ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി നടപടി എന്തെങ്കിലും ഫലം ചെയ്യുമോ?
ടൈംസ് നൗ നവ്ഭാരതി, ന്യൂസ് 18 ഇന്ത്യ, ആജ് തക് തുടങ്ങിയ ദേശീയ ചാനലുകളോട് മുസ്ലിം വിരോധം പ്രകടിപ്പിക്കുന്ന പരിപാടികൾ പിൻവലിക്കാൻ നിർദേശം നൽകിയിരിക്കുയാണ് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ് അഥോറിറ്റി(എൻബിഡിഎസ്എ). കൂടാതെ ടൈംസ് നൗ നവ്ഭാരതിക്ക് ഒരു ലക്ഷവും ന്യൂസ് 18-ന് 50,000 രൂപയും പിഴയും ചുമത്തിയിട്ടുണ്ട്. വർഗീയവും പ്രകോപനപരവുമായ ചാനൽ പരിപാടികൾക്കെതിരേ മനുഷ്യാവകാശ പ്രവർത്തകൻ ഇന്ദ്രജീത് ഘോർപഡെ നൽകിയ പരാതി പരിഗണിച്ചാണ് എൻബിഡിഎസ്എയുടെ നടപടി. ഉള്ളടക്കം സംബന്ധിച്ച് വലിയ തുക പിഴ ഒടുക്കേണ്ടി വരുന്ന തരത്തിൽ എന്ത് വാർത്തകളാണ് ദേശീയ മാധ്യമങ്ങൾ നൽകി വരുന്നത്. കേരളത്തിൽ നടന്ന സംഭവങ്ങളെ മുൻ നിര ദേശീയ മാധ്യമങ്ങൾ എങ്ങനെ വിശകലനം ചെയുന്നു എന്നതിൽ നിന്ന് ഇതിന്റെ ഉത്തരം കണ്ടെത്താനാവും.
2014 മുതൽ പ്രകടമായി തന്നെ മാധ്യമങ്ങളുടെ നയങ്ങളിൽ വരുന്ന മാറ്റങ്ങളെ കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകർ ഉൾപ്പെടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പിന്നീടങ്ങോട്ടുള്ള കാലയളവിൽ മീഡിയ ലാൻഡ്‌സ്‌കേപ്പിൽ കാര്യമായ വ്യതിചലനമുണ്ടാവുകയും ദേശിയ മാധ്യമങ്ങൾക്ക് ”ഗോദി മീഡിയ ” എന്ന തരത്തിൽ പേരുകൾ വീണു തുടങ്ങുകയും ചെയ്തിരുന്നു. കേരളത്തിൽ നടന്ന സംഭവങ്ങളിലടക്കം ഇസ്ലാമോഫോബിയക്ക് വഴി വക്കുന്ന തരത്തിലാണ് ദേശിയ മാധ്യമങ്ങൾ വാർത്തകൾ നൽകുന്നതെന്ന ആക്ഷേപവും ശക്തമായിരുന്നു.
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമത്തിൽ പൈനാപ്പിൾ തോട്ടത്തിൽ വച്ചു പടക്കം നിറച്ച പൈനാപ്പിൾ കഴിച്ചതിനെ തുടർന്ന് വായിൽ പൊള്ളലേറ്റു കാട്ടാന കൊല്ലപെട്ട ദാരുണമായ സംഭവം നടക്കുന്നത് 2020 മേയ് 27 നാണ്. കേരളം ഒന്നടങ്കം പകച്ചുപോയ സംഭവത്തെ ദേശീയ മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതി വലിയ വിമർശനങ്ങൾക്കാണ് വഴി വച്ചത്. പാലക്കാട് നടന്ന ഈ സംഭവത്തെ മുഖ്യധാര ദേശീയ മാധ്യമങ്ങൾ മലപ്പുറത്ത് നടന്ന സംഭവമായാണ് ചിത്രീകരിച്ചിരുന്നത്. കൃത്യമായ ഫാക്ട് ചെക്കിങ് പോലും നടത്താതെ നൽകിയ ഈ വാർത്ത കൃത്യമായ ഇസ്ലാമോഫോബിയ വളർത്തുന്നതിനാണെന്ന് വിമർശനം ഉയർന്നിരുന്നു.
2023 ലാണ് സുദീപ്തോ സെൻ സംവിധാനം ചെയ്ത ” ദി കേരള സ്റ്റോറി” മലയാളം, ഹിന്ദി ഉൾപ്പെടെ പല ഭാഷകളിലായി പുറത്തിറക്കുന്നത്. കേരളത്തിൽ ലവ് ജിഹാദിലൂടെ പെൺകുട്ടികളെ ഇസ്ലാം മതപരിവർത്തനത്തിന് വിധേയമാക്കുകയും,തുടർന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ഭീകരവാദ പ്രവർത്തനത്തിനായി കടത്തിക്കൊണ്ടു പോകുന്നുവെന്ന വ്യാജ സന്ദേശം നൽകുന്ന ഇസ്ലാമോഫോബിക് ചിത്രമായിരുന്നു ദി കേരള സ്റ്റോറി. ഈ ലെഫ്റ് വിങ് പ്രൊപ്പഗാണ്ട കേരളത്തിന്റെ യഥാർത്ഥ കഥയാണെന്ന് തരത്തിൽ വ്യാപക പ്രചരണങ്ങളാണ് സംഘപരിവാർ അനുകൂല സാമൂഹ്യ മാധ്യമ പേജുകളിൽ നടന്നിരുന്നത്, വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഈ പ്രചരണങ്ങൾക്ക് ലഭിച്ചിരുന്നതും. സമൂഹമാധ്യമങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല ഈ പ്രചാരണം. ഇതിനെ വലിയ രീതിയിൽ ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങളായിരുന്നു. സിനിമയുടെ അണിയറ പ്രവർത്തകർ ആദ്യം പങ്കു വച്ച ട്രൈലെർ ആരംഭിക്കുന്നത് തന്നെ കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിന്റെ അവിഷ്കാരമെന്ന നിലക്കാണ്. മുപ്പതിനായിരത്തിലധികം ഹിന്ദു, ക്രിസ്ത്യൻ വിഭാഗത്തിൽ പെടുന്ന പെൺകുട്ടികൾ നിർബന്ധിത മത പരിവർത്തനത്തിന് വിധേയരാക്കപെടുന്നുണ്ടെന്നും, അവരെ ഭീകരവാദത്തിന് ഉൾപ്പെടെ ഉപയോഗപ്പെടുത്തുന്നതായുമാണ് ട്രൈലർ പറഞ്ഞത്. ഓരോ വർഷവും 2000 – 3000 നും ഇടയിൽ സ്ത്രീകൾ ഇസ്‌ലാമിലേക്ക് മതപരിവർത്തനം ചെയ്യുന്നു എന്ന കണക്ക് ഉമ്മൻചാണ്ടി നിയമസഭയിൽ അവതരിപ്പിച്ചു എന്നാണ് ഒരു ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിൽ അന്ന് സുദീപ്തോ സെൻ പറഞ്ഞിരുന്നത്. തുടർന്ന് പരാമർശം വിവാദമായതോടെ ഈ കണക്ക് ട്രൈലറിൽ നിന്നും സിനിമയിൽ നിന്നും അണിയറ പ്രവർത്തകർ ഒഴുവാക്കിയിരുന്നു.
എന്നാൽ ഈ വിഷയത്തിൽ ദേശീയ മാധ്യമങ്ങൾ നടത്തിയ വിദ്വേഷ പ്രചാരണം സമാനതകളില്ലാത്ത തരത്തിലായിരുന്നു. വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങൾക്കായി എ ബി പി ന്യൂസ്, ടൈംസ് നൗ തുടങ്ങിയ ചാനലുകൾ സ്പെഷ്യൽ സ്റ്റോറികൾ സംപ്രേക്ഷണം ചെയ്തു. തികച്ചും നുണയിലും വിദ്വേഷത്തിലും നിറഞ്ഞു നിന്ന ഈ വാർത്തകൾ കേരളത്തിൽ ‘ലവ് ജിഹാദ്’ ഉണ്ടെന്നും അതിലൂടെ 3000 ലേറെ പെൺകുട്ടികളെ ഭീകരവാദത്തിന് അയക്കുന്നുവെന്ന് അക്ഷരാർത്ഥത്തിൽ പറഞ്ഞു വക്കുന്നതായിരുന്നു. ഈ പ്രചാരണങ്ങൾ ബലമേകാൻ എ ബി പി ന്യൂസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സ്റ്റോറിയും വിഷയത്തിൽ നടത്തിയിരുന്നു. കേരള സ്റ്റോറിക്കു പിന്നിലെ യഥാർത്ഥ കഥയെ കുറിച്ച് ഫാക്ട് ചെക്കിങ് നടത്താൻ തയ്യാറായത് ഇന്ത്യൻ എക്സ്പ്രസ്സ് പോലുള്ള ചുരുക്കം ചില ദേശീയ മാധ്യമങ്ങളും, ചില യുട്യൂബ് ചാനലുകളും മാത്രമാണ്.
അപ്പോൾ വിദ്വേഷ പ്രചരണം മാത്രമാണോ ദേശീയ മാധ്യമങ്ങളുടെ പ്രധാന അജണ്ട എന്ന സംശയം ന്യായമാണ്. റേറ്റിംഗ് അതിപ്രധാനമെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവം പരാമർശിക്കാം. കഴിഞ്ഞ വർഷം ഡിസംബറിലാണ് ലോക്‌സഭയിൽ അതിക്രമം ഉണ്ടാകുന്നത്. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ ദേശീയ മാധ്യമങ്ങൾക്ക് സംഭവസ്ഥലത്തു നിന്നും അക്രമികൾ പാർലമെന്റിനുള്ളിൽ ഉപയോഗിച്ച തരത്തിലുള്ള സ്മോക് കാനിസ്റ്ററുകൾ ലഭിച്ചിരുന്നു. തത്സമയ സംപ്രേക്ഷണത്തിനിടെ തെളിവ് ആയ കാനിസ്റ്റർ റിപ്പോർട്ട്മാർ പരസ്പരം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ വാർത്തകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നിന്നിരുന്നു.
കൂടാതെ യുഎസ്എ പ്രൈഡ് പരേഡുകളിൽ നഗ്നത പ്രകോപനമുണ്ടാക്കുന്നു – എങ്ങനെയാണ് ഇന്ത്യയുടെ LGBTQ+ ഉത്തരവാദിത്തത്തോടെ നയിക്കുന്നത്’ എന്ന പേരിൽ ഇന്ത്യാ ടുഡേ, ഷോ സംപ്രേക്ഷണം ചെയ്തിരുന്നു. ഈ സംഭവത്തിൻ്റെ ഭാഗമല്ലാത്ത ദൃശ്യങ്ങളും ചിത്രങ്ങളും പൂർണ്ണമായും ഉപയോഗിച്ചതായി എൻബിഡിഎസ്എ കണ്ടെത്തിയിരുന്നു. ഇതോടെ LGBTQIA+ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംപ്രേക്ഷണം ചെയ്യുന്നതിനുള്ള ഒരു കൂട്ടം മാർഗ്ഗനിർദ്ദേശങ്ങളും എൻബിഡിഎസ്എ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സുധീർ ചൗധരി അവതാരകനായ ആജ് തക്കിൽ ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന പരിപാടിക്കെതിരെ പരാതി ഉയർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശിക്കുന്ന വേളയിൽ മുൻ യുഎസ് പ്രസിഡൻ്റ് ബരാക് ഒബാമ ഇന്ത്യയിലെ ന്യൂനപക്ഷ സംരക്ഷണത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ ഷോ ചർച്ച ചെയ്തിരുന്നു. ”തുക്‌ഡെ തുക്‌ഡെ ഗ്യാങ്”, “പഞ്ചാബിലെ ഖാലിസ്ഥാനി”, “പാകിസ്ഥാൻ അനുഭാവികൾ” എന്നീ വാക്കുകൾ ഉപയോഗിച്ചുകൊണ്ട്, ഒബാമയുടെ പ്രസ്താവന ചർച്ച ചെയ്തതെന്ന് എൻബിഡിഎസ്എ പറയുന്നുണ്ട്. വസ്തുനിഷ്ഠതയോട് കൂടി വിവാദപരമായ ഒരു വിഷയം അവതരിപ്പിക്കുന്നതിൽ അവതാരകൻ പരാജയപെട്ടതായും എൻബിഡിഎസ്എ ചൂണ്ടികാണിക്കുന്നുണ്ട്.