UPDATES

പലസ്തീന്‍ ഐക്യദാര്‍ഢ്യവും കേരളത്തിലെ മുന്നണി രാഷ്ട്രീയവും

സിപിഎം റാലിയിലേക്ക് മുസ്ലിം ലീഗിനുള്ള ക്ഷണമാണ് രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ കാരണം

                       

ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണം കേരളത്തിലെ മുന്നണി രാഷ്ട്രീയത്തെയും ബാധിച്ചിരിക്കുകയാണ്. സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെ ഔദ്യോഗികമായി ക്ഷണിച്ചതാണ് ഇവിടെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഐക്യമുന്നണിയിലും പ്രത്യേകിച്ച് കോണ്‍ഗ്രസിനും ലീഗിനുള്ളിലും, ഇടതുപക്ഷ മുന്നണിയിലും വിശിഷ്യ സിപിഎമ്മിനുള്ളിലും പലപല ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും പ്രതീക്ഷകള്‍ക്കുമൊക്കെ കാരണമായിരിക്കുകയാണ് ‘പലസ്തീന്‍ പ്രശ്‌നം’. നവംബര്‍ 11-നാണ് റാലി നിശ്ചയിച്ചിരിക്കുന്നത്.

സിപിഎം റാലിയില്‍ പങ്കെടുക്കാനുള്ള താത്പര്യം മുസ്ലിം ലീഗിലെ ഒരു വിഭാഗം പരസ്യമായി പ്രകടിപ്പിച്ചു. ഈ താത്പര്യം പലസ്തീന്‍ ജനതയോടുള്ളതാണോ, സിപിഎമ്മിനോടും കൂടി ഉള്ളതാണോ എന്ന സംശയമാണ് ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ പൊട്ടിത്തെറികള്‍ കാരണം.

ഐക്യദാര്‍ഢ റാലിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ലീഗില്‍ അന്തിമ തീരുമാനമായിട്ടില്ല. ശനിയാഴ്ച്ചത്തെ യോഗത്തില്‍ തീരുമാനമാകുമെന്നു കേള്‍ക്കുന്നു. സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ക്ഷണം ഉണ്ടായപ്പോള്‍, എടുത്തു ചാടിയുള്ളൊരു എതിര്‍പ്പ് ലീഗ് കാണിച്ചില്ല. ക്ഷണം സ്ഥിരീകരിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, തീരുമാനം കൂടിയാലോചനകള്‍ക്ക് ശേഷം നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചത്.

അതിനേക്കാള്‍ മുമ്പ് തന്നെ ഇ ടി മുഹമ്മദ് ബഷീര്‍ സിപിഎമ്മിന് നേരെ പച്ചക്കൊടി വീശിയിരുന്നു. സിപിഎമ്മിന്റെ ഔദ്യോഗിക ക്ഷണം വരുന്നതിനു മുന്നേ മുസ്ലിം ലീഗ് എംപി പറഞ്ഞത്, ഐക്യദാര്‍ഢ്യ റാലിയിലേക്ക് സിപിഎം ക്ഷണിച്ചാല്‍ പോകുമെന്നായിരുന്നു.

ആഗോള രാഷ്ട്രീയം പിന്തുടരുകയും ലോകവീക്ഷണത്തോടെ കാര്യങ്ങളെ സമീപിക്കുകയുമൊക്കെ ചെയ്യുന്ന അത്രയധികം നേതാക്കളൊന്നും മുസ്ലിം ലീഗിലില്ല. ഇ ടി യെ പോലെയും അഹമ്മദ് കബീറിനെപ്പോലെയുമൊക്കെ ഒന്നോ രണ്ടോ പേരൊക്കെയെയുള്ളൂ. അതുകൊണ്ട് തന്നെ ഇ ടി യുടെ നിലപാട് കേവലം പ്രാദേശിക രാഷ്ട്രീയത്തിന്റെ പുറത്തുള്ള ഒന്നായിരിക്കില്ലെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ പിന്തുണ എല്ലാക്കാലത്തും പലസ്തീനൊപ്പമായിരുന്നു. ഇസ്രയേല്‍ അധിനിവേശത്തിനെതിരേ എന്നും പലസ്തീന്‍ ജനതയ്ക്കായി കേരളത്തില്‍ ശബ്ദം ഉയരാരുണ്ട്. പലസ്തീന്‍ വിഷയത്തില്‍ രാജ്യവ്യാപകമായി ചര്‍ച്ച നടക്കണമെന്നും അഭിപ്രായരൂപീകരണം ഉണ്ടാക്കാനുള്ള പരിശ്രമം വേണമെന്നതുമാണ് സിപിഎം റാലിയെ പിന്തുണക്കാനും ഇ ടിക്കുള്ള കാരണം.

സിപിഎം റാലിയില്‍ പങ്കെടുക്കേണ്ടതില്ല എന്ന കടുംപിടുത്തം ലീഗ് നേതൃത്വത്തിനുമില്ല. എന്നാല്‍ അവിടെ ചില ഉള്‍ക്കളികള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. സിപിഎമ്മുമായുള്ള രാഷ്ട്രീയ സഹകരണമായി, റാലിയില്‍ പങ്കെടുക്കാനുള്ള തീരുമാനം ചര്‍ച്ച ചെയ്യപ്പെടുമെന്ന് ലീഗിന് അറിയാം. മുന്നണി മാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളും ശക്തിപ്പെടും. റാലിയില്‍ പങ്കെടുത്തു കഴിഞ്ഞാല്‍ ലീഗ് എല്‍ഡിഎഫിലേക്ക് എന്നതരത്തിലായിരിക്കും വ്യാഖ്യാനങ്ങള്‍ ഉണ്ടാവുക. ഇത്തത്തില്‍ രാഷ്ട്രീയ ഊഹാപോഹങ്ങളില്‍ ലീഗ് ഉള്‍പ്പെടുമെന്നതിനാല്‍ അതിന്റെ ഉത്തരവാദിത്തം ആര്‍ക്കെങ്കിലും മേല്‍, അല്ലെങ്കില്‍ ഒരു വിഭാഗത്തിനു മേല്‍ ഏല്‍പ്പിക്കപ്പെടേണ്ടതുണ്ട്. ലീഗ് നേതൃത്വത്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള കാത്തിരിപ്പ് അതിനുവേണ്ടിയാണ്.

സിപിഎം ക്ഷണം സ്വീകരിക്കാമെന്ന് നേതൃത്വ യോഗത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ അഭിപ്രായം പറയട്ടെ എന്നൊരു തന്ത്രമാണ് കുഞ്ഞാലിക്കുട്ടിക്കും സംഘത്തിനുമുള്ളതെന്നാണ് അറിയാന്‍ കഴിയുന്ന വിവരം. സിപിഎമ്മിനൊപ്പം റാലിയില്‍ പോകുന്നതില്‍ തെറ്റില്ല, പക്ഷേ, പോകണമെന്ന് ഇ ടി പറയണം. അതൊരു കെണിയാണെന്ന് ലീഗ് രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. നാളെ സിപിഎമ്മിനെ ചേര്‍ത്ത് ലീഗിനെതിരേ എന്ത് അഭിപ്രായം ഉയര്‍ന്നാലും ഇ ടി യുടെ മേല്‍ ഉത്തരവാദിത്തം ചാര്‍ത്താം. രാഷ്ട്രീയ സഹകരണമോ, മുന്നണിമാറ്റമോ എന്തു തന്നെ ചര്‍ച്ചയായാലും തങ്ങളല്ല ഇതൊന്നും തുടങ്ങിവച്ചതെന്ന് കുഞ്ഞാലിക്കുട്ടിക്കും കൂട്ടര്‍ക്കും ജാമ്യമെടുക്കാന്‍ ഇ ടി യെ മുന്‍ നിര്‍ത്തേണ്ടതുണ്ടെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

കോണ്‍ഗ്രസിനും സിപിഎമ്മിനും ഇടയില്‍ കിടന്ന് ലീഗ് ആശയക്കുഴപ്പം നേരിടുകയല്ല, ലീഗിലെ കുഴപ്പങ്ങള്‍ അവര്‍ക്കിടയില്‍ തന്നെയാണ്. അത് മുകളില്‍ നിന്നും താഴെവരെയുണ്ട് താനും.

ലീഗ് എല്‍ഡിഎഫിലേക്ക് പോവുകയാണെന്ന് കരുതുന്നവര്‍ ലീഗില്‍ ഏറെയുണ്ട്. ലീഗ് ഇങ്ങോട്ട് വരികയാണെന്ന് കരുതുന്നവര്‍ സിപിഎമ്മിലും. ഇടതുപക്ഷത്തേക്ക് പോകാനുള്ള തയ്യാറെടുപ്പ് പാര്‍ട്ടിയില്‍ നടക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നവര്‍, റാലിയില്‍ പങ്കെടുക്കാമെന്ന അഭിപ്രായത്തെയും രാഷ്ട്രീയമാറ്റത്തിന്റെ കാഴ്ച്ചപ്പാടിലൂടെയാണ് കാണുന്നത്. രാഷ്ട്രീയമായ ചേരിമാറ്റത്തെക്കുറിച്ച് അണികളെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് മലബാര്‍ മേഖലയിലെ ഗ്രാമീണതല ലീഗ് രാഷ്ട്രീയം ശ്രദ്ധിക്കുന്നവര്‍ നല്‍കുന്ന വിവരം. സിപിഎമ്മിന്റെ അടിത്തട്ടിലും സമാനവികാരമാണ് നില്‍ക്കുന്നത്. ഇവിടെ സിപിഎം-ലീഗ് അണികള്‍ തമ്മില്‍ സഹവര്‍ത്തിത്വത്തിലാണ് പോകുന്നതെന്നാണ് നേരിട്ടുള്ള അനുഭവത്തോടെ നിരീക്ഷകര്‍ പങ്കുവയ്ക്കുന്നത്. മുന്നണി മാറ്റത്തില്‍ പ്രതീക്ഷകള്‍ക്കൊപ്പം ആശങ്കകളും രണ്ടിടത്തുമുണ്ട്.

മുസ്ലിം ലീഗിന്റെ നിലപാടുകളില്‍ കോണ്‍ഗ്രസിന് വലിയ പേടിയുണ്ട്. കൂടെ നില്‍ക്കുന്നവരില്‍ ശക്തര്‍ അവര്‍ മാത്രമാണ്. ലീഗ് പോയാല്‍ യുഡിഎഫ് എന്ന സംവിധാനം പിന്നെയില്ല. സുധാകരടന ക്കെ വിളറി പിടിക്കുന്നതിനു കാരണം വേറെയല്ല.

1980-കള്‍ മുതല്‍ പലസ്തീന്‍ വിഷയത്തില്‍ കേരളത്തില്‍ പ്രതിഷേധങ്ങളും റാലികളും ധര്‍ണകളുമൊക്കെ കണ്ടു തുടങ്ങിയതാണ്. പലസ്തീനികള്‍ക്കായി അന്നു മുതല്‍ ആദ്യം രംഗത്തിറങ്ങുന്നത് ഇടതുപക്ഷമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളും അവരുടെ യുവജനസംഘടനകളും തുടക്കം മുതല്‍ പാലസ്തീനു വേണ്ടി തെരുവിലിറങ്ങുന്നവരാണ്. കോണ്‍ഗ്രസിലെ ചില നേതാക്കളും പലസ്തീനെ എന്തുകൊണ്ട് പിന്തുണയ്ക്കണമെന്ന് വ്യക്തമായ വിധത്തില്‍ പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. എ. സുജനപാലൊക്കെ പലസ്തീന്‍ പോയി അവിടുത്തെ പ്രശ്‌നങ്ങള്‍ അനുഭവച്ചറിഞ്ഞിട്ടുള്ള കോണ്‍ഗ്രസ് നേതാവാണ്. അദ്ദേഹം പുസ്തകവുമെഴുതിയിട്ടുണ്ട്. ഇ ടി മുഹമ്മദ് ബഷീര്‍ എന്ന നേതാവിന്റെ നിലപാടും അഭിപ്രായവും ഒരാഗോള രാഷ്ട്രീയ പ്രശ്‌നത്തിന്‍മേലുള്ള ഐക്യദാര്‍ഢ്യപ്പെടലായി വേണമായിരുന്നു കാണേണ്ടത്. എന്നാലത് കേവലം ഒരു ചെറിയ പ്രദേശത്തെ മുന്നണി രാഷ്ട്രീയമായി മാറിയത് നിര്‍ഭാഗ്യകരമാണെന്നാണ് വിശാല അര്‍ത്ഥത്തില്‍ രാഷ്ട്രീയത്തെ കാണുന്നവര്‍ പറയുന്നത്.

Share on

മറ്റുവാര്‍ത്തകള്‍