UPDATES

സിദ്ധാര്‍ത്ഥന്റെ മരണം ; ഏകസംഘടനാവാദവും പേശീബല രാഷ്ട്രീയവും അവസാനിപ്പിക്കണം

എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ രാജ് സംസാരിക്കുന്നു

                       

ആൾക്കൂട്ട വിചാരണയുടെയും, റാഗിങ്ങിന്റെയും പേരിൽ വിദ്യാർത്ഥികൾ സ്വയം ജീവനൊടുക്കേണ്ടി വരുന്ന സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്ന് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ രാജ്. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അഴിമുഖവുമായി പ്രതികരിക്കുകയായിരുന്നു രാഹുൽ രാജ്.

രാഹുൽ രാജ് സംസാരിക്കുന്നു”ക്യാമ്പസുകൾക്കുള്ളിലെ ഏക സംഘടനാവാദവും, പേശിബലത്തിലൂന്നിയ രാഷ്ട്രീയ പ്രവർത്തനവുമാണ് ഒരളവുവരെ വിദ്യാർത്ഥികളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന സമാന സംഭവങ്ങളിലേക്ക് നയിക്കുന്നത്. വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന രാഷ്ട്രീയ പ്രവർത്തനങ്ങൾക്കപ്പുറം ഈ വിഷയങ്ങളിൽ ആഴത്തിലുള്ള പരിശോധനകൾ നടത്തണമെന്നതാണ് എഐ എസ്എഫ് ആവിശ്യപ്പെടുന്നത്. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥ് കോളേജിനുള്ളിൽ രണ്ടു ദിവസത്തോളം നീണ്ടു നിന്ന മാനസിക ശരീരക പീഡങ്ങൾക്ക് ഇരയായിട്ടുണ്ട്. കോളേജിനുള്ളിൽ ഒരു വിദ്യാർത്ഥിക്ക് ഇത്രയും ക്രൂരമായ അനുഭവങ്ങൾ നേരിടേണ്ടിവന്നപ്പോൾ പോലും നിയമനടപടികൾ സ്വീകരിക്കാതിരുന്ന സർവകലാശാലയുടെ ഡീനും രജിസ്ട്രാറും ഉൾപ്പെടെ സിദ്ധാർഥിന്റെ മരണത്തിന് ഉത്തരവാദികളാണ്.

മരണത്തിനു കാരണക്കാരായ പ്രതികളെ സമയബന്ധിതമായി പിടികൂടി ശിക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരുന്നേനെ. നിലവിൽ കേസിൽ പ്രതി ചേർത്തവർക്കൊപ്പം സർവ്വകലാശാല ഡീനിനെയും രജിസ്ട്രാറേയും പ്രതിചേർത്ത് അന്വേഷണം കൂടുതൽ വിപുലമാക്കേണ്ടതുണ്ട്. ക്യാമ്പസുകളിൽ ഇത്തരം സംഭവങ്ങൾ പതിവ് സംഭവമാണെന്ന കാഴ്ചപ്പാട് എഎസ്എഫ്ഐനില്ല. കേരളം പോലൊരു പ്രബുദ്ധ സമൂഹത്തിന്റെ ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ ജീവൻ നഷ്ടപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കാൻ വിദ്യാർത്ഥി സംഘടനകൾ പരിശ്രമിക്കണം. ഈ നയം തന്നെയാണ് എഐ എസ്എഫ് എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളത്. ഈ നിർദ്ദേശങ്ങൾ കേരളത്തിലെ വിദ്യാർത്ഥി സംഘടനകൾ ഏറ്റെടുക്കണമെന്ന ആവശ്യം കൂടിയാണ് എഐഎസ്എഫിന് മുന്നോട്ട് വക്കാനുള്ളത്.

ക്യാമ്പസുകളിലും വിദ്യാർത്ഥി രാഷ്ട്രീയ സംഘടനകൾക്ക് കോളേജിന്റെ അധികൃതരുടെ ഭാഗത്തുനിന്നും കൃത്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന വസ്തുത ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. സംഘടനകളോട് അനുഭാവം പുലർത്തുന്ന അധ്യാപകർ സംഘടനയിൽ നിന്നുള്ള വിദ്യാർഥികളെ തെറ്റായ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന് പകരം സംരക്ഷിച്ചു നിർത്തുന്ന നിലപാട് അധ്യാപകരുടെയും ബന്ധപ്പെട്ട അധികൃതരുടെയും ഭാഗത്തു നിന്ന് ഉണ്ടാകുന്നുണ്ട്. ഈ നടപടികൾക്ക് തടയിടാൻ ആയില്ലെങ്കിൽ സിദ്ധാർഥിന്റെത് പോലുള്ള മരണങ്ങൾ ഇനിയും ആവർത്തിച്ചു കൊണ്ടിരിക്കും. ഇത്തരം അനിഷ്ട്ട സംഭവങ്ങൾ നടക്കുമ്പോൾ മാത്രമുള്ള ചർച്ചകളിലൂടെ ഇതിൽ പരിഹാരം കണ്ടെത്താനാകില്ല. മറിച്ച് താഴെ തട്ടുമുതൽ കൃത്യമായ പരിശോധന നടത്തി, കക്ഷി രാഷ്ട്രീയത്തിനതീതമായി പിഴവുകൾ തിരുത്തുന്നതിന് ബന്ധപ്പെട്ട അധികൃതർ ഇടപെടണമെന്ന ശക്തമായ നിർദ്ദേശം കൂടി എഐഎസ്എഫ് മുന്നോട്ട് വക്കുന്നുണ്ട്.”

Related news


Share on

മറ്റുവാര്‍ത്തകള്‍