ഹിന്ദു നിയമത്തെക്കുറിച്ച് അറിയുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതെല്ലാം ഏകീകൃതതയില്ലാത്തതും പലപ്പോഴും പരസ്പരം പൊരുത്തപ്പെടാത്തതും പൊരുത്തമില്ലാത്തതുമായ നിയമങ്ങളുടെ ഒരു കൂട്ടമാണ്. 1941-ല്‍ ബ്രിട്ടീഷ് ഭരണകൂടം നാലംഗ ഹിന്ദു ലോ കമ്മിറ്റിയെ നിയമിച്ച് ഇതിനൊരു ശാശ്വത പരിഹാരം കാണാന്‍ തീരുമാനിച്ചു. 1943 ആയപ്പോഴേക്കും നിയമനിര്‍മാണ സഭയ്ക്ക് അകത്തും പുറത്തും ഹിന്ദു കോഡിനെതിരെ കാര്യമായ എതിര്‍പ്പ് ഉയര്‍ന്നു തുടങ്ങി. നിയമ മന്ത്രാലയം 1948-ല്‍ ആദ്യത്തെ കരട് പരിഷ്‌കരിക്കുകയും അതില്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്തുകയും, അത് ഭരണഘടനാ അസംബ്ലിയില്‍ ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ അനുയോജ്യമാക്കുകയും ചെയ്തു. നിയമമന്ത്രി ബി.ആര്‍. അംബേദ്കറുടെ അധ്യക്ഷതയിലുള്ള ഒരു സെലക്ട് കമ്മിറ്റിക്ക് ഇത് കൈമാറുകയും സമിതി ബില്ലില്‍ സുപ്രധാനമായ നിരവധി മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. ഈ പതിപ്പില്‍ എട്ട് വിഭാഗങ്ങള്‍ ഉണ്ടായിരുന്നു: ഭാഗം ഒന്ന്, ആരെയാണ് ഹിന്ദുവായി പരിഗണിക്കേണ്ടതെന്നും ജാതി വ്യവസ്ഥയെ ഇല്ലാതാക്കുമെന്നും വിവരിക്കുന്നു. മുസ്ലിമോ പാഴ്‌സിയോ ക്രിസ്ത്യാനിയോ ജൂതനോ അല്ലാത്ത ആര്‍ക്കും ഹിന്ദു കോഡ് ബാധകമാകുമെന്നും എല്ലാ ഹിന്ദുക്കളും ഒരു ഏകീകൃത നിയമത്തിന് കീഴില്‍ ഭരിക്കപ്പെടുമെന്നും വാദിച്ചു എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നു
സമൂഹത്തിലെ ഒന്നോ അതിലധികമോ വിഭാഗം ജനങ്ങളെ പൊതുധാരയില്‍ അടുപ്പിക്കാതെ മാറ്റിനിര്‍ത്തുകയും മേല്‍ജാതിക്കാരായ ജനങ്ങളുമായുള്ള ഇടപെടലുകള്‍ക്ക് പ്രാദേശിക നിയമത്തിന്റെ പിന്‍ബലത്തോടെ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുന്നതാണ് തൊട്ടുകൂടായ്മ. ഇത്തരത്തില്‍ വേര്‍തിരിച്ചു നിര്‍ത്തപ്പെടുന്ന സമുദായങ്ങളിലെ ആണിനും പെണ്ണിനും കുട്ടികള്‍ക്ക് പോലും മറ്റുസമുദായങ്ങളിലെ ആളുകളെ തൊടാനോ ഒരു നിശ്ചിത ദൂര പരിധിക്കുള്ളില്‍ നിന്നു സംസാരിക്കാന്‍ പോലുമോ അവകാശമുണ്ടായിരുന്നില്ല. ജാതിവ്യവസ്ഥ ഉള്ള ഇടങ്ങളില്‍ താഴ്ന്ന ജാതിയില്‍ പെട്ടവരും ആഫ്രിക്ക പോലുള്ള നാടുകളില്‍ കറുത്ത വര്‍ഗക്കാരുമാണ് തൊട്ടു കൂടായ്മയിലൂടെ അകറ്റിനിര്‍ത്തപ്പെട്ടിരുന്നത്. ഇന്ത്യയില്‍ എല്ലാ ഭാഗത്തും അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ നിലനിന്നിരുന്ന തൊട്ടുകൂടായ്മ 1947ല്‍ നിരോധിക്കപ്പെട്ടു.
ഹിന്ദു കോഡ് ബില്ല് നടപ്പിലായാല്‍ മേല്‍ജാതിക്കാരും കീഴ്ജാതിക്കാരും നിയമത്തിന്റെ മുന്നില്‍ സമന്മാരാകും. സ്ത്രീകളുടെ അരക്ഷിതാവസ്ഥ ഇല്ലാതാക്കാനും അവരുടെ സാമൂഹ്യരക്ഷ ഉറപ്പാക്കാനും, അവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും ഭരണഘടന നിര്‍മ്മിതിയില്‍ നീക്കങ്ങളുണ്ടായി. ഇതൊക്കെ മേല്‍ജാതിയിലുള്ളവര്‍ക്ക് സഹിക്കാവുന്നതിന്റെ അപ്പുറമാണ്. ഹിന്ദു കോഡ് ബില്ലിനെതിരെയും, സ്മൃതി, മിതാക്ഷര, ദയാബഗ തുടങ്ങിയ ഹിന്ദു നിയമങ്ങള്‍ അസാധുവാക്കുന്നതിനെതിരേയും ശക്തമായ നീക്കവുമായി ആള്‍ ഇന്ത്യ ആന്റി ഹിന്ദു കോഡ് ബില്‍ കമ്മറ്റി ഹിന്ദു മഹാസഭാ നേതാവും രാം രാജ്യ പരിഷത്ത് നേതാവുമായ സ്വാമി കര്‍പ്പാത്രി (ഹര്‍ നാരായണ്‍ ഓജ) മുന്നോട്ട് വന്നു. സ്വാമി കര്‍പ്പാത്രിയുടെ നേത്യത്ത്വത്തില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വലിയ കലാപം തന്നെ ഉണ്ടാക്കി. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ 1949 ഫെബ്രുവരി 29ലെ ശങ്കേഴ്‌സ് വീക്കിലിയില്‍ വരച്ച കാര്‍ട്ടൂണില്‍ ഭാരതമാതാവിന്റെ മുകളില്‍ ലാത്തിയും പിടിച്ച് ഒരു ബ്രാഹ്‌മണന്‍ നടരാജ ന്യത്തം വെയ്ക്കുന്നു. സനാതന ന്യത്തം എന്നാണ് കാര്‍ട്ടൂണിന്റെ തലക്കെട്ട്. ഹിന്ദു കോഡ് ബില്ലുമായി ഡോക്ടര്‍ ബി. ആര്‍. അംബേദ്ക്കര്‍ സമീപത്ത് നില്‍ക്കുന്നുണ്ട്. ഒപ്പം ഒരു കൂട്ടം സ്ത്രീകളും.
കാര്‍ട്ടൂണ്‍ കടപ്പാട്: ശങ്കേഴ്‌സ് വീക്കിലി