UPDATES

ഗ്യാൻവാപി പള്ളിയിൽ ഹിന്ദു മത വിശ്വാസികൾക്ക് ആരാധന നടത്താമെന്ന് കോടതി

ഏഴ് ദിവസത്തിനകം ജില്ലാ ഭരണകൂടം ക്രമീകരണം നടത്തണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്.

                       

കുളത്തിൽ നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന വാരാണാസിയിലെ ഗ്യാൻവാപി പള്ളിയുടെ സീൽ ചെയ്ത ബേസ്മെൻ്റിൽ പ്രാർത്ഥന നടത്താൻ ഹിന്ദുമത വിശ്വാസികൾക്ക് അനുമതി നൽകി വാരാണസി കോടതി. ‘വ്യാസ് കാ തെഖാന’ എന്ന അറിയപ്പെടുന്ന ബേസ്മെന്റിൽ പ്രാർത്ഥന നടത്താനുള്ള അനുമതിയാണ് കോടതി നൽകിയിരിക്കുന്നത്. ഏഴ് ദിവസത്തിനകം ജില്ലാ ഭരണകൂടം ക്രമീകരണം നടത്തണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. വാരണാസിയിലെ ജില്ലാ ഭരണകൂടം ജനുവരി 24ന് ഗ്യാൻവാപി മസ്ജിദിൻ്റെ തെക്കൻ നിലവറ കൈവശപ്പെടുത്തിയിരുന്നു.

ജനുവരി 17-ന് വാരാണസി ജില്ലാ മജിസ്‌ട്രേറ്റിനെ പള്ളിയുടെ തെക്കൻ നിലവറയുടെ റിസീവറായി നിയമിച്ച വാരാണസി ജില്ലാ കോടതിയുടെ നിർദ്ദേശങ്ങൾ ഭരണകൂടം നടപ്പിലാക്കുകയായിരുന്നു. ആചാര്യ വേദവ്യാസ് പീഠ് ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ ശൈലേന്ദ്ര കുമാർ പതക് നൽകിയ കേസിലാണ് ഈ തീരുമാനം. അന്നുതന്നെ വ്യാസിൻ്റെ കേസിൽ കക്ഷി ചേരണമെന്ന അഭിഭാഷകൻ വിജയ് ശങ്കർ റസ്‌തോഗിയുടെ ആവശ്യം കോടതി തള്ളിയിരുന്നു.

സീൽ ചെയ്ത പ്രദേശം കേന്ദ്രസേനയുടെ സുരക്ഷക്ക് കീഴിലായിരുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും ആരാധനാവകാശം ഉന്നയിക്കുന്ന കാശിയിലെ (വാരാണസി) ഗ്യാൻവാപി പള്ളിയിൽ സർവേ നടത്താൻ അലഹാബാദ് ഹൈക്കോടതി അനുമതിയും നൽകിയിരുന്നു. ഉത്തരവിനെത്തുടർന്ന് കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ‘വുദുഖാന’ (മുസ്ലിം വിശ്വാസികൾ അംഗശുദ്ധി വരുത്തുന്ന സ്ഥലം) ഒഴികെയുള്ള പള്ളി സമുച്ചയത്തിന്റെ ഭാഗങ്ങളിൽ ശാസ്ത്രീയ സർവേ ഓഗസ്റ്റ് നാലിന് ആരംഭിച്ചിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ സർവേ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടി പലപ്പോഴായി സമയം നീട്ടിനൽകുകയായിരുന്നു.
ഉത്തരവ് പ്രകാരം പള്ളി സമുച്ചയത്തിൽ നടത്തിയ ശാസ്ത്രീയ സർവേയുടെ റിപ്പോർട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. പള്ളി നിലനിൽക്കുന്നിടത്ത് മുൻപ് ക്ഷേത്രമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന പ്രധാന തെളിവുകളാണ് എ എസ് ഐ കോടതിക്ക് കൈ മാറിയിരുന്നത്. മുഗൾ ചക്രവർത്തിയുടെ ഉത്തരവനുസരിച്ചാണ്, കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള പള്ളിക്ക് ഇടം നൽകുന്നതിനായി ഒരു ക്ഷേത്രം തകർത്തുവെന്നാണ് വലതുപക്ഷ ഗ്രൂപ്പുകൾ അവകാശപ്പെടുന്നത്.

ജനുവരി 22 നു ഉദ്‌ഘാടനം ചെയ്ത രാമക്ഷേത്രം ജനങ്ങൾക്കായി തുറന്നു കൊടുത്തതോടെ മഥുരയിലെയും കാശിയിലെയും ഹിന്ദു ക്ഷേത്രങ്ങൾക്ക് സമീപമുള്ള മസ്ജിദുകളുടെ ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കുകയാണ് എന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാമന്റെ ജന്മഭൂമിയിൽ ക്ഷേത്രം സാധ്യമായത് പോലെ, മഥുരയിൽ കൃഷ്ണനും കാശി വാരണാസിയിൽ ശിവനും ക്ഷേത്രം വേണമെന്ന വാദങ്ങൾ ഉയരുന്നുണ്ട്. അയോധ്യയിൽ സ്വീകരിച്ച നയങ്ങളുടെ ആവർത്തനം തന്നെയാവും ഇതിലും സംഭവിക്കാനിരിക്കുന്നത്. ബിജെപി ഔദ്യോഗിക പദ്ധതിയായി ഇതിനെ ഇതുവരെയും സമീപിച്ചിട്ടിെല്ലങ്കിലും ചില ഹിന്ദു ഗ്രൂപ്പുകളും വ്യക്തികളും ഈ വിഷയങ്ങൾ സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍