UPDATES

Today in India

ദേശീയ തലത്തില്‍ ഒറ്റക്കെട്ട്, സംസ്ഥാനങ്ങളില്‍ ചേരിതിരിവ്; പ്രതിസന്ധിയിലാകുമോ ‘ ഇന്ത്യ’

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സീറ്റില്‍ സമാജ്‌വാദ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു

                       

2024 വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിയെ രാജ്യ ഭരണത്തില്‍ നിന്നു നീക്കുന്നതിനുവേണ്ടി പ്രതിപക്ഷ ഐക്യ മുന്നണിയായ ‘ഇന്ത്യ’- ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റ് ഇന്‍ക്ലൂസീവ് അലയന്‍സ്- ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം ‘ഇന്ത്യ’ എന്ന പ്രതിപക്ഷ ഐക്യത്തിലെ ഘടകകക്ഷികള്‍ അതാത് സംസ്ഥാനങ്ങളില്‍ പരസ്പരം ഏറ്റുമുട്ടുന്ന കാഴ്ചയാണു കാണുവാന്‍ സാധിക്കുന്നത്.

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ ആറ് സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. മൂന്നു സീറ്റിലും കോണ്‍ഗ്രസ് 2018 വിജയിച്ച മണ്ഡലങ്ങളാണ് എന്നുള്ളത് ശ്രദ്ധേയമാണ്. ഇന്ത്യ എന്ന മഹാസഖ്യത്തിന്റെ കെട്ടുറപ്പിനെ തന്നെ ഒരുപക്ഷേ ബാധിക്കാവുന്ന തീരുമാനമാണ് അഖിലേഷ് യാദവിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

സംസ്ഥാനങ്ങളില്‍ പരസ്പരം ഏറ്റുമുട്ടുന്നുണ്ടെങ്കിലും ദേശീയതലത്തില്‍ ബിജെപിയെ താഴെ ഇറക്കുന്നതിന് വേണ്ടി ഒന്നിക്കും എന്നാണ് ഇന്ത്യയുടെ ഘടകകക്ഷി നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ബിജെപിയെ അധികാരത്തില്‍ നിന്നിറക്കാനാണ് കേരളത്തിലുള്ള കോണ്‍ഗ്രസും സിപിഎമ്മും ആഗ്രഹിക്കുന്നത്. എന്നാല്‍ ആ ആഗ്രഹം സാധ്യമാക്കാന്‍ വേണ്ടി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മത്സരിക്കാന്‍ അവരൊരുക്കമല്ല. പൊതു തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സ് നയിക്കുന്ന യുഡിഎഫും സിപിഎം നയിക്കുന്ന എല്‍ ഡി എഫും തന്നെയാണ് പ്രധാന മത്സരാര്‍ത്ഥികള്‍.

പഞ്ചാബിലും തമിഴ്‌നാട്ടിലും ഉത്തര്‍ പ്രദേശ് തുടങ്ങി മറ്റ് പല സംസ്ഥാനങ്ങളിലും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് മേല്‍ക്കൈ ഉള്ളത്. ഇന്ത്യ എന്ന കൂട്ടായ്മയ്ക്ക് പ്രാദേശി ചേരിതിരിവ് പല സംസ്ഥാനങ്ങളിലും പ്രതിസന്ധിയുണ്ടാക്കും. എല്ലാ സംസ്ഥാനങ്ങളിലും നീക്കുപോക്കുകള്‍ സുഖമമാകാന്‍ ബുദ്ധിമുട്ടാണ്. അതിന്റെ ലക്ഷണങ്ങള്‍ പല സംസ്ഥാന രാഷ്ട്രീയ നീക്കങ്ങളിലും പ്രകടമായി തുടങ്ങി. ഇതിനെ അതിജീവിക്കാന്‍ സാധിച്ചാല്‍ ബി.ജെ.പിയുടെ നീക്കങ്ങള്‍ പരുങ്ങലിലാകും.

Share on

മറ്റുവാര്‍ത്തകള്‍