റ് വോ വാൻ തുവോങ് മാർച്ചിൽ സ്ഥാനമൊഴിഞ്ഞിരുന്നു. 2022 ലെ വൻകിട കോർപ്പറേറ്റ് അറസ്റ്റുകൾക്ക് ശേഷം, വിയറ്റ്നാമീസ് ഓഹരികൾ 40 ബില്യൺ ഡോളറിൻ്റെ നഷ്ടം നേരിടും ചെയ്തിരുന്നു.

തട്ടിപ്പിൻെറ വ്യാപ്തി ചർച്ചയാകുന്നതിനോടൊപ്പം എന്തുകൊണ്ടാണ് ഇത്രയും കാലം തട്ടിപ്പ് നടത്തിക്കൊണ്ടുപോകാൻ ട്രൂങ് മൈ ലാന് കഴിഞ്ഞത് എന്ന ചോദ്യവും ഉയരുന്നുണ്ട്.

‘ഞങ്ങൾക്ക് എന്തെല്ലാം ചെയ്യാനാകുമോ അതിനായുള്ള പോരാട്ടം തുടരുമെന്നും, വിധിയ്‌ക്കെതിരെ അപ്പീൽ നൽകുമെന്നും ട്രൂങ് മൈ ലാന്റെ കുടുംബാംഗം റോയിട്ടേഴ്‌സിനോട് പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍