രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-141
1980ലെ തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ വിജയിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ, സഖ്യകക്ഷിയായ ഡിഎംകെയെ ഉപേക്ഷിച്ച് കോണ്‍ഗ്രസ് എഐഎഡിഎംകെയുമായി സഖ്യത്തിലേര്‍പ്പെട്ടു. കരുണാനിധി കോണ്‍ഗ്രസിനെതിരെ ദേശീയ തലത്തില്‍ ഒരു മുന്നണി രൂപീകരിക്കാന്‍ ഇതുകാരണം നിര്‍ണായക പങ്കുവഹിച്ചു. 1988 ഒക്ടോബറില്‍ ചെന്നൈയില്‍ ഏഴു കക്ഷികളെ ചേര്‍ത്ത് ദേശീയ മുന്നണി രൂപീകരിച്ചു. ഇന്ത്യയെ രക്ഷിക്കാനും സാമൂഹിക നീതിക്കുവേണ്ടിയും കരുണാനിധി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അദ്ദേഹം വിശ്വനാഥ് പ്രതാപ് സിംഗിനെയും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പ്രഖ്യാപനത്തെയും പിന്തുണച്ചു. 1988 സെപ്റ്റംബര്‍ 17-ന് കരുണാനിധി ചെന്നൈയില്‍ ഡിഎംകെ അംഗങ്ങളുടെ പിന്തുണയില്‍ വലിയ റാലിയും ദേശീയ മുന്നണിയുടെ രൂപീകരണം പ്രഖ്യാപിച്ച് ഒരു പൊതുയോഗവും സംഘടിപ്പിച്ചു. ചെന്നൈ കണ്ട ഏറ്റവും വലിയ റാലിയായിരുന്നു അത്. പൊതുയോഗത്തില്‍ മൂന്ന് കോണ്‍ഗ്രസ് (ഐ) ഇതര മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ 20 പ്രമുഖ ദേശീയ പ്രതിപക്ഷ നേതാക്കള്‍ പങ്കെടുത്തു.
കോണ്‍ഗ്രസിന് കൈപ്പത്തി വന്ന വഴി
ദേശീയ മുന്നണിയുടെ രൂപീകരണത്തിന് പിന്നാലെ 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 1989-ല്‍ ഡിഎംകെ അധികാരത്തില്‍ തിരിച്ചെത്തി. ശക്തനായ കോണ്‍ഗ്രസ് നേതാവ് മൂപ്പനാരെ തമിഴനാട് രാഷ്ട്രീയത്തില്‍ നിഷ്പ്രഭനാക്കാന്‍ കരുണാനിധിക്ക് സാധിച്ചു. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് പ്രഭാവത്തിന്റെ മങ്ങല്‍ തുടങ്ങിയത് അപ്പോള്‍ മുതലാണ്.
1989 ഫെബ്രുവരി ലക്കം പാക്കനാര്‍ വിനോദ മാസികയുടെ കവര്‍ കാര്‍ട്ടൂണ്‍ വരച്ചത് കാര്‍ട്ടൂണിസ്റ്റ് ജി ഹരിയാണ്. അക്കാലത്തെ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക പങ്കുവഹിച്ച കരുണാനിധി തന്നെയാണ് കാര്‍ട്ടൂണിലെ താരം. കോണ്‍ഗ്രസ് നേതാവ് മൂപ്പനാരെ നഗ്നനാക്കി ചവറു കുട്ടയിലാണ് കാര്‍ട്ടൂണിസ്റ്റ് വരച്ചിരിക്കുന്നത്. രാജീവ് ഗാന്ധിയും, കെ. കരുണാകരനും ചവറുകൂനയ്ക്ക് പിന്നില്‍ ആശങ്കയോടെ ഒളിഞ്ഞിരുന്ന് വീക്ഷിക്കുന്നതും കാര്‍ട്ടൂണിലുണ്ട്.
കാര്‍ട്ടൂണ്‍ കടപ്പാട്: പാക്കനാര്‍ വിനോദ മാസിക