UPDATES

ഉത്തരാഖണ്ഡ് തുരങ്ക അപകടം; പ്രതീക്ഷയുടെ വെളിച്ചം കണ്ടു, ഇനി ആരോഗ്യത്തോടെയും ആത്മവിശ്വാസത്തോടെയും പിടിച്ചുനില്‍ക്കണം

ഈ മാസം 12 നാണ് ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ തുരങ്ക നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം ഉണ്ടായത്

                       

കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ ആദ്യമായി സില്‍ക്യാര-ബാര്‍കോട്ട് തുരങ്കത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികളുടെ ആദ്യ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന്റെ ആഹ്ലാദത്തിലാണ് രാജ്യം. തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കടത്തിയ ആറിഞ്ച് വലുപ്പമുള്ള ഫുഡ് പൈപ്പ് ലൈനിലൂടെ അയച്ച എന്‍ഡോസ്‌കോപ്പിക് ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങളാണു പുറത്ത് വന്നിരിക്കുന്നത്. കുടുങ്ങി കിടക്കുന്ന തൊഴിലാളികളുടെ യഥാര്‍ത്ഥ എണ്ണം അറിയാനും തുരങ്കത്തിനുള്ളിലെ ഭൂമിശാസ്ത്രം പഠിക്കാനും ഇത് വഴി സാധിക്കും. പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളില്‍ തൊഴിലാളികള്‍ മഞ്ഞയും വെള്ളയും ഹെല്‍മറ്റ് ധരിച്ചിരിക്കുന്നതായും പൈപ്പലൈനിലൂടെ അയച്ച ഭക്ഷണ സാധനങ്ങള്‍ സ്വീകരിക്കുന്നതും, പരസ്പരം സംസാരിക്കുന്നതും കാണാനാകും.

ഉത്തരാഖണ്ഡിലെ സില്‍ക്യാര-ബാര്‍കോട്ട് തുരങ്കത്തിനുള്ളില്‍ ഒരാഴ്ചയിലേറെയായി കുടുങ്ങിയ 41 പേരെയും ശാരീരികമായും മാനസികമായും ശക്തരാക്കി നിലനിര്‍ത്താന്‍ വ്യത്യസ്ത വഴികള്‍ അവലംബിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. ഇടയ്ക്കിടെയുള്ള നടത്തം, തങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ആശയവിനിമയം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ മാനസികാരോഗ്യത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന്, സര്‍ക്കാര്‍ നിയമിത സൈക്യാട്രിസ്റ്റായ ഡോ. അഭിഷേക് ശര്‍മ്മ അറിയിച്ചു. മനോവീര്യം തകരാതിരിക്കാനായി പരസ്പരം സംസാരിക്കാനും നിര്‍ദേശിച്ചതായി ഡോക്ടര്‍ പറഞ്ഞു. അകത്ത് കുടുങ്ങിയവരില്‍ ഗബ്ബര്‍ സിംഗ് നേഗി എന്ന വ്യക്തി ഇതിനു മുമ്പും ഇതേ അവസ്ഥയെ അതിജീവിച്ചിട്ടുള്ളതാണ്. അതിനാല്‍ തന്നെ എല്ലാവരും മാനസികമായും ശാരീരികമായും ആരോഗ്യവാന്മാരാണെന്ന് ഉറപ്പു വരുത്തുണ്ടെന്നും അദ്ദേഹം ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

പഫ്ഡ് റൈസ്, ചേന, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ കഴിച്ചാണ് തൊഴിലാളികള്‍ ഇതുവരെ ജീവന്‍ പിടിച്ചു നിര്‍ത്തിയത്. തിങ്കളാഴ്ച അടിഞ്ഞു കിടക്കുന്ന അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ആറ് ഇഞ്ചുള്ള പൈപ്പ് കടത്താനായതോടെ കൂടുതല്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നല്‍കാനായി ഭരണകൂടം പദ്ധതിയിടുന്നുണ്ട്. അധികം വൈകാതെ തൊഴിലാളിലകള്‍ക്ക് മൊബൈല്‍ ഫോണും ചാര്‍ജറും നല്‍കുമെന്നും, എന്‍ഡോസ്‌കോപ്പിക് ക്യാമറ സംവിധാനവും സ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കനത്ത വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യമാണെങ്കിലും ടണലിനുള്ളില്‍ സ്വാഭാവികമായ ജലസ്രോതസ്സുള്ളത് തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാണ്. ഈ വെള്ളം അവര്‍ കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കായി സംഭരിക്കാനും ഉപയോഗിച്ച് വരികയാണ്. വെളളം സുരക്ഷിതമായി ഉപയോഗിക്കാന്‍ ക്ലോറിന്‍ ഗുളികകളും മറ്റും നല്‍കിയിട്ടുണ്ട്.

തൊഴിലാളികള്‍ തങ്ങള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ രണ്ടു കിലോമീറ്റര്‍ ബഫര്‍ സ്‌പേസായി ഉപയോഗിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ഒഡീഷയില്‍ നിന്നുള്ള സര്‍ക്കാരുദ്യോഗസ്ഥര്‍ അവരുടെ സംസ്ഥാനത്ത് നിന്നുള്ള അഞ്ച് തൊഴിലാളികളുമായി ആശയവിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തുരങ്കത്തിനുള്ളിലുള്ളവര്‍ അതിന്റെ അവസാനഭാഗത്തേക്ക് ദീര്‍ഘദൂരം നടന്നതായി അറിയിക്കുകയും ചെയ്തു.

”ഞങ്ങള്‍ ഓരോ അരമണിക്കൂറിലും അവര്‍ക്ക് ഭക്ഷണം നല്‍കുകയും, 2-3 മണിക്കൂര്‍ ഇടവിട്ട് ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അതാത് ഉദ്യോഗസ്ഥര്‍, ബന്ധുക്കള്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍ എന്നിവരും പതിവായി അവരുമായി സംസാരിക്കുന്നുണ്ട് എന്നാണ് നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഡയറക്ടറായ അന്‍ഷു മനീഷ് ഖല്‍ഖോ, പറഞ്ഞത്. അതോടൊപ്പം അടച്ചിട്ട സ്ഥലമായതിനാല്‍ തന്നെ തണുപ്പോ കൊതുകിന്റെ ശല്യമോ ഒന്നും തന്നെ ഇല്ലെന്നും, കുളിക്കാനോ, വസ്ത്രം മാറാനോ അവര്‍ക്ക് സാധിക്കുമോ എന്ന ചോദ്യത്തിന് അതായിരിക്കും അവരുടെ ഏറ്റവും അവസാനത്തെ ആവശ്യം എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇതിനിടെ, തുരങ്കത്തിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ദിവസങ്ങളോ ആഴ്ചകളോ എടുത്തേക്കാമെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന അന്താരാഷ്ട്ര ടണലിങ് വിദഗ്ധന്‍ അര്‍നോള്‍ഡ് ഡിക്‌സ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ഇതു വരെയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ താന്‍ തൃപ്തനാണെന്നും അദ്ദേഹം അറിയിച്ചു. 60 പേരടങ്ങുന്ന വിദഗധ സംഘമാണ് അര്‍ണോള്‍ഡിനൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ജനീവ ആസ്ഥാനമായുള്ള ഇന്റര്‍നാഷനല്‍ ടണലിങ് ആന്‍ഡ് അണ്ടര്‍ ഗ്രൗണ്ട് സ്‌പേസ് അസോസിയേഷന്‍ മേധാവിയാണ് അര്‍ണോള്‍ഡ് ഡിക്സ്.

ഈ മാസം 12 നാണ് ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ തുരങ്ക നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം ഉണ്ടായത്. 41 തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഞായറാഴ്ച രാവിലെ ആറിനും ഏഴിനും ഇടയിലായിരുന്നു ദുരന്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്ന് അന്വേഷണത്തിനായി സര്‍ക്കാര്‍ ആറംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സില്‍ക്യാരയെ ദണ്ഡല്‍ഗാവുമായി ബന്ധിപ്പിക്കുന്നതാണ് തുരങ്കം. നാലര കിലോമീറ്റര്‍ ദൂരമുള്ള തുരങ്കത്തിന്റെ പ്രവേശന കവാടത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ചാര്‍ധാം പദ്ധതിയുടെ ഭാഗമായ തുരങ്കം യാഥാര്‍ത്ഥ്യമായാല്‍ ഉത്തരകാശിയില്‍ നിന്ന് യമുനോത്രയിലേക്കുള്ള ദൂരം 26 കിലോമീറ്ററായി കുറയും. ഉത്തരാഖണ്ഡ് ടണല്‍ ദുരന്തം.

Share on

മറ്റുവാര്‍ത്തകള്‍