ഒരൊറ്റ രാത്രികൊണ്ടാണ് ഈ രാജ്യത്ത് 260 ലേറെ മനുഷ്യര്‍ കൊല്ലപ്പെട്ടത്. എണ്ണം ഇനിയും കൂടരുതേ എന്നാണ് ഇന്ത്യയിപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത്. ലോകത്ത് റെയില്‍ ഗതാഗതം ഏറ്റവും അധികം ആശ്രയിക്കുന്ന ജനതയാണ് നമ്മള്‍. ആ നാട്ടിലാണ് ഇത്തരമൊരു മഹാദുരന്തം.
ഹൈ-സ്പീഡ് ട്രെയിനുകളില്‍ കയറി രാജ്യം പുരോഗതിയിലേക്ക് കുതിച്ചു പായുന്നുവെന്നാണ് ഭരണകര്‍ത്താവ് വിശ്വസിപ്പിക്കുന്നത്. പരമാവധി റെയില്‍വേ വകുപ്പ് മന്ത്രി, അതല്ലെങ്കില്‍ ഏതെങ്കിലും മുതിര്‍ന്ന വകുപ്പ് ഉദ്യോഗസ്ഥന്‍ ഉത്ഘാടനം ചെയ്യേണ്ട സര്‍വീസുകള്‍ക്ക് ഓടി നടന്ന് പച്ചക്കൊടി വീശുകയാണ് പ്രധാനമന്ത്രി. വന്ദേഭാരത് ട്രെയിനുകള്‍ ഓടിച്ചാല്‍ രാജ്യം വളരുമെന്നാണ് പ്രചാരണം. എന്നാല്‍, ഒരു പാസഞ്ചര്‍ ട്രെയിനില്‍ തൊട്ട് ഹൈ-സ്പീഡ് ട്രെയിനുകളില്‍ വരെ യാത്ര ചെയ്യുന്ന ഓരോ പൗരന്റെയും ജീവനും സ്വത്തിനും വിലയുണ്ടെന്ന കാര്യം മറക്കുന്നു.
ലക്ഷോപലക്ഷം ദിവസവും ആശ്രയിക്കുന്ന, ലക്ഷകണക്കിന് ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന, പ്രത്യേകമായി ബഡ്ജറ്റ് അവതരിപ്പിച്ചിരുന്ന ഒരു സംവിധാനമായിരുന്നു ഇന്ത്യന്‍ റെയില്‍വേ.
ബാലസോര്‍ ദുരന്തം കേവലമൊരു അപകടമായി കാണാനാവില്ല. ഭരണാധികാരികളുടെ ക്രൂരമായ അവഗണനയുടെ ഫലമാണത്. വന്ദേഭാരതില്‍ മതിമറന്നവര്‍, ട്രെയിന്‍ സുരക്ഷയുടെ കാര്യത്തില്‍ കാണിച്ച അവഗണന.
തീവണ്ടി അപകടങ്ങള്‍ പരമാവധി കുറയ്ക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കിയൊരു രാജ്യം തന്നെയാണ് നമ്മുടേതും. വിജയകരമായി പ്രാവര്‍ത്തികമാക്കുകയും ചെയ്തു. പക്ഷേ പൂര്‍ണമായി നടപ്പാക്കാന്‍ തയ്യാറാകുന്നില്ല.
ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടി ഉണ്ടാകുന്നത് തടയാന്‍ ശാസ്ത്രീയ സംവിധാനം ഇന്ത്യന്‍ റെയില്‍വേ ആവിഷ്‌കരിച്ചിട്ടുണ്ട്. ഏകദേശം പത്തു വര്‍ഷങ്ങള്‍ മുമ്പ് തന്നെ. ആ സംവിധാനം രാജ്യത്ത് പൂര്‍ണതോതില്‍ കാര്യക്ഷമമായി നടപ്പിലാക്കിയിരുന്നുവെങ്കില്‍ ഒഡീഷയില്‍ ആ മനുഷ്യരത്രയും മരിക്കില്ലായിരുന്നു. മറ്റുള്ളവര്‍ മുന്‍കൈയെടുത്ത് ആവിഷ്‌കരിച്ചൊരു സംവിധാനം പേരുമാറ്റി പേരെടുക്കാന്‍ ശ്രമിച്ചതല്ലാതെ, അത് രാജ്യത്തെ മനുഷ്യരുടെ ജീവന് പ്രയോജനപ്പെടുത്താന്‍ ഇന്നത്തെ ഭരണാധികാരിക്ക് തോന്നിയില്ല.
എന്താണ് കവച്
സിഗ്‌നല്‍ പാസിംഗ് അറ്റ് ഡെയ്ഞ്ചര്‍ (എസ്പിഎഡി), അമിത വേഗത എന്നിവ ഒഴിവാക്കുന്നതിന് ലോക്കോമോട്ടീവ് പൈലറ്റുമാരെ സഹായിക്കുന്നതിനും കനത്ത മൂടല്‍മഞ്ഞ് പോലുള്ള പ്രതികൂല കാലാവസ്ഥയില്‍ ട്രെയിന്‍ ഗതാഗതത്തിനു പിന്തുണ നല്‍കുന്നതിനുമുള്ള സുരക്ഷാ സംവിധാനമാണ് കവച്. ആവശ്യമുള്ളപ്പോള്‍ ഓട്ടോമാറ്റിക്കായി ബ്രേക്ക് പ്രയോഗിക്കപ്പെടുന്നു. ട്രെയിന്റെ വേഗത നിയന്ത്രിച്ച് അപകടങ്ങള്‍ കുറയ്ക്കുന്നു.
ലോക്കോമോട്ടീവ് പൈലറ്റ് പരാജയപ്പെടുന്നിടത്ത് ഓട്ടോമാറ്റിക്കായി ബ്രേക്ക് ഉപയോഗപ്പെടുത്തുക, മൂടല്‍മഞ്ഞുള്ള സാഹചര്യങ്ങളിലും ഉയര്‍ന്ന വേഗതയിലും മെച്ചപ്പെട്ട കാഴ്ച്ചയ്ക്കായി ക്യാബിനില്‍ ലൈന്‍ സൈഡ് സിഗ്‌നല്‍ ഡിസ്‌പ്ലേ ഏര്‍പ്പെടുത്തുക, വേഗതയുടെ തുടര്‍ച്ചയായ അപ്‌ഡേറ്റ്, ലെവല്‍ ക്രോസിംഗുകളില്‍ ഓട്ടോമാറ്റിക് ഹോണുകള്‍, നേരിട്ടുള്ള ലോക്കോ-ടു-ലോക്കോ പൈലറ്റുകളുടെ ആശയവിനിമയത്തിലൂടെ കൂട്ടിയിടി ഒഴിവാക്കുക, അടിയന്തിര സാഹചര്യങ്ങളില്‍ ട്രെയിനുകള്‍ നിയന്ത്രിക്കുന്നതിന് എസ്ഒഎസ് സവിശേഷത ഉള്‍പ്പെടുത്തുക എന്നിവയാണ് കവച് സംവിധാനത്തിന്റെ പ്രധാന സവിശേഷതകള്‍.
ദക്ഷിണ-മധ്യ റെയില്‍വേകളുടെ ഭാഗമായ ലിംഗംപള്ളി-വികരാബാദ്-വാഡി, വികരാബാദ്-ബിദാര്‍ ഡിവിഷനുകളില്‍ 250 കിലോമീറ്റര്‍ ദൂരത്തിലാണ് കവചിന്റെ പരീക്ഷണങ്ങള്‍ നടത്തിയത്. വിജയകരമായ പരീക്ഷണങ്ങളെത്തുടര്‍ന്ന്, ഇന്ത്യന്‍ റെയില്‍വേ ശൃംഖലയിലെ ഈ സംവിധാനം കൂടുതലായി വ്യാപിപ്പിക്കുന്നതിനായി അനുമതി നല്‍കി.
പേരുമാറ്റി പേരെടുക്കല്‍ മാത്രം
2022 മാര്‍ച്ച് 23 നു റെയില്‍വേ മന്ത്രാലയം യാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശീയ ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ (എടിപി) സംവിധാനമായ ‘കവച്’ ട്രെയിന്‍ ഗതാഗത്തില്‍ വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ ട്രെയിന്‍ ഗതാഗതത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന നടപടിയായിട്ടായിരുന്നു ഈ പ്രഖ്യാപനം. ഇന്ത്യന്‍ റെയില്‍വേയുടെ ദേശീയ എടിപി സംവിധാനമായി സ്വീകരിച്ച കവച് റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) മൂന്ന് ഇന്ത്യന്‍ വെണ്ടര്‍മാരുമായി സഹകരിച്ചായിരുന്നു വികസിപ്പിച്ചെടുത്തത്.
കവചിന്റെ വികസനത്തിനായി ആകെ ചെലവഴിച്ചത് 16.88 കോടി രൂപയാണ്. ന്യൂഡല്‍ഹി-ഹൗറ, ന്യൂഡല്‍ഹി-മുംബൈ സെക്ഷനുകളില്‍ 2024 മാര്‍ച്ചോടെ കവച് സംവിധാനം നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. കവച് പോലുള്ള സാങ്കേതിക മുന്നേറ്റങ്ങളിലൂടെ ട്രെയിന്‍ ഗതാഗതത്തിലെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടിയായിരുന്നു റെയില്‍ വേ മന്ത്രി അശ്വനി വൈഷണവ് ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കിയത്.
ആ പറഞ്ഞ പ്രതിബദ്ധത സര്‍ക്കാരിന് ഉണ്ടായിരുന്നോ? ഉണ്ടായിരുന്നുവെങ്കില്‍ ബാലസോര്‍ ദുരന്തം ഒഴിവാകുമായിരുന്നില്ലേ?
ഒഡീഷ ട്രെയിന്‍ അപകടം തടയാന്‍ കവച് സംവിധാനത്തിലൂടെ കഴിയുമായിരുന്നുവെന്നു പ്രതിപക്ഷ പാര്‍ട്ടികളടക്കം പറയുന്നു. ഇന്ത്യന്‍ റെയില്‍വേയ്ക്ക് കവച് എന്ന പേരില്‍ ഒരു സുരക്ഷ സംവിധാനം ഉണ്ടായിരുന്നുവെന്ന കാര്യം വാര്‍ത്തകളില്‍ നിറയുന്നത് ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായി മാറിയിരിക്കുന്ന ബാലസോര്‍ അപകടത്തിനു പിന്നാലെയാണ്. തുടര്‍ച്ചയായി മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചാണ് 260 ലേറെ മനുഷ്യര്‍ കൊല്ലപ്പെട്ടതും, 900 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.
അപകടത്തില്‍പ്പെട്ട ഒരു ട്രെയിനിലും കവച് സംവിധാനം ഉണ്ടായിരുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം ഈ റൂട്ടില്‍ നടപ്പിലാക്കിയിരുന്നുവെങ്കില്‍ ഈ മഹാദുരന്തം ഒഴിവാക്കാമായിരുന്നുവെന്നാണ് പറയുന്നത്.
ആത്മനിര്‍ഭര്‍ പദ്ധതിയിലൊക്കെ പെടുത്തിയാണ് ‘ കവച്’ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി കാട്ടുന്നത്. എന്നാല്‍ ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനും മുന്നേ റെയില്‍വേ വികസിപ്പിച്ചെടുത്ത Train Collision Avoidance System( TCAS) പേരു മാറ്റി ‘ കവച്’ എന്നു അവതരിപ്പിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നാണ് ആക്ഷേപം. പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാന്‍ പേര് മാറ്റുകയല്ലാതെ, 2019 വരെ യാതൊരു പുരോഗതിയും ആ പദ്ധതിയില്‍ ഉണ്ടായിട്ടില്ലായിരുന്നുവെന്നാണ് മുന്‍ റെയില്‍വേ മന്ത്രി കൂടിയായ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിക്കുന്നത്. അതിനുശേഷമാണ് എന്തെക്കെയോ നടപടികള്‍ ചെയ്യാന്‍ തുടങ്ങിയത്. പക്ഷേ, അതൊന്നുമൊന്നും ആയിട്ടുമില്ല.
രാജ്യത്ത് 68,043 കിലോമീറ്റര്‍ നീളത്തിലാണ് റെയില്‍ പാതയുള്ളത്. ഇതില്‍ കവച്/ കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത് വെറും 1,445 കിലോമീറ്ററില്‍ മാത്രമാണ്. അതായത് ആകെയുള്ള റെയില്‍ റൂട്ടില്‍ വെറും രണ്ടു ശതമാനത്തില്‍ മാത്രം.
ഇന്ത്യയിലെ 98 ശതമാനം റെയില്‍വേ റൂട്ടിലും അപകടം ഒഴിവാക്കാനുള്ള സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല.
ഏത് സമയത്തും എവിടെയും മഹാദുരന്തങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ള പാതകളിലൂടെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അവരുടെ അഭിമാന നേട്ടങ്ങളായി അവതരിപ്പിക്കുന്ന വന്ദേഭാരത് ഉള്‍പ്പെടെയുള്ള ഹൈ-സ്പീഡ് ട്രെയിനുകള്‍ ഓടിക്കുന്നതെന്ന് ബാലസോര്‍ ദുരന്തം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്.