അട്ടപ്പാടിയിലെ ആദിവാസി ഭൂമി അനധികൃതമായി കയ്യേറിയെടുക്കുന്ന വിവരം വാര്‍ത്തയിലൂടെ പുറം ലോകത്തെ അറിയിച്ചതിന്റെ പേരില്‍ പൊലീസ് കേസ് നേരിടേണ്ടി വന്നിരിക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് ഡോ. ആര്‍ സുനില്‍. ഭരണകൂടവും ഭൂമി മാഫിയയും കൈകോര്‍ത്ത് തന്നെ നിശബ്ദനാക്കാന്‍ നോക്കുന്നതിനു പിന്നിലെ കാരണങ്ങള്‍ അഴിമുഖത്തോട് പങ്കുവയ്ക്കുകയാണ് മാധ്യമം ലേഖകനായ സുനില്‍.
1960-കളുടെ അവസാനങ്ങളില്‍ അഗളി പോലീസ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ച മണ്ണാര്‍ക്കാട് എംഎല്‍എ കൊങ്ങശ്ശേരി കൃഷ്ണന്‍ ആ പോലീസ് സ്റ്റേഷനില്‍ തന്നെ ആദിവാസികള്‍ക്കെതിരായി നടക്കുന്ന അന്യായങ്ങളെ നിയമസഭയില്‍ അപലപിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറവും അന്നത്തെ സമാന പരിതസ്ഥിയില്‍ തന്നെയാണ് പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങള്‍ കഴിയുന്നത്.
ഏതാണ്ട് ഒന്നരപതിറ്റാണ്ടിലേറെയായി അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ പുറം ലോകം അറിയാതെ നടക്കുന്ന പല അഴിമതികളെയും അടിച്ചമര്‍ത്തലുകളെയും ഞാന്‍ മാധ്യമപ്രര്‍ത്തനത്തിലൂടെ പുറത്തെത്തിക്കാന്‍ തുടങ്ങിയിട്ട്. ഭൂരിഭഗവും ഇത്തരത്തിലുള്ള ഭൂമി കയ്യേറ്റ കേസുകളാണ്. ഇവയില്‍ ചിലതെല്ലാം വാര്‍ത്തകളായി ഒതുങ്ങാതെ കൃത്യമായ നടപടികള്‍ ഉണ്ടായിട്ടുണ്ട്.
2022 ആഗസ്റ്റില്‍ നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്തത് എങ്ങനെയെന്ന പേരില്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ സ്റ്റോറി പ്രസിദ്ധീകരിച്ചിരുന്നു. നഞ്ചിയമ്മയുടെ കുടുംബത്തെ പോലെ അട്ടപ്പാടി ഭൂമാഫിയയുടെ ഇരയായ മറ്റു കുടുംബങ്ങളെക്കുറിച്ചും സ്റ്റോറിയില്‍ പറയുന്നുണ്ട്.
നഞ്ചിയമ്മയുടെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കുന്നത് സബ് കലക്ടറുടെ ഓഫീസില്‍ നിന്നാണ്. ഈ വാര്‍ത്ത ആദ്യം നല്‍കിയത് മാധ്യമം ഓണ്‌ലൈനിലാണ്. ഇതില്‍ ഭൂമി സ്വന്തമാക്കിയെന്നവകാശപ്പെടുന്നവരില്‍ കന്തസ്വാമി, കെ.വി മാത്യു, ജോസഫ് കുര്യന്‍, മാരിമുത്തു എന്നീ പേരുകള്‍ ഉള്‍പ്പെട്ടിരുന്നു. രേഖകള്‍ അന്യായമായി സര്‍ക്കാരിന്റെ അറിവോടെ തന്നെ കെട്ടിച്ചമച്ചതാണെന്നു മാരിമുത്തു പിന്നീട് വെളുപ്പെടുത്തിയിട്ടുണ്ട്. ഈ ഓണ്‍ലൈന്‍ വാര്‍ത്തക്ക് പിന്നാലെ ഭൂമി തന്റേതാണെന്നു വാദിക്കുന്ന തെളിവുകളുമായി ജോസഫ് കുര്യന്‍ എന്നെ ബന്ധപ്പെട്ടിരുന്നു. സൗഹാര്‍ദ്ദപരമായി തന്നെയാണ് അദ്ദേഹത്തോട് ഇടപെട്ടത്. പിന്നീട് കാര്യങ്ങള്‍ മാറി മറയുന്നത് ഭൂമി കൈയേറ്റത്തെ കുറിച്ചു ലഭിച്ച കൂടുതല്‍ തെളുവുകളോടെ ആഴ്ചപ്പതിപ്പില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോഴാണ്. ഇതിന്റെ തുടര്‍ നടപടിയെന്ന നിലയില്‍ നിയമസഭയില്‍ അന്വേഷണവും പ്രഖ്യപിച്ചിരുന്നു. അന്വേഷണത്തിന്റെ ബാക്കിയെന്നോണം കളക്ടര്‍ ഈ ഭൂമികളുമായി ബന്ധപ്പെട്ട കെട്ടിച്ചമച്ച രേഖകളത്രയും റദ്ദ് ചെയ്യാന്‍ ഉത്തരവിട്ടു. ഇതോടെ അഞ്ചു കോടി രൂപയുടെ നഷ്ടം താന്‍ നേരിട്ടെന്ന ഭീഷണിയുടെ സ്വരവുമായി ജോസഫ് കുര്യന്‍ എന്നെ സമീപിച്ചു.
ഇതിനു ശേഷമാണ് നിലവിലെ കേസിനാസ്പദമായ സംഭവം നടക്കുന്നത്. അട്ടപ്പാടി വരഗംപാടിയിലെ ആദിവാസി വിഭാഗത്തില്‍പെട്ട ചന്ദ്രമോഹന് തന്റെ പിതാവില്‍ നിന്നു പാര്യമ്പര്യമായി ലഭിച്ച 12 ഏക്കര്‍ ഭൂമിയിലാണ് ജോസഫ് കുര്യന്‍ അവകാശം ഉന്നയിക്കുന്നത്. ജോസഫ് കുര്യന്റെ ഭീഷിണിയെ തുടര്‍ന്ന് ചന്ദ്രമോഹന്‍ മുഖ്യമന്ത്രിക്കയച്ച കത്തിനെ പറ്റി മാത്രമേ ഞാന്‍ വാര്‍ത്തയില്‍ പരാമര്‍ശിച്ചിട്ടുള്ളു. ഗോത്ര വിഭാഗങ്ങളുടെ ഭൂമി എങ്ങനെ ഇത്തരത്തിലുള്ള കയ്യേറ്റക്കാരുടെ കയ്യിലെത്തുന്നതെന്ന് ഇനിയും തെളിയേണ്ടതുണ്ട്.
ഈ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ മാത്രമല്ല എനിക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്. അട്ടപ്പാടിയിലെ വെള്ളകുളത്ത് ആദിവാസി കുടുംബത്തിന്റെ ഭൂമിയില്‍ ഷോളയൂര്‍ വില്ലേജ് ഓഫീസര്‍ അജിത് കുമാര്‍ സര്‍വേ നടത്തിയിരുന്നു. ഭൂമി അളക്കാന്‍ വില്ലേജ് ഓഫിസറോടൊപ്പം എത്തിയത് സ്വകാര്യ സര്‍വേ സംഘമായിരുന്നു. ഈ വാര്‍ത്തയും ഞാന്‍ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അഴിമതി-കൈക്കൂലി ആരോപണങ്ങളും ക്രമക്കേടുകളും ആരോപിച്ചു വില്ലേജ് ഓഫീസര്‍ ഇ.എസ്. അജിത് കുമാറിനെ അന്വേഷണവിധേയമായി സര്‍വീസില്‍നിന്ന് സസ്‌പെന്‍സ് ചെയ്യുന്നത്. ഈ വാര്‍ത്തകളുടെ മറ്റൊരു ഫലമെന്ന് പറയുന്നത്, ഇത്തരം പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യുന്ന ആദിവാസി ജനങ്ങളുടെ മനോഭാവം കൂടിയാണ്. വാര്‍ത്തകളിലെ വസ്തുതയ്ക്കപ്പുറം ഭൂമാഫിയയും പോലീസും ഭരണകൂടവും അടങ്ങിയ വ്യവസ്ഥ ഭയക്കുന്നതും ഈ മനോഭാവത്തെ തന്നെയാണ്.
മറ്റേതു സംസ്ഥാനങ്ങളിലെ സ്ഥിതി നോക്കിയാലും ആദിവാസി വിഭാഗങ്ങളുടെ ഭൂമിയില്‍ മറ്റുള്ളവര്‍ക് ഭൂ ഉടമസ്ഥതയില്ല. കേരളത്തിലെ സ്ഥിതി ഇതിന് നേര്‍ വിപരീതമാണ്. ഇവിടുത്തെ ജനാതിപത്യം അട്ടപ്പാടിയിലെ ജനങ്ങളെ സംബന്ധിച്ചു കിട്ടാക്കനിയാണ്. മാഫിയയും, ഭരണകൂടവും, പോലീസും ഉള്‍പ്പെടുന്ന ഒരു വ്യവസ്ഥയുടെ കീഴിലാണ് അവര്‍. ആദിവാസി വിഭാഗത്തിന് നേരെ നടക്കുന്ന മറ്റെല്ലാ അനീതികളെയും, അവഗണകളെയും പോലെ ഭൂമികൈയേറ്റവും ഒറ്റപ്പെട്ട സംഭവമായി എഴുതി തള്ളാന്‍ സാധിക്കുന്നതല്ല. ഭൂമി കൈയേറ്റ ശ്രമങ്ങള്‍ അട്ടപ്പാടിയില്‍ വ്യാപകമായി നടന്നു കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളാകട്ടെ ജനങ്ങള്‍ക്ക് വേണ്ടി എന്നതിനപ്പുറം ഭരണകൂട മാഫിയ സംഘത്തിന് വേണ്ടിയാണ് കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്. അഗളിയില്‍ നിന്നും തനിക്കെതിരെ വാര്‍ത്തകള്‍ വരില്ലെന്ന് ജോസഫ് കുര്യന്‍ തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്. തങ്ങള്‍ക്കെതിരായുള്ള വാര്‍ത്തകള്‍ വിപരീതമായി ബാധിക്കുന്നതു മൂലം അതിനെ തടയുകയെന്ന ലക്ഷ്യത്തോടെയാകണം എനിക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്.
അട്ടപ്പാടിയിലെ ആദിവാസി ജനങ്ങളുമായി സമൂഹത്തിനിപ്പോഴും ഒരു വംശീയ അകലം കാണാന്‍ സാധിക്കുന്നതാണ്. ഈ വംശീയ അകലം സമൂഹത്തിലെ എല്ലാ തുറകളില്‍ നിന്നും അവഗണയും, വഞ്ചനയും നേരിടുന്നതിന് കാരണമാവുന്നുണ്ടെന്നു കൂടി ചൂണ്ടിക്കാണിക്കുന്നു ഡോ. ആര്‍ സുനില്‍.
ആദിവാസി ഭൂമി കൈയേറ്റ വാര്‍ത്ത നല്‍കിയ ആര്‍ സുനിലിനെതിരെ കേസ് എടുത്തത് അപലപനീയമെന്നാണ് കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസറ്റ് (കെ യു ഡബ്ല്യു ജെ) പ്രതിഷേധിച്ചത്. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം മാധ്യമം ഓണ്‍ലൈനില്‍ വാര്‍ത്ത നല്‍കിയ ആര്‍ സുനിലിനെതിരെ അഗളി പൊലീസ് കേസെടുത്തത് മാധ്യമസ്വാതന്ത്ര്യത്തിനു മേലുളള കടന്നു കയറ്റവും പൊലീസ് ആക്ടിന്റെ ദുരുപയോഗവുമാണ്. ഭൂമി കൈയേറ്റത്തില്‍ കുറ്റാരോപിതനായ പരാതിക്കാരന് വേണ്ടി നിയമം ലംഘിച്ചാണ് പൊലീസ് കോടതിയെ സമീപിച്ചതും മാധ്യമ പ്രവര്‍ത്തകന് എതിരെ കേസെടുത്തതും. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ മാതൃകാ നടപടി സ്വീകരിക്കണമെന്നാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന അധ്യക്ഷ എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ആവശ്യപ്പെട്ടത്. ഈ വിഷയം ചുണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്കും യൂണിയന്‍ പരാതി നല്‍കിയിട്ടുണ്ട്.