UPDATES

വിദേശം

ശൂന്യമായൊരു ഫ്രിഡ്ജ് അമേരിക്കയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഡെലിവറി കമ്പനിക്ക് പ്രചോദനമായതിന്റെ കഥ

ഇന്‍സ്റ്റകാര്‍ട്ടിന്റെ സ്ഥാപകന്‍ അപൂര്‍വ മേത്തയാണ് ഇക്കാര്യം പറയുന്നത്

                       

ശൂന്യമായൊരു റെഫ്രിജറേറ്റര്‍ ലോക പ്രശസ്തമായ ഓണ്‍ലൈന്‍ പലചരക്ക് ശൃംഖലയിലൊന്നിന് പ്രചോദനമായതിന്റെ കഥയാണ് അപൂര്‍വ മേത്ത എന്ന ഇന്ത്യക്കാരന്‍ പറയുന്നത്. അമേരിക്കയിലും കാനഡയിലും ഉപഭോക്താക്കളുടെ ആദ്യ ചോയ്‌സ് ആയി മാറിയ ഒന്നാം നിര ഓണ്‍ലൈന്‍ ഡെലിവറി കമ്പനിയായ ഇന്‍സ്റ്റകാര്‍ട്ടിന്റെ അമരക്കാരനാണ് അപൂര്‍വ. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ ഇന്‍സ്റ്റകാര്‍ട്ടിന്റെ ആശയം വരുന്നതെങ്ങനെയാണെന്നാണ് ആമസോണ്‍ ജീവനക്കാരനായിരുന്ന ഇന്തോ-കനേഡിയന്‍ ബിസിനസുകാരന്‍ പറയുന്നത്.

‘സാന്‍ഫ്രാന്‍സിസ്‌കോയിലെ വീട്ടില്‍ ഒഴിഞ്ഞു കിടന്ന ഒരു ഫ്രിഡ്ജ് ആയിരുന്നു അക്കലത്തെ എന്റെ ഏറ്റവും വലിയ പ്രശ്‌നവും ഇന്‍സ്റ്റ കാര്‍ട്ടിലേക്കുള്ള എന്റെ പ്രചോദനവും. 2012 കാലഘട്ടത്തില്‍ പലചരക്ക് സാധനങ്ങള്‍ ഒഴികെ മറ്റെല്ലാത്തിനും ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താമായിരുന്നു. പിന്നെ എന്തു കൊണ്ട് അതു കൂടെ ആയിക്കൂടാ എന്ന ചിന്തയാണ് എന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. അന്നു ഞാന്‍ എന്റെ അടുക്കളയില്‍ ഇരുന്ന് തുടങ്ങിയ സംരംഭമാണ്‌ ഇന്ന് നിങ്ങള്‍ക്ക് മുമ്പില്‍ ഉള്ള ഇന്‍സ്റ്റകാര്‍ട്ട്. ഇന്‍സ്റ്റകാര്‍ട്ടിന്റെ വളര്‍ച്ചയില്‍ പങ്കുകൊണ്ട എല്ലാവരോടും ഞന്‍ നന്ദിയുള്ളവനാണ്’ എന്നും അപൂര്‍വ തന്റെ കുറിപ്പില്‍ പറയുന്നു.

ഒരു വീട്ടിലേക്ക് വേണ്ട അടുക്കള സാമാനങ്ങള്‍ എല്ലാം സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകാതെ വീട്ടിലെത്തുന്ന ആശയം 2012 ലാണ് അപൂര്‍വയുടെ തലയിലുദിച്ചത്. തിരക്കേറിയ ജീവിതത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്കുള്ള മടുപ്പിക്കുന്ന യാത്രകള്‍ക്കും, ചെക്ക് ഔട്ടിലെ ക്യൂവില്‍ ദീര്‍ഘനേരത്തെ കാത്തിരിപ്പിനൊന്നും സമയം തികഞ്ഞെന്നു വരില്ല. ഇതിനൊന്നും നില്‍ക്കാതെ വീട്ടിലെ സ്വകാര്യതയിലും സുഖകരമായ അന്തരീക്ഷത്തിലുമിരുന്ന് ഓര്‍ഡര്‍ ചെയ്യുന്നവയെല്ലാം വീട്ടുപടിക്കല്‍ എത്തണം. പലചരക്ക് കട നിങ്ങളുടെ മൊബൈലില്‍ ഉണ്ടാകണം. ഇന്‍സ്റ്റകാര്‍ട്ട് എങ്ങനെ രൂപം കൊണ്ടെന്നതിന്റെ വിശദീകരണമായി അപൂര്‍വ മേത്ത ലിങ്ക്ഡ് ഇന്നില്‍ കൂടി ലോകത്തോട് പറയുന്നു.

പരമ്പരാഗതമായ ഷോപ്പിംഗ് അനുഭവത്തില്‍ നിന്ന് വ്യത്യസ്തമായി ലളിതവും എന്നാല്‍ അത്യഗാധവുമായ ലക്ഷ്യത്തോടെയാണ് അപൂര്‍വ മേത്ത തന്റെ സംരംഭം ആരംഭിച്ചത്. ഉപയോക്താക്കള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനും അവരുടെ വീട്ടുവാതില്‍ക്കല്‍ എത്തിക്കാനും, അല്ലെങ്കില്‍ അവരുടെ സൗകര്യത്തിനനുസരിച്ച് പിക്കപ്പിനായി തയ്യാറാക്കാനും കഴിയുന്ന ഒരു പ്ലാറ്റ്‌ഫോമായാണ് ഇന്‍സ്റ്റാകാര്‍ട്ടിനെ രൂപപ്പെടുത്തിയത്. ഇന്‍സ്റ്റകാര്‍ട്ട് ഉപയോഗിക്കുന്ന ഓരോ ഉപയോക്താവിന്റെ മുന്‍കാല വാങ്ങലുകളും ഇഷ്ടപെട്ട പര്‍ച്ചേസുകളും തമ്മില്‍ ബന്ധപ്പെടുത്തി ഉപയോക്തവിന്റെ ഇഷ്ടങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും അനുസരിച്ചാണ് ഇന്‍സ്റ്റകാര്‍ട്ട് ആപ്പിന്റെ അല്‍ഗോരിതം പ്രവര്‍ത്തിക്കുന്നത്. ഇതുവഴി വളരെ സുഗമവും ആയാസരഹിതവുമായ ഷോപ്പിംഗ് അനുഭവം ഉപയോക്താവിന് ലഭിക്കുന്നു.

വിപുലവും വൈവിധ്യം നിറഞ്ഞതുമായ സാധങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സാധ്യതയാണ് ഇന്‍സ്റ്റകാര്‍ട്ടിനെ മറ്റ് ആപ്പുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പ്രാദേശിക സ്റ്റോറുകള്‍, റീട്ടെയില്‍ സ്ഥാപനങ്ങള്‍, സ്‌പെഷ്യാലിറ്റി മാര്‍ക്കറ്റുകള്‍ എന്നിവയില്‍ നിന്നുള്ള പുത്തന്‍ ഉത്പന്നങ്ങള്‍ തൊട്ട് മദ്യം വരെ ഉപയോക്താക്കളുടെ യഥേഷ്ടം തെരഞ്ഞെടുക്കാന്‍ ഇന്‍സ്റ്റകാര്‍ട്ട് അനുവദിക്കുന്നു. ഇനി പ്രീമിയം ഇഷ്ടപ്പെടുന്നവര്‍ക്ക് ഇന്‍സ്റ്റകാര്‍ട്ട് എക്‌സ്പ്രസ്സ് സബ്‌സ്‌ക്രിപ്ഷന്‍ ചെയ്താല്‍ സൗജന്യ ഡെലിവറി, കുറഞ്ഞ സേവന ഫീസ്, ഒറ്റ ഓര്‍ഡറില്‍ ഒന്നിലധികം സ്റ്റോറുകളില്‍ നിന്ന് ഷോപ്പിംഗ് സൗകര്യം എന്നിവയും നല്‍കപ്പെടും.

Share on

മറ്റുവാര്‍ത്തകള്‍