November 14, 2024 |
Share on

‘അവര്‍ ക്ഷേത്രം പണിയുന്നതും ആരാധന നടത്തുന്നതും അദാനിക്കും അംബാനിക്കും വേണ്ടിയുള്ള അജണ്ടകള്‍ നടപ്പിലാക്കാനാണ്’- സിദ്ധാര്‍ത്ഥ് വരദരാജന്‍

ഭരണകൂടം, മാധ്യമങ്ങള്‍, കോടതി, അജണ്ടകള്‍; ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍/ അഭിമുഖം

ഇന്നത്തെ ഇന്ത്യയില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നവര്‍ ഓരോ നിമിഷത്തിലും ഭരണകൂടത്താല്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് വിമര്‍ശകര്‍ അടിവരയിടുന്ന കാലത്തു സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ ശക്തനായ വക്താവായി നില്‍ക്കുന്ന, ദ വയര്‍ സ്ഥാപകനും എഡിറ്ററുമായ സിദ്ധാര്‍ഥ് വരദരാജന്‍ അഴിമുഖവമായി സംസാരിക്കുന്നു.

ഭരണകൂടം

നമ്മള്‍ കടന്നു പോകുന്ന ഈ കാലഘട്ടത്തില്‍ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനം വളരയേറെ അപകടം നിറഞ്ഞതാണ്. ഭരണകൂടം തന്നെ മാധ്യമപ്രവര്‍ത്തനത്തിന് പ്രത്യേകിച്ച,് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കോടതി വ്യവഹാരങ്ങളില്‍ തുടങ്ങി സാമ്പത്തികപരമായും സാങ്കേതികപരമായും ഈ ഭീഷണിയും തടസങ്ങളും നീളുന്നുണ്ട്. പ്രതിസന്ധികളില്‍ കൂടി തന്നെയാണ് എല്ലാ കാലത്തും മാധ്യമപ്രവര്‍ത്തനം കടന്നുപോയിട്ടുള്ളത്. പെഗാസസ് പോലുളള നിരീക്ഷണങ്ങള്‍ യഥാര്‍ത്ഥത്തില്‍ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താനുള്ള മാധ്യമപ്രവര്‍ത്തകരുടെ സാമാന്യബുദ്ധിയെ ഒന്നുകൂടി ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. നിരീക്ഷിക്കപ്പെടുകയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്ന സാഹചര്യങ്ങളില്‍ ഫോണ്‍ മാറ്റിവച്ചുകൊണ്ടുള്ള ആശയവിനിമയങ്ങള്‍ സാധ്യമാക്കന്‍ ശ്രമിക്കണം. ഒരു ബദല്‍ മാര്‍ഗത്തിലൂടെ മാത്രമേ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയുകയുള്ളു. സംവേദനത്തിന് ഫോണുകള്‍ ഇല്ലാതിരുന്ന ഒരു കാലത്തും നമ്മള്‍ മാധ്യമപ്രവര്‍ത്തനം അതിശക്തമായി തന്നെ നടത്തിയിട്ടുണ്ട്. ഇത്തരം നിരീക്ഷണങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും. അവയെ ഭയന്നു മാധ്യമപ്രവര്‍ത്തനം നിര്‍ത്താന്‍ കഴിയില്ല. അതെ സമയം വികാരങ്ങളെ ഭയത്തിനു വിട്ടുകൊടുത്തു കൊണ്ടുള്ള മാധ്യമപ്രവര്‍ത്തനവും സാധ്യമല്ല.

മാധ്യമങ്ങള്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അതിന്റെ മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. കൂടുതല്‍ അവസരങ്ങള്‍ തുറന്നു കിട്ടുന്ന കാലമാണിത്. നമ്മളെ സംബന്ധിച്ച് മുഖ്യധാര മാധ്യമപ്രവര്‍ത്തനം പറയാന്‍ വിസമ്മതിക്കുന്ന അര്‍ത്ഥവത്തായ പലതിനെയും സമൂഹത്തിനു മുന്നില്‍ തുറന്നു കാണിക്കേണ്ടതുണ്ട്. മറ്റുള്ളവയെക്കാള്‍ സ്വതന്ത്ര മാധ്യമസ്ഥാപനങ്ങള്‍ ജനങ്ങളിലേക്ക് എത്തപ്പെടേണ്ടതും ഇതുകൊണ്ടു തന്നെയാണ്. മുഖ്യധാര മാധ്യമപ്രവര്‍ത്തനം യുവ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന സന്ദേശവും ഇതു തന്നെയാണ്. അവര്‍ പറയാന്‍ മടിക്കുന്ന വിഷയങ്ങളെയാണ് നിങ്ങള്‍ സമൂഹത്തോട് പറയേണ്ടത്. അര്‍ത്ഥവത്തായ ഒന്നും നല്‍കാന്‍ കഴിയാത്ത ഈ മാധ്യമങ്ങളില്‍ ജനങ്ങള്‍ അങ്ങേയറ്റം നിരാശരായിരിക്കുന്ന ഈ കാലത്ത് അത്തരം വിഷയങ്ങള്‍ പറയാന്‍ സാധിക്കുന്ന മാധ്യമസ്ഥാപങ്ങളെയാണ് അവര്‍ക്കാവശ്യം. ഈയൊരു സമയമാണ് നമ്മള്‍ ഏറ്റവും കൂടുതല്‍ വിനിയോഗിക്കേണ്ടത്. മാധ്യമപ്രവര്‍ത്തനത്തിന്റെ എല്ലാ വിധ മൂല്യങ്ങളും സംരക്ഷിച്ചു കൊണ്ട്, ഭയപ്പാടില്ലാതെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളില്‍ മുറുകെ പിടിക്കാനുള്ള സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കുമുണ്ട്. ഈ അവകാശങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുന്ന അതേസമയം ഈ അടിച്ചമര്‍ത്തലിനെതിരേ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും ജനങ്ങള്‍ക്കുണ്ട്. ഈ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി മാധ്യമപ്രവര്‍ത്തനത്തെ ഉപേക്ഷിക്കാന്‍ സാധിക്കില്ല. നമ്മള്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തനത്തെ ഒന്നു കൂടി ശക്തിപ്പെടുത്താന്‍ മാത്രമേ ഈ സമ്മര്‍ദ്ദങ്ങള്‍ക്ക് കഴിയുകയുള്ളു.

കോടതികള്‍

ഭരണഘടനയെ അതിന്റെ ദുരുപയോഗത്തില്‍ നിന്നു തടയുകയെന്നതാണ് നീതിന്യായവ്യവസ്ഥയുടെ കര്‍ത്തവ്യം. ഭരണഘടനയുടെ മൗലികാവകാശങ്ങള്‍ ഉറപ്പാക്കേണ്ടതും ഈ നീതിന്യായ വ്യവസ്ഥയാണ്. ഈ ചുമതലകളില്‍ നിന്നെല്ലാം മാറിനടക്കുന്ന കോടതികളാണ് നമുക്ക് മുമ്പിലുള്ളത്. അടുത്തകാലങ്ങളില്‍ കോടതികള്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ വ്യക്തമാക്കുന്നതും ഇത് തന്നെയാണ്. ജനാധിപത്യ രാജ്യത്തെ പൗരന്മാര്‍ എന്ന നിലയില്‍ നമ്മള്‍ ചെയ്യേണ്ടത് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളെ ഉപയോഗപ്പെടുത്തുക എന്നതാണ്. നീതിക്കു വേണ്ടിയുള്ള പോരാട്ടം വിട്ടുകൊടുക്കാതെ തുടരണം. സര്‍ക്കാരിനെ അലോസരപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ പറയാനുള്ള കോടതികളുടെ വിസമ്മതം ഒരു വലിയ വെല്ലുവിളിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

അറസ്റ്റുകള്‍

2024 ലെ സുപ്രധാന തെരഞ്ഞെടുപ്പിനെ ഇന്ത്യ അഭിമുഖീകരിക്കാന്‍ ഒരുങ്ങുകയാണ്. ഈ തെരഞ്ഞെടുപ്പ് കാലത്തു പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ ഇഡി പോലുള്ളവയെ ഉപയോഗപ്പെടുത്തികൊണ്ടുളള നീക്കങ്ങളാണ് നടക്കുന്നത്. ഹേമന്ത് സോറന്‍ അറസ്റ്റ് ചെയ്യപ്പെട്ടുകഴിഞ്ഞു. ഇനി അധികം വൈകാതെ അരവിന്ദ് കെജ്രിവാളും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. തുടരെ തുടരെ ലാലു പ്രസാദ് യാദവിനും കുടുംബത്തിനും നേരെ ഉണ്ടാകുന്ന ചോദ്യം ചെയ്യലുകള്‍, ഡിഎംകെ, കോണ്‍ഗ്രസ്, തൃണമൂല്‍ നേതാക്കള്‍ക്കു നേരെയുള്ള ഉന്നം വക്കലുകള്‍, എല്ലാം സര്‍വ്വ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. നേതാക്കള്‍ക്കു പുറമെ വിമര്‍ശകരായ സാധാരണ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നേരെ ഇവ പ്രയോഗിച്ചു കൊണ്ടിരിക്കുകയാണ്. ഹര്‍ഷ് മന്ദേറാണ് ഈ നിരയില്‍ ഏറ്റവും അവസാനത്തെ വ്യക്തി. ആളുകളെ ഭയപ്പെടുത്തി അവരെ നിശബ്ദരാക്കാനുള്ള തന്ത്രമാണ് ഇവിടെ പ്രയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രതിഷേധിക്കാനുള്ള ധൈര്യം പോലും ആളുകളില്‍ നിന്ന് ചോര്‍ത്തിയെടുക്കപ്പെടുകയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കന്മാര്‍ക്കും അടുത്ത തവണ ഞങ്ങള്‍ തന്നെ ഭരണത്തിലെത്തുമെന്ന് പറയുന്നത് വളരെ എളുപ്പമാണ്. കഴിഞ്ഞ ദിവസം നിര്‍മല സീതാരാമന്‍ സൂചിപ്പിച്ചതിനെയും ഇത്തരത്തിലെ കണക്കാക്കേണ്ടതുള്ളൂ. ബിജെപി-എന്‍ഡിഎ സഖ്യം ഒരു വശത്തും മറുപുറത്ത് ഇന്ത്യ സഖ്യവും; തെരഞ്ഞെടുപ്പ് തീര്‍ച്ചയായും പ്രവചിക്കാനാവാത്ത കനത്ത മത്സരമാകും. ബിജെപി വിജയിക്കാനും ഒരുപക്ഷെ പരാജയപ്പെടാനുമുള്ള സാധ്യതകളുണ്ട്.

അജണ്ടകള്‍

ഇന്ത്യയെ മതപരമായി പരിവര്‍ത്തനപ്പെടുത്താനുള്ള ശ്രമങ്ങള്‍ കുറെ അധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ആരംഭിച്ചതാണ്. ഇതൊരിക്കലും ക്ഷേത്രത്തെയോ, ആരാധനയോ സംബന്ധിച്ചുള്ള വിഷയമല്ല. എന്നാല്‍ ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനും ധ്രുവീകരിക്കുന്നതിനും ലക്ഷ്യം വച്ചുള്ളതാണ്. എങ്കില്‍ മാത്രമേ അംബാനിക്കും അദാനിക്കും വേണ്ടിയുള്ള അജണ്ടകള്‍ ഇവിടെ നടപ്പിലാക്കാന്‍ കഴിയുകയുള്ളു. അയോധ്യ വിഷയം ഏറെക്കുറെ അവസാനിച്ചു, ഇനി സമൂഹത്തില്‍ തര്‍ക്കങ്ങള്‍ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടി അവര്‍ ഗ്യാന്‍വ്യാപിയിലും, മഥുരയിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും. അയോധ്യ പോലെ ഇവ രണ്ടും ആവര്‍ത്തിച്ചാല്‍ ഈ പരമ്പര ഇനിയും നീണ്ടുകൊണ്ടിരിക്കും. കര്‍ണാടകയിലും, മധ്യപ്രദേശിലും ഇനിയും ആളുകള്‍ ഭിന്നിക്കപ്പെട്ടുകൊണ്ടിരിക്കും. ബിജെപിയുടെ വ്യക്തമായ രാഷ്ട്രീയ അജണ്ടയാണിത്. മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പും ഉറക്കെ പ്രഖ്യാപിക്കപ്പെട്ട ഈ അജണ്ടയില്‍ അതിശയോക്തിക്ക് ഇടയില്ല.

Advertisement